LIMA WORLD LIBRARY

തപാല്‍ പെട്ടി – ദീപ ബിബീഷ് നായര്‍ – Deepa Bibeesh Nair

അതൊക്കെയൊരു കാലം. ഓര്‍മ്മയുടെ ആഴങ്ങളില്‍ ചികഞ്ഞുനോക്കുമ്പോള്‍ തെളിഞ്ഞു വരാറുള്ള മധുരമാര്‍ന്ന വേറൊരു മങ്ങിയ ചിത്രം.
തെരുവോര വീഥികളില്‍ ആരെയും ആകര്‍ഷിക്കുന്ന വിധം ഒരു കോണിലായി ചുവന്ന നിറമുള്ള കുംഭനിറഞ്ഞൊരു തപാല്‍ പെട്ടി.ജീവന്‍ നിറയുന്ന അക്ഷരക്കൂട്ടങ്ങളുമായി അതങ്ങനെ തന്റെ പ്രിയ്യപ്പെട്ടവരുടെ അടുത്തെത്താനായി
വെമ്പിയിരുന്നു.

 

ആ വെമ്പലില്‍ അമ്മ മനസിന്റെ സ്‌നേഹവും കരുണയും,കാമുകിയുടെ പ്രേമവിവശതയുടെ സന്ദേശവും പരിഭവവും , ഭാര്യയുടെ ഒരിക്കലും തീരാത്ത പരാതികളും നാളെയെക്കുറിച്ചുള്ള ചിന്തകളും, മക്കളുടെ കുരുത്തക്കേടിന്റെ കാര്യവും അങ്ങനെ എല്ലാമെല്ലാമുണ്ടായിരുന്നു.
മുളയിലേ തളിര്‍ക്കാതെ കരിഞ്ഞു പോയ സ്വപ്നത്തിന്റെ ബാക്കിയും, ജീവിതമൊന്നു പച്ച പിടിപ്പിക്കാനായി ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍അഭയം പ്രാപിച്ച ജന്മങ്ങളും, വാക്കു കൊടുത്തിട്ട് പോന്നത് വീണ്ടുമോര്‍പ്പിക്കുന്ന പ്രണയിനിയുടെ കത്തുകളും,നീറിപ്പുകഞ്ഞ വിരഹതീവ്രതയറിയിക്കുന്ന ,വിവാഹശേഷം മൂന്നാം നാള്‍ ഗള്‍ഫിലേക്ക് പറക്കേണ്ടി വന്ന മണവാളന്റെ ഭാര്യയുടെ കത്തുകളും അങ്ങനെയങ്ങനെ
എല്ലാം തന്നെ തപാല്‍പ്പെട്ടിയുടെ രാവുകളെ നിദ്രാവിഹീനങ്ങളാക്കിയിട്ടുണ്ട്.
മനുഷ്യ മനസിലെ എല്ലാ വികാര വിചാരങ്ങളുടേയും വേലിയേറ്റ വേലിയിറക്കങ്ങള്‍ പകര്‍ന്നാടിയതെല്ലാം ആ ഇന്‍ലന്‍ഡുകളിലൂടെയായിരുന്നു. അതില്‍ മിടിക്കുന്നത് ഓരോ ഹൃദയങ്ങളായിരുന്നു.
അതെ, ഏകദേശം 30 വര്‍ഷം പിന്നിലേക്ക് പോകാം.

 

