നമുക്ക് എന്തെങ്കിലും ആവശൃങ്ങൾ വരുമ്പോൾ നമ്മൾ സുഹൃത്തുക്കളെ സമീപിക്കുകയോ അന്യോഷിക്കുകയോ ചെയ്യുന്നതിനെ ആത്മാർത്ഥസൗഹൃദമെന്നു വിളിക്കുവാൻ കഴിയില്ല. മറിച്ച് അതിനെ സ്വാർത്ഥത എന്നേ പറയുവാൻ കഴിയൂ.
നല്ല സൗഹൃദങ്ങൾ നമുക്ക് പരസ്പരം ആശ്രയത്വം നൽകുകയും മനസ്സിന് ബലം നൽകുകയും ചെയ്യുന്നു. നമ്മുടെ പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും നമ്മോടൊപ്പം നിൽക്കുന്നതിനെയാണ് യാഥാർത്ഥ സൗഹൃദമെന്നു പറയുന്നത്. ചിലഘട്ടങ്ങളിൽ അവർ നമ്മെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും.തിരുത്തുവാൻ തക്ക ചാലക ശക്തിയായും നമ്മിൽ പ്രവർത്തിക്കുന്നു.
ദാമ്പത്യ ബന്ധങ്ങളിലും ഭാര്യ ഭർത്താവ് എന്നതിലപ്പുറം അവർ നല്ല സുഹൃത്തുക്കൾക്കൂടി ആയിരിക്കണം.എങ്കിലേ അവിടെ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും തുറന്നു പറച്ചിലുകൾ ഉണ്ടാകുകയുള്ളൂ.
എന്നാൽ ഈ തുറന്നു പറച്ചിലുകൾ പങ്കാളിയെ (സുഹൃത്തിനെ) വെറുക്കുവാനുള്ള കാരണമാകരുത്.പകരം സത്യസന്ധതയുടെ തുറന്നു പറച്ചിലുകൾ സുഹൃത്തിന്റെ മനസ്സിലേക്ക് നമ്മുടെ സ്ഥാനം ഉറപ്പിക്കുന്നതായിരിക്കണം. അഥവാ സുഹൃത്തിന്റെ(പങ്കാളിയുടെ)കുറവുകൾ നമ്മൾ മനസ്സിലാക്കുകയോ,അവയെക്കൂടി നമ്മൾ അംഗീകരിക്കുകയോ ചെയ്യുമ്പോൾ അവിടെ നമ്മുടെ സ്ഥാനവും നമ്മുടെ സുഹൃത്ത് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാരണം നമ്മൾ ഒരു സുഹൃത്തിനെയോ ഒരു പങ്കാളിയെയോ സ്വീകരിക്കുമ്പോൾ ഏതൊരു മനുഷ്യനെയുംപോലെ അവരും ഈ ഭൂമിയിൽ അപൂർണ്ണമായൊരു വ്യക്തിത്വമാണ് എന്ന് മനസ്സിലാക്കുന്നുവെങ്കിൽ അവിടെ തുടങ്ങി നമുക്ക് ആ വ്യക്തിയെ പൂര്ണ്ണ മനസ്സോടെ സ്നേഹിക്കുവാൻ കഴിയും. അല്ലാതെ അവരിലെ നല്ലവശങ്ങളെ മാത്രം നമ്മൾ ഇഷ്ടപ്പെടുവാനും സ്നേഹിക്കുവാനും ശ്രമിക്കുമ്പോൾ അവരോടുള്ള നമ്മുട സ്നേഹത്തിനോ,സൗഹൃദത്തിനോ ആത്മാർത്ഥത ഇല്ലെന്നു പറയാം. ഇന്ന് സമൂഹത്തിൽ തകർന്നു വീഴുന്ന സ്നേഹബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലും പ്രധാനമായി കണ്ടെത്താവുന്ന ഒരു വസ്തുതയാണ് ഈ കുറവ് എന്നുപറയാം. അതിനാൽ ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മറ്റുള്ളവരെയും സുഹൃത്തുക്കളെയുമൊക്കെ നിങ്ങൾ വിലയിരുത്തൽ നടത്തുമ്പോൾ നിങ്ങളെത്രമാത്രം പൂർണ്ണതയുള്ളതാണ് എന്നു സ്വയം പരിശോധിക്കുക,തിരിച്ചറിയുക. ആ തിരിച്ചറിവ് നിങ്ങളുടെ സൗഹൃദബന്ധത്തെയും ദാമ്പത്യ ബന്ധത്തെയും കൂടുതൽ ദൃഢമാക്കുന്നതിന് നിങ്ങളെ സഹായിക്കും. അതിനാൽ ഓർക്കുക, രാത്രിയുള്ളത് കൊണ്ടാണ് പകലും ഉള്ളത്.രാത്രിയും പകലും ചേരുമ്പോൾ നമ്മളതിനെ ഒരു ദിവസമെന്നു വിളിക്കുന്നു.
ഏവർക്കും നല്ലൊരു ദിവസം നേർന്നു കൊണ്ട്.
സ്നേഹപൂർവ്വം.
❤️
എം.തങ്കച്ചൻ ജോസഫ്.
About The Author
No related posts.