നമ്മള്‍ നാടുവാഴി യുഗത്തില്‍നിന്നും നവീന ചിന്താധാരയിലേക്ക് വളര്‍ന്നത് ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടയതിന് ശേഷമാണ്. എന്തെല്ലാം സ്വപ്നങ്ങളാണ് വിശ്വാസങ്ങളാണ് ഭാരതീയനുണ്ടായിരുന്നത്. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എഴുപത് ശതമാനത്തിനുള്ളില്‍ വരുന്ന പാവങ്ങള്‍ ഇന്നും ദാരിദ്ര്യവും പട്ടിണിയും നൊമ്പരങ്ങളുമായി കഴിയുന്നു. കാലാകാലങ്ങളായി വരുന്ന നാടുവാഴികള്‍, ഭരണകര്‍ത്താക്കള്‍, അവരുടെ പണ്ടാരശാലകളില്‍ പലതും ഉദ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ആധുനിക കാലത്തെ അവരുടെ ജനപ്രിയ ഉല്‍പാദനം വര്‍ദ്ധപ്പിക്കുന്നത് ജാതിമതങ്ങളെ എങ്ങനെ മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കാം എന്നതാണ്. അതില്‍ നിന്നവര്‍ സത്യം, നീതി, ദയ എന്ന ‘ഓം’ പ്രതിഷ്ഠയെ എടുത്തുമാറ്റി, ശത്രുവിനെ പ്രതിഷ്ഠിച്ച് ശത്രു സംഹാര പൂജകള്‍ നടത്തുന്നു. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ണ്ണ ജാതിക്കാര്‍ സവര്‍ണ്ണജാതിക്കാരുടെ കണ്ണില്‍പ്പെടാതെ ഓടിയൊളിക്കുമായിരുന്നു. അവര്‍ക്ക് അക്ഷരം പഠിക്കാനും അനുവാദമില്ല. അക്ഷരം പഠിച്ചാല്‍അവന് ശിക്ഷ കിട്ടുമായിരുന്നു. ഇന്ന് അക്ഷരം എഴുതുന്നവര്‍ക്കാണ് ഈ ശിക്ഷ ഈ മതഭ്രാന്തന്മാര്‍ നടപ്പാക്കുന്നത്. മതത്തിന്‍റെ മറവില്‍ വോട്ടു നേടാനായി നടത്തുന്ന മതവര്‍ഗ്ഗീയതയ്ക്ക് കേരളത്തിന്‍റെ മണ്ണ് വളക്കൂറുള്ളതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കാണുമ്പോള്‍ മഞ്ഞണിഞ്ഞ വടക്കേ ഇന്‍ഡ്യയില്‍നിന്ന് മഞ്ഞക്കൊന്ന എന്ന സസ്യം മലയാള മണ്ണിലേക്ക് കുടിയേറുക മാത്രമല്ല മറ്റ് സസ്യങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കയും ചെയ്യുന്നു. അതിലെ മഞ്ഞനിറമുള്ള പൂക്കള്‍ കണ്ടാലോ അതി മനോഹരം, മലയാളി ആ മഞ്ഞക്കൊന്നയെ വളരാന്‍ അനുവദിക്കില്ല. യജമാനന്‍ തന്‍റെ ദാസന് ആജ്ഞകൊടുക്കുന്നതുപോലെ ഞങ്ങള്‍ പറയുന്നതേ എഴുതാവൂ, ഞങ്ങളെ ഹനിക്കുന്നതൊന്നും എഴുതാന്‍ പാടില്ല എന്നൊക്കെ വിവരദോഷികള്‍ പ്രസ്താവന നടത്തുന്നത് ഇന്ന് ഇന്‍ഡ്യയില്‍ ഫാസിസ്സം വളരുന്നതിന്‍റെ ലക്ഷണമാണ്, മലയാളത്തില്‍ ചില പഴമൊഴികളുണ്ട്. കാലം പിഴക്കുമ്പോള്‍ എല്ലാം പിഴക്കും. ഈ കാലങ്ങളില്‍ വഴിപിഴച്ച സന്താനങ്ങള്‍ പിറന്നാല്‍ മനുഷ്യന് മാത്രമല്ല അവന്‍റെ കുടുംബത്തിനും ശാന്തി ലഭിക്കില്ല. നായ് പത്ത് പെറ്റിട്ടും ഫലമില്ല. എന്നാല്‍ പശു ഒന്നും പെറ്റാലും മതി. പശുവിന്‍റെ പാല്‍ കുടിച്ചും വളരാനാണ് മലയാളി ആഗ്രഹിക്കുന്നത്.
