LIMA WORLD LIBRARY

അന്നത്തെ അയൽവാസിയും ഇന്നത്തെ അയൽവാസിയും… – ഉല്ലാസ് ശ്രീധർ

നാലാം ക്ലാസിൽ പഠിക്കുന്ന
ഒരു ദിവസം
എനിക്ക് പള്ളിക്കൂടത്തിൽ പോകാനൊരു മടി…

കൂട്ടുകാരോട് കഥ പറഞ്ഞു പള്ളിക്കൂടത്തിലേക്ക് നടക്കുമ്പോഴും എങ്ങനെ കള്ളം പറഞ്ഞ് തിരിച്ചു പോകാമെന്നതിനെ കുറിച്ചാണ് എന്റെ ചിന്ത മുഴുവനും…

കാരണം…,

അമ്മയുടെ അനുജത്തിയായ,
എന്റെ വലിയ ചിറ്റയുടെ കല്യാണ വിരുന്നിന്റെ ഭാഗമായി വീട്ടിൽ കോഴിയിറച്ചിയും
പായസവും വെക്കുന്നുണ്ട്…

വൈകുന്നേരമാകുമ്പോൾ പായസം തീർന്നു പോകുമോ എന്ന വേവലാതിയുമായി നടന്നു നടന്ന് ഒന്നാമത്തെ ഗ്രൗണ്ടിനടുത്തെത്തിയതും എനിക്ക് പെട്ടെന്ന് വയറു വേദന തുടങ്ങി…

സഹിക്കാൻ കഴിയാത്ത വേദനയോടെ ഞാൻ കൂട്ടുകാരോട് പറഞ്ഞു-“എന്റെ വയറു വേദനിക്കുന്നു,എനിക്ക് വീട്ടിൽ പോണം…”

എന്റെ വേദന കണ്ട് സങ്കടം തോന്നിയ കൂട്ടുകാർ പറഞ്ഞു-“നീ വേഗം പൊക്കോ.ഞങ്ങൾ സാറിനോട് പറഞ്ഞോളം…”

സന്തോഷത്തോടെ ഞാൻ തിരിഞ്ഞോടി…

സാറിനെ പറ്റിച്ചതിന്റെ,
കൂട്ടുകാരെ പറ്റിച്ചതിന്റെ,
വീട്ടിൽ തിരിച്ചു പോകുന്നതിന്റെയൊക്കെ സന്തോഷം
ലഡുകളായി മനസിൽ പൊട്ടിക്കൊണ്ടേയിരുന്നു…

അന്നും ഇന്നും സൈനിക സ്കൂൾ വിജനതയുടെ പര്യായമാണ്…

ആ വിജനതയിലൂടെ
ഒറ്റക്ക് ഓടിയോടി ഒന്നാം ഗേറ്റിലെത്തി…

ഇന്നത്തെ കഴക്കൂട്ടം-കോട്ടയം ബൈപ്പാസ് അന്ന് വീതി കുറഞ്ഞൊരു റോഡായിരുന്നു…

ഗേറ്റ് കഴിഞ്ഞുള്ള ഇറക്കം ഞാൻ ഓടി ഇറങ്ങിയതും വെട്ടുറോഡ് നിന്നും ചന്തവിളയിലേക്ക് സൈക്കിൾ ചവിട്ടി വന്നൊരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു-“നില്ലെടാ അവിടെ…”

എന്റെ കുഞ്ഞു കാലുകൾ വിറയലോടെ നിന്നു…

അയാളും സൈക്കിളിൽ നിന്ന് ചാടിയിറങ്ങി…

ഒരു വീട് പോലും പരിസരത്തില്ല…

ഞാനും
അയാളും
വെയിലും
വിജനതയും
കുറ്റിക്കാടുകളും
നിശ്ശബ്ദതയും മാത്രം…

അയാളുടെ വെളുത്ത മുഖത്തെ
കുറ്റിത്താടിയും വെളുത്തിരിക്കുന്നു,
കക്ഷം കറുത്ത കൈയുള്ള ബനിയനാണ് വേഷം,
ഉടുത്തിരിക്കുന്ന
കൈലി കണങ്കാലിന് മുകളിലായി ചുരുണ്ടിരിക്കുന്നു,
തലയിൽ തോർത്ത് കൊണ്ടൊരു വട്ടക്കെട്ട്,
മുറുക്കാൻ തിന്ന് കറുത്ത പല്ലുകൾ,
വെറ്റില നീര് ചുണ്ടുകളുടെ കോണിലൂടെ ചോര പോലെ ഒലിച്ചിറങ്ങുന്നു…

അയാൾ വായിൽ കിടന്ന മുറുക്കാൻ തുപ്പിയതിന് ശേഷം കൈകൊണ്ട് ചുണ്ടുകൾ തുടച്ചിട്ട് എന്നോടൊരു ചോദ്യം-“നീ എങ്ങോട്ട് പോകുന്നു…?”

