LIMA WORLD LIBRARY

മുമ്പേ പറന്ന പക്ഷി – സൂസൻ പാലാത്ര

സൗമിനി ഏറെ നേരമായി ബസ് കാത്തുനിൽക്കുകയാണ്. ഈ റൂട്ടിൽ ആകെയുള്ള മൂന്നുബസുകളിൽഒരെണ്ണംഇന്നില്ല. വൈകിയാണ് അറിയുന്നത്, ഏറെനേരമായി കാത്തു നിൽക്കുകയാണ്. നാട്ടിൽ എന്തു വിശേഷമുണ്ടായാലും ഈ ബസ്സുകൾ സ്പെഷ്യൽ ഓട്ടം പോകും. പകരം വണ്ടിയുമില്ല. ഇന്ന് ബസ് ടെസ്റ്റിംഗിന് കയറ്റിയിരിക്കുകയാണ്. കയ്യിൽ കിട്ടുന്ന പെൻഷൻ തുകകൊണ്ട് ചെറിയ ബജറ്റിൽ ഒതുങ്ങി ജീവിക്കുന്നതിനാൽ അവൾ ഓട്ടോ പിടിക്കാനൊന്നും മിനക്കെട്ടില്ല. നടരാജൻ മോട്ടോഴ്സ് തന്നെ ശരണം.

നടപ്പിനു വേഗത കൂട്ടി. മുമ്പേ പോകുന്ന രണ്ടു സ്ത്രീകളിൽ ഒരാളെ പലപ്പോഴും കണ്ടിട്ടുണ്ട്. പെൻഷൻ മീറ്റിംഗിന് വരാറുള്ള ലക്ഷ്മിയാണ് അത്. ജാതിസംവരണത്തിന്റെ ആനുകൂല്യങ്ങൾക്കുന്നവരാണ് ലക്ഷ്മിയുടെ കുടുംബം. ലക്ഷ്മിയും ഭർത്താവും നല്ല പോസ്റ്റിലിരുന്ന് പെൻഷൻ
പറ്റി. രണ്ടു പെൺമക്കളും അവരുടെ ഭർത്താക്കന്മാരും സർക്കാർ സർവീസിൽ ഉന്നതോദ്യോഗസ്ഥരാണ്. മൂത്ത മകൾ സർവീസിൽനിന്ന് നീണ്ട അവധിയെടുത്ത് കാനഡയിലാണ്. കൂടെയുള്ള സ്ത്രീക്ക് ഒരു മുപ്പത്തിയെട്ടുവയസ്സു് പ്രായം തോന്നിക്കും. ആകർഷകത്വമുള്ള ഒരു മുഖത്തിന്റെ ഉടമയാണ് അവർ. ആ സ്ത്രീ കരഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്.

സൗമിനി നടപ്പ് സാവധാനത്തിലാക്കി. എന്തിനാണ് അവർ കരയുന്നത്? ചെവി വട്ടം പിടിച്ചു. പരസ്യമായി റോഡിലൂടെ കരയണമെങ്കിൽ തക്കതായ കാര്യം വേണം. മക്കളുടെ രോഗമോ ഭർത്താവിന്റെ മദ്യപാനമോ എന്തെങ്കിലുമാകും ശ്രദ്ധിക്കാം.

” ഞാനിവിടെയില്ലായിരുന്നു. മോളുടെ കൂട്ടത്തിൽ കാനഡയിലായിരുന്നു. നാട്ടിൽ മടങ്ങി വന്നപ്പഴാ അറിഞ്ഞത്. ”

“സാരമില്ല. ആരേം കഷ്ടപ്പെടുത്താണ്ടങ്ങു പോയി ” മിഴികളിൽ നിന്ന് ആർത്തലച്ചൊഴുകുന്ന കണ്ണീരടക്കാൻ ആ സ്ത്രീ പ്രയാസപ്പെടുന്നു.
“ദൈവമേ ഇവളെ ഞാൻ എന്തു പറഞ്ഞാശ്വസിപ്പിക്കും?”
ലക്ഷ്മി ശബ്ദം താഴ്ത്തി പറയുന്നതു കേൾക്കാം.

