LIMA WORLD LIBRARY

കളിയും കാര്യവും – ജോണ്‍സണ്‍ ഇരിങ്ങോള്‍.

രണ്ടായിരത്തി പതിനെട്ടാംമാണ്ട് മുതല്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജലപ്രളയവും രണ്ടായിരത്തി പത്തൊന്‍പതാം മാണ്ട് മുതല്‍ തുടങ്ങിയ കൊറോണ വൈറസും സാധാരണക്കാരുടെ ജീവിതം കശക്കിയെറിഞ്ഞു.
കാഴ്ചക്കാര്‍ക്കും, കേള്‍വിക്കാര്‍ക്കും മത്തായിച്ചന് മൗന വ്രതമായി തോന്നുമെങ്കിലും എരിഞ്ഞൊടുക്കുന്ന തീയാണ് ആ മനസ്സില്‍.
റേഷന്‍, പാല്‍ നീളുന്നു വീട്ടിലെ അന്നത്തിനുളള ചിലവുകള്‍. കൂടാതെ കറന്‍റ് ബില്ല്, വെളളത്തിന്‍റെ ബില്ല്, പത്രം, ടിവി ചാര്‍ജ്ജ് തുടങ്ങിയവയും. ഭാര്യയുടെയും തന്‍റെയും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണം മാസം അഞ്ഞൂറ്. ദാ ഇപ്പോള്‍ അതും കൂടി ഇനിയും കൂടുമെന്ന് മൊബൈല്‍ കമ്പനികളും പറയുന്നു.
ആകെ ഉപയോഗിക്കുന്ന ഒരു ഇരുചക്രവാഹനം. അതും ഉപയോഗിക്കാന്‍ പറ്റാതെ ഈ ദുരിതഘട്ടങ്ങളിലും ദിനവും ഉയരുന്നു ഇന്ധനവില. എന്തെങ്കിലും വാങ്ങി വേവിച്ച് കഴിക്കാന്‍ ഉപയോഗിക്കുന്ന ഗ്യാസിന് മനുഷ്യന്‍റെ ഗ്യാസ് പോകുന്ന വില.
നാളെ എന്തിനെല്ലാം വില കൂടുമെന്ന് വേദനയോടെ ചിന്തിക്കുന്ന രാവുകള്‍. ചിന്തിച്ചാല്‍ പോരല്ലോ. പണത്തിന് പണം തന്നെ വേണ്ടേ. രണ്ട് മക്കള്‍ പഠിക്കുന്നു. ഓഫ് ലൈനും, ഓണ്‍ലൈന്‍ ക്ലാസ്സും തുടങ്ങിയതോടെ ചിലവ് കൂടി. രണ്ട് ഫോണ്‍ കടം വാങ്ങിയ ഗഡുക്കള്‍ അടവ്. രണ്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ അറുനൂറ് രൂപവേണം മാസം. ബാങ്കിലെ ലോണടവ്. സര്‍വ്വീസ് സഹകരണ ബാങ്കിലെ ലോണും പണയപ്പാടും. അണ്ണന്മാരുടെ കയ്യില്‍ നിന്നും വാങ്ങിയ വട്ട പിരിവ്, ഇന്‍സ്റ്റാള്‍മെന്‍റില്‍ വാങ്ങിയ വീട്ടുപകരണങ്ങളുടെ അടവ്. തൂക്ക് പാലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഒരുതരം ഉലച്ചിലുണ്ടല്ലോ പാലം പൊട്ടോ വെളളത്തില്‍ വീഴുമോ പുഴയില്‍ ഒഴുക്കുണ്ടോ ആഴമുണ്ടോ എന്ന വ്യാധി അതെ അവസ്ഥയാണ്.
മത്തായിച്ചന്‍റെ ശരീരം പുഷ്ടിപ്പെട്ടു. അപ്പോഴാണറിയുന്നത് മത്തായിച്ചന് പത്ത് മീറ്റര്‍ ദൂരം പോലും നടക്കാന്‍ ശരീരം അനുവദിക്കുന്നില്ലായെന്ന്. വെറുതെയിരിപ്പും പുറത്തിറങ്ങിയാല്‍ ഇരുചക്രവാഹനത്തിലുളള യാത്രയും. ഭാര്യയോടും മക്കളോടും കാര്യങ്ങള്‍ പറഞ്ഞു. കളിയാക്കലും, ശകാരങ്ങളും കൂട്ടത്തില്‍ ഉപദ്ദേശവും, വ്യായാമം ചെയ്യാന്‍.
പുരയുടെ ഉളളിലൂടെ നടക്കുമ്പോള്‍ ചോദിക്കും.
‘ബൈക്ക് മുറിയിലേക്ക് കയറ്റണോ?’
‘എന്തിന്’
‘ഓടിക്കാന്‍’
മുറ്റത്തെ ബാത്തൂറുമിലേക്ക് പോകുമ്പോള്‍ അടുത്ത ചോദ്യം.
‘പപ്പ വണ്ടിയുടെ താക്കോല്‍ വേണോ.’
‘എന്തിന്.’
അല്ല ബാത്തൂറുമില്‍ പോകാന്‍ വണ്ടിവേണ്ടേ?
‘ഉം.’ ഇരുത്തിമൂളളൂം. ‘കണ്ണുളളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല മക്കളെ’.
‘അതെ എനിക്കും പറയാനുളളൂ.’
‘എന്ത്.’
‘മക്കളെ കണ്ടും മാംപൂകണ്ടും ഇരിക്കണ്ടായെന്ന്.’
‘ഓ…. തമാശിച്ചതായിരിക്കും.’
‘അല്ലാ ഞാന്‍ ഒരു കൗണ്ടറടിച്ചു നോക്കിയതാ.’
‘ഓ കൗണ്ടര്‍. ഹും.. പുതിയ തലമുറയല്ലേ ആരോട് എന്ത് പറയണം പറയണ്ടായെന്ന് ഒരു വിവരവുമില്ലാ.’
‘മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കോ പപ്പാ.’
‘വായല്‍ തോന്നിയത് കോതക്ക് പാട്ട്. വല്ല വാഴയും വച്ചാല്‍ മതിയായിരുന്നു.’
‘ഒരു കര്യവുമില്ലാ കുറ്റലച്ച് പോയാല്‍ തീര്‍ന്നില്ലേ: അതെ ഈ കോതയേതാ.’
‘ദേ അകത്തുണ്ട് അവിടെ പോയി ചോദിച്ചാല്‍ മതി പറഞ്ഞ് തരും.’
‘അകത്ത് നിന്ന് അമ്മയുടെ മറുപടി. ‘പഴയ വല്ല കൂട്ടുകാരിയും ആയിരിക്കും അവിടെ തന്നെ ചോദിച്ചു നോക്കു മോനെ.’
കുറെ കാലമായി വല്ലാത്ത പ്രയാസം ശരീരം ഇളപ്പെട്ടത് പോലെ ചന്തിയുടെ രണ്ട് പാളിയും തുടയുടെ എല്ലും മാംസവും ചേരുന്ന ഭാഗവും മുട്ടും മുട്ടിന് താഴേക്കും. ഇത് വല്ല രോഗവുമാണോ ഈ നില തുടര്‍ന്നാല്‍ നിത്യരോഗിയാകുമോ? ഒടുവില്‍ വ്യായാമം ചെയ്യാന്‍ തീരുമാനിച്ചു വീട്ടില്‍ അവതരിപ്പിക്കുകയും ചെയ്യ്തു.
പിറ്റെന്ന് രാവിലെ ഉണര്‍ന്നു. പുതപ്പു മാറ്റിയപ്പോള്‍ കുളിര്. ആളുകളുടെ മുന്നിലൂടെ വ്യായാമം എന്ന് പറഞ്ഞ് നടക്കാന്‍ ഒരു ചമ്മലും. തലേന്ന് വീട്ടില്‍ എല്ലാവരോടും വലിയ വായില്‍ പറയുകയും ചെയ്തു. പലതും ചിന്തിച്ചു കിടന്ന് സമയം കളഞ്ഞതല്ലാതെ ഒന്നും ഉണ്ടായില്ലാ. ഭാര്യ ഒരു ഗ്ലാസ് ചായ കൊണ്ടു കൊടുത്തു. മത്തായിച്ചന്‍ ചായ കുടിക്കുന്നതിനിടയില്‍ ഇടകണ്ണിട്ട് ഭാര്യയെ നോക്കി.
‘അല്ലാ ഇന്നലെ എന്തൊക്കോ പറഞ്ഞെന്നു തോന്നുന്നു. രാവിലെ നടക്കാന്‍ പോകുന്നുവെന്നോ അങ്ങനെ വല്ലതും പറഞ്ഞിരുന്നോ.’
അടുത്ത മുറിയില്‍ നിന്നും. ‘അമ്മച്ചി പപ്പാ രാവിലെ ഓടാന്‍ പോയോ.’
‘എവിടെ ദാ കിടക്കണു. അതെ, അവിടെ വേദന ഇവിടെ വേദന ഈ പറച്ചിലല്ലാതെ വല്ലതും നടക്കോ മനുഷ്യ.’
‘ഞാന്‍ അപ്പോഴെ പറഞ്ഞില്ലേ അമ്മ പപ്പാ തളളില്‍ പിഎച്ച്ഡി എടുത്തിട്ടുളള ആളാന്ന്.’
ആ പകല്‍ മുഴുവന്‍ എല്ലാവര്‍ക്കും കളിയാക്കാന്‍ മത്തായിച്ചനായി കാരണം ഒരുക്കി.
പിറ്റെന്ന് പുലര്‍ച്ചെ നാല് മണിക്കുണര്‍ന്നു. ബര്‍മൂഡയും ടീഷര്‍ട്ടും എടുത്തിട്ടു നീര്‍കെട്ടിന്‍റെ ശല്ല്യം ഉളളതു കൊണ്ട് തലയിലും ചെവിയിലും ക്യാപ്പിട്ടു. കൊറോണകാലമായതുകൊണ്ട് രണ്ട് മാസ്ക്കും വച്ച് വീടിന് പുറത്ത് കടന്നു. ശരീരം തണുക്കുന്നു. മടിതോന്നി പുറകോട്ട് തിരിഞ്ഞു നോക്കി.
പൂമുഖ പടിയില്‍ സ്നേഹം തുളുമ്പുന്ന പൂ തിങ്കളായി ഭാര്യ.
‘എടി നല്ല തണുപ്പ്.’
‘ഉം…ഉം… മനസിലായി. നിങ്ങള്‍ ഒന്ന് ശ്രമിച്ച് നോക്ക് മനുഷ്യ.’
‘തീരെ നടക്കാന്‍ പറ്റുന്നില്ലാടി.’
‘നിങ്ങള്‍ ഇങ്ങനെ മടിയനാകാതെ. ഒന്നും ആര്‍ക്കും പറ്റിയിട്ടല്ലാ എല്ലാവരും ഓരോന്നും ചെയ്യുന്നത്.’
‘എടി’
‘പിളേളര് എണീച്ചാല്‍ ഇന്നും കളിയാക്കൂട്ടോ.’
എല്ലാം കണക്കാ ചത്താലും പറയും മരണം എല്ലാവര്‍ക്കും ഉളളതല്ലേന്ന്. ചവങ്ങള്. നിരാശയോടെ പുറത്തേക്കിറങ്ങി. ഭാഗ്യം ആളുകള്‍ ഉണര്‍ന്നിട്ടില്ലാ. ഒറ്റപ്പെട്ട വഴി വിളക്കുകള്‍. ഒരു വിധത്തില്‍ നടക്കുന്നതിനിടയില്‍ ഇരുട്ടില്‍ നിന്നും ഒരു കൂട്ടം നായ് കുരച്ചുകൊണ്ട് പിന്നാലെ. വയ്യാത്ത മത്തായിച്ചന്‍ പ്രാണരക്ഷാര്‍ത്ഥം ഓടാന്‍ തുടങ്ങി. പിന്നാലെ നായ്കൂട്ടം. ഓട്ടത്തിനിടയില്‍ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയതും കാല് തട്ടി വായുവിലൂടെ മൂന്ന് മറിച്ചിലും മറിഞ്ഞ് മൂക്കിടിച്ച് കമിഴ്ന്ന് വീണു. വാഹനം കയറിയിറങ്ങി പോയ തവളയെ പോലെ. മത്തായിച്ചന്‍റെ വായുവിലൂടെയുളള മറിച്ചില്‍ കണ്ട് നായ്കൂട്ടം ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മുന്നില്‍ വന്ന നായയും അവിടെ മൂക്കിടിച്ച് വായുവിലൂടെ എസ് പോലെ വളഞ്ഞ് പുളഞ്ഞ് വീണു. കൂടെ ഉണ്ടായിരുന്ന നായ്ക്കള്‍ മുന്നില്‍ കണ്ട കാഴ്ചയില്‍ പീ…പീന്ന് ശബ്ദിച്ച് നാല് ദിക്കിലേക്കായി ഭയന്നോടി.
ഹനുമാന്‍ മുഖമായി മത്തായിച്ചന്‍ ദയനീയമായി തലയുയര്‍ത്തി നോക്കി. അതുപോലെ ചടഞ്ഞ മൂക്കുമായി നായയും. ഇരുവരും മുഖാമുഖം ഭയ പരവശരായി. മത്തായിച്ചന്‍റെ മുഖത്ത് മാറിമറഞ്ഞു കൊണ്ടിരുന്ന നവരസങ്ങള്‍ നായയെ കൂടുതല്‍ ഭയപ്പെടുത്തി. ഗത്യന്തരമില്ലാതെ മത്തായിച്ചന്‍ ഉച്ചത്തില്‍ ഒറ്റ കരച്ചില്‍ എന്തോ അപകടം തോന്നിയ നായ വെപ്രാളത്തില്‍ എണീറ്റ് പീ…പീന്ന് ശബ്ദിച്ച് അതിവേഗത്തിലോടി മറഞ്ഞു. അന്തംവിട്ട് മത്തായിച്ചന്‍ പെട്ടന്ന് കരച്ചില്‍ നിറുത്തി നിസഹായവസ്ഥയില്‍ ചുറ്റും നോക്കി. കാലിടിച്ച സ്ഥലത്ത് എന്തോ നില്‍ക്കുന്നു. മഞ്ഞ നിറത്തിലുളള ഒരു കുറ്റി. വീണ്ടും ശ്രദ്ധയോടെ നോക്കി കറുത്ത മഷിയില്‍ എഴുതിയ അക്ഷരങ്ങള്‍ വായിച്ചു. കെ.റെയില്‍.
മുഖത്ത് മണ്ണും പറ്റി നീര് മെത്തിയ മുഖവുമായി ഒക്കി കുത്തി ഒരു വിധത്തില്‍ വീട്ടിലെത്തി. ഇടിവെട്ട് പറ്റിയവനെ പാമ്പുകടിച്ചതുപോലെ ഇറയത്ത് തൂണില്‍ ചാരിയിരുന്നു. ഉമ്മരത്തേക്ക് വന്ന ഭാര്യ കണിയായി കണ്ടത് ഒരു ശില്പത്തെ പോലെയിരിക്കുന്ന മത്തായിച്ചനെ.
‘എന്ത് പറ്റി.’
‘നിന്‍റെ അമ്മേടെ.’ തുടങ്ങി ചില പ്രയോഗങ്ങള്‍ക്കൊടുവില്‍ കാര്യങ്ങള്‍ പറഞ്ഞു.
അങ്ങനെ നടത്തവും നായകഥകളും പറഞ്ഞ് കളിയും കാര്യവുമായി മക്കളും കൊച്ചുമക്കളുമായി മത്തായിച്ചന്‍റെ ജീവിതം പിന്നെയും ബാക്കി.

ജോണ്‍സണ്‍ ഇരിങ്ങോള്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px