എന്റെ കുറിപ്പുകൾ വായിക്കുന്ന ഒരുപാട് കൂട്ടുകാരുടെ ചോദ്യമാണ്…
എന്റെ പ്രിയപ്പെട്ട
ബാല്യകാല സുഹൃത്താണ്
ദുബായ് അനി…
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ
ഞങ്ങൾ രൂപീകരിച്ച
‘ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബി’ന്റെ സെക്രട്ടറി ഞാനും പ്രസിഡന്റ് ദുബായ് അനിയുമായിരുന്നു…
ഞങ്ങളുടെ ഫ്രണ്ട്സ് ക്ലബ്
വെറുമൊരു കുട്ടി ക്ലബ്ബായിരുന്നില്ല…
നാട്ടിലെ മുഴുവൻ മുതിർന്നവരേയും വെല്ലുവിളിച്ചു കൊണ്ട് നോട്ടീസടിച്ച് പിരിവെടുത്ത് ഓണാഘോഷം നടത്തിയ ക്ലബ്ബായിരുന്നു…
അന്നു മുതൽ പല സംഘടനകളുടേയും സെക്രട്ടറി ഞാനും പ്രസിഡന്റ് അനിയുമായി…
ഞങ്ങൾ ആത്മാർത്ഥ കൂട്ടുകാരായിരുന്നു…
എന്നിട്ടും…,
ഞങ്ങൾ ഇടക്കൊന്നു പിണങ്ങി…
ഒരു തെറ്റിദ്ധാരണ ഞങ്ങളെ രണ്ടു ധ്രുവങ്ങളിലാക്കി…
എന്നും എപ്പോഴും കാണുകയും കണ്ടാൽ മിണ്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അതിഭീകരമായിരുന്നു…
കമ്മിറ്റികളിൽ പങ്കെടുക്കുമ്പോഴുള്ള മാനസികാവസ്ഥ അതിനേക്കാൾ സങ്കടകരമായിരുന്നു…
പ്രത്യേകിച്ച് പാർട്ടി കമ്മിറ്റികളിൽ…
മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായിരുന്ന ഞാനും അനിയും റിപ്പോർട്ടിൻ മേലുള്ള ചർച്ചയിൽ ഞാൻ പറയുന്നതിനെ അനിയും അനി പറയുന്നതിനെ ഞാനും എതിർക്കില്ല….
പക്ഷേ…,
ഞങ്ങൾ പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്യില്ല…
അതിലേറേ വേദനാകരം ഡി.വൈ.എഫ്.ഐ കമ്മിറ്റിയിലായിരുന്നു…
ഞാൻ സെക്രട്ടറിയും ദുബായ് അനി പ്രസിഡന്റുമായ
ഡി.വൈ എഫ്.ഐ കമ്മിറ്റികളിൽ
അദ്ധ്യക്ഷനാകുന്നത് അനിയും റിപ്പോർട്ട് അവതരിപ്പിക്കേണ്ടത് ഞാനും…
ചൂടേറിയ ചർച്ചകളിൽ പോലും എനിക്കെതിരേയോ റിപ്പോർട്ടിനെതിരെയോ അനിൽ ഒന്നും പറയില്ല. അനിലിനെതിരെ പരാതിയോ പരിഭവമോ ആരോപണമോ ഞാനും ഉന്നയിക്കില്ല…
കമ്മിറ്റി കഴിയുമ്പോൾ പരസ്പരം ഒന്നും മിണ്ടാതെ വേദനയോടെ,വിങ്ങലോടെ
അനി തെക്കോട്ടും
ഞാൻ വടക്കോട്ടും പോകും…
എന്റെ വീടിന് മുന്നിലെ റോഡിന്റെ എതിർവശത്തുള്ള വിജനമായ രണ്ടു പുരയിടത്തിനപ്പുറമാണ് അനിയുടെ വീട്…
എന്റെ വീടിന്റെ സിറ്റൗട്ടിൽ നിന്നാൽ അനിയുടെ വീടിന്റെ അടുക്കള വാതിൽ കാണാം…