” അവസാനസമയം നീയടുത്തുണ്ടായിരുന്നോ മേരി ?

“ങാ, ഞാൻ താഴത്തെ വീട്ടിന്ന് കുടിവെള്ളം കോരിക്കോണ്ട് കേറിവരുമ്പം പതിവില്ലാതെ മുറിക്കുള്ളിൽ എന്റെ കുഞ്ഞിന്റെ തേങ്ങൽ കേട്ടു .ഞാനോടി അടുത്തു
ചെന്നു.
“എന്നതാ മക്കളെ, ഇപ്പം എന്നാ ഒണ്ടായേ? ”

അടുത്തിരിക്കാൻ ആംഗ്യം കാട്ടി. ഞാൻ അടുത്തിരുന്നു. എന്റെയടുത്തേക്കു നിരങ്ങി നീങ്ങി വരുവാൻ അവൻ ശ്രമിച്ചു. ശരീരം ഒട്ടും അനങ്ങുന്നില്ല. ഞാൻ അവനെ മടിയിൽ കിടത്തി മുടിയിഴകളിൽ അരുമയോടെ തലോടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഞാൻ ചോദിച്ചു, “മക്കക്കു വെശക്കുന്നുണ്ടോ? ആ തിളങ്ങുന്ന കണ്ണുകൾ എന്റെ നേരെയുയർത്തി.അതിൽ കണ്ണീർത്തുള്ളികൾ നിറഞ്ഞു നിന്നു തിളങ്ങുന്നു.

ഞാനവനെ മടിയിൽ നിന്നു പതുക്കെ മാറ്റി. അടുക്കളയിൽ ചെന്ന് നേരത്തെ തിളപ്പിച്ചിട്ടിക്കുന്ന കട്ടൻ കാപ്പിയൂ റ്റി, മധുരമൊന്നു മിടാതെ കൊണ്ടെകൊടുത്തു. അത് ഒറ്റവലിക്കു കുടിച്ചു. എന്നിട്ട് ഗദ്ഗദത്തോടെ പറഞ്ഞു: “ഇപ്പം വെശപ്പൊന്നുമറിയാൻ മേലമ്മേ അമ്മ തന്നോണ്ടു കുടിച്ചതാ. ഞാനമ്മേ
ഒരുപാടു കഷ്ടപ്പെടുത്തി അല്ലേ?”

“ഇല്ലെന്റെ പൊന്നേ, ഞാനെന്റെ കുഞ്ഞിനെയാ കഷ്ടപ്പെടുത്തുന്നേ. ഇപ്പം തന്നെ പഞ്ചാരയൊണ്ടാരുന്നു. ആ കാപ്പി ഒന്നു ചൂടാക്കി ഇച്ചിരെ പഞ്ചാര ചേർത്ത് എന്റെ കുട്ടന് ഞാൻ തന്നില്ല”.
“സാരമില്ലമ്മേ, അമ്മ കൊറേനേരം എന്റെ അടുത്തിരുന്നാ മതി. അമ്മേടെ വിരലുകൾക്കു് എന്തോ മാസ്മര ശക്തിയുണ്ട്. അത് തലയിലൂടെയും മുടിയിഴകളിലൂടെയും ഇങ്ങനെ നടക്കുമ്പോൾ എന്റെ എല്ലാസങ്കടോം തീരും.”

വീണ്ടും ഞാനവന്റെ അടുത്തിരുന്ന് തലയിൽ അരുമയോടെ തലോടിക്കൊണ്ടിരുന്നു.
അപ്പം കേക്കാം തെക്കേലെ കുഞ്ഞന്നാമ്മച്ചേടത്തീടെ വിളി.

