ജീവിതാനുഭൂതികൾ നിറയുന്ന
കാവ്യ പ്രതിഭ
മിനി സുരേഷ്
പ്രകൃതിയെ സസൂക്ഷ്മമായി നിരീക്ഷിക്കുന്ന സർഗ്ഗധനനായ കവിയുടെ
കാവ്യ ഭൂപടമാണ് ഫാസിസ്റ്റുകൾ ഉറങ്ങാറില്ല. കാല്പനികതയുടെ പ്രണയ ഭംഗി കൾ ഹൃദയംഗമാക്കുന്ന മനുഷ്യ സ്നേഹിയായ കവി ശ്രീ ബാലഗോപാലൻ പേരൂരിന്റെ പ്രഥമ കവിതാ സമാഹാരമാണിത്. ഏറ്റുമാനൂർ കാവ്യ വേദി ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്രീ. കുരിപ്പുഴ ശ്രീകുമാറിന്റെ അവതാരിക ഈ കവിതാ സമാഹാരത്തെ വിശേഷിപ്പിക്കുന്നു. “കവിതയുടെ ചെറു വിരൽ കൊണ്ട് കവി ലോകത്തെ അളന്നെടുക്കുകയാണെന്ന്. ” വാക്കുകളുടെ മുനയും മൂർച്ചയും കൂർപ്പിച്ച് സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കുന്ന നിരായുധന്റെ നിലവിളികളാണ് ഓരോ കവിതയുമെന്ന് ശ്രീ. സുരേഷ് കുറുമുള്ളൂരും ആശംസയിൽ കുറിച്ചിട്ടുണ്ട്.
കവി കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ചുറ്റുപാടുകളിലേക്കുള്ള
പ്രതികരണങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ സത്യത്തിന്റെ അനശ്വര ഭംഗികൾ ശ്രീ. ബാലഗോപലൻ പേരൂരിന്റെ സർഗ്ഗയാത്രയെ ചൈതന്യവത്താക്കുന്നു. സമൂഹത്തിലെ അപചയങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നതിനൊപ്പം സ്നേഹവും. നന്മയും നിറഞ്ഞ പന്ഥാവിലൂടെ കൈ പിടിച്ചു നടത്താനും കവിക്കുകഴിയുന്നുണ്ട്.വ്യത്യസ്ത രുചികൾക്കിണങ്ങുന്ന ഒട്ടേറെ
കാവ്യ വിഷയങ്ങൾ ഒരു മുത്തുമാലയിലെന്ന പോലെ കൊരുത്തത്
ആസ്വാദനത്തിന്റെ ഭംഗി ഏറെ വർദ്ധിപ്പിക്കുന്നു. കാലത്തെയും , സമൂഹത്തെയും ഗ്രസിച്ചിരിക്കുന്ന നിറം നഷ്ടപ്പെട്ട അനീതികളുടെ പടവുകൾ
താണ്ടി കവിത ഒഴുകുകയാണ്. ഫാസിസ്റ്റുകൾ ഉറങ്ങുകയാണ്. പുറം കാഴ്ച . വേരുകൾ . ചരമക്കോളങ്ങളിലെ
ചിത്രങ്ങൾ പറയുന്നത് തുടങ്ങിയ കവിതകളിലൂടെ . ആത്മശുദ്ധീകരണത്തിന്റെ നിർവൃതി സായത്ത കമാക്കുന്ന കവിതകളാണ് പലായനം, മൗന പ്രണയം, അടുക്കള , യാത്ര എന്നിവ.
ഭരണകൂടം എന്ന കവിത സംവേദിക്കുന്നു.
പൗരന്റെ ശിരസ്സിൽ
നിർദ്ദാക്ഷണ്യം
ആഞ്ഞടിക്കുന്ന കുടം
ഭരണകൂടം .
ദൈവമുണ്ടായിരുന്നെങ്കിൽ അവർ ആലയങ്ങൾ കെട്ടിപ്പൊക്കുമായിരുന്നില്ല
എന്ന് ഗർജ്ജിക്കുന്ന കവി തന്നെയാണ്
മഴ സ്പർശം എന്ന കവിതയിലൂടെ സൗന്ദര്യത്തിന്റെ സുഗന്ധം പകരുന്നതും. ബിംബങ്ങളുടെ ലാളിത്യവും, സങ്കീർണ്ണതകളും കവിതകൾക്ക് ഏറെ മനോഹാരിത പകരുന്നുണ്ട്.
പ്രസാധനക വിചാരത്തിൽ ഏറ്റുമാനൂർ കാവ്യ വേദി ട്രസ്റ്റ് ചെയർമാൻ ശ്രീ.പി.പി നാരായണൻ പറഞ്ഞതു പോലെ അലറിപ്പെയ്തു നിറഞ്ഞൊഴുകുന്ന നെറികേടുകൾക്കു നേരെ തിളച്ചു മറിയുന്ന വികാരാഗ്നിയുടെ രേഖാ ചിത്രങ്ങൾ തന്നെയാണ് ‘ഫാസിസ്റ്റുകൾ ഉറങ്ങാറില്ല , എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയും. കവിക്ക് ആശംസകൾ .