പെറ്റമ്മയെപോലെ മാതൃഭാഷയെ നെഞ്ചിലേറ്റി ജീവിക്കുന്ന സര്‍ഗ്ഗധനരായ സാഹിത്യകാരന്മാര്‍, കവികള്‍ മറ്റ് എഴുത്തുകാര്‍ ഈശ്വരന്‍റെ വരദാനം ലഭിച്ചവരാണ്. അവര്‍ ഒരു ഭാഷയുടെ സൃഷ്ടികര്‍ത്താക്കളാണ്. കുശവന്‍റെ കൈയിലെ മണ്ണുപോലെ അക്ഷരങ്ങള്‍ അവരുടെ കൈയ്യിലാണ്. അവര്‍ അക്ഷര ലോകത്തെ സര്‍വ്വാധിപന്മാരാണ്. അവരെയാണ് നിങ്ങള്‍ ഭയക്കേണ്ടത്. ചരിത്രം ഇത് തെളിയിച്ചിട്ടുണ്ട്. ഈ പ്രപഞ്ചത്തില്‍ ജീവിക്കുന്ന ഏതൊരു കലയ്ക്കും ഒരെഴുത്തുകാരന്‍റെ കൈയൊപ്പുണ്ട്. ഒരു സൃഷ്ടികര്‍ത്താവില്ലാതെ ഒരു പാട്ടുകാരനോ, വിദ്യാര്‍ത്ഥിയെയോ, കലാകാരനോ, ഭരണകര്‍ത്താക്കളോ ഈ പ്രപഞ്ചത്തില്‍ നിലനില്ക്കാനാവില്ല. അതിന് വാല്‍മീകി മഹര്‍ഷിയുടെ രാമായണം മുതല്‍ വേദോപനിഷത്തുക്കള്‍ മുതല്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. അത് ഓരോരോ ദേശഭാഷകളിലും അവിരാമം വളര്‍ന്നതാണ്. അവരുണ്ടാക്കിയ കാവ്യശാസ്ത്രത്തിലും കരുണം, ഹാസ്യം, വീരം, ഭയാനകം അങ്ങനെ പലതുമുണ്ട്. നമ്മുടെ ചാക്യാര്‍കൂത്തില്‍പോലും രാജാക്കന്മാരെ അപഹാസ്യരാക്കുന്ന ഹാസ്യമുണ്ട്. അതിലെ ഭയാനകം മാത്രമെടുത്ത് കളിക്കരുത്.
