പരസ്പരം കാണാൻ തുടങ്ങുന്ന നാളുകളിൽ
കടക്കണ്ണ് കൊണ്ടുള്ള കടാക്ഷം പോലും ഹൃദയത്തിൽ കടലിരമ്പം സൃഷ്ടിക്കുന്നതാണ് പ്രണയം…
കാണാതിരുന്നാലോ അജ്ഞാതമായൊരു നൊമ്പരം ഹൃദയാന്തർ ഭാഗത്ത് തീക്കനൽ സൃഷ്ടിക്കാൻ തുടങ്ങും…
രണ്ടു ദിവസം കാണാതിരുന്നാൽ നെഞ്ചൊരു ചൂളയായി മാറുകയും ഹൃദയം ചൂളയിൽ കിടന്നു വെന്തുരുകുന്നതായി തോന്നുകയും ചെയ്യുന്നതാണ് പ്രണയദിനങ്ങൾ…
കാമുകിയുടെ അധരങ്ങൾ മധുശാലയാണെന്നാണ് ഓരോ കാമുകന്റേയും തോന്നൽ…
അവളുടെ കവിളുകൾ ചെന്താമര പോലെയാണെന്ന് തോന്നും…
നിറമാറ് മുഴുവൻ സ്നേഹം കുഴച്ച തേൻ കുഴമ്പാണെന്ന് തോന്നും…
അവളുടെ ചിരിയിൽ വിരിയുന്നത് മധുര മധുമഴയാണെന്നും തോന്നും…
യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത
ഓരോരോ തോന്നലുകളിലൂടെയാണ് പ്രണയം വളരുന്നതും വളയുന്നതും…
പ്രണയത്തിന്റെ വസന്തങ്ങളിലൂടെ ജീവിക്കുമ്പോൾ പങ്കുവെക്കലിന്റെ ആനന്ദം മാത്രമാണ് അനുഭവിക്കാൻ കഴിയുന്നത്…
പിന്നീടുള്ള പ്രണയദിനങ്ങൾ മുഴുവനും
സ്വപ്നസഞ്ചാരത്തിന്റെ ദിനങ്ങളായി മാറും…
നിലാവ് വീണ് തിളങ്ങുന്ന രാത്രികളിൽ,
പൂത്തുമറിഞ്ഞ കണിക്കൊന്ന മരങ്ങൾക്ക് താഴെ,
കൈതപ്പൂ മണമുള്ള കാറ്റേറ്റ്,
മഞ്ഞിൽ നനഞ്ഞ പുൽമേടുകളിൽ,
കൊതി തീരാതെ,
മതി വരാതെ,
പുണരുന്നതും നുകരുന്നതും അരക്കെട്ട് ആടിയുലയുന്നതും കിനാവുകൾ കണ്ടു കൊണ്ടേയിരിക്കും…
എന്തെന്ത് കിനാവുകൾ…
കിനാവുകൾക്കൊടുവിൽ
കരയാനും കരിയാനും മാത്രമാണ് പലരുടേയും വിധി…
പ്രണയിക്കാൻ തുടങ്ങുന്നവരോട് ഒന്നേ പറയാനുള്ളൂ…
നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്…
നമ്മളെ സ്നേഹിക്കുന്നവരെ മാത്രമാണ് നമ്മൾ സ്നേഹിക്കേണ്ടത്………………………………












