LIMA WORLD LIBRARY

മരിക്കാത്ത സ്മരണകള്‍; ‘ഗം ബൂട്ട്’ – പൂന്തോട്ടത്ത് വിനയകുമാര്‍ (Poonthottathu Vinayakumar)

ഹൈ- റേഞ്ചിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇപ്പോള്‍ അത്തരം ഒരു വീട്ടില്‍ താമസിക്കണമെങ്കില്‍ പതിനായിരങ്ങള്‍ ഒരു ദിവത്തേക്കാകും എന്ന് മാത്രവുമല്ല ഏതെങ്കിലും വലിയ റിസോര്‍ട്ടുകളിലോ മറ്റോ കാണുകയുമുള്ളൂ അത്തരം സൗകര്യങ്ങള്‍ . ഒരു പാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു വീടിന് .പ്രകൃതിയുമായി നന്നേ യോജിച്ച തരത്തിലായിരുന്നു വീട് പണിതിരുന്നത് .അന്ന്, ഞങ്ങളുടെ വീട് എന്ന് പറഞ്ഞാല്‍ തെരുവപ്പുല്ല് പാകിയതായിരുന്നു. വീട്ടിനകത്തുതന്നെ ഒന്നിലധികം നീന്തല്‍ കുളങ്ങളും , കാറ്റും വെളിച്ചവുമെല്ലാം യഥേഷ്ടം കിട്ടുന്ന രീതിയിലുള്ളൊരു വീട്.സന്ധ്യയായാല്‍ ചുറ്റുവട്ടങ്ങളിലെ മരങ്ങളില്‍ കൂടണയുന്ന അനേകം പക്ഷികളുടെ സന്ധ്യാ കീര്‍ത്തനങ്ങള്‍, ചീവീടുകളുടെ വലിയ ഉച്ചത്തിലുള്ള രാഗങ്ങള്‍.ഒപ്പം , മണ്ണെണ്ണ വിളക്കിലെ മങ്ങിയ വെളിച്ചവും.

പച്ചമണ്ണ് കുഴച്ചടുത്തു രൂപപ്പെടുത്തിയ കട്ടകള്‍ കെട്ടിയുണ്ടാക്കിയ വീട് , ഒപ്പം പച്ചചാണകം കൊണ്ട് മെഴുകിയ തറയും, തിണ്ണയിലെ അരഭിത്തിയും.ഇപ്പോള്‍ വീടിനകത്തു സ്വിച്ചിട്ടാല്‍ കൃത്രിമ മഴ പെയ്യുന്ന സംവിധാനങ്ങള്‍ ഉണ്ടല്ലോ .അന്ന് ഓട്ടോമാറ്റിക് ആയിരുന്നു,ഇടവേളയില്ലാതെ നിന്ന് പെയ്യുന്ന ഇടവപ്പാതിയില്‍
മഴ അവിടവിടെയായി പെയ്തിറങ്ങും.
തോരാതെ പെയ്യുന്ന മഴയില്‍ അടുക്കളയിലെ ഒന്നിലധികം ഭാഗങ്ങളില്‍ ഉറവ പൊട്ടും പിന്നെ ഒരു നീന്തല്‍ കുളമായി പരിണമിക്കും.ഒരു നീന്തല്‍ കുളം അടുക്കളയില്‍ , മറ്റൊന്ന് അകത്തെ മുറിയില്‍ മറ്റൊന്ന് പിന്നാമ്പുറ ത്തു രാത്രിയില്‍ കിടന്നുറങ്ങാനായി പച്ചക്കട്ട കൊണ്ട് കെട്ടിയുയര്‍ത്തിയ ചായിപ്പില്‍. ഇപ്പോള്‍ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി എന്തായിയുന്നു എന്ന് ഏകദേശം പിടികിട്ടിക്കാണുമല്ലോ..? പച്ചമണ്ണ് ഇടിച്ചുറപ്പിച്ചതറയില്‍ ചാണകം മെഴുകി നല്ല കറുപ്പാക്കുമായിരുന്നു.

ഇളം പച്ചനിറമുള്ള ചാണകത്തില്‍ കറുപ്പ് കിട്ടാന്‍ മൂത്ത ചേച്ചി പഴയ റേഡിയോയുടെ തോഷിബ ബാറ്ററി-പൊട്ടിച്ചു ചേര്‍ക്കുന്നത് കാണാറുണ്ടായിരുന്നു .വെള്ള വസ്ത്രം ധരിച്ചു ആരെങ്കിലും വീട്ടില്‍ വന്നാല്‍ അവരുടെ കാര്യം സ്വാഹ.ഗ്രാമത്തില്‍ നിന്നും രണ്ടടി മാത്രം വീതിയുള്ള ഇരുവശത്തും കാടുവളര്‍ന്ന ഇടവഴിയിലൂടെ കഷ്ട്ടപെട്ടു നടന്നു വേണമായിരുന്നു ഞങ്ങളുടെ വീട്ടിലെത്തേണ്ടിയിരുന്നത്.ഒരിക്കല്‍ അവിടെ പട്ടണത്തില്‍ നിന്നും എല്‍ ഐ സി യിലെ ഒരു സാറ് വന്നു.കൂടെ ഒരാളും ഉണ്ടായിരുന്നു.അന്ന് പാന്‌സും ഷര്‍ട്ടും ഇട്ട ആളുകളെ വളരെ ബഹുമാവുമായിരുന്നു.ജോലിക്കാര്‍ മാത്രമേ അന്നൊക്കെ ഞങ്ങളുടെ പ്രദേശത്തൊക്കെ പാന്റ്‌സ് ഇട്ടു കണ്ടിരുന്നുള്ളു. തിണ്ണയില്‍ ഇട്ടിരുന്ന മൂന്നുകാലുള്ള ബഞ്ചില്‍ എല്‍ ഐ സി യില്‍ നിന്നും വന്ന ഓഫീസര്‍ കഷ്ടപ്പെട്ട് അഡ്ജസ്റ്റ് ചെയ്തിരുന്നു.വല്യച്ഛന്റെ സ്വത്തായിരുന്ന തടികൊണ്ട് നിര്‍മ്മിച്ച ചാരുകസേരയില്‍ ഇരുവശത്തും ഉരുണ്ട തടിക്കമ്പുകള്‍ വെച്ച് അതില്‍ കട്ടിയുള്ള തുണി ഇട്ടു ചാരിക്കിടക്കാവുന്ന കസേരയില്‍ അച്ഛന്‍ ചാരിയിരിന്നു .വലിയച്ഛന്‍ മരിച്ചശേഷം കിട്ടിയതാണ്.കൂടെ വന്നയാള്‍ ചാണകം തേച്ച
അരഭിത്തിയില്‍ കയറി ഇരുന്നു.

ഒരു ചെറിയ തുക വീതം അടച്ചാല്‍ ഇത്ര വര്ഷം കഴിയുമ്പോള്‍ കിട്ടുന്ന തുകയെക്കുറിച്ചു വന്നവര്‍ പറയുന്നു.കാലാവധിക്കുള്ളില്‍ മരിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന തുകയെ സംബന്ധിച്ചും ആ സാര്‍ നന്നായി അവതരിപ്പിച്ചുകൊണ്ടിരുന്നു .അന്നന്നുള്ള ആഹാരത്തിന് ബുദ്ധിമുട്ടുമ്പോഴാണ് ഒരു തുക അടക്കുന്ന കാര്യം പറയുന്നത് -ഞാന്‍ മനസിലോര്ത്തിരുന്നു , ഇപ്പോ ചേര്‍ന്നത് തന്നെ…അത്പോലെ തന്നെ , അച്ഛന്‍ പറഞ്ഞൊഴിഞ്ഞു ഈ വര്ഷം പറ്റില്ലെന്ന്.അങ്ങനെ മഴ പെയ്തു തെന്നുന്ന ആ ഇടവഴിയിലൂടെ വന്നവര്‍ പോയപ്പോള്‍ വെള്ളമുണ്ടുടുത്തു വന്നയാളുടെ പൃഷ്ടഭാഗത്തു കരിച്ചട്ടി കമഴ്ത്തിയത് പോലെ വലിയ ഒരു വൃത്തം.പുറത്തു ചിരികേള്‍പ്പിക്കാതെ, ചിരി കടിച്ചമര്‍ത്തി ഞങ്ങള്‍ കുട്ടികള്‍ അകത്തേക്കോടി.

അന്നൊക്കെ ലോകത്തിന്റെ ഏതു കോണില്‍ ജോലി ചെയ്താലും ഗള്‍ഫുകാര്‍ എന്നാണ് അവിടെയൊക്കെ പറഞ്ഞിരുന്നത്.ഇന്നൊക്കെ പറയുന്നതുപോലെ യൂ എസ് , കാനഡ, ഷാര്‍ജ , ബഹറിന്‍ , ദുബായ് , എന്നൊന്നും പറയാറില്ല. ഇന്ത്യ വിട്ടുപോയാല്‍ പിന്നെ ആകെ അറിയാവുന്നതും പറയുന്നതും ഗള്‍ഫ്. അതും ബോംബെയില്‍ ചെന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് അവിടെ നിന്നും കപ്പലിലോ , വിമാനത്തിലോ പോകുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് അവധിക്ക് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നത്.അപ്പോള്‍ അംബാസഡഡര്‍ കാറിന്റെ മുകളില്‍ വലിയൊരു പെട്ടി കെട്ടി വെച്ചിട്ടുണ്ടാകും.പിന്നെ ഫോറിന്‍ സെന്റ് -അതിന്റെ നല്ല ഒരു ഗന്ധം ഗള്‍ഫുകാരന്‍ അവിടെ നിന്ന് പോയാലും അവിടെല്ലാം കുറെ സമയം കൂടി തങ്ങി നില്‍ക്കുമായിരുന്നു. വലിയ ഒരു ടേപ്പ് റെക്കോര്‍ഡര്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ മാത്രം കാണുന്ന ഒന്നായിരുന്നു.

