LIMA WORLD LIBRARY

കൂട്ട് – മോഹൻദാസ് മുട്ടമ്പലം


കൂട്ടുകാർ എന്ന വാക്കിൽ ഒരു കുട്ടിക്കാലത്തിന്റെ നിറ കൺചിരിയുണ്ട്.
കൂടെ നിൽക്കുന്നവരാണ് കൂട്ടുകാർ. കൂടെയുണ്ടാവുക, കൂട്ടിനുണ്ടാവുക, എത്ര ഭംഗിയാണ് ഈ രണ്ടു വരികൾക്ക് ?
കൂട്ട് എന്ന രണ്ടക്ഷരം തന്നെ നോക്കൂ, എത്ര ഹൃദയസ്പർശിയാണത്.

കുട്ടിക്കാലത്ത് രണ്ട് കൈകളിലെ ചൂണ്ടുവിരൽ ഇരു കവിളുകളിലും കുത്തി കൂട്ട് വെട്ടുന്നത് ഒരിക്കലും മറക്കാനാവില്ല. കുട്ടിക്കാലത്തിന്റെ മനോഹരമായ നിഷ്ക്കളങ്കതയായിരുന്നു അതൊക്കെ.

അന്ന്, കൂട്ടുകാർ തമ്മിൽ ഒരു കല്ലുപെൻസിലിനു വേണ്ടി കൂട്ടുവെട്ടുമായിരുന്നു. പഴയ തലമുറ സ്‌ലേറ്റിൽ കല്ലു പെൻസിൽ കൊണ്ടാണല്ലോ എഴുതിയിരുന്നത്. കാലം എത്ര മാറി…

കൂടെയുള്ളവർ, പ്രത്യേകിച്ച് അടുത്ത ബന്ധുക്കൾ കൂട്ടു വെട്ടി, കൂടെയില്ലാതെയാവുന്നത് വലിയ വേദനയാണ്.
വീട്ടിലെ വിശേഷങ്ങൾ ബന്ധുക്കളെ അറിയിക്കുകയും സന്തോഷ വേളകളിൽ വേണ്ടപ്പെട്ടവരെ പങ്കെടുപ്പിക്കുകയും ചെയ്യുന്നത് നന്മയുള്ള മനസ്സുകളുടെ സ്വഭാവമായിരുന്നു.

ഇന്ന് അതെല്ലാം മാറി.
കൂടെയുള്ളവർ കൂടെയില്ലാതെയാവുന്ന, അനിശ്ചിതമായ ഈ ജീവിതയാത്രയിൽ പിണക്കം എന്ന പദത്തിന് ഒരോട്ടക്കാല ണയുടെ വില പോലുമില്ല. എന്നിട്ടും പലരും പിണക്കവും ഈഗോയും കൊണ്ടു നടക്കുന്നത് നിർഭാഗ്യകരമാണ്. അവർ അണിയുന്നത് വിവരക്കേടിന്റെ അലങ്കാരങ്ങളാണെന്ന് പറയാതെ വയ്യ.

ചിലർ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ശ്രമിക്കാറുണ്ട്. ചിലർ ശ്രമിക്കാറില്ല. അതിനവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാവാം. വ്യക്തിപരമായ താൽപ്പര്യങ്ങളുടെ പ്രശ്നമുണ്ടാവാം. ബന്ധങ്ങളുടെ താളുകളിൽ വിധി കോറിയിട്ട ഓർമ്മകളുടെ വരികൾ ഇടയ്ക്ക് വായിക്കുമ്പോൾ പിണക്കം മാഞ്ഞു പോകും.

ഇണക്കവും പിണക്കവും കൂട്ടായ്മകളും സൗഹൃദങ്ങളും വിരൽപ്പാടുകൾ വീഴ്ത്തിയ ആ പഴയ താളുകൾ ഇടയ്ക്ക് മറിച്ചു നോക്കാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px