“വല്യേമ്പ്രാട്ട്യേ … കൊറച്ച് കഞ്ഞ്യോളം കിട്ട്യാ തരക്കേടില്യാർന്നു.”
ചങ്ങമ്പറയൻ നീണ്ട മരക്കൊമ്പുകൾ പോലുള്ള കൈകൾ വീശി പടിപ്പുരയിൽ നിന്നലറി വിളിക്കും. പടിപ്പുര മൂലയ്ക്ക് വെച്ചിട്ടുള്ള ക്ലാവ് പിടിച്ച ഓട്ടുപാത്രം ഉടുത്ത മുണ്ടുകൊണ്ട് തുടച്ച് നീട്ടുമ്പോഴേയ്ക്കും, ആർത്ത കാട്ട് കളത്തിലെ മാളോമ്മ ഒരു മൊന്ത കഞ്ഞിവെള്ളവുമായി വന്ന് നീട്ടിയ ഓട്ടുപാത്രത്തിൽ പാർന്ന് തിരിഞ്ഞു നടന്നിട്ടുണ്ടാവും. ചങ്ങമ്പറയൻ ഒറ്റ മോന്തിന് കഞ്ഞിവെള്ളം അകത്താക്കി ഏമ്പക്കം വിട്ട് പാത്രത്തിനടിയിലുളള വറ്റ് തൊഴുത്തിനരികിൽ വെച്ചിട്ടുള്ള കുറുവട്ടിയിലിട്ട് പശുക്കളെ നോക്കി കിന്നാരം പറയുന്നത് പതിവായിരുന്നു.
കുറുവട്ടിയിലുള്ള പഴത്തോലും പഴഞ്ചോറും എല്ലാമെടുത്ത് പശുവിനുള്ള തവിടും കഞ്ഞി വെള്ളത്തിലിട്ട് മരക്കോലിട്ടിളക്കിക്കഴിയുന്നതു വരെ മാത്രമല്ല, പശുക്കളെ ഊട്ടുന്നതു വരെ അവയോട് സല്ലപിക്കുന്നത് ചങ്ങമ്പറയന്റെ ദിനചര്യകളിലൊന്നാണ്.
ആർത്തകാട്ട് കളത്തിലെ പയ്ക്കളെ മേയ്ക്കുന്ന പണി ചങ്ങമ്പറയന്റേതായിരുന്നു. ചോത്ര പശുവിന്റെ മുന്നിൽ കഞ്ഞിവെള്ളച്ചെമ്പ് വെച്ച് നിമിഷങ്ങൾക്കകം ക്രമത്തിൽ കറുമ്പി , വെളുമ്പി , പാണ്ടി, ചെമ്പി, ചിരുതേയി , കല്യാണി തുടങ്ങിയ പയ്ക്കളെ സ്നേഹത്തലോടലുകളോടെ തീറ്റി ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന ചങ്ങമ്പറയൻ ഒറ്റയാനായി ജീവിക്കുന്ന കഥാപാത്രമാണ്.
ചങ്ങമ്പറയൻ കൊല്ലങ്കോട്ട് പാറയുടെ സമീപം പടിഞ്ഞാറ്റു മുറിയിലുള്ള ഒരാൽത്തറയിലാണ് അന്തിയുറങ്ങിയിരുന്നത്. എവിടെ നിന്ന് ആ ഗ്രാമത്തിലെത്തിപ്പെട്ടു എന്നത് അജ്ഞാതമാണ്.
ഒരിക്കൽ ജനവാസമില്ലാത്ത കൊളപ്പാറയിൽ മലമ്പള്ളത്തിൽ ഒറ്റയ്ക്ക് കുടിൽ കെട്ടുന്ന ഒരു സ്ത്രീയെ കണ്ട് നാട്ടുകാർ അമ്പരന്നു വിരട്ടിയോടിക്കാൻ ശ്രമിച്ചതാണ് പോലും! അതിലൊന്നും ഭയപ്പെടാതെ പുറമ്പോക്കിൽ മലയുടെ പാർശ്വത്തിൽ കുടിൽ കെട്ടി താമസമാക്കിയ നല്ലമ്പറച്ചി കുടിലിനു മുന്നിലിരുന്ന് വട്ടി, കൊട്ട മെടഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി വിറ്റു. അതിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കൊളപ്പാറയിൽ കഴിഞ്ഞുകൂടാൻ തുടങ്ങി.
കൊച്ചു കുടിയിൽ കഴിയുന്ന നല്ലമ്പറച്ചിയോട്
ആദ്യ കാലത്ത് ചങ്ങമ്പറയന് തോന്നിയ അനുതാപം ഇഷ്ടമായി, പിന്നീടത് ഗോപ്യമായ പ്രണയമായി വളർന്നു. നല്ലമ്പറച്ചിയോട് അതിരുകവിഞ്ഞ സ്നേഹം അയാൾക്കുണ്ടായിരുന്നു.
നല്ലമ്പറച്ചി പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നല്ലവളായിരുന്നു. കാഴ്ചയിൽ ഒരാകർഷണവും തോന്നത്തക്ക സൗന്ദര്യമോ, മറ്റു പ്രത്യേകതകളോ ഉണ്ടായിരുന്നില്ല. പഠിപ്പില്ലെങ്കിലും നാലക്ഷരം കൂട്ടി വായിക്കാനറിയില്ലെങ്കിലും ജീവിതത്തെക്കുറിച്ച് വളരെയേറെ അറിവുളളവളായിരുന്നു. അവളുടെ നൻമയറിഞ്ഞ നാട്ടുകാർ പിന്നീടവളെ ആട്ടിപ്പായിച്ചില്ല. വിൽക്കാനായി നെയ്ത കുട്ടകളുടെ പ്രത്യേകതകളും ഈടുറപ്പും അവൾ വാചാലമായി പറയുമ്പോൾ നാട്ടുകാർ അതെല്ലാം വാങ്ങുകയും ചെയ്തുപോന്നു.
ചങ്ങമ്പറയൻ കന്നിട്ട്ള് വഴി പശുക്കളെ പേരെടുത്തു ചൊല്ലി വിളിച്ച് മേയ്ക്കാൻ കൊണ്ടുപോകുമ്പോൾ സുന്ദരികളായ അടിയാളപ്പെണ്ണുങ്ങൾ വഴിയരികിൽ കാത്തു നിൽക്കുമായിരുന്നു. നെല്ലായി, ചെമ്പായി, മയ്യായി, കണ്ടത്തി തുടങ്ങിയവർക്കെല്ലാം കാക്കക്കറുപ്പാണെങ്കിലും ഏഴഴകുള്ളവരാണ്.
പടിഞ്ഞാറ്റു മുറിയിൽ തന്നെ താമസമാക്കിയിട്ടുള്ള പാറാനും അരിയനും നഞ്ഞൻ ചെല്ലപ്പുവും വശീകരണ തന്ത്രങ്ങളുമായി നിന്നാലും അടിയാത്തികളുടെ ശ്രദ്ധാകേന്ദ്രം ചങ്ങമ്പറയനിൽ തന്നെയായിരുന്നു.
ചങ്ങമ്പറയന്റെ ഉയരം അളക്കണമെങ്കിൽ തോട്ടി വെച്ച് നോക്കണമെന്ന് നാട്ടുകാർ പറയുമായിരുന്നു. അയാളുടെ വിരിഞ്ഞ നെഞ്ചിൽ നോക്കി നെല്ലായി കണ്ടത്തിയോട് പറയുമായിരുന്നത്രെ.
“ആ നെഞ്ചില് ഞാനാ കണ്ടത്തിപ്പെണ്ണേ …”
മയ്യായി നെല്ലായിയെ പുച്ഛിച്ച് പറയുന്നതും കേമമായിരുന്നു.”മൂട്ട പോലെ അടി പറ്റിക്കിടക്കണ നിന്നെ ആ വിരിഞ്ഞ മാറിൽ ചേർക്കണമെങ്കിൽ ചങ്ങമ്പറയൻ ചത്തു മലയ്ക്കണം. ”
ചെമ്പായി ഇതെല്ലാം കേട്ട് കുണുങ്ങി ചിരിക്കും.
നഞ്ഞൻ ചെല്ലപ്പു ഒരു വയ്യാവേലിയാണെന്ന് നാട്ടുകാർക്കറിയാം.
ചെല്ലപ്പുവിന്റെ കെട്ടിയവൾ കുഞ്ച ചങ്ങമ്പറയന്റെ സ്നേഹത്തിന് കൊതിച്ച്, മന്ത്രിച്ച കുടം
കൊല്ലങ്കോട്ട് പാറയുടെ സമീപമുള്ള പടിഞ്ഞാറ്റു മുറിയിലെ ആൽത്തറയുടെ വക്കിൽ കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. ചെല്ലപ്പു ഇതെല്ലാം കാണുന്നുണ്ടായിരുന്നു പോലും ! പക്ഷേ കുഞ്ചയോടുള്ള സ്നേഹം വർദ്ധിച്ചത് ആ വഴി നടന്നിരുന്ന പാറാനും അരിയനുമാണെന്ന് ചെല്ലപ്പുവിന് തോന്നി. ചെല്ലപ്പുവും പാറാനും അരിയനും തമ്മിൽ ഇതിന്റെ പേരിലുള്ള കലഹം നിത്യസംഭവമായിരുന്നു.ചെല്ലപ്പുവിന്റെ ഇത്തരം വഴക്ക് വീട്ടുകാരിക്കും നാട്ടുകാർക്കും ശല്യമായിരുന്നു. ചങ്ങമ്പറയൻ അത്തരക്കാരനല്ലെന്നും ചെല്ലപ്പുവിനറിയാം.
എന്തൊക്കെ സംശയങ്ങൾ ഉണ്ടായാലും നഞ്ഞൻ ചെല്ലപ്പു കുഞ്ചയെ വിട്ടു പോയില്ല. പത്താണുങ്ങൾ ചെയ്യുന്ന ശാരീരികാധ്വാനം കുഞ്ച ഒറ്റയ്ക്ക് നിർവഹിക്കുമായിരുന്നു. കുഞ്ചയുടെ മുതുകത്തും തലയിലുമുള്ള ചാക്കു കെട്ടുകളുടെ എണ്ണം കണ്ട് ഗ്രാമത്തിലെ തടിമിടുക്കുള്ള വർ അത്ഭുതപ്പെടുക തന്നെ ചെയ്തു.
ചങ്ങമ്പറയൻ നല്ല മ്പറച്ചിയോടുള്ള തന്റെ പ്രണയം ഉള്ളിലൊതുക്കി ജീവിച്ചവനായിരുന്നു.
നല്ലമ്പറച്ചിയെ അറിയിക്കാതെ കരളിനുള്ളിൽ ആ ഇഷ്ടം കൊണ്ടു നടന്നു. ഒരു പെണ്ണിനോട് ഇഷ്ടം അറിയിക്കാനുള്ള നെഞ്ചുറപ്പ് ഇല്ലാതെ പോയതാണോ എന്നറിയില്ല. ആൽത്തറയിൽ ശയിക്കുന്നവന് എന്തിന് കൂടും കുടുംബവും എന്ന് അയാൾ അടുത്ത ചങ്ങാതിമാരോട് പറയുമായിരുന്നത്രെ.
നഞ്ഞൻ ചെല്ലപ്പുവിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കുവാൻ കൊള്ളാത്തവനെന്ന് നാട്ടുകാർ പറയും. അതുകൊണ്ടു തന്നെ ആരും അടുപ്പിക്കില്ല. പല കുണ്ടാമണ്ടിത്തരങ്ങളും അയാളുടെ കയ്യിലിരുപ്പാണ് .
ഒരിക്കൽ …
നല്ലമ്പറച്ചിയുടെ കൊളപ്പാറയിലെ കുടിലിൽ
രണ്ട് പരമ്പ് വാങ്ങാനായി ചെല്ലപ്പു അവിടെ പോയി. പരമ്പിൽ നെല്ലു പരത്തലൊന്നുമായിരുന്നില്ല ഉദ്ദേശ്യം. പരമ്പു കൊണ്ട് മറച്ച് പാറാന്റെയും അരിയന്റെയും കുടിയിലേക്കുള്ള നോട്ടം നിർത്തണം. കുഞ്ച പാറാന്റെയും അരിയന്റെയും കൂടെ പൊറുത്തുകൂടാ.
കൊളപ്പാറയിലെ കുടിലിനു മുന്നിൽ കുണ്ടു മുറം മെടയുന്ന നല്ലമ്പറച്ചി ചെല്ലപ്പുവിന്റെ ആവശ്യം മാനിച്ച് രണ്ടു വലിയ പരമ്പ് ചുരുട്ടി ചൂടികെട്ടി മലയടിവാരത്തിലിട്ടു. ആ സമയത്ത് പാറാനും അരിയനും മലമ്പള്ളത്തിലുള്ള പുല്ലരിഞ്ഞെടുക്കാൻ അരിവാളുമായി ആ വഴി കയറിയിരുന്നു.
ഇതു തന്നെ പറ്റിയ തക്കം …
തന്റെ കെട്ടിയവൾ കുഞ്ചയ്ക്ക് ചങ്ങമ്പറയനോടുള്ള സ്നേഹമോർത്ത് ചെല്ലപ്പുവിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. ചങ്ങമ്പറയൻ നല്ലവൻ തന്നെ. ചങ്ങമ്പറയന് ഒരു സ്ത്രീയോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് നല്ലമ്പറച്ചിയോടു മാത്രമാണ്. അതും ചെല്ലപ്പുവിനറിയാം. എങ്കിലും അയാളുടെ ഉള്ളിൽ അസൂയ മൂത്തു.
ചതിക്കുള്ള കളമൊരുങ്ങി. നല്ലമ്പറച്ചിയ്ക്ക് നൊന്താൽ ചങ്ങമ്പറയന്റെ മനസ്സു വേവും. പാറാനും അരിയനും കേൾക്കെ അയാൾ മലമ്പള്ളത്തിൽ നിന്ന് വിളിച്ചു കൂവി…
” നല്ലമ്പറച്ച്യേ… എന്തിനാടീ ഈ പരമ്പൊക്കെ മെടഞ്ഞ് നീ ഇല്ലാതാവണ് … നിന്നെ പോറ്റാൻ ഞാനില്ലേ ?”
പാറാനും അരിയനും ശ്വാസമടക്കി കൊളപ്പാറയ്ക്കരികിൽ മറഞ്ഞു നിന്ന് ഇതു കേൾക്കുന്നുണ്ടായിരുന്നു. ഇതു കണ്ട ചതിയൻ ചെല്ലപ്പു വീണ്ടും പറഞ്ഞു.
“എടീ പെണ്ണേ …കുമുകുമാ ന്നുള്ള നിന്റെ മണങ്ങട്ട് പോണില്ല. ” പാറാനും അരിയനും കൊളപ്പാറയിൽ വലിഞ്ഞു കയറി പറ്റിച്ചേർന്നു കിടന്ന് കേൾക്കാൻ തുടങ്ങി.
ഇതു തന്നെ തഞ്ചം … അയാളുടെ ദുർമുഖം കുതന്ത്രത്താൽ കറുത്തു.നഞ്ഞൻ ചെല്ലപ്പു വീണ്ടും ആർത്തു.
“നാളെ ഞാൻ വരുമ്പോ ഈ നാണമൊക്കെയങ്ങ് മാറ്റണെടിയേ… കുളിച്ചാൽ കുളിരും നശിച്ചാൽ നാണവും തീരുംന്നല്ലേ തമ്പ്രാക്കൻമാര് പറയാറ് . ”
ഇനി ഇവിടെ നിന്ന് തടിതപ്പാം…
ചുരുട്ടി കെട്ടിയ പരമ്പെടുത്ത് അയാൾ ആനന്ദതുന്ദിലനായി കൊളപ്പാറയിറങ്ങി.
കുതികാൽ വെട്ടുന്നവനാണ് ചെല്ലപ്പുവെന്നറിയാമായിരുന്ന നല്ലമ്പറച്ചി കുടിലിനു പുറത്തേക്ക് ഓടിയെത്തുമ്പോൾ കണ്ടത് പാറാനും അരിയനും കൊളപ്പാറ വഴി നടന്നു പോകുന്നതാണ്.
സന്ധ്യ ചുവന്നു. രാത്രിയായി. സത് സ്വഭാവിയായ നല്ലമ്പറച്ചിയുടെ മനസ്സ് പിടഞ്ഞു.
കൊളപ്പാറയിറങ്ങാൻ താമസമുണ്ടായില്ല.
പാറാനും അരിയനും ചങ്ങമ്പറയന്റെ ചെവിയിൽ ചെല്ലപ്പുവിന്റെ ഗീർവാണങ്ങൾ അതിശയോക്തിയോടെ വിവരിച്ചു.
ചങ്ങമ്പറയന്റെ കരള് നുറുങ്ങി. നല്ലമ്പറച്ചിയെ അങ്ങനെയായിരുന്നില്ല അയാൾ കണ്ടിരുന്നത് .നല്ല
മ്പറച്ചിയോടു ചോദിക്കാനും വയ്യ.
പാറാനും അരിയനും ചേർന്ന് കൊട്ടിഘോഷിച്ച ചെല്ലപ്പുവിന്റെ രഹസ്യ ബന്ധം നെല്ലായി , ചെമ്പായി, കണ്ടത്തി, മയ്യായി തുടങ്ങിയ പെണ്ണുങ്ങളും രായ്ക്കുരാമാനം വിളംബരപ്പെടുത്തി നടന്നു.
പിറ്റേന്ന് …
നല്ലമ്പറച്ചിയുടെ കുടിലിനു മുന്നിൽ ചങ്ങമ്പറയൻ പോയി നിന്നു.
“നീ … നീ നശിച്ചോ പെണ്ണേ …” അയാൾ ഗദ്ഗദകണ്ഠനായി ചോദിച്ചു.
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് കുടിലിനുള്ളിലേക്കു പോയി.
കൊളപ്പാറയും കൊല്ലങ്കോട്ട് പാറയും പടിഞ്ഞാറ്റു മുറിയും അടുത്ത ദിവസം പുലർന്നത് ഒരുനടുക്കത്തോടെയായിരുന്നു. അരിയനാണത്രെ കണ്ടത് !
നല്ലമ്പറച്ചി കൊളപ്പാറയിലുള്ള മലമ്പള്ളത്തിലെ ഇരുൾ മരത്തിൽ കെട്ടിത്തൂങ്ങിയിരിക്കുന്നു…
ചങ്ങമ്പറയൻ ആർത്തകാട്ട് കളത്തിലെത്തി. മാളോമ്മ ഒരു മൊന്ത കഞ്ഞിവെള്ളം ഓട്ടുപാത്രത്തിൽ പാർന്നു. അയാൾ അത് ഒറ്റ മോന്തിന് കുടിച്ച് ഒന്നും മിണ്ടാതെ
മലമ്പള്ളത്തിലേക്ക് ഇരച്ചുകയറി, ഇരമ്പിയാർത്തു. അയാളുടെ കൈകൾ എഴുന്നു നിന്നു. മരത്തിൽ തൂങ്ങി നിൽക്കുന്ന നല്ലമ്പറച്ചിയെ ജനക്കൂട്ടത്തിനിടയിൽ നിന്നയാൾ കണ്ടു.
ഏവരും നോക്കി നിൽക്കേ അയാൾ മരത്തിൽ കയറി .കയറിന്റെ കെട്ടഴിച്ചു. നല്ലമ്പറച്ചിക്ക് പോറലേൽക്കാത്ത വിധം താഴെയിറക്കി. ആ ദേഹം നെഞ്ചിൽ ചുമന്നു … നടന്നു.
നാട്ടുകാർ പരിതപിച്ചു.
കഷ്ടം …ആ നെഞ്ചിലെന്നും നല്ലമ്പറച്ചിയായിരുന്നു പോലും !
ചങ്ങമ്പറയന്റെ ആത്മ രോദനം പോലെ കൊളപ്പാറയിലെ മലമ്പള്ളത്തിൽ ആഞ്ഞടിക്കുന്ന കാറ്റ്… ആ കാറ്റിന്റെ ഇരമ്പൽ ചങ്ങമ്പറയന്റെ ഇടനെഞ്ചുപൊട്ടിയ തേങ്ങലാണത്രേ ! ഇന്നും കൊളപ്പാറ പ്രദേശം അത് കേൾക്കുന്നുണ്ടത്രെ!
രജനി സുരേഷ്
About The Author
No related posts.