പുലിജന്മങ്ങള്‍ – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സായാഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം സഹദേവന്‍ സ്ഥിരമായി ഇംഗ്ലീഷ് എം.എ സായാഹ്ന ക്ലാസ്സില്‍ പോയിരുന്നു. ചിലപ്പോള്‍ അയാള്‍ മദ്യപിക്കാന്‍ പോയി. മറ്റു ചിലപ്പോള്‍ പബ്ലിക് ലൈബ്രറിയില്‍ കുത്തുവിട്ട രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളില്‍ അഭയം തേടി. ഖുരണ അയാളെ മൊബൈലില്‍ വിളിച്ച് എല്ലായ്പ്പോഴും
“ദേവാ, ഇപ്പോള്‍ ഫ്രീയാണോ ഈ സന്ധ്യയ്ക്ക് ഗുല്‍മോഹര്‍ പൊഴിഞ്ഞുവീണ നടവഴിയില്‍ നമുക്കല്‍പം നടക്കാം.’ എന്നു കേണു. സഹദേവന്‍ ഓരോ തവണയും ഓരോ ഒഴിവുകഴിവു പറഞ്ഞു. ഇത്തവണ അയാള്‍ക്ക്….
‘അരുണേ, ഭാഷാ പഠനത്തിന്‍റെ ഒരു ഭാഗമാണ് നല്ലൊരു ഇംഗ്ലീഷ് പടമെത്തിയിരിക്കുന്നു. ഫ്രണ്ട്സ് കുറച്ചധികമുണ്ട്. തന്നെയുമല്ല- വൈകിയാല്‍ നിന്‍റെ വാര്‍ഡന്‍റെ വീര്‍ത്ത്കെട്ടിയ മുഖം എനിക്കു കാണാന്‍ വയ്യ! അരുണ ബൈ പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. അവള്‍ക്കു കരച്ചില്‍ വന്നു. റൂംമേറ്റ് വരുംവരെ കരയാനവസരമുണ്ട്. അവള്‍ തലയിണയിലേക്ക് മുഖം പൂഴ്ത്തി അങ്ങനെ കിടക്കവേ അവള്‍ക്ക് മയക്കം തോന്നി. ലഹരിബാധയേറ്റപോലെ ഒരു ചെകിടിപ്പ്. അവള്‍ ഉറക്കത്തിലാണ്ടു. ഉറക്കത്തില്‍ അവളൊരു സ്വപ്നം കണ്ടു. പശ്ചാത്തലം മറൈന്‍ഡ്രൈവാണ്. ഒപ്പം സഹദേവനുമുണ്ട്. അയാള്‍ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍സ് എന്ന ഇംഗ്ലീഷ് പുസ്തകം ആദ്യാവസാനം വായിച്ചെന്നും അതിന്‍റെയൊരു രത്നചുരുക്കം അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അരുണയ്ക്ക് അതില്‍ താല്പര്യം തോന്നിയില്ല. അവള്‍ പറഞ്ഞു: ‘ഞാനെത്ര തവണ ആവര്‍ത്തിച്ചിരിക്കുന്നു എന്‍റെ പ്രണയം. എന്നിട്ടും ദേവാ നീ ഇപ്പോഴും അത് നിഷേധിക്കുകയാണ്. നിലവിളിക്കുമ്പോള്‍ വായ് പൊത്തി ശ്വാസം മുട്ടിക്കുകയാണ്.’
അവന്‍ പറഞ്ഞു
‘അതിലര്‍ത്ഥമില്ല – അരുണേ, നാം ജീവിക്കുന്ന കാലം, സമയം, സാഹചര്യം അതുംകൂടെ കണക്കിലെടുക്കണം. നമ്മുടെ പ്രേമം എന്നത് കോളറാകാലത്തെ പ്രണയമായി നീ തെറ്റിദ്ധരിക്കരുത്.’ അവള്‍ പറഞ്ഞു – ‘എനിക്കു ജീവിക്കണം, നിലനില്‍ക്കണം, അതിന് എനിക്ക് പടപൊരുതണം. ഒപ്പം നീയും വേണം. നമ്മുടെ രണ്ടുപേരുടേയും ട്രാക്കില്‍ ഇപ്പോള്‍ തെളിയുന്നത് ചുവന്ന ലൈറ്റാണ്. അതാണ് എന്നെ ഭീതിപ്പെടുത്തുന്നത്, എന്നെ അബലയാക്കുന്നത്. ‘ അവള്‍ പറഞ്ഞു.
‘മഠയീ, കാര്യങ്ങളെ ഏകപക്ഷീയമായി കാണുന്നതിന്‍റെ പ്രശ്നമാണിത്. കൊള്ളയ്ക്കിറങ്ങുമ്പോള്‍ കള്ളനും മുതലു കാക്കുന്നവനും ലക്ഷ്യം രണ്ടാണ്. രണ്ടുപേര്‍ക്കും പക്ഷേ പ്രേമമുണ്ട്. അവരു കാത്തു സൂക്ഷിക്കുന്ന കസ്തൂരി മാമ്പഴത്തോടു എന്നാലതിന്‍റെ വിധി അവര്‍ രണ്ടുപേരും തിരിച്ചറിയുന്നില്ലല്ലോ’ അവള്‍ പറഞ്ഞു.
‘പ്രേമത്തിന്‍റെ വ്യാകരണം പൊതിച്ചെടുത്താല്‍ അടിവരയിടുന്ന എല്ലാറ്റിന്‍റേയും പൊരുള്‍ ഒന്നുതന്നെയാവും അതിന് നീയി പറയുന്ന ഒരു സൈദ്ധാന്തികതയുടെയും പിമ്പലവും ആവശ്യമില്ല. നൈഷ്ഠികമായ ഒരു കര്‍മ്മമാണത്. എനിക്കത് ഭക്തിയും നീതിയുമാണ്. അവന്‍ പറഞ്ഞു.
‘പ്രേമം നിനക്ക് മീരയുടെ നന്ദകിഷോരാ ഹരേ ആണെങ്കില്‍ ഞാനിവിടെ എ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ് പുറപ്പെടാനായി തയ്യാറെടുക്കുന്ന ബോട്ടിന്‍റെ മുകള്‍തട്ടില്‍ നിന്ന് അവള്‍ക്കൊരു സിഗ്നല്‍കിട്ടി. അനന്തരം രംഗത്തുനിന്ന് അവര്‍ നിഷ്ക്രമിച്ചു. ചുറ്റുപാടും പശ്ചാത്തല സംഗീതമില്ലാതെ ഇരുട്ട് പടര്‍ന്നു.
ഈ സ്വപ്നത്തേക്കുറിച്ചു പിറ്റേന്നു കൃത്യമായും സഹദേവനോടു പറയണമെന്നു പദ്ധതി തയ്യാറാക്കിയാണ് അരുണ സ്റ്റേഡിയത്തിനു സമീപം നിന്നത്. സഹദേവന്‍ വരാന്‍ വീണ്ടും സമയമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഫ്ളാഷ് ലൈറ്റുകള്‍ കത്തി.
അരുണ ലിപ്കെയര്‍ എടുത്തു ചുണ്ടില്‍ പുരട്ടി. അതിന്‍റെ അഗ്രഭാഗം സഹദേവന്‍റെ ചുണ്ടുകളാണെന്നു സമര്‍ത്ഥിച്ച് അരുണ അത് ചുണ്ടോടു ചേര്‍ത്തു ആ സമയം അവള്‍ക്ക് അവനോട് കലശലായി പ്രേമം അനുഭവപ്പെട്ടു. അവള്‍ ആലോചിച്ചു.
സഹദേവന്‍ പറയുന്നതില്‍ എന്താണു കാര്യം? പ്രേമമെന്നത് ഒരു അനുഷ്ഠാനകലയാണോ? വിശുദ്ധമായ കര്‍മ്മമാണോ. അയാള്‍ക്കത് അങ്ങനെയാണ് ആ കണക്കുകൂട്ടലില്‍ ചിട്ടപ്പെടുത്തിയെടുക്കുമ്പോള്‍ രാഗമോ താളമോ ലവലേശമില്ലാത്ത ഒരു ഗാനമാണു പ്രേമം. അടയാളപ്പെടുത്താനാവാത്ത ഒരു വാക്ക് രാജ്യം നഷ്ടപ്പെട്ട പ്രജ, തുടങ്ങിയ ഏതും ഉപമയാക്കാവുന്ന വിധം കൊട്ടിഘോഷിച്ചു സംസ്കരിക്കാവുന്ന മൃതദേഹം തനിക്കു നേരെ തിരിച്ചും. അപ്പോഴേക്കും വിയര്‍ത്തു കുളിച്ച് സഹദേവന്‍ വന്നു.
