LIMA WORLD LIBRARY

തീപ്പെട്ടി വിളക്ക് – പ്രദീപ് അകത്തേത്തറ

ഓഫീസിലെ ഊണിടവേളയിലെ സംസാരത്തിനിടയിൽ ഗഫൂർ സാർ പെട്ടെന്നൊരു വാക്കു പറഞ്ഞു…..
‘തീപ്പെട്ടി വിളക്ക്’.

പെട്ടെന്ന് അത് എനിക്ക് മനസ്സിലാകാത്തതുകൊണ്ട് പറഞ്ഞതെന്താണെന്ന് ചോദിച്ചു….
അപ്പോൾ സാർ എന്തോ അബദ്ധം പറഞ്ഞപോലെ ‘ലെെറ്റർ’ എന്ന് പറഞ്ഞു….
ഞാൻ വിട്ടില്ല ആദ്യം പറഞ്ഞതു തന്നെ പറയാൻ പറഞ്ഞപ്പോൾ മടിയോടുകൂടിയാണ് സാറത് വീണ്ടും പറഞ്ഞത്,
വീട്ടിൽ പറയുന്നതാണെന്ന മുൻകൂർ ജാമ്യത്തോടെ…
‘തീപ്പെട്ടി വിളക്ക്’…! എത്ര ലളിതമായ, കേൾക്കുമ്പോഴേ ഇളനീർ രുചിയുള്ള വാക്ക്…! ഇംഗ്ലീഷിലെ ‘cigar lighter ‘ ൻെറ മലയാളമാണത്….

കഴിഞ്ഞ ദിവസം പത്രത്തിൽ ഒരു വാർത്ത കാണുകയുണ്ടായി.. മലയാളഭാഷാ പരിഷ്കരണവുമായി ബന്ധപ്പെട്ടതായിരുന്നു അത്…
മലയാളത്തിൽ പുതിയ വാക്കുകൾ ഉണ്ടാക്കാനും ലിപി പരിഷ്ക്കരണത്തിനുമൊക്കെ നിയമിച്ച കമ്മറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാനുള്ള സർക്കാർ നടപടികളായിരുന്നു വാർത്തയുടെ കാതൽ…
സെെബർ വിദഗ്ദരേയും ചർച്ചയ്ക്ക് ക്ഷണിക്കുന്നുണ്ട്.

സർക്കാർ നടത്തുന്ന ശ്രമങ്ങൾ വളരെ നല്ലതാണ്… കാലോചിതമായ ഭാഷാ പരിഷ്കാരങ്ങൾ ഭാഷയുടെ രാഷ്ട്രീയത്തെ സംബന്ധിച്ച ഉയർന്ന ബോധമുള്ള ഒരു സർക്കാർ ചെയ്യേണ്ടതു തന്നെ.
ഭാഷാ പരിഷ്കരണത്തെക്കുറിച്ചു പറയുമ്പോൾ,
നിലവിൽ നമ്മൾ ഉപയോഗിക്കുന്ന മലയാളമല്ലാത്ത വാക്കുകളുടെ മലയാളീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ വളരെക്കാലമായി നടക്കുന്നുതാണല്ലോ…

രണ്ടുപക്ഷമുണ്ട് അതിൽ
ഒന്ന് ഈ ചർച്ചകൾ അനാവശ്യമാണ് എന്ന പക്ഷക്കാരാണ്….
ഭാഷ വിനിമയത്തിനുള്ള ഉപാധി എന്ന നിലയിൽ പറയുന്നവർക്കും കേൾക്കുന്നവർക്കും മനസ്സിലായാൽ മതി എന്നതാണവരുടെ വാദം… അപ്പോൾ സൗകര്യംപോലെ തെരഞ്ഞെടുക്കുന്ന വാക്കുകൾ അതിൻെറ സ്രോതസ്സിനെക്കുറിച്ച് വ്യാകുലപ്പെടാതെ പ്രയോഗിക്കുക എന്ന്.. അതേത് ഭാഷയിലേതായാലും സാരമില്ല…

രണ്ടാമത്തെ പക്ഷം ഭാഷയുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിക്കുന്നവരാണ്… മലയാളം മൃതമാകാതിരിക്കാൻ, അധിനിവേശം മൂലമുണ്ടായ ഭാഷാ ദ്രവീകരണത്തിനെതിരെ നിലപാടെടുക്കുന്നവർ… ഭാഷയുടെ ശക്തിയും രാഷ്ട്രീയവും അതിൻെറ വ്യവഹാരത്തിൽ തെളിയുമെന്ന് വാദിക്കുന്നവർ…

