LIMA WORLD LIBRARY

സന്യാസി ചീങ്കണ്ണി – മിനി സുരേഷ്

ഒരു ക്ഷേത്രക്കുളത്തിലാണ് ചിങ്കു ചീങ്കണ്ണിയുടെ താമസം. വെള്ളപ്പൊക്കക്കാലത്ത് മലവെള്ളത്തോടൊപ്പം ഒഴുകിയാണ് അവൻ അവിടെ
എത്തിയത്.ക്ഷേത്രത്തിലെ മണിനാദവും ,പ്രാർത്ഥനാഗീതങ്ങളുമൊക്കെ
കേട്ടപ്പോൾ അറിയാതെ അവനിൽ നല്ല ഗുണങ്ങൾ
വന്നു. ആരെയും ഉപദ്രവിക്കാതെ ശാന്തനായി കുളത്തിന്റെ കരയിൽ കിടക്കുന്നചിങ്കുവിനെ
കാണുവാൻ നാട്ടുകാരെല്ലാവരും ഓടിക്കൂടി.ക്ഷേത്രത്തിലെ പൂജാരി അവിടെയെത്തി അവന് കുറച്ച് നിവേദ്യച്ചോറും ,പായസവും നൽകി.അവൻ അത് സന്തോഷത്തോടെ ഭക്ഷിച്ചു.
ജനങ്ങൾ അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു.
പത്രങ്ങളിലും,ടി.വിയിലുമെല്ലാം
നിവേദ്യച്ചോറ് മാത്രം കഴിക്കുന്ന ചീങ്കണ്ണിയെക്കുറിച്ചുള്ള വാർത്തകൾ വരുവാൻ
തുടങ്ങി. കുട്ടികൾ അവന് സന്യാസിചീങ്കണ്ണിയെന്ന്
പേരുമിട്ടു.
കുളത്തിലെ മീനുകൾക്കും,തവളകൾക്കുമെല്ലാം
ആദ്യം അവനെ ഭയമായിരുന്നു.പക്ഷേ അവൻ ആരെയും പിടിച്ചു തിന്നുന്നില്ലെന്ന് കണ്ടപ്പോൾ
അവർക്കും സന്തോഷമായി .
ആ കുളത്തിൽത്തന്നെ താമസിക്കുന്ന കണ്ണപ്പൻ
നീർക്കോലിക്ക് മാത്രം ഇതൊന്നും ഇഷ്ടമായില്ല.
സന്യാസിചീങ്കണ്ണിയെ കാണുവാൻ വരുന്നവരുടെ
തിരക്ക് മൂലം പഴയതു പോലെ അവന് തവളകളെ
പിടിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
“ചീങ്കണ്ണിച്ചേട്ടാ ഇടക്ക് ഓരോ തവളകളെയും
മീനുകളെയുമെല്ലാം കഴിക്കുന്നത് കൊണ്ട് ആരും
അറിയുകയില്ല. ഈ കുളത്തിലെ തവളകൾക്ക്
പ്രത്യേക സ്വാദാണ്.
സന്യാസിച്ചീങ്കണ്ണി അതു കേൾക്കാതെ കണ്ണടച്ചുകിടന്നു.
അപ്പോളാണ് പോളുത്തവള അതു വഴി വന്നത്. ഇലകൾക്കിടയിൽ മറഞ്ഞിരുന്ന് കണ്ണപ്പൻ നീർക്കോലി പോളുവിനെ പിടിക്കുവാനായി ആഞ്ഞു
ചാടി.പോളു പേടിച്ച് സന്യാസിച്ചീങ്കണ്ണിയുടെ പുറത്തേക്കും. ഈശ്വര സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ആ കുളത്തിൽ ദുഷ്ഠനായ ഒരു നീർക്കോലി ഉള്ളത് മറ്റു ജീവികൾക്ക്അപകടമാണെന്ന് മനസ്സിലാക്കിയ
ചീങ്കണ്ണി അവനെ വാലു കൊണ്ട് പൊക്കിയെടുത്ത്
കരയിലേക്ക് എറിഞ്ഞു.സന്യാസിചീങ്കണ്ണിയെ
കാണുവാനെത്തിയ കുറെ ആളുകളുടെ മുന്നിലേക്കാണ് നീർക്കോലി ചെന്നു വീണത്.
അവരവനെ കല്ലെറിഞ്ഞും,അടിച്ചും കൊന്നു.
പിന്നീട് സന്യാസിച്ചീങ്കണ്ണിയും,തവളകളും,മീനുകളുമെല്ലാം
സന്തോഷത്തോടെ ആ കുളത്തിൽ കഴിഞ്ഞു.
ഗുണപാഠം.സജ്ജനങ്ങളുടെ സാന്നിധ്യം മറ്റുള്ളവർക്കും നന്മ
വരുത്തും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px