“വീട്ടിൽ പോണ്…”

“പള്ളിക്കൂടത്തിൽ പോകാതെ നീയെന്തിനാ വീട്ടിൽ പോണേ…?”

“എനിക്ക് നെഞ്ചു വേദനിക്കുന്നു…”

“നെഞ്ചുവേദന വരാനുള്ള പ്രായമായോ നിനക്ക്…?

“എനിക്ക് തലവേദനയാണ്…”

“നിനക്ക് തലവേദനയാണോ നെഞ്ചു വേദനയാണോ…?”

“എനിക്ക് വയറു വേദനയാണ്…”

അയാൾ ഒന്നും മിണ്ടാതെ മടിയിൽ നിന്നും ഒരു പേനാക്കത്തിയെടുത്തു…

എന്റെ ഉള്ളൊന്നു കിടുങ്ങി…

പിള്ളേരെ പിടുത്തക്കാരുടെ കഥകൾ എന്റെ മനസിലോടിയെത്തി…

അയാൾ കത്തി കൊണ്ട് അടക്കാ ചുരണ്ടി വായിലിട്ടിട്ട് പേനാക്കത്തി മടിയിൽ വെച്ചു…

കത്തി കണ്ടു പേടിച്ച
എന്റെ ശ്വാസഗതി പഴയതു പോലെയായി…

വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് പുകയിലയും നുള്ളി വായിലിട്ട് ചവച്ചു കൊണ്ട് എന്നോട് ചോദിച്ചു-
“നിനക്ക് തലവേദനയാണോ,
നെഞ്ചു വേദനയാണോ
വയറു വേദനയാണോ…?”

പദ്ധതി പാതി വഴിയിൽ പാളിയെന്നറിഞ്ഞ
ഞാൻ ഒന്നും പറയാതെ നിസഹായനായി നിന്നു…

എന്റെ കണ്ണുകളിൽ സങ്കടം തിരയടിക്കാൻ തുടങ്ങിയതു കണ്ടതു കൊണ്ടാകണം
അയാൾ സൗമ്യമായി എന്നോട് ചോദിച്ചു-
“നീ അങ്ങാടിക്കടയിലെ ശ്രീധരൻ വൈദ്യന്റെ മോനല്ലേ…?”

അച്ഛനെയറിയുന്ന ആരോ ആണെന്നും പിള്ളേരെ പിടുത്തക്കാരനല്ലെന്നും അറിഞ്ഞപ്പോൾ എനിക്കാശ്വാസവും സമാധാനവുമായി…

ഞാൻ പറയുന്ന ‘വേദന’കളെല്ലാം കള്ളമാണെന്ന് മനസിലാക്കിയ അദേഹം എന്റെ സമ്മതം പോലും ചോദിക്കാതെ എന്നെ പൊക്കിയെടുത്ത് സൈക്കിളിലിരുത്തി…

എന്റെ കൂട്ടുകാരെത്തും മുമ്പേ അയാൾ എന്നെ സൈക്കിളിൽ സ്കൂളിലെത്തിച്ചു…

ഇറച്ചിയുടെ മണമോർത്തും
പായസത്തിന്റെ രുചിയോർത്തും
കള്ളം പൊളിച്ചതിലുള്ള സങ്കടവും ദേഷ്യവുമായി ഞാനൊന്നും മിണ്ടാതെ സൈക്കിളിലിരുന്നു…

അന്ന് അങ്ങനെയാണ്…

വീടിന് അകലെയുള്ളവരാണെങ്കിലും എല്ലാവർക്കും എല്ലാവരേയും അറിയാമായിരുന്നു…

ആര് ആരുടെ മക്കളാണെന്നും
ആര് ആരുടെ അനന്തിരവരാണെന്നും
ആര് ആരുടെ ചെറുമക്കളാണെന്നും
ആര് ആരുടെ സഹോദരരാണെന്നും
രക്തബന്ധങ്ങളെ കുറിച്ചും
വ്യക്തിബന്ധങ്ങളെ കുറിച്ചും
അറിയാമായിരുന്നു…

അന്ന്…,

വീടുകൾ അകലങ്ങളിലാണെങ്കിലും
ഹൃദയങ്ങൾ അടുത്തടുത്തായിരുന്നു…

ഇന്ന്…,

അയൽവാസിയെ പോലും തിരിച്ചറിയാത്ത സമൂഹമായി മലയാളി മാറിയിരിക്കുന്നു…

ഇന്ന്…,

വീടുകളെല്ലാം അടുത്തടുത്താണെങ്കിലും
ഹൃദയങ്ങളെല്ലാം
അകലങ്ങളിലേക്ക് അകന്നകന്നു പോയിരിക്കുന്നു……………………………

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px