വാറ്റു ചാരായവും വറുത്തമീനും സ്വര്‍ണ്ണവും വെണ്ണയും ഭക്ഷണത്തിന് ദൈവങ്ങള്‍ക്ക് കൊടുക്കുന്ന പ്രാകൃത അന്ധവിശ്വാസ ആള്‍ദൈവങ്ങള്‍ക്കെതിരെ അതാത് കാലത്ത് ജീവിച്ചിരുന്ന എഴുത്തുകാര്‍ എഴുതിയിട്ടുണ്ട്. അവരെ വെടിവെച്ച് വെട്ടിക്കൊന്നതായി അറിയില്ല. ഇന്നത്തെ ഈ മന്ദബുദ്ധികളെ എഴുത്തുകാരന് നേരെ ഇളക്കിവിട്ട് ഭദ്രാസന ആശ്രമ ഗോപുരങ്ങളിലായിരുന്ന് മദ്യലഹരിയില്‍ ഉന്മാദമനുവിക്കുന്ന ചെകുത്താക്കന്മാരുടെ കോട്ടകളെയാണ് ആദ്യം തല്ലിത്തകര്‍ക്കേണ്ടത്. ജീവിതത്തില്‍ പാവങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹൃദയഭേദകമായ പട്ടിണി, ദാരിദ്ര്യം, പാര്‍പ്പിടം, തൊഴില്‍ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ സമൂഹത്തിനും വിജ്ഞാനം പകരുന്ന എഴുത്തുകാരെ വെടിവെച്ച് കൊല്ലും എന്ന് ഭീഷണിപ്പെടുത്തുക എന്നത് ഭീകരവാദികളുടെ കൈക്കീഴില്‍ രാജ്യം അമര്‍ന്നിരിക്കുന്നതിന്‍റെ സൂചനയാണ്. എഴുത്തുകാര്‍ എക്കാലത്തും തിരുത്തല്‍ ശക്തികളായിട്ടാണ് ജീവിക്കുന്നത്. ശ്രേഷ്ഠരായ എഴുത്തുകരൊക്കെ സത്യ-നീതിക്കൊപ്പം ജീവിക്കുന്നവരാണ്. വടക്കേ ഇന്‍ഡ്യയില്‍ കണ്ടുവരുന്ന പ്രവണത അവിടുത്തെ ജനങ്ങളെ അമ്പലവാസികളാക്കി കാണാത്ത ദൈവങ്ങളുടെ പേരില്‍ അന്ധവിശ്വാസങ്ങള്‍ കുത്തിനിറച്ചു. മതമനോരോഗികളാക്കി മാറ്റി വോട്ടുപെട്ടി യന്ത്രം കണ്ടും കഞ്ചാവും പണവും കൊടുത്ത് നിറച്ചു വിജയികളായി രംഗത്ത് വരുന്നതാണ്. അത് ജനാധിപത്യത്തില്‍ കാണുന്ന തീരാകളങ്കം. അറിവില്ലാത്ത ആ ജനം അറിയുന്നില്ല മുന്നില്‍വരുന്ന നേതാവിന്‍റെ നാവില്‍ തേനും തലയില്‍ ഉഗ്രവിഷവുമെന്ന്. അവരെ ഇന്നും കഴുതകളെപ്പോലെ വഴി നടത്തുന്നു. ആവശ്യമായ വിദ്യാഭ്യാസമോ, വായിക്കാന്‍പുസ്തകങ്ങളോ, ലൈബ്രറികളോ കൊടുക്കുന്നില്ല. കേരളം അറിവിലൂടെ ജീവിക്കുന്ന ഒരു സമൂഹമായതിനാല്‍ മതം അവരെ കീഴ്പ്പെടുത്തുന്നില്ല. എന്നാല്‍ വിദ്യാരംഗത്തും,പോലീസ് അടക്കമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അഴിമതിയും അനീതികളും കേരളത്തില്‍ വളര്‍ത്തുന്നത് ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. അത് അറിവല്ല തിരിച്ചറിവായിരിക്കണം.
എഴുത്തുകാര്‍ക്ക് ഫാസിസ്റ്റുകളുടെ ആക്രമണം പുറത്തുനിന്നുണ്ടാകുമ്പോള്‍ അകത്ത് നിന്നുള്ള ചില എഴുത്തുകാര്‍ക്ക് മറ്റ് ചില എഴുത്തുകാര്‍ കണ്ണിലെ കരടാണ്. അതൊന്നും പുറത്ത് വരാറില്ല. ബോധപൂര്‍വ്വം ഒളിപ്പിക്കുന്നു. അധികാരത്തിലെത്തുന്നവരില്‍ ചിലരൊക്കെ സമ്പത്ത് ബോധപൂര്‍വ്വം ഒളിപ്പിക്കുന്നതുപോലെയാണിത്. ഈ എഴുത്തുകാര്‍ ഓരോരോ രാഷ്ട്രീയപാര്‍ട്ടികളുടെ ചേരിയില്‍ നില്ക്കുന്നവരാണ്. ഈ ചേരിതിരിച്ചുള്ള പോക്ക് ഫാസിസിത്തിന് വളം വെച്ചുകൊടുക്കുന്നതാണ്. എഴുത്തുകാര്‍ ഒരു കുടകീഴില്‍ നില്ക്കേണ്ടവരാണ്. അവരെ ഭിന്നിപ്പിച്ചും അവാര്‍ഡുകളും പദവികളും കൊടുത്ത് ആനയിക്കുന്നതും മതനിരപേക്ഷ ചിന്താധാരണകള്‍ക്കും സാഹിത്യത്തിന് ഒട്ടുംഗുണകരമല്ല. ഈ ചേരികള്‍ ഇല്ലാത്ത എഴുത്തുകാരന്‍റെ ചേരി ഏതാണ്? കല്‍ബുര്‍ഗി, ഡോ. നരേന്ദ്ര ശബോത്ക്കര്‍, ഗോവിന്ദ ഹല്‍വാരെ തുടങ്ങിയവരെ കൊന്നുതള്ളിയവരെ ഇന്നുവരെ നീതിക്ക് മുന്നില്‍ കൊണ്ടുവന്നിട്ടില്ല. ഇപ്പോഴും ആ ഫാസിസ്റ്റ് ശക്തികള്‍ അവരെ ഒളിപ്പിച്ചുവച്ചിരിക്കുന്നു. കേരളത്തില്‍ ധാരാളം സാഹിത്യ പ്രമാണിമാരുണ്ടല്ലോ. എത്രപേര്‍ രംഗത്തിറങ്ങി. ഈ സാംസ്കാരിക ഫാസിസമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യം, എന്തെഴുതണമെന്നത് തീരുമാനിക്കേണ്ടത്. അഹങ്കാരികളായി ഭരണാധിപന്മാരല്ല ജനങ്ങളാണ്. അധികാരത്തിന് മുന്‍പ് യാജകരായി വന്നവര്‍ അധികാരത്തിലായാല്‍ യജമാനന്‍ ഇതാണ് ഇന്ത്യയിലെ കപട ജനാധിപത്യം?
എനിക്കുണ്ടായ ചില അനുഭവങ്ങള്‍ കൂടി സാക്ഷ്യപ്പെടുത്താം. 2008ല്‍ യൂറോപ്പില്‍ നിന്നുള്ള എന്‍റെ ആദ്യ മലയാള നോവല്‍ ‘കാല്‍പ്പാടുകള്‍’ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എം. എ ബേബി പ്രകാശനം ചെയ്തു. കവിയരങ്ങ് ഉദ്ഘാടനം ചെയ്തത് ഏഴാച്ചേരി രാമചന്ദ്രന്‍. കരിപ്പുഴ ശ്രീകുമാറടക്കം പലരും കവിത ചൊല്ലി. ആശംസാ പ്രസംഗത്തില്‍ ബാബു കുഴിമറ്റം പറഞ്ഞത്. എനിക്ക് സാഹിത്യ ലോകത്ത് ധാരാളം ശത്രുക്കളുണ്ടെന്നാണ്. സാഹിത്യ സദസ്സിന്‍റെ പൂന്തോപ്പിലിരുന്ന് ചെറുപുഞ്ചിരിയോടാണത് കേട്ടത്. അതു യൂറ്റ്യൂബില്‍ ഇപ്പോഴുമുണ്ട്. എനിക്കും ശത്രുക്കള്‍ ഉണ്ടെന്ന് അന്നാണ് ഞാനറിഞ്ഞത്. ആരെന്ന് എനിക്ക് ഇന്നുംമറിയില്ല. എന്തിനെന്നുമറിയില്ല. ഒരു കാര്യം അന്നുമിന്നും പറയുന്നത് ഓരോ ചേരിയുള്ളവര. മാത്രമല്ല പരിഗണിക്കേണ്ടത് ചേരിക്ക് പുറത്തുള്ളവരെയും പ്രവാസി എഴുത്തുകാരെയും പരിഹണിക്കണം. ഭാഷയ്ക്കായി അഹോരാത്രം കഷ്ടപ്പെടുന്നവരെ കണ്ടിട്ടും കാണാതിരിക്കരുത്. 