രാവിലെ മുതൽ ആകാശം
കർക്കടക കരിമേഘങ്ങളാൽ കറുത്തിരുണ്ട് കിടക്കുകയാണ്…
അതിനേക്കാൾ കറുത്തിരുണ്ട മനസുമായാണ് ഞാൻ ക്ലാസിൽ ഇരിക്കുന്നത്…
അവസാനത്തെ പിരീയിഡ് കണക്കാണ്…
ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും മാത്തമാറ്റിക്സിലാണെന്ന് വിശ്വസിക്കുന്ന ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിനെ പോലെയുള്ള ചെല്ലപ്പൻ പിള്ള സാറിന്റെ കണക്ക് ക്ലാസാണ്…
ക്ലീൻ ഷേവ്,
വെളുത്ത നിറം,
പൊക്കവും വണ്ണവുമള്ള ശരീരം,
വെറ്റിലക്കറകളാൽ കറുത്ത പല്ലുകൾ,
കട്ടിയുള്ള ശബ്ദം,
അലക്കി തേച്ച വെള്ള മുണ്ടും വെള്ള ഷർട്ടുമാണ് വേഷം…
എപ്പോഴും കൈയിലൊരു ചൂരലുമായി നടക്കുന്ന ചെല്ലപ്പൻ പിള്ള സാറിനെ കാണുന്നത് തന്നെ പേടിയാണ്…
കണക്കിന്റെ ക്ലാസ് ടെസ്റ്റാണ്…
ഉത്തര പേപ്പറും
തോറ്റവർക്കുള്ള അടിയും അന്നു തന്നെ കൊടുക്കലാണ് സാറിന്റെ പതിവ്…
ഒന്നും പഠിച്ചില്ല…
രാവിലെ മുതൽ എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിച്ചു…
“ദൈവമേ…,
ചെല്ലപ്പൻ പിള്ള സാറിന് പനിയും ചുമയും വന്ന് ലീവെടുക്കണേ…
സാറിനെ പനി പിടിപ്പിച്ചാൽ
ഒന്നാം തീയതി കൈനീട്ടം കിട്ടുന്ന കാശ് കാണിക്കയിടാമേ…”
മനമുരുകി പ്രാർത്ഥിച്ചു…
ചെല്ലപ്പൻ പിള്ള സാറിന് പനി പിടിച്ചോ എന്നറിയാൻ ഉച്ചയൂണ് കഴിഞ്ഞയുടനേ ഞാൻ ടീച്ചേഴ്സ് റൂമിൽ ചെന്ന് എത്തി നോക്കിയപ്പോൾ
ചെല്ലപ്പൻ പിള്ള സാർ പത്രം വായിച്ചിരിക്കുന്നു…
ഇടനെഞ്ചിലൊരു കൊള്ളിയാൻ മിന്നി…
കുട്ടികളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവത്തിനോടുള്ള വെറുപ്പുമായി ക്ലാസിൽ വന്ന് ഡെസ്കിൽ തല ചായ്ച്ചിരുന്നു…
അടിയോടെനിക്ക് പേടിയാണ്…
ഇതുവരെ ചെല്ലപ്പൻ പിള്ള സാറിന്റെ കൈയിൽ നിന്ന് അടി കൊണ്ടിട്ടില്ല…
ഇന്ന് എന്തായാലും ചൂരലിന്റെ നീറ്റലിൽ ചന്തിയോ കൈവെള്ളയോ പൊള്ളി പൊട്ടും…
സ്കൂളിന് മുന്നിലെ സായിപ്പിന്റെ കടയിൽ നിന്ന് വാങ്ങിയ കറുപ്പ് മുട്ടായിയുമായി വന്ന പഠിപ്പിസ്റ്റായ അജിംഷ എനിക്കൊരു മുട്ടായി തന്നു…
തിന്നാനുള്ള അവസ്ഥയല്ലാത്തതിനാൽ മുട്ടായി ഞാൻ നിക്കറിന്റെ പോക്കറ്റിലിട്ടു…
മണിയടിച്ചു…
‘ഐരാവതം’ എന്ന ഇരട്ടപ്പേരുള്ള രാധാബായി ടീച്ചറിന്റെ മലയാളം ക്ലാസാണ്…
എന്റെ ഇഷ്ടവിഷയമായ മലയാളമായിട്ടും
എനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല…
ഇപ്പോൾ പ്രളയമുണ്ടാക്കും എന്ന മട്ടിൽ
ആകാശം കറുത്തിരുണ്ട് കിടക്കുന്നു…
തണുത്ത കാറ്റടിച്ച് മുറ്റത്തെ മരച്ചില്ലകൾ തലതല്ലി കരയുന്നു…
സമയം ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു…
ണിംഗ്…ണിംഗ്…
രണ്ട് ബെല്ലുകൾ…
ഡബിൾ ബെല്ലടിച്ചിരിക്കുന്നു…
മഴയായതിനാൽ
പള്ളിക്കൂടം നേരത്തെ വിട്ടിരിക്കുന്നു…
ദൈവമേ…,ഇത് സത്യമാണോ…?
ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കൂട്ടിൽ നിന്ന് കിളികൾ ഇറങ്ങുന്നതു പോലെ ഓരോ ക്ലാസിൽ നിന്നും കുട്ടികൾ ആരവത്തോടെ ഇറങ്ങിയോടുന്നു…
ഓഫീസ് റൂമിലേക്ക് നോക്കിയപ്പോൾ ചെല്ലപ്പൻ പിള്ള സാർ തിണ്ണയിൽ ചൂരലും ചുഴറ്റി നിൽക്കുന്നു…
സന്തോഷം സഹിക്കാനാവാതെ
വേഗതയിൽ ഞാൻ പോക്കറ്റിൽ നിന്ന് മുട്ടായിയെടുത്ത് വായിലിട്ടു…
അതിനേക്കാൾ വേഗതയിൽ പുസ്തകവുമെടുത്ത് ഓടാൻ തുടങ്ങി…
ചെല്ലപ്പൻ പിള്ള സാറിന്റെ മുന്നിലൂടെ ഞാനോടി…
ഗേറ്റ് കടന്നപ്പോൾ മഴയുടെ ഇരമ്പൽ…
എന്നെ നനയിക്കുമെന്ന് മഴയും മഴയെ തോൽപ്പിക്കുമെന്ന് ഞാനും…
ഞാനും മഴയും മത്സരിച്ചോടി…
ഞാൻ വീടിനകത്ത് കയറിയതും
മഴ മണ്ണിനെ തൊട്ടു…
പുസ്തകങ്ങൾ മേശമേലേക്ക് വലിച്ചെറിഞ്ഞു…
ഷർട്ടൂരി കട്ടിലിലെറിഞ്ഞു…
തുള്ളിക്കൊരു കുടം പേമാരി…
ഒന്നും നോക്കിയില്ല…
മുറ്റത്ത് ചാടിയ ഞാൻ
മഴയിലേക്കലിഞ്ഞു കൊണ്ട് നൃത്തം ചെയ്തു…
വാതിലിൽ നിന്ന അമ്മ ഉറക്കെ പറഞ്ഞു-“എടാ മക്കളെ…,
മഴ നനഞ്ഞാൽ പനി വരും മോനേ…”
“എന്റമ്മേ…ചെല്ലപ്പൻ പിള്ള സാറിന്റെ അടിയേക്കാൾ വലുതാണോ പനി…?”
ഈ ചെക്കനിതെന്തു പറ്റി എന്ന ഭാവത്തിൽ താടിക്ക് കൈയും കൊടുത്തു അമ്മ
വാതിലിൽ ചാരി നിന്ന്
എന്നെ നോക്കി…
ഏറ്റവും മധുരമുള്ളത് അജിംഷ തന്ന മുട്ടായിക്കാണെന്നും
ഏറ്റവും ഇമ്പമുള്ളത് നേരത്തെ കേട്ട ഡബിൾ ബെല്ലിനാണെന്നും എനിക്ക് തോന്നി…
നാവിലൂടെ കിനിഞ്ഞിറങ്ങുന്ന മധുരവും
മനസിലൂറി വിരിയുന്ന പൊട്ടിച്ചിരിയുമായി ഞാൻ മഴയത്ത് നൃത്തം ചെയ്തു കൊണ്ടിരുന്നു…………………………………..