ഞങ്ങള്‍ടെ നാട്ടില്‍ പണ്ട് കത്തും,മണിയോര്‍ഡറുമൊക്കെ കൊണ്ടു വന്നിരുന്നത് ഒരു ഗോപാലന്‍ മാഷായിരുന്നു. ഉച്ച സമയത്താണ് അദ്ദേഹത്തിന്റെ വരവ്. കക്ഷത്തിലൊരു കറുത്ത ബാഗും, നീട്ടിപ്പിടിച്ച ഒരു കാലന്‍ കുടയുമായിട്ടാണ് വരുന്നത്. റോഡിന്റെ അങ്ങേ അറ്റത്ത് നിന്നെ കുടയുടെ അറ്റം കാണാം. അപ്പോഴേ എന്തോ നെഞ്ചിലൊരാന്തലാണ്, ചുണ്ടിലറിയാതെ ഒരു പുഞ്ചിരി നിറയും. വരവ് ഇവിടേയ്ക്കല്ല എന്നറിയുമ്പോള്‍ ‘ഓ… ഇന്നുമില്ലേ ഒന്നും ‘ എന്നുള്ള നിരാശ. എന്നാല്‍ഓടിയെത്തുന്ന നേരത്ത് കത്ത് കയ്യില്‍ കിട്ടുമ്പോള്‍ വിവരങ്ങള്‍ വായിച്ചറിയാനുള്ള ആകാംക്ഷയും,വായിക്കുമ്പോഴുണ്ടാകുന്ന നൊമ്പരങ്ങളുമൊക്കെ ഇന്നുമോര്‍ക്കുമ്പോള്‍ മനസിന് വല്ലാത്തൊരു കുളിരാണ്. അമ്മാവന്റെ കത്താണെങ്കില്‍ മുത്തശ്ശിയെ അത് ഉറക്കെ വായിച്ചു കേള്‍പ്പിക്കുക എന്നത് എന്റെ കടമയായിരുന്നു. അതു വായിക്കുമ്പോള്‍ അമ്മാവന്‍ മുന്നില്‍ നില്‍ക്കുന്നു എന്ന മട്ടില്‍ അപ്പോള്‍ തന്നെ മുത്തശ്ശി എല്ലാത്തിനും മറുപടി പറയുമായിരുന്നു , എന്താ ല്ലേ?

 

ഞാന്‍ കാത്തിരിക്കാറുള്ളത് എന്റെ അപ്പുവേട്ടന്റെ കത്തുകളായിരുന്നു. അപ്പുവേട്ടന്റെ അമ്മുവിനായി വരുന്ന പ്രണയലേഖനമായിരുന്നു അത്. ഏതൊരു പ്രണയിനിയെയും പോലെ ഞാനും ആ കത്ത് വായിക്കുമ്പോള്‍ വേറെ ഒരു ലോകത്തായിരുന്നു. മനസില്‍ എന്തോ ഒരു സുഖമുള്ള ആലസ്യം …
മുത്തശ്ശിക്കാണ് മണിയോര്‍ഡര്‍ വരിക.മണിയോര്‍ഡര്‍ ആണ് വരുന്നതെങ്കില്‍ ആ ഫോമിന് താഴെയും എഴുതിയിട്ടുണ്ടാകും അത്യാവശ്യം സന്ദേശങ്ങള്‍. അതു വായിക്കുന്നതും ഞാനാണ്. മണിയോര്‍ഡര്‍ തന്നു കഴിഞ്ഞാല്‍ ഗോപാലന്‍ മാഷിന് പത്തോ, ഇരുപതോ കൊടുക്കണം, അതു വാങ്ങാനായി മാഷ് ബാഗില്‍ വെറുതെ എന്തോ എടുക്കാനെന്ന മട്ടില്‍ അങ്ങനെ പരതി നോക്കിക്കൊണ്ടിരിക്കും. ടിപ്പ് കിട്ടിയാലുടന്‍ മാഷ് സ്ഥലം വിടും.
എല്ലാ ദിനങ്ങളിലും ഒന്നു നേരം പുലരാനായി സന്ദേശങ്ങള്‍ അയയ്ക്കാനും, സ്വീകരിക്കാനുമുള്ള ആ വ്യഗ്രതയില്‍ കാത്തിരിപ്പുകള്‍ നീളുമ്പോള്‍ കിട്ടിയ സുഖം…….
പഴയതെല്ലാം പുതിയതിനായി വഴി മാറുമ്പോള്‍ കളഞ്ഞു പോകുന്നത്, നഷ്ടമാകുന്നത് ഇപ്പോളെവിടെയെന്നറിയാത്ത നമ്മുടെ നല്ലോര്‍മ്മകളും ബാല്യങ്ങളുമാണ്.. ഇന്ന് കൈവിരല്‍ത്തുമ്പില്‍ സന്ദേശങ്ങളയ്ക്കാനുള്ള പുതിയ സൗകര്യങ്ങളുണ്ടെങ്കിലും ആ പഴമയുടെ സൗന്ദര്യം ഒന്നു വേറെ തന്നെയായിരുന്നു.
മനസിന്റെ മണിച്ചെപ്പിലായി എല്ലാമിങ്ങനെ അടുക്കിയടുക്കി വയ്ക്കാം നമുക്ക്. ജീവിതത്തിന്റെ ഇരുട്ടറകളില്‍ വല്ലപ്പോഴും ഈ ഓര്‍മ്മകള്‍ മിന്നാമിനുങ്ങുപോല്‍ തിളങ്ങട്ടെ…..

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px