ഞങ്ങൾ സുഹൃത്തുക്കളായിരുന്നപ്പോൾ ഞാൻ സിറ്റൗട്ടിൽ നിന്ന് നോക്കുമ്പോൾ അടുക്കള വാതിലിൽ അനിലിനെ കാണുകയാണെങ്കിൽ തമാശയായി ‘കേറിപോടാ’ എന്ന് അങ്ങോട്ടുമിങ്ങോട്ടും ആംഗ്യഭാഷയിൽ കാണിക്കുമായിരുന്നു…
അതായത്…,
റോഡിലാണെങ്കിലും വീട്ടിലാണെങ്കിലും ഓരോ നിമിഷവും ഞങ്ങൾ പരസ്പരം കാണുകയും സ്നേഹം പുതുക്കുകയും ചെയ്തു കൊണ്ടേയിരുന്നു…
പിണങ്ങിയതിനു ശേഷം സിറ്റൗട്ടിൽ നിൽക്കുന്ന എന്നെ കാണുമ്പോൾ അനിലും അനിലിനെ കാണുന്ന ഞാനും കരൾ കൊത്തി പറിക്കുന്ന വേദനയോടെ മുഖം തിരിഞ്ഞു പോകും…
ഇപ്പോൾ ഞങ്ങൾ സംസാരിക്കുമ്പോഴൊക്കെ പിണങ്ങിയതു കാരണം നഷ്ടപ്പെട്ട നല്ല ദിനങ്ങളെ ഓർത്ത് വിഷമിക്കാറുണ്ട്…
ഞങ്ങളുടെ നാട്ടിൽ അനിമാരുടെ എണ്ണം കൂടുതലായതു കൊണ്ടാണ് അപരനാമങ്ങൾ കൂടി ചേർക്കുന്നത്…
അനിൽ ഇപ്പോൾ ദുബായിൽ
‘നോവാ ബ്ലിസ്’ എന്ന കുടിവെള്ള കമ്പനിയുടെ മുതലാളിയാണ്…
ഈ എഴുതുന്നതെല്ലാം സങ്കല്പ കഥകളാണോ? എന്നതാണ് പല കൂട്ടുകാരുടേയും ചോദ്യം…
കുറിപ്പുകളായി എഴുതുന്നതെല്ലാം എന്റെ ജീവിതാനുഭവങ്ങളാണ്…
ബാല്യവും
കൗമാരവും
യൗവ്വനവുമൊക്കെ ഓർക്കുമ്പോഴൊരു സുഖം…
അത് കൂട്ടുകാരുമായി പങ്കു വെക്കുമ്പോഴൊരു സന്തോഷം…
പൊതു പ്രവർത്തകനായി,
രാഷ്ട്രീയ പ്രവർത്തകനായി,
സാംസ്കാരിക പ്രവർത്തകനായി
പത്രത്തിലും
ടെലിവിഷനിലും
ആകാശവാണിയിലും തൊഴിലെടുത്തതിലൂടെ
തൊഴിലെടുക്കുന്നതിലൂടെ ജീവിതാനുഭവങ്ങൾ കുന്നോളമുണ്ട്…
എഴുതുന്ന പ്രണയങ്ങളെല്ലാം ഉള്ളതാണോ…?
ഇതാണ് കൂടുതൽ പേരും ചോദിക്കുന്ന ചോദ്യം…
പ്രണയത്തിന്റെ ചെറിയൊരു അസുഖം എനിക്കുണ്ടായിരുന്നു…
പകൽ മാന്യത ഉള്ളതു കൊണ്ട് പ്രണയിക്കാൻ എളുപ്പവുമായിരുന്നു…
നാലാം ക്ലാസ് മുതൽ തുടങ്ങിയ പ്രണയ കഥകളാണ്…
ഒരിക്കലും നിരാശാ കാമുകനാകേണ്ടി വന്നിട്ടില്ല…
പ്രണയം വരിവരിയായി നിൽക്കുകയായിരുന്നു…
വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം.
യോജിക്കുകയോ
വിയോജിക്കുകയോ ചെയ്യാം.
പുരസ്കരിക്കുകയോ
തിരസ്കരിക്കുകയോ ചെയ്യാം…
എല്ലാം എന്റെ കൂട്ടുകാരുടെ ഇഷ്ടത്തിന്
വിട്ടു തന്നിരിക്കുന്നു…………………………..
___ഉല്ലാസ് ശ്രീധർ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏












