മനുഷ്യജീവന്‍ വിലപ്പെട്ടതാണ് – സിപ്പി പള്ളിപ്പുറം

Facebook
Twitter
WhatsApp
Email

ജപ്പാനിലെ “മെക്കാതോ”രാജാവ് വലിയ കലാസ്നേഹിയായിരുന്നു. കൗതുകമുള്ള കലാശില്പങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അദ്ദേഹം കൊട്ടാരത്തിനടുത്തായി ഒരു ശില്പഗോപുരം തന്നെ പ്രത്യേകം പണികഴിപ്പിച്ചിരുന്നു.
ഓരോ രാജ്യത്തു നിന്നും കൊണ്ടുവന്ന വിലപ്പെട്ട ശില്പങ്ങള്‍ മെക്കാതോ തന്‍റെ ശില്പഗോപുരത്തിനുള്ളില്‍ അടുക്കും ചിട്ടയോടും കൂടി പ്രദര്‍ശിപ്പിച്ചിരുന്നു. അതെല്ലാം കൃത്യമായി കാത്തുപരിപാലിക്കാന്‍ “സിയാനോ എന്നു പേരുള്ള” മിടുമിടുക്കനായ ഒരു സൂക്ഷിപ്പുകാരനേയും അദ്ദേഹം നിയമിച്ചിരുന്നു.
ഒരിക്കല്‍ സിയാനോ ശില്പങ്ങള്‍ ഒന്നൊന്നായി എടുത്ത് തുടച്ച് വൃത്തിയാക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അയാളുടെ കൈയ്യില്‍ നിന്ന് ഒരു പ്രതിമ താഴെ വീണ് തകര്‍ന്ന് ചിതറി മെക്കാതോ രാജാവ് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു പടയാളിയുടെ ശില്പമായിരുന്നു അത്.
വിവരമറിഞ്ഞ മെക്കാതോ രാജാവ് കോപം കൊണ്ട് വിറച്ചു തുള്ളി.
“ആരവിടെ, സിയാനോയെ പിടിച്ചു കെട്ടി ഉടന്‍ നമ്മുടെ മുന്നില്‍ ഹാജരാക്കു” അദ്ദേഹം കല്പിച്ചു.
കല്പന കേള്‍ക്കേണ്ട താമസം, രാജഭടന്മാര്‍ സിയാനോയെ പിടിച്ചുകെട്ടി രാജാവിന്‍റെ മുന്നില്‍ കൊണ്ടു വന്നു.
“ഒരാഴ്ച കല്‍ത്തുറുങ്കിലടച്ച ശേഷം ഇയാളെ തൂക്കിലേറ്റുക.” അദ്ദേഹം ഉത്തരവായി.
മനഃപൂര്‍വ്വമല്ലാത്ത ഒരു കൈപ്പിഴയുടെ പേരില്‍ സിയാനോയെ തൂക്കിലേറ്റാന്‍ പോകുന്നു എന്നറിഞ്ഞ് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ വല്ലാതെ സങ്കടപ്പെട്ടു. പക്ഷേ അവര്‍ക്കെന്തു ചെയ്യാനാകും? രാജകല്പനയല്ലേ?.
കൊട്ടാരത്തിനരികിലുള്ള ഒരു കൊച്ചു വീട്ടില്‍ വിവേകിയായ ഒരു സന്യാസിവര്യന്‍ വന്നു താമസിക്കുന്നുണ്ടായിരുന്നു. സിയാനോയെ തൂക്കിലേറ്റാന്‍ പോകുന്നു എന്ന വാര്‍ത്ത ഒരു നടുക്കത്തോടെയാണ് അദ്ദേഹം കേട്ടത്. എന്തു ത്യാഗം ചെയ്തും നിരപരാധിയായ സിയാനോയെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. മനുഷ്യ ജീവന്‍റെ വില രാജാവിനെ മനസ്സിലാക്കിയേ തീരു അല്ലെങ്കില്‍ ഇനിയും അദ്ദേഹം നിരപരാധികളെ കൊല്ലും.
സന്യാസിവര്യന്‍ അന്നുതന്നെ മെക്കാതോ രാജാവിന് ഒരു കത്തെഴുതി. “പ്രിയ മഹാരാജന്‍, പല നാടുകളും ചുറ്റി സഞ്ചരിക്കുന്ന ഒരു ശില്പിയാണ് ഞാന്‍ ഉടഞ്ഞ പ്രതിമകള്‍ വിദഗ്ദമായി കൂട്ടിച്ചേര്‍ക്കാന്‍ അടിയനു കഴിവുണ്ട് അങ്ങയുടെ വിലപിടിച്ച ശില്പം ഉടഞ്ഞതായി ഞാനറിഞ്ഞു.അങ്ങ് ഒട്ടും വിഷമിക്കേണ്ട, ഞാനത് കൂട്ടിയോജിപ്പിച്ച് പഴയപടി സുന്ദരമാക്കിത്തരാം.”
