സ്കൂളിൽ പഠിക്കുന്ന കാലത്ത്, ‘നിക്കു വേണ്ട’ എന്നു പറഞ്ഞ് മാറ്റി വച്ച ഒരു പലഹാരം പിന്നീട് ജീവിത യാത്രയിൽ പാഥേയമായി മാറിയത് ഓർത്തു പോയി. കഥാപാത്രം കൊഴുക്കട്ടയാണ്. കുട്ടിക്കാലം മുതലേ, ഒട്ടും ശ്രദ്ധിക്കാതെ വിട്ട ഒരു പലഹാരം. കാരണമില്ലാത്ത ഒരിഷ്ടക്കേട്…എന്നാലും കാലത്തിന്റെ ഒരു വല്ലാത്ത കളി തന്നെ.. വെളുത്തുരുണ്ട്, ഉള്ളിൽ നിറയെ സ്നേഹ മധുരവുമായത്തുന്ന ആ കുഞ്ഞൻ പലഹാരം പലതവണ വയർ നിറയെ സ്നേഹം തന്നു. ഓർക്കാതിരിക്കുമ്പോൾ, സ്നേഹാന്വേഷണവുമായി കടന്നു വരുന്ന ഒരു നിഷ്ക്കളങ്കനായ ചങ്ങാതിയെപ്പോലെയാണ് കൊഴുക്കട്ടയുടെ വരവ്. എന്നും രാവിലെ സൂര്യോദയത്തിനു മുൻപ്, ട്രെയിനിൽ കൊച്ചിയിലേക്കുള്ള പതിവ് ജോലി യാത്രകൾക്കിടയിലാണ് ഈ പുതിയ ചങ്ങാത്തം തുടങ്ങുന്നത്. ട്രെയിനിൽ പതിവു സഹയാത്രികരുടെ സംസാരം പൊടിപൊടിക്കുന്നു. ട്രെയിൻ പിറവം റോഡ് വിട്ട് മൂവാറ്റുപുഴയാറ് കടക്കുന്നു… പെട്ടന്ന്, ഒരു ചങ്ങാതി ലഞ്ച് ബോക്സ് തുറന്ന ശേഷം പറഞ്ഞു, ‘എടുത്താട്ടെ… !’ ഉള്ളിൽ നിറയെ ശർക്കരയും, തേങ്ങയും, എലയ്ക്കയും, പിന്നെ ഒരു പിടി സ്നേഹവുമായി കൊഴുക്കട്ട… അതൊരു തുടക്കമായിരുന്നു. കൊച്ചിയിൽ ട്രെയിൻ ഇറങ്ങിക്കഴിഞ്ഞാൽ കൊഴുക്കട്ടയും, കടുപ്പത്തിലൊരു ചായയും, പേരിന്, കളി ചിരി വർത്തമാനവും ഞങ്ങൾ പതിവാക്കി. ഞങ്ങൾ പരസ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, ഒരു നല്ല ആശയത്തിനായി ഒരുമിച്ചിരുന്ന് തല പുകയ്ക്കാറുണ്ട്. Brainstorming… എന്നാണിതറിയപ്പെടുന്നത്. ആ നേരത്തും വിരുന്നുകാരനായി കൊഴുക്കട്ടയും എത്തും. ഇത്രയും നിഷ്ക്കളങ്കമായ ഒരു പലഹാരം ഞാൻ കണ്ടീട്ടില്ല… ഒരു വെജിറ്റേറിയനാവുന്ന തിന്റെ പിന്നിലെ പ്രേ രണ ഈ കുഞ്ഞൻ വിഭവമായിരുന്നുവെന്ന് പറയാം…ഒരു കപ്പ് ചായയും, ഒരു കൊഴുക്കട്ടയുമായി ഇരിക്കുമ്പോൾ എല്ലാ സ്ട്രെസും അലിഞ്ഞില്ലാതാവും.. പിന്നീട്, ജീവിതത്തിന്റെ ഒരോ യാത്രകൾക്കിടയിലും, സ്നേഹത്തിന്റെ മധുരവുമായി എത്താറുണ്ട്… പ്രിയപ്പെട്ട കൊഴുക്കട്ട…
About The Author
No related posts.
One thought on “കൊഴുക്കട്ട – മോഹൻദാസ്”
മനസ്സിൽ പിടിച്ചു കയറിയ കഥ