ദൂരെയുള്ള നാട്ടില്‍ നിന്നും അങ്ങനെ ഇടയ്ക്കു ഒരു സന്ദര്‍ശനത്തിനായി അടുത്ത ഒരു ബന്ധു വീട്ടില്‍ വന്നു.വെളുത്തു തുടുത്ത ആള്‍ .അയ്യാള്‍ കയ്യും വീശി വെറുതെയായിരുന്നു വീട്ടില്‍ വന്നത്.അയാളുടെ കയ്യില്‍ നിന്നും ഒരു മിട്ടായി പോലും ഞങ്ങള്‍ കുട്ടികള്‍ പ്രതീക്ഷിക്കാറില്ലായിരുന്നു .കാരണം അങ്ങനെ ഒന്നും ജീവിതത്തില്‍ അതുവരെ സംഭവിച്ചിട്ടില്ലായിരുന്നല്ലോ..!

ഗള്‍ഫുകാരന്‍ വരുന്നതു തന്നെ വലിയ കാര്യം.അയാളെ ചുറ്റിപ്പറ്റി പിറകില്‍ ഓട്ടയുള്ള കാക്കി നിക്കറുമായി ഞാനും നിന്നു. ഷര്‍ട്ടിടാത്തതുകൊണ്ടു , വയറില്‍ മാങ്ങയുടെയും പറങ്കിപ്പഴത്തിന്റെയും ചാറുകള്‍ സൃഷ്ട്ടിച്ച അവ്യക്ത ചിത്രങ്ങള്‍.
പളപളാന്ന് മിന്നുന്ന കുപ്പായവും വലിയ വെല്‍ ബോട്ടം പാന്റും ഇട്ടു വന്നിരിക്കുന്ന ഗള്‍ഫുകാരന്‍ – ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരത്ഭുത ജീവിതന്നെ .അയാളില്‍ നിന്നുയരുന്ന പെര്‍ഫ്യൂമിന്റെ ഗന്ധം അവിടെല്ലാം നിറഞ്ഞു നിന്നു. തറയില്‍ മെഴുകിയിരുന്ന ചാണക ഗന്ധത്തിന് അല്പനേരത്തേക്കെങ്കിലും വിട പറയാനുള്ള അസുലഭ സന്ദര്‍ഭം കൂടിയായിരുന്നു അത്.തിരക്കുള്ള ആളാണ് , അടുത്ത വീടുകളിലൊക്കെ പോകണം. അയ്യാള്‍ ഗള്‍ഫിലെ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു.അപ്പോഴാണ് അയാള്‍ കാലില്‍ ഇട്ടിരിക്കുന്ന ആ ഷൂസ് ശ്രദ്ധിച്ചത്.മുട്ടുവരെ നീളുന്ന ഷൂസ്.അതിട്ടു പ്രയാസപ്പെട്ടാണ് അയാള്‍ നടന്നു വന്നിരുന്നത്.അതൊരു ഗമ തന്നെയാണ്.അന്ന് വരെ ഞാന്‍ ആ ഷൂസ് കണ്ടിരുന്നില്ല. അതുപോലെ മുട്ടുവരെ നീളുന്ന ഒരു ഷൂസ് കാലില്‍ ഇട്ടു നടക്കാന്‍ മോഹിച്ചെങ്കിലും , ഒരിക്കലും സാധിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ ആഗ്രഹം മനസ്സില്‍ മനസ്സില്‍ നിന്നുതന്നെ പിഴുതെറിഞ്ഞു.
അദ്ദേഹം യാത്ര പറഞ്ഞു അടുത്ത വീട്ടിലേക്കു പോയി…

ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ ഗള്‍ഫിലെത്തി. വലിയ കോണ്‍ക്രീറ്റ് നടക്കുന്ന ഒരു സ്ഥലത്തു പോയി.കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീന്‍, കോണ്‍ക്രീറ്റ് പമ്പ് , ഓപ്പറേറ്റര്‍ , ധാരാളം പണിക്കാര്‍ …യാദൃഷികമായി ഞാന്‍ അവരുടെ കാലുകളിലേക്കു നോക്കി,.അത് തന്നെ ,വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്ന ഗള്‍ഫുകാരന്‍ കാലില്‍ ധരിച്ചിരുന്ന, മുട്ടുവരെ എത്തുന്ന തനിക്കു സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന ‘ഗം ബൂട്ടുകള്‍’ അവിടെ കോണ്‍ക്രീറ്റ് ചെയ്യുന്ന വര്‍ക്കേഴ്‌സ് എല്ലാവരും കാലില്‍ ധരിച്ചിരിക്കുന്നു…!
*

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px