2017 സെപ്തംബറില്‍ എന്‍റെ പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യസെമിനാറും ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെയാണ്. ഭാഷാപണ്ഡിതനായ ഡോ. എം. ആര്‍. തമ്പാന്‍ മുഖ്യ അതിഥി. ചെന്നിത്തല ഡോ. തമ്പാനോട് പറഞ്ഞ് എനിക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടെന്നാണ്. ഈ ശത്രുക്കളുടെ ആരംഭം 1972 മുതല്‍ തുടങ്ങിയാണ്. അന്ന് എന്‍റെ ശത്രുക്കള്‍ മാവേലിക്കര പോലീസ്സായിരുന്നു. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന സ്കൂളില്‍ ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം അവതരിപ്പിച്ചത് പോലീസ്സിനു എതിരെയുള്ള നാടകമായിരുന്നു. പോലീസ് എന്നെ അറസ്റ്റു ചെയ്യുകമായ മാത്രമല്ല ഉപദ്രവിക്കുകയും ചെയ്തു. പോലീസ് എന്നെ ഒരു നക്സല്‍ബാരിയായി മുദ്രയടിച്ചു. എന്‍റെ വീട്ടുകാരും പോലീസിന്‍റെ ഒപ്പം നിന്നു. എന്നെ ജാമ്യത്തിലിറക്കിയത് പണ്ഡത കവി കെ.കെ പണിക്കര്‍ സാറാണ്. തകഴിയും, പാറപ്പുറവും, തോപ്പില്‍ ഭാസിയുമൊക്കെ എനിക്കുണ്ടായ അനുഭവത്തില്‍ നിരാശരായിരുന്നു. പോലീസ്സിനെയും വീട്ടുകാരെയും ഭയന്ന് ഞാന്‍ കേരളത്തില്‍നിന്ന് മുങ്ങിപ്പൊങ്ങിയത് റാഞ്ചിയിലായിരുന്നു. സാഹിത്യരംഗത്ത് എനിക്ക് ശത്രുക്കള്‍ ഉണ്ടെന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ എന്‍റെ മിത്രങ്ങളാണ്. അപ്രിയസത്യങ്ങള്‍ പറയും. ഒരു ഫാസിസ്റ്റ് നിരപരാധിയായ ഒരെഴുത്തുകാരന്‍റെ നേരെ നിറയൊഴിക്കുമ്പോള്‍ അക്ഷരത്തെ, സംസ്കാരത്തെ സ്നേഹിക്കുന്നവരുടെ തലച്ചോറിനാണു അത് പിടിക്കുന്നത്. അവിടെ എന്‍റെ അക്ഷരവും കൂട്ടക്ഷരങ്ങളായി മാറും. നിശ്ശബ്ദതയില്‍ ഒറ്റപ്പെട്ടവന്‍റെ ഒരായിരം ക്രൂശ് മരണങ്ങളില്‍ ഒന്നു മാത്രമാണത്. എഴുത്തുകാരന് ഒരിക്കലും മരണമില്ല. ചത്തശവങ്ങളായി മാറിക്കൊണ്ടിരിക്കുന്നത് ഫാസിസ്റ്റുകളാണ്.
(കാരൂര്‍ സോമന്‍)
About The Author
No related posts.