ഉച്ചവെയിൽ തിളയ്ക്കുന്ന
സ്ക്കൂൾമുറ്റം കടന്നാണവർ വന്നത്…
മൂന്ന് പേർ, പത്തുപേരുടെ ഭാരവുമായി.. ..
മുണ്ടിൻതലപ്പുകൊണ്ട് മുഖം തുടച്ച്
ഡെസ്ക്കിനുമുകളിൽ ചിന്തിയ കൂട്ടാനിലാകാതെ പുസ്തകം നിരത്തുന്നു…
എംപി, എംകെപി, ശിവദാസ്, പാപ്പൂട്ടി..
കെ ടി ആർ, ആർ വി ജി, കെ എൻ ഗണേഷ്..
വീഴാതെ, ഡെസ്ക്കിലെ കുറഞ്ഞ സ്ഥലം പങ്കുവെച്ചു..
ചൊവ്വാദോഷക്കാരിയായ ഭൗതികശാസ്ത്രാധ്യാപിക പാപ്പൂട്ടിയെ നീക്കിവെച്ച്
ടി ജിയുടെ ‘വരൂ ഇന്ത്യയെ കാണാം’ കെെയ്യിലെടുത്ത് ചോദിച്ചു…
‘ഇംഗ്ലീഷിലൊന്നുമില്ലേ,
കുട്ടികൾക്ക് പറ്റിയത്….?
മാതൃഭാഷയുടെ കനം പേറുന്ന കണ്ണുമായിരുന്ന മാഷപ്പോൾ കാവുമ്പായിയെ മറിച്ചുനോക്കുകയായിരുന്നു…
”നോവലൊന്നുമില്ലേ..”? മാഷ് ചോദിച്ചു…
പെട്ടെന്ന് കടന്നുവന്ന
സംഘടനാ പ്രവർത്തകയായ ഗണിതാധ്യാപിക ജോജി കൂട്ടുമ്മലിൻെറ ‘ലെെംഗികതയുടെ രാഷ്ട്രീയം’ എടുത്ത് പണം നൽകി അടുത്ത യോഗത്തിന് പോയി…
എൺപതുകളിലെ സിനിമയിൽ നിന്നിറങ്ങിവന്ന യു പി അധ്യാപിക ‘ടോട്ടോച്ചാനെ ‘ അന്വേഷിച്ചു…
ഒച്ചയുണ്ടാക്കി കടന്നുവന്ന പരിചയക്കാരനായ
പി ടി മാഷ്
ഇരുനൂറ് രൂപയുടെ നോട്ടെടുത്ത്
അതിനുള്ളത് തരാൻ പറഞ്ഞു..
‘കടൽ ജീവികളുടെ ലോകത്തിൻെറ’ വില ചോദിച്ച ബയോളജി ടീച്ചർ
സ്റ്റാഫ്റൂമിലെത്തിയ കുട്ടികളോട് പുസ്തകം നോക്കാൻ പറഞ്ഞു…
‘വല്ലതും കുറയുമോ…? ‘ ‘എന്ത്കൊണ്ട്’ താളുകൾ മറിച്ച് സോഷ്യൽ മാഷ് സംശയിച്ചു…
എവിടെനിന്നോ ചിരുതക്കുട്ടിയെക്കുറിച്ച്കേട്ട ഇംഗ്ലീഷ് ടീച്ചർ
എല്ലാവരേയും അത് വാങ്ങിക്കാൻ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു…
“ഇതിൻെറയൊക്കെ
ഇംഗ്ലീഷ് എൻെറ കെെയ്യിലുണ്ട്”
തൻെറ മുന്നിലേക്ക് നീട്ടിയ ‘രസതന്ത്രം ജീവിതമാക്കിയവർ ‘ നിഷേധിച്ച് കെമിസ്ട്രി ടീച്ചർ പറഞ്ഞു..
പഴയ പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഹെഡ്മാസ്റ്റർ
‘പരിഷത്തൊക്കെ ഇപ്പോഴുമുണ്ടോ’ !!
എന്ന് അത്ഭുതപ്പെട്ടു…
തിരിച്ചു നടക്കുമ്പോൾ തോൾസഞ്ചിക്കുള്ളിൽ, ശാസ്ത്രനിഘണ്ടുവിനും, അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ
ചരിത്രത്തിനും ഇടയിൽ ഞെരിഞ്ഞിരുന്ന് എം പി പറഞ്ഞു..
‘പുരോഗതിയുണ്ട്.. ‘
പ്രദീപ് അകത്തേത്തറ












Great