നമുക്ക് ബുദ്ധിയും നല്ല മനസ്സുമൊക്കെയുണ്ടായിരിക്കാം. പക്ഷേ, നിരീക്ഷണ പാടവം തെല്ലുപോലും ഉണ്ടാകില്ല.അതിനാല്‍ നമ്മുടെ ബുദ്ധിയും സന്മനസ്സുമൊക്കെ ആര്‍ക്കും പ്രയോജനപ്രദമായെന്നു വരില്ല. ഉള്‍ക്കാഴ്ചയുണ്ടെങ്കിലേ നല്ല നിരീക്ഷണ പാടവവും ഉണ്ടാകാനിടയുള്ളൂ. ‘എനിക്കു നില്ക്കാന്‍ ഒരിടവും ഒരു ഉത്തോലകവും തന്നാല്‍ ഞാന്‍ ഈ ഭൂമിയെ ഇളക്കിമറിക്കാം ‘ എന്നു പറഞ്ഞ പുരാതന ഗ്രീസിലെ പ്രഗല്ഭ ഗണിത ശാസ്ത്രജ്ഞന്‍ ആര്‍ക്കമിഡിസ് അത്ഭുതകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയത് ഈ നിരീക്ഷണ പാടവവും ഉള്‍ക്കാഴ്ചയും കൊണ്ടായിരുന്നു.
ഗവേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും യാതൊരു വിധ സംവിധാനങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നുവെന്നു കൂടെ കൂട്ടി വായിക്കേണ്ടതുണ്ട്. ആപ്പിള്‍ താഴോട്ടു വരുന്നത് എന്തെന്നു ചിന്തിച്ച ഐസക് ന്യൂട്ടനുണ്ടായതും ഇതേ ഉള്‍ക്കാഴ്ചയാണ്. നാം കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാക്കളായില്ലെങ്കിലും നിസ്സാരങ്ങളായ സംഭവങ്ങളില്‍ നിന്നും വിഷമകരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശരിയായ ഏകോപനം നല്കാന്‍ നമ്മുടെ ഉള്‍ക്കാഴ്ചയ്ക്ക് സാധ്യമാകും.