രണ്ടാമത്തെ നിലപാടിൽ ചർച്ചയ്ക്കുള്ള ഒരു സാധ്യത നിലനിൽക്കുന്നതുകൊണ്ട് അതിലൂടെ കടന്നുപോകാനാണ് ഞാൻ ശ്രമിക്കുന്നത്…

സർക്കാർ നിയമിച്ച ഭാഷാ വിദഗ്ദരുടെ കമ്മറ്റി എന്താണ് ചർച്ച ചെയ്തതെന്നോ അവർ സമർപ്പിച്ച റിപ്പോർട്ട് എന്താണെന്നോ എനിക്കറിയില്ല എന്ന് ആദ്യമേ പറയട്ടേ..
അത് തീർച്ചയായും മികച്ചതാകാൻ തന്നെയാണ് സാധ്യത… എന്നിരുന്നാലും തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച സ്വകാര്യ സംഭാഷണത്തിൽ കേട്ട വാക്ക് എന്നെ മറ്റൊരു രീതിയിൽ ചിന്തിക്കാനാണ് പ്രേരിപ്പിച്ചത്….
‘തീപ്പെട്ടി വിളക്കു’ പോലെ നിർമലമായ മലയാള വാക്കുകൾ നമ്മുടെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ദെെനംദിന സ്വകാര്യ വ്യവഹാരങ്ങളിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ടോർച്ചിന് ഞെക്കുവിളക്ക് എന്ന് പറയുന്നതുപോലത്തെ കൂടുതൽ പ്രചാരമുള്ള വാക്കുകളും ഉണ്ട്….
സാധാരണ ഇത്തരം ചർച്ചകളെ വഴി തെറ്റിക്കുന്ന ഇലക്ട്രിസിറ്റിയും, ബസ്സും, ഡ്രെെവറും ഒന്നും കടന്നുവരേണ്ടതില്ല….
അതല്ലാതെ നമുക്ക് നമ്മുടെ പരിസരത്തുനിന്നും…. എന്തിന്… പഴയ പുസ്തകങ്ങളിൽ നിന്നുപോലും മലയാളിത്തമുള്ള വാക്കുകൾ കണ്ടെത്താനാവും…

സർക്കാർ നിയോഗിച്ച കമ്മറ്റി ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല…
ഇതുവരെ നടന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻേറയും മറ്റും പരിഷ്കരണങ്ങളിലൂടെയുണ്ടായ വാക്കുകളുടെ സ്ഥിതി നമുക്കറിയാവുന്നതാണല്ലോ…. സംസ്കൃതവുമല്ല മലയാളവുമല്ല എന്ന് തോന്നിക്കുന്ന വാക്കുകൾ മുകളിൽ നിന്ന് കെട്ടിയിറക്കിയതുകൊണ്ടാണ് അതിന് ചില പുസ്തകങ്ങളുടെ താളുകളിൽ മാത്രം കഴിഞ്ഞുകൂടേണ്ടി വന്നത്..
അതിനുപകരം താഴേനിന്നും സാധാരണ ജനങ്ങളുടെ നിത്യ വ്യവഹാരഭാഷയിലെ വാക്കുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു.

നിലവിലുള്ള സംവിധാനങ്ങളെങ്കിലും അതിനു ശ്രമിച്ചാൽ വളരെ നന്നായിരിക്കുമെന്ന് കരുതുന്നു…
ചിലപ്പോൾ സെെബർ ലോകത്തിലെ പദങ്ങൾക്കുവരെ മലപ്പുറത്തെ ഒരു ഗ്രാമത്തിലെ യുവാക്കൾക്കിടയിൽ വാക്കുകളുണ്ടായിരിക്കാം…
അത് കണ്ടെത്തണം…
അതിന് ഭാഷാ പരിഷ്കരണ ശ്രമങ്ങൾ കേവലം പണ്ഡിത സദസ്സുകളുടെ മാത്രം ഉത്പന്നമാകരുത്…
ജനങ്ങൾ തീരുമാനിക്കട്ടെ, അവരുടെ അഭിപ്രായംകൂടി പങ്കുചേരട്ടെ ഇത്തരം ചർച്ചകളിൽ….
അതിന് ജനകീയമായ ഒരു സർക്കാറിന് തീർച്ചയായും കഴിയുമെന്നാണ് എൻെറ പ്രതീക്ഷ.
അതിനായുള്ള ശ്രമങ്ങൾ മലയാളത്തെ സ്നേഹിക്കുന്ന വ്യക്തികളും സംഘടനകളും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.

പ്രദീപ് അകത്തേത്തറ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px