അങ്ങനെ,ആകാശവാണിയും മരണവക്രത്തിലായി

Facebook
Twitter
WhatsApp
Email

1.1939 ലെ ഓണം.

മലയാളി ആദ്യമായി റേഡിയോയിലൂടെ സ്വന്തം ഭാഷയിൽ ഒരു പ്രഭാഷണം കേട്ടു. അത് കൊല്ലങ്കോട് സർ വാസുദേവരാജ നൽകിയ ഓണ സന്ദേശമായിരുന്നു. ആകാശവാണി മദ്രാസ് നിലയത്തിൽ നിന്നുള്ള ആ പ്രഭാഷണത്തിൽ നിന്നാണ് മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം തുടങ്ങുന്നത്.

2022 ജനു 14.
ആ മലയാള പ്രക്ഷേപണം കഴിഞ്ഞ 81 വർഷമായി തുടർന്നു വന്ന ആകാശവാണി മദ്രാസ് -ബി നിലയം അന്ന് പ്രക്ഷേപണം നിർത്തും.

ജി.പി.എസ് നായർ, കെ. രാഘവൻ, ജാനമ്മ ഡേവിഡ്, കെ. പത്മനാഭൻ നായർ എന്നിവരിലൂടെ മദ്രാസിൽ ചുവടുറപ്പിച്ച മലയാള പ്രതിവാര റേഡിയോ പ്രക്ഷേപണം ‘കലാരംഗം’ എന്ന പേരിലാണ് വർഷങ്ങളായി അറിയപ്പെട്ടിരുന്നത്.
മദ്രാസ് – ബി നിലയം നിശബ്ദമാകുമ്പോൾ, അത് ഇനി ചരിത്രത്താളുകളിൽ മാത്രം അവശേഷിക്കും.

2. തിരുവനന്തപുരം നിലയത്തിലെ പ്രധാന പരിപാടികളിലെല്ലാം മാറ്റം വരുത്തി, അതിനെ പാട്ടുപെട്ടിയാക്കുന്ന മാറ്റങ്ങൾ ജനുവരി 16 ന് നിലവിൽ വന്നേക്കും. പിന്നാലെ, തൃശൂർ, കോഴിക്കോട് നിലയങ്ങളിലും സ്വന്തം പരിപാടികൾ ചുരുങ്ങും.

3.ഈ പുതുവത്സര പുലരിയിൽ ‘അനന്തപുരി എഫ്.എം’ നിലയം എന്ന പേരും ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു.
ഓരോ എഫ്.എം. നിലയത്തിനും സ്വന്തം വ്യക്തിത്വമുറപ്പിക്കുന്ന പേരുകൾ ( ബ്രാന്റ് നെയിം ) നൽകണമെന്ന നിർദ്ദേശത്തെ തുടർന്ന് 2005 നവം.1നായിരുന്നു, വാണിജ്യ പ്രക്ഷേപണ നിലയം ‘അനന്തപുരി എഫ്. എം’ എന്ന് നാമകരണം ചെയ്യപ്പെട്ടത്. അന്നത്തെ അസി.ഡയറക്ടർ പി.സി.സതീഷ് ചന്ദ്രനായിരുന്നു , ആ പേര് നിർദേശിച്ചത്.
ഇനി, അനന്തപുരി എഫ്.എം ഇല്ല; പകരം വിവിധ് ഭാരതി, മലയാളം.

4.മറ്റൊരു നിലയം കൂടി ഇന്ന് രാവിലെ മുതൽ മരണവക്രത്തിലായി – കോഴിക്കോട് റിയൽ എഫ്.എം. സ്വന്തം പരിപാടികളെല്ലാം നിർത്തലാക്കി,രാവിലെ 9 മണി വരെ തിരുവനന്തപുരം വിവിധ് ഭാരതി , മലയാളം പരിപാടികൾ റിലേ ചെയ്യാനുള്ള നിർദ്ദേശം വന്നത് പൊടുന്നനെ . രാവിലെ 9 മണി മുതൽ മുംബൈ വിവിധ് ഭാരതി പരിപാടികളുടെ റിലേ .