“മേരിമ്മോ ചക്കവെട്ടിയതിന്റെ മടലും ചകിണീമൊക്കെ ഇരിപ്പൊണ്ട്. കൊണ്ടെ നിന്റെ കന്നാലിക്ക് കൊടുക്കു്. അവൻ പോകണ്ട എന്ന് ആംഗ്യം കാട്ടി. എന്റെ കയ്യിൽ മുറുകെ പിടിച്ചു. എന്നിട്ട് എന്റെ കയ്യിലൊരുമ്മ തന്നു.

“മോനെ ഇപ്പം ഞാനോടി വരാം. എന്റെ മുത്തിന്റെ അടുത്ത് ഏറെ നേരമിരിക്കാം.ചന നിറഞ്ഞുനിയ്ക്കുന്ന പശുവല്ലേ. വല്ലോം കൊടുക്കണ്ടേ. പെറ്റാ പിന്നെ എന്റെ കുഞ്ഞിനിഷ്ടം പോലെ പാലുതരാം. കുറെ പാലൊക്കെ അകത്തു ചെല്ലുമ്പം ശരീരത്തിനാവശ്യമുള്ള കാൽസ്യമൊക്കെ കിട്ടും. അപ്പപ്പിന്നെ എളുപ്പം എണീച്ച് നടക്കാനാകും.”
പൊക്കോളാൻ തല കുലുക്കി ആംഗ്യം കാണിച്ചു. എന്നിട്ടു പതുക്കെ പറഞ്ഞു. “പശു പ്രസവിക്കും, പാലു കിട്ടും, പക്ഷേ, ഞാൻ കുടിക്കാൻ കാണില്ല. മതി എന്റെയമ്മേ ഇങ്ങനെ കഷ്ടപ്പെടുത്തിയത്. ഞാൻ ഈശ്വരനോടു മരണം ഇരക്കുകയാണമ്മേ”.

ഞാൻ തിരിഞ്ഞ് ശാസനാരൂപത്തിൽ ദേഷ്യത്തോടെ നോക്കി. വായിൽ വന്നതൊക്കെപ്പറഞ്ഞു. ഉച്ചത്തിൽ ശാസിച്ചു. അവൻ കണ്ണിറുക്കി ചിരിച്ചു കാണിച്ചു. കുഞ്ഞന്നാമ്മച്ചേടത്തി ചക്കമടലും ചകിണിയും മാത്രമല്ല, അരിഞ്ഞ കുറെ ചക്കയും തന്നു. “എളുപ്പം വേവിച്ച് നിന്റെ മോനു കുട്ടനു കൊണ്ടെ കൊടുക്ക് വിശപ്പല്ലെ തിന്നട്ടെ ”

ചക്കമടലു പശൂനു കൊടുത്തു. തൊഴുത്തു വൃത്തിയാക്കി. മുറ്റോം പറമ്പുമെല്ലാം വെടിപ്പാക്കി.
ഇനി ഇച്ചിരി കഞ്ഞി എന്റെ പൊന്നിനു കൊടുക്കണം. പിന്നീട് ചക്ക വേവിക്കാം. ഞാൻ എളുപ്പം കയ്യും കാലും കഴുകി. അടുക്കളയിൽക്കയറി അടുപ്പിൽ തീപൂട്ടി. നല്ല ഒരു വറ്റൽമുളകു ചമ്മന്തി ഇടിച്ചുണ്ടാക്കി. രണ്ടു പപ്പടം ചുട്ടു .കഞ്ഞി പാത്രത്തിൽ പകർന്നു. കഞ്ഞിയുമായി ചെല്ലുമ്പം എന്റെ ദൈവെ! എന്റെ കുഞ്ഞിന്റെ വായിന്റെ കോണിലൂടെ ദേ നുരയും പതയും വരുന്നു. ഞാൻ എളുപ്പം ചാരി എണീപ്പിച്ചു. സാധാരണത്തെക്കാളും കനം. പൊക്കാൻ മേല. ദേഹം നീരു വച്ച് ചീർത്തിരിക്കുന്നു. വായ് തുടച്ചിട്ട് ഞാൻ വെള്ളം വായിലിറ്റിച്ചു കൊടുത്തു. അതു കടവായിലൂടെ ഒഴുകിപ്പോയി. ഒട്ടും ഇറക്കിയില്ല. അവൻ എന്നെ ശബ്ദം താഴ്ത്തി, അടഞ്ഞ – ഇടറിയ ശബ്ദത്തിൽ വിളിച്ചു. ആ പഴേകൊഞ്ചൽ വിളി. അവൻ മാത്രം വിളിക്കുന്ന തേനോലുന്ന വിളി. “അം..മീ ” കണ്ണുകൾ തുറിച്ചു വന്നു. കൺകോണുകളിലൂടെ കണ്ണീരൊഴുകി. ഞാൻ ഉച്ചത്തിൽ കാറി നെലോളിച്ചു.

കുഞ്ഞന്നാമ്മച്ചേടത്തീം ബേബിച്ചേട്ടനുമെല്ലാം ഓടി വന്നു. അപ്പോഴേക്കും എല്ലാം കഴിഞ്ഞു. ശരീരം നിശ്ചലമായി. വളരെ ശാന്തം……

ബേബിച്ചേട്ടൻ എന്റെ പൊന്നിന്റെ കണ്ണുകൾ തിരുമ്മിയടച്ചു. വായ് ചേർത്തു വച്ചു താടി കൂട്ടിക്കെട്ടി, കാലുകൾ നേരെയാക്കി നിവർത്തിക്കിടത്തി. ഡോക്ടർ വന്ന് മരണം ഉറപ്പു വരുത്തി. ആശുപത്രീ കൊണ്ടു പോയാ പ്പിന്നെ പോസ്റ്റുമോർട്ടം ചടങ്ങുകൾ. ബോഡി വിട്ടുകിട്ടാൻ കുറെ താമസം വരുമെന്നു ഓടികൂടിയവർ പറഞ്ഞു.
” ഒരുപാടു കഷ്ടപ്പെട്ടതല് ല്ലേ ഇനി അതും കൂടി വേണ്ട” .

“പോയതിലല്ല ലക്ഷ്മി ചേച്ചി സങ്കടം, എന്റെ കുഞ്ഞിന്റെഅടുത്തിരുന്ന് ഞാനാക്കഞ്ഞി ഒന്നു കടിപ്പിച്ചില്ലല്ലോ. അവന്റെ അടുത്തിരിക്കാനും എങ്ങും പോകരുതെന്നും അവനെന്നോട് പറഞ്ഞതല്ലേ?കലത്തിൽ കഞ്ഞിക്കൊണ്ടായിട്ടും അവൻ വിശന്നല്ലെ മരിച്ചത് ”

“സാരമില്ല, മേരി നീയവനെ പൊന്നുപോലെ നോക്കിയതല്ലെ, ഇനി നീ അവന്റെയടുത്തു ചെല്ലുമ്പോൾ കാണാം.” ലക്ഷ്മി വിതുമ്പലടക്കാൻ
പാടുപെട്ടു.

എന്റെ പൊന്നേ, എന്റെ കുഞ്ഞൊരുപാടു വേദനയും വിശപ്പും സഹിച്ചിട്ടാണേ പോയത് .”
ആ അമ്മയുടെ കണ്ണിൽ നിന്ന് കർക്കടകപ്പേമാരി
” ങാ, എന്നും വിശപ്പാരുന്നല്ലോ”

“വിശപ്പു സഹിക്കാതെ വരുമ്പോൾ തോർത്തിട്ട് വയർ കെട്ടി കൊടുക്കാൻ പറയും. എന്നിട്ട് പറയും: “അമ്മയ്ക്കു ചെലവിനു തരേണ്ട മകനെയാ അമ്മ ഇങ്ങനെ കഷ്ടപ്പെട്ടു പോറ്റുന്നെ ?”

