നാട്ടിലെ അറിയപ്പെടുന്ന ബിസ്സിനസ്സുകാരൻ മനോഹരന്റെ കല്യാണം ഗംഭീരമായി നടന്നു. സുന്ദരിയും വിദ്യാസമ്പന്നയും കോടീശ്വരിയുമായ വധു.
അയാളുടെ കിടപ്പുമുറിയിൽ അറബി അത്തറിന്റെ മണം നിറഞ്ഞുനിന്നു. ആരെയും കാമപരവശരാക്കുന്ന ഗന്ധം. അയാളുടെ കല്യാണപ്രായമായ പെങ്ങൾ ആ സുഗന്ധം മുഴുവൻ മൂക്കിലൂടെ വലിച്ചുകയറ്റി ശരീരമാകെ ത്രസിപ്പിച്ചുകൊണ്ട് വധുവിന്റെ ചെവിയിൽ പറഞ്ഞു ഈ അത്തറായിരിക്കും അറബികളെ ധാരാളം കല്യാണം കഴിക്കാൻ പ്രേരിപ്പിക്കുന്നത്. വധു നാണം പൂണ്ടു. ആ സമയം അയാൾ മുറിയിലേക്ക് കയറിവന്നു. സന്ദർഭം മനസിലാക്കി സഹോദരി പുറത്തേക്കിറങ്ങി.
ആഭരണങ്ങളും കല്യാണവസ്ത്രവും മാറാതിരിക്കുന്ന ഭാര്യയേ നോക്കി പറഞ്ഞു.
“ദേ അലമാരയിൽ ധാരാളം വസ്ത്രങ്ങൾ ഞാൻ വാങ്ങിവെച്ചിട്ടുണ്ട്. ഇഷ്ടമുള്ളത് ധരിച്ചോളൂ “.
ആഭരണങ്ങൾ എല്ലാ മൂരി അലമാരയുടെ ലോക്കറിൽ വെച്ചു താക്കോൽ സൂക്ഷിച്ചു വെയ്ക്കൂ.
അവൾ തലയാട്ടി. ഉത്തരവാദിത്വബോധമുള്ള ഭർത്താവിനേ അവൾക്കിഷ്ടപ്പെട്ടു.
അയാൾ അവളുടെ അടുത്തേക്ക് ചെന്നു. നാണംപൂത്തുനിൽക്കുന്ന കണ്ണുകളിലേക്കു നോക്കി വികാരപാരവശ്യത്തോട് മന്ത്രിച്ചു.
നീ വളരെ സുന്ദരിയാണല്ലോ. പന്തലിൽവെച്ചുകണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. അവളുടെ കപോലങ്ങളിൽ അയാൾ മൃദുവായി ചുംബിച്ചു.
അവൾ ആദ്യമായികിട്ടിയ ചുംബനത്തിൽ രോമാഞ്ചപുളകിതയായി. പിന്നെ തന്റെ സൗഭാഗ്യത്തിലും ഭർത്താവിന്റെ സ്നേഹത്തിലും കരുതലിലും ഈശ്വരനോട് നന്ദി പറഞ്ഞു.
അയാൾ അവളുടെ സ്വർണ്ണ
വളകൾ തിങ്ങിനിറഞ്ഞു കിടക്കുന്ന കൈകൾ തലോടി പറഞ്ഞു.
“പ്രിയതമേ, ഹോട്ടലിൽ സുഹൃത്തുക്കൾക്കായി ഒരു പാർട്ടി കൊടുക്കുന്നുണ്ട്. മദ്യം കാണും. അതിനാൽ നിന്നെ അവിടേക്ക് കൊണ്ടുപോകുന്നില്ല. പാർട്ടി കഴിഞ്ഞാൽ ഉടനേ തിരിച്ചു വരാം. ഉറങ്ങരുതേ. നമ്മുടെ ആദ്യരാത്രിയാ.
മദ്യം കഴിക്കുമോ. ഉത്കണ്ഠയോടെ അവൾ ചോദിച്ചു.
ഞാനോ, മദ്യം കൈകൊണ്ടു തൊടില്ല. വളരെ ചിട്ടയിൽ ആണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്. അയാൾ മുറിവിട്ട് പുറത്തേക്കുപോയി.
രാത്രി പുലരിയിലേക്ക് യാത്രചെയ്തുകൊണ്ടിരുന്നു. അയാളെയും കാത്ത് അവൾ മുറിയിൽ തെക്കുവടക്കു നടക്കുകയും സുഗന്ധവാഹിയായ പൂക്കൾ വിതറിയ കട്ടിലിൽ ഇരിക്കുകയും ചെയ്തു.
അയാളുടെ ബന്ധുമിത്രാദികൾ വഴിയിലേക്കു കണ്ണും നട്ടുനിൽക്കുകയാണ് അയാളുടെ വരവിനായി. അമ്മയും സഹോദരിയും ഇടയ്ക്കിടെ മുറിവാതിൽക്കൽ വന്ന് അവളോട് പറഞ്ഞു. പാർട്ടി കഴിഞ്ഞില്ല ഉടനേ വരും.