– അങ്ങനെ, പ്രാദേശിക തനിമയുള്ള,റിയൽ എഫ്.എം ഷോയടക്കം ധാരാളം വ്യതിരിക്തമായ പരിപാടികളിലൂടെ സ്വകാര്യ എഫ് എം. നിലയങ്ങളുമായി മത്സരിച്ച്,ഒന്നാം സ്ഥാനത്ത് തുടരുന്ന റിയൽ എഫ്.എം നും മരണമൊഴി.

-ഇനി പേരു കൂടിയേ മാറ്റാനു ള്ളൂ. അത് ഏതു നിമിഷവും സംഭവിക്കാം.

വൈവിദ്ധ്യപൂർണ്ണമായ അനേകം പരിപാടികളിലൂടെ,മറ്റെല്ലാ മാദ്ധ്യമങ്ങളേയും പിന്നിലാക്കിയ ജനകീയ റേഡിയോ നിലയങ്ങളാണ് കൊച്ചി,മഞ്ചേരി എഫ്.എം. പ്രാദേശിക നിലയങ്ങൾ.
– അവയുടെ കഴുത്തിലും ഏതു നിമിഷവും ഇവർ മഴു വച്ചു കൂടായ്കയില്ല.

ലോകമെമ്പാടും റേഡിയോ പ്രക്ഷേപണങ്ങൾ, മാദ്ധ്യമ മഹാപ്രളയകാലത്തും പിടിച്ചു നില്ക്കുന്നത്, പ്രാദേശിക ജനസമൂഹങ്ങളുടെ ആശയാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ജനകീയ മാദ്ധ്യമങ്ങൾ എന്ന നിലയിലാണ്. ആ സാംസ്കാരിക ബഹുസ്വരതയെ തകർത്ത്, ഒരു സംസ്ഥാനത്തിന്, കേന്ദ്രീകൃതമായ ഒരു പൊതു നിലയം എന്ന രീതിയിൽ,സർക്കാരിന്റെ വാണിയാക്കി കൈപ്പിടിയിലൊതുക്കാനുള്ള ആസൂത്രണ ഗൂഢ പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

ഏതാനും മാസം മുൻപ്, ഇതിനുള്ള നീക്കമുണ്ടായപ്പോൾ മലപ്പുറത്തും , കോഴിക്കോട്ടും ആസാമിലും ജനങ്ങൾ സമര രംഗത്തിറങ്ങി. അന്ന്, ജനരോഷം ഭയന്ന് തല്ക്കാലം മാറ്റിവച്ച ആ പദ്ധതിയാണ് ഇപ്പോൾ , ഒരു ചർച്ചക്കുപോലുമുള്ള സമയം നൽകാതെ, തിടുക്കത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഇത് ഒരു സാംസ്കാരിക അധിനിവേശമാണ്. റേഡിയോയുമായോ മാദ്ധ്യമങ്ങളുമായോ സാംസ്ക്കാരിക,കലാ മേഖലകളുമായോ ഒരു ബന്ധവുമില്ലാത്ത, മുങ്ങിത്താണ ബി.എസ്.എൻ.എൽ അടക്കമുള്ള മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും സൈന്യത്തിൽ നിന്നും, എഞ്ചിനിയങ്ങ് വിഭാഗത്തിൽ നിന്നും നിയമിക്കപ്പെട്ട,ഏറാൻ മൂളികൾ മാത്രമാണ് ഇപ്പോൾ ആകാശവാണിയുടെ തലപ്പത്തുള്ളവർ.രാഷ്ട്രീയ മേലധികാരികൾ കല്പിക്കുന്നതെന്തും ഉടനടി നടപ്പിലാക്കുന്ന വിനീത വിധേയരാണിവർ. അവരാണ് അന്തകവിത്തുകൾ .

– ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് പൊതുസമൂഹവും ജനപ്രതിനിധികളുമാണ്.
അവർ എവിടെ ?

About The Author

Leave a Reply

Your email address will not be published. Required fields are marked *