“സാരമില്ല മോനെ, എന്നെ സംരക്ഷിക്കാനല്ലേ നീ തെങ്ങിന്റെ മണ്ടേക്കേറിയത്. നീ തെങ്ങേന്നു വീണതു മുതൽ നിന്നെക്കൊണ്ട് ലാഭം ഇല്ലെന്നു കണ്ടപ്പം നിന്റെ അച്ഛനും ചേട്ടനൊപ്പം താമസം മാറ്റിയില്ലേ. അവർക്കൊരുമിച്ചു കുടിച്ചുകൂത്താടിയാൽ മതിയല്ലോ. അവരു നിന്നെ ഉപേക്ഷിച്ചതിലാ- അതിലാ എന്റെ സങ്കടം .ഞാൻ കാരണാ നീയനങ്ങാതെ കെടക്കുന്നതെന്നും നിനക്കൊരു കുഴപ്പോമില്ലെന്നു മാ അവരു പറേന്നെ ”

“സാരമില്ലമ്മേ, നല്ല കാലം വരും, ഞാൻ എണീച്ചു നടക്കും. പഠിത്തം തുടരണം. ഒരു ജോലി കിട്ടുമ്പം അച്ഛൻ നമ്മടെ കൂടെ വരും. നോക്കിക്കോ. ” അവൻ ആശ്വസിപ്പിക്കും. വീഴ്ചയുടെ ആദ്യകാലത്താ അങ്ങനെയൊക്കെ. പിന്നെപ്പിന്നെ പ്രതീക്ഷകളൊക്കെ വറ്റി. എങ്ങനെയെങ്കിലും മരിച്ചാ മതീന്നായി. ഈ മരണം അവൻ എരന്നു വാങ്ങിയതാ- ദൈവത്തോട്.

“എന്നാലും ലക്ഷ്മിയേച്ചി നല്ല ചികിത്സ കിട്ടീരുന്നേ എന്റെ പൊന്നിനെ രക്ഷിക്കാരുന്നൂ അല്ലേ?”

ഓ കരയാതെ നീയെന്റെ മേരി നിന്റെ കണ്ണീരു കണ്ടിട്ടെനിക്കു മേലാതെ വരുന്നു ….
നീ വാ എന്റെ വീട്ടിലൊന്നു കേറീട്ടു പോകാം”

വേണ്ടെന്നെ, ഞാനിപ്പം എങ്ങും പോകാറില്ലെന്റെ പൊന്നേ അന്നൊക്കെ ഞാനെവിടെയെങ്കിലും പോയത് എന്റെ കുഞ്ഞിനു കൊടുക്കാൻ അവരെന്തെങ്കിലും തരും. ഞാനെവിടെപ്പോയി മടങ്ങി വന്നാലും അവനെന്നെ അടുത്തു വിളിച്ചു നോക്കും, കയ്യിലുവല്ലോ മൊണ്ടോന്ന് ”

മേരിയും ലക്ഷ്മിയും പതുക്കെ കുന്നിൻ പുറത്തേക്കുള്ള ഇടവഴിയിലേക്കു കയറി.

എനിക്ക് ദു:ഖം അടക്കാനായില്ല. ഈശ്വരാ ഇവരും എന്റെ നാട്ടുകാരാണ്. ഞാനിതേവരെ ഇങ്ങനെയൊരമ്മയേയും മകനെയും പറ്റി അറിഞ്ഞിരുന്നില്ലല്ലോ. പ്രാർത്ഥനക്കാരൊക്കെ ഭവന സന്ദർശനം നടത്താറുണ്ട്.പലരും തന്നെ വിളിച്ചിട്ടുണ്ട്. ഇതുവരെയും എങ്ങും പോയിട്ടില്ല. അങ്ങനെ പോയിരുന്നെങ്കിൽ ഈ പാവം പിടിച്ച അമ്മയേയും വീഴ്ച മൂലം തളർന്ന് കിടപ്പിലായ അവരുടെ മകനെയും തന്നാലാവും വിധംസഹായിയ്ക്കാമായിരുന്നു. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി.

.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px