“കത്തുകിട്ടിയ ഉടനെ മെക്കാതോ രാജാവ് സന്യാസിവര്യനെ കൊട്ടാരത്തിലെക്ക് ക്ഷണിച്ചു.ഉടഞ്ഞുകിടക്കുന്ന പ്രതിമയുടെ അരികിലേക്ക് രാജാവ് അദ്ദേഹത്തെ കൂട്ടികൊണ്ട് പോയി രാജാവിനോടൊപ്പം അവിടുത്തെ മന്ത്രിമാരും, സേനാനായകമാരുമെല്ലാമുണ്ടായിരുന്നു. ഈ പ്രതിമ നന്നാക്കാന്‍ എനിക്കൊട്ടും സമയം വേണ്ട, ഞാന്‍ ഉടനെ പണിതുടങ്ങുകയാണ്. അതിനു മുമ്പ് ഇവിടത്തെ എല്ലാ പ്രതിമകളും താഴെ നിരത്തിവയ്ക്കേണം. എനിക്ക് അതിന്‍റെ മാതൃക ഒന്ന് മനസ്സിലാക്കേണ്ടതുണ്ട്.” സന്യാസിവര്യന്‍ വിനയത്തോടെ അറിയിച്ചു.
ആ ഒരു നിമിഷത്തില്‍ തന്നെ അവിടുത്തെ എല്ലാ പ്രതിമകളും രാജഭടന്മാര്‍ താഴെയിറക്കി നിരത്തിവെച്ചു. സന്യാസിവര്യന്‍ തന്‍റെ വടിയും കുത്തിപപ്പിടിച്ച് ശില്പങ്ങളുടെ നടുവിലേക്ക് നീങ്ങി. എല്ലാം ഒന്നോടിച്ചു നോക്കിയശേഷം അയാള്‍ കൈയ്യിലിരുന്ന ഊന്നുവടി പ്രതിമകള്‍ക്ക് നേരെ ആഞ്ഞുവീശി ! “ടക് ടക്!…ടക് ടക്!…ടക് ടക്!” നിമിഷ നേരംകൊണ്ട് സകല പ്രതിമകളും തകര്‍ന്ന് നിലംപരിശായി.
“ഛെ!….എന്തനീതിയാണിത്? നന്നാക്കാന്‍ വന്നവന്‍ എല്ലാം തകര്‍ത്തല്ലോ കുലദ്രോഹി്!…നിന്നെ ഞാന്‍ തീക്കൂനയിലിട്ട് ദഹിപ്പിക്കും!.”മെക്കാതോ രാജാവ് ഉച്ചത്തില്‍ അലറി. അദ്ദേഹത്തിന്‍റെ കണ്ണില്‍ നിന്ന് തീപ്പൊരി ചിതറി.
അതൊന്നും കണ്ട് സന്യാസിവര്യന്‍ പതറിയില്ല. അദ്ദേഹം പുഞ്ചിരിക്കുന്ന മുഖത്തോടെ രാജാവിനെ നോക്കി നിന്നു. അയാള്‍ പറഞ്ഞു “മഹാരാജന്‍ അങ്ങ് ആണ് യഥാര്‍ത്ഥ ദ്രോഹി! ഒരു പ്രതിമ ഉടഞ്ഞതിന്‍റെ പേരില്‍ നിരപരാധിയായ ഒരു പച്ചമനുഷ്യനെ അങ്ങ് തൂക്കിലേറ്റാന്‍ പോവുകയല്ലെ? ഇതെന്തു നീതി, ഇതെന്തു ന്യായം? നാളെ മറ്റൊരു പ്രതിമ ഉടഞ്ഞാല്‍ മറ്റൊരാളെ അങ്ങ് തൂക്കിലേറ്റും അല്ലേ? മനുഷ്യ ജീവന് ഒരു പ്രതിമയുടെ വിലപോലുമില്ലന്നോ?”-സന്യാസിവര്യന്‍ ഇടിമുഴങ്ങുന്ന സ്വരത്തില്‍ ചോദിച്ചു.
അയാളുടെ ചോദ്യത്തിന് മുന്നില്‍ രാജാവിന്‍റെ നാവിറങ്ങിപ്പോയി. ഉത്തരം പറയാന്‍ കഴിയാതെ രാജാവ് മലച്ചുനിന്നപ്പോള്‍ സന്യാസിവര്യന്‍ തുടര്‍ന്നു:
“മഹാരാജന്‍, അങ്ങ് എന്നെ തീക്കൂനയിലെറിഞ്ഞോളു; നീതിക്കുവെണ്ടി പ്രാണന്‍ വെടിയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. ദയവുചെയ്ത് സിയാനോയെ വിട്ടയയ്ക്കു. അയാള്‍ ഒരപരാധവും ചെയ്തിട്ടില്ല”സന്യാസിവര്യന്‍ പറയുന്നത് ന്യായമാണെന്ന് മെക്കാതോ രാജാവിന് ബോധ്യമായി.
അദ്ദേഹം പറഞ്ഞു;” മഹാത്മന്‍, അങ്ങയുടെ ധീരമായ ഈ പ്രവൃത്തി നമ്മുടെ കണ്ണ് തുറപ്പിച്ചിരിക്കുന്നു. സിയാനോയെ ഇപ്പോള്‍ത്തന്നെ നാം വിട്ടയയ്ക്കുന്നു മേലിലും അയാള്‍ നമ്മുടെ ശില്പങ്ങളുടെ സൂക്ഷിപ്പുകാരനായി തുടരും. ഗുരോ നമ്മോട് പൊറുത്താലും!” -മെക്കാതോ രാജാവ് സന്യാസിവര്യനെ കൈവണങ്ങി.
പ്രിയപ്പെട്ടവരേ, അനീതി എവിടെ കണ്ടാലും ചോദ്യം ചെയ്യാന്‍ മടിക്കരുത്. നിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാന്‍ ഇടയാകരുത്.
“നാവില്ലാത്തവന്‍ കഴുവില്‍ കിടക്കും” എന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് പലരും അനീതിക്കു മുന്നില്‍ പകച്ചുനില്‍ക്കും അങ്ങനെ ചെയ്താല്‍ നാശമാണ് ഫലം.
sippy pallipuram

About The Author

Leave a Reply

Your email address will not be published. Required fields are marked *