പാതിരാത്രികഴിഞ്ഞ് അയാൾ വന്നു, പതിവിൻപടി ലക്കുകെട്ട് ആടിവരുന്ന മകനെക്കണ്ട് അമ്മ വേവലാതി പൂണ്ടു. അച്ഛൻ മുറിയിൽ കയറി വാതിലടച്ചു. മദ്യപിക്കുന്ന കാര്യം മറച്ചുവെച്ചാണ് കല്യാണം നടത്തിയത്. സുന്ദരിയായ ഒരു പെണ്ണു വന്നാൽ മകന്റെ കുടി നിൽക്കുമെന്നു വിചാരിച്ചു. എങ്ങനെ മരുമകളുടെ മുഖത്തു നോക്കും. ഡ്രൈവർ താങ്ങിപ്പിടിച്ചുകൊണ്ടുവന്ന് അയാളെ മുറിവാതിൽക്കൽ എത്തിച്ചിട്ട് തിരിച്ചു പോയി.
അയാൾ ആടിയാടി മുറിയിലേക്ക് ചെന്നു. അപ്പോഴാണ് കട്ടിലിൽ ഇരിക്കുന്ന ഭാര്യയേക്കണ്ടത്. അയാൾക്ക് അത് ആരാണെന്നു മനസിലായില്ല. മദ്യത്തിൽ കല്യാണവും ഭാര്യയും എല്ലാം മുങ്ങിപ്പോയി. അയാളുടെ രൂപം കണ്ട അവൾ ഭയന്നുപോയി.
നീ ഏതാടി, കുഴഞ്ഞ ശബ്ദത്തിൽ അയാൾ അലറി.
“എന്റെ കിടക്കമുറിയിൽ കയറി കട്ടിലിൽ ഇരിക്കാൻ നീ വളർന്നോടി ശോശാമ്മേ.”
ങ്‌ഹേ.. വധു ഞെട്ടി. അവൾ മൊബൈൽ ഫോൺ ഓൺ ചെയ്ത് അയാളെ ശ്രദ്ധിക്കാത്തമട്ടിൽ ഇരുന്നു. അയാൾ അവളെ നോക്കിയോരോന്ന് പുലമ്പിക്കൊണ്ടിരുന്നു.
എടീ ശോശാമ്മേ നിന്നോടു ഞാൻ പലതവണ പറഞ്ഞിട്ടില്ലെ പുറത്തുള്ള ഇടപാടു മതി, വീട്ടിൽ വന്നേക്കരുതെന്ന്. ഒരുതവണ ബിസ്സിനസ് ടൂറെന്നും പറഞ്ഞു നിന്നെ കൂടെ കൊണ്ടുപോയപ്പോൾ നിനക്ക് പൈസ കുറച്ചു തന്നതിന് എന്റെ കഴുത്തിൽ കിടന്ന മാലയൂരി കൊണ്ടുപോയ കള്ളി, ഇപ്പോൾ കട്ടിലിലും കേറിയോ.
ഇറങ്ങടി.
അയ്യോ ഞാൻ ശോശാമ്മയല്ല. വധു മൊഴിഞ്ഞു.
പിന്നെ എന്റെ അരിഞ്ഞാണം ഊരിക്കൊണ്ടുപോയ തങ്കമണിയാണോടി.
അതുമല്ല, വധു ചിരിച്ചുകൊണ്ടു പറഞ്ഞു.
അയാൾ വിരലിൽ പെണ്ണുങ്ങളുടെ പേരെണ്ണാൻ തുടങ്ങി.
മാധവി, ദേവകി, സൂസി, ഓ കുറച്ചെണ്ണത്തിന്റെ പേരും marannupoyallo. അവറ്റകളല്ലെങ്കിൽ പിന്നെ നീയാരാ?
അതെ നിങ്ങൾ കല്യാണം കഴിച്ചുകൊണ്ടുവന്ന നിങ്ങളുടെ ഭാര്യയാ ഞാൻ.
നീയെന്റെ ഭാര്യയോ. കള്ളം പറയുന്നോ. ഞാൻ കല്യാണം കഴിച്ചിട്ടേയില്ല. നിന്റെ ചെകിടു ഞാൻ പൊട്ടിക്കും. അയാൾ മുന്നോട്ടാഞ്ഞു. എനിക്ക് ഒരുപാടു സ്ത്രീകളുമായി ചില ഇടപാടൊക്കെയുണ്ട്. പക്ഷെ അവരാരും ഭാര്യയാണെന്നും പറഞ്ഞു എന്റെ വീട്ടിൽ കയറിയിട്ടില്ല. നീ അവരെക്കാൾ കേമിയോ.
ഇറെങ്ങടി വെളിയിൽ. അയാൾ കാലുറക്കാതെ ആടിച്ചെന്ന് അവളുടെ തലമുടിക്കു പിടിച്ച് മുറിക്കു പുറംതള്ളി. ആ തള്ളലിൽ അവൾ വീണില്ല. പക്ഷേ അയാൾ മലർന്നടിച്ചു മുറിവാതിൽക്കൽ കിടന്നു.
അപ്പോൾ അവളുടെ അച്ഛന്റെ ശബ്ദം മൊബൈലിൽ മുഴങ്ങി.
“തെളിവു കിട്ടി. നാളെ ഡൈവേഴ്സിന്റെ വക്കീൽ നോട്ടീസ്. പിന്നെ അയാൾ തറയിൽ മലർന്നുകിടക്കുന്ന ഫോട്ടോയും കൂടി എടുത്തോ!
*******
About The Author
No related posts.