അരുണ സാകൂതം സഹദേവനെ അളന്നു. സ്റ്റിക്ക് നോ ബില്‍സ് എഴുതിയ ‘റാ’ കഴുത്ത് നഷ്ടപ്പെട്ട ബനിയന്‍ പതിവായി കാണുന്ന നരകയറിയ ജീന്‍സ് പാദങ്ങളില്‍ ചൈനീസ് ഷൂ. ഇത്തവണ അവന്‍റെ ബര്‍ത്ത്ഡേയ്ക്കു വെള്ളസ്വര്‍ണ്ണത്തിന്‍റെ ഒരു കുരിശുരൂപം സമ്മാനിക്കണമെന്നു വിചാരിക്കവേ ആമുഖമില്ലാതെ സഹദേവന്‍ പറഞ്ഞു.
‘വൈറ്റ് പേപ്പര്‍ ഈസ് റെഡി, റീ-കോഡ് ചെയ്യാന്‍ അല്പം കഷ്ടപ്പെടേണ്ടി വന്നു. ഉറങ്ങിയില്ല, ഉണ്ടില്ല. എന്തിനു പറയുന്നു മൂത്രമൊഴിക്കാഞ്ഞ് അടിവയറ്റില്‍ വേദന’ അവള്‍ മിണ്ടിയില്ല. സഹദേവന്‍ തുടര്‍ന്നു. ‘മയങ്ങിപ്പോയ ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. നാമിരുവരും മറൈന്‍ഡ്രൈവില്‍ നീയെന്നോട് പ്രേമത്തിന്‍റെ രാഷ്ട്രീയവും സ്പിരിച്വാലിറ്റിയും സംസാരിക്കുന്നു. അപ്പോഴേക്കും നമ്മുടെ വര്‍ത്തമാനത്തിലേക്ക് ഒരു സിഗ്നലെത്തി. ഓപ്പറേഷന്‍ ജസ്റ്റ ബിഗിന്‍ എന്ന മുന്നറിയിപ്പ്. അരുണേ നിന്നെ ഞാനെന്തിഷ്ടപ്പെടുന്നുവെന്നോ.-‘ സ്വപ്നത്തിന്‍റെ തുടര്‍ച്ചയെക്കുറിച്ച് സഹദേവന്‍ ഒന്നും പറഞ്ഞില്ല. അരുണയുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു. അവളുടെ അടിവയറ്റില്‍ ഒരു കൊടുങ്കാറ്റായി രൂപം കൊണ്ടു. അതു പതം വന്ന്, മാറിടം കവിഞ്ഞ് ശിരസ്സിലേക്ക്. അവളുടെ കഴുത്തില്‍ തടവി നോക്കി. നീല വിഷം. അതവള്‍ സഹദേവന്‍റെ കണ്ഠത്തിലും കണ്ടു. ചുറ്റും വര്‍ദ്ധിക്കുന്ന തിരക്ക് അരുണയെ അലോരസപ്പെടുത്തിയില്ല. അവള്‍ അവന്‍റെ കൈയില്‍ ബലമായി അമര്‍ത്തി.
എനിക്കു ജീവിക്കണം. എനിക്കു നിന്‍റെ പ്രേമം വേണം. ഈ ലോകം വേണം, നമുക്ക് ഓടാം. തളരും വരെ.’ സഹദേവന്‍ അരുണയെ മിഴിച്ചു നോക്കി. അയാള്‍ അവളുടെ കരം ബലമായി അടര്‍ത്തി മാറ്റി. ‘എന്തു വിഡ്ഡിത്തമാണീ പറയുന്നത്. നമ്മുടെ രാജ്യം – ജനത-നമ്മുടെ സംസ്കാരം. അതെല്ലാം നീ മറന്നോ? നമ്മുടെ കര്‍മ്മം നമ്മുടെ വിധി. എല്ലാം പ്രേമത്തിനുവേണ്ടി അടിയറവ് വെയ്ക്കുന്നോ? ജീവിതം ഒരു യുദ്ധമാണ്. നമ്മുടെ ജന്മം അതിന്‍റെ അടിവേരും.’
അവള്‍ കരച്ചിലിന്‍റെ വക്കോളമെത്തി. സ്റ്റേഡിയത്തിനു ചുറ്റും തിരക്കു വര്‍ദ്ധിച്ചു. ഫ്ളാഷ് ലൈറ്റുകള്‍ പൂര്‍ണ്ണമായും തെളിഞ്ഞു. മാനത്തെ ചുവപ്പിനോട്ചേര്‍ന്ന് പുതിയൊരു എക്സ്പ്രഷനിസ്റ്റ് ചായം വരയ്ക്കാനുള്ള ശ്രമം. കാലടികള്‍ക്കു ബലം ക്ഷയിക്കുന്നതായി അരുണയ്ക്കു തോന്നി. അവള്‍ കെഞ്ചി.
‘സ്വന്തം വ്യക്തിത്വമാണ് ഒരു പെണ്ണിന് സ്വന്തം പുരുഷന്‍. അവന്‍ യുദ്ധം ചെയ്യുന്നതു അവള്‍ക്കുവേണ്ടിയാവണമെന്നു വാശിപിടിച്ചാല്‍ അതില്‍ തെറ്റുണ്ടോ? നീയാണ് എന്‍റെ ഭക്തി – യുദ്ധത്തിന്‍റെ വിഷയവും.’ അവന്‍ പറഞ്ഞു.
അരുണേ കാമനകള്‍ നശ്വരങ്ങളാണ്. അതിനോടു ചേരുമ്പോള്‍ ജീവിതം വെറും സോപ്പുകുമിളകള്‍ മാത്രം. നമുക്ക് വിധിന്യായമുണ്ട്- കല്പനകളുണ്ട്. നീയും ഞാനും അതിന്‍റെ ഭാഗമാണ്. അതു തള്ളിപ്പറയരുത്. നമുക്ക് നഷ്ടപ്പെടേണ്ടിവരുന്നത് നമ്മുടെ തലമുറയുടെ നേട്ടമാണ്. നമുക്ക് കൈമോശം വരുന്നത് രാജ്യത്തിന് തിരിച്ചെടുക്കാനാവാത്ത വാഗ്ദാനമാണ്. ഈ നിലയില്‍ ചോദിക്കട്ടെ.
നിന്‍റെ പ്രേമം ദാനമായി ചോദിക്കുന്നത് എന്താണ്? സഹദേവന്‍റെ ശബ്ദം ഇടറിയിരുന്നു. അയാളുടെ സ്വരത്തിനു താളബോധമില്ലായിരുന്നു. ഇംഗ്ലീഷ് എം.എ ക്ലാസില്‍നിന്നു രൂപപ്പെടുത്തിയ സ്ഫുടതയോ ഉച്ചാരണശുദ്ധിയോ ഇല്ലായിരുന്നു. അവള്‍ കരഞ്ഞേക്കുമോയെന്നു അരുണ ഭയപ്പെട്ടു. അയാളുടെ മുഖമാകെ നീല വിഷം വ്യാപിക്കുന്നതു അരുണ തിരിച്ചറിഞ്ഞു. അവള്‍ക്കു ശ്വാസം നഷ്ടപ്പെടുന്നതുപോലെ. സ്റ്റേഡിയത്തിന്‍റെ ഫ്ളെഡി ലൈറ്റുകള്‍ കണ്‍ചിമ്മിയമാത്രയില്‍ അരുണ സഹദേവനെ, എല്ലാം മറന്ന് ആശ്ലേഷിച്ചു. അനന്തരം അരുണ സഹദേവന്‍റെ കാതില്‍ പറഞ്ഞു.
‘എനിക്കുവേണം നിന്‍റെ കവചകുണ്ഡലങ്ങള്‍’ ആ നിമിഷം വന്‍ സ്ഫോടനത്തോടെ അഗ്നിസ്പുലിംഗങ്ങള്‍ വാനംമുട്ടെ ഉയര്‍ന്നു. ഇരുവരും അതില്‍ ലയിച്ചു. പിറ്റേന്ന് പുലര്‍ച്ചെ അരുണയുടെ റൂംമേറ്റ് വായിച്ച പത്രത്തിന്‍റെ ഒന്നാം പേജ് വാര്‍ത്ത ഏതാണ്ട് ഈ വിധം.
നഗരമധ്യത്തില്‍ സ്ഫോടനം.
കൊച്ചി: നാടിനെ നടുക്കി സ്ഫോടനം വൈകുന്നേരം ഏഴോടെ കലൂര്‍ സ്റ്റേഡിയത്തിനു സമീപമാണു വന്‍ സ്ഫോടനം. രണ്ടുപേരുടെ ജഡങ്ങള്‍ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതോളം പേരുക്കു ഗുരുതര പരുക്ക്. പൊട്ടിത്തെറിച്ചതു ഉഗ്രശേഷിയുള്ള ആര്‍ഡി എക്സ് ആണെന്നു സ്ഥിതീകരിച്ചു. സംഭവസ്ഥലത്തു പോലീസ് ക്യാമ്പു ചെയ്യുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *