LIMA WORLD LIBRARY

ഡൊമാറ്റോ ക്കാലം – മിനി സുരേഷ്

ജനാലയുടെ ചില്ലുഗ്ലാസ്സിലൂടെ നീലിമ ചാലിച്ച ആകാശം മുറിയിലേക്കിറങ്ങി വരുന്നുണ്ടെന്നയാൾക്കു തോന്നി.
വെള്ളി മേഘക്കീറുകൾ
നിരനിരയായി ഒഴുകി നീങ്ങുന്നതു കാണുവാനും നല്ല ഭംഗിയുണ്ട്. പുലർച്ചെ ഉണർന്നതാണ്. പിന്നെ ആ സമയത്ത് ലൈറ്റും ഇട്ട് പുസ്തകവും വായിച്ചിരുന്നാൽ മകൾ സൗമ്യ വഴക്കു പറയുമെന്നോർത്ത് എഴുന്നേറ്റതേയില്ല. അങ്ങനെ വെറുതെ കിടന്ന് വീണ്ടുമൊന്ന് മയങ്ങിപ്പോയി.

ഫ്ലാറ്റിനു താഴെ പ്രഭാത സവാരി നടത്തുന്നവരുടെ സംസാരം കേൾക്കുന്നുണ്ട്. വയ്യ , ഈ തണുപ്പത്ത്
സെറ്ററുമൊക്കെയിട്ട് നടക്കാൻ.
ബാംഗ്ലൂരിൽ ഒക്ടോബർ ആകുമ്പോഴേക്കും തണുപ്പു തുടങ്ങും.രണ്ടു ദിവസമായി കഫത്തിന്റെ ഇത്തിരി ഉപദ്രവവും കാണുന്നുണ്ട്. ഈ കാലാവസ്ഥ അത്ര പിടിക്കുന്നില്ല. നാട്ടിലാണേൽ
പുലർച്ചെ ഉണർന്ന് ചൂടു കട്ടൻ കാപ്പിയും കുടിച്ച് കുറച്ച് സമയം വായന പതിവായിരുന്നു. പിന്നെ ചൂടുവെള്ളത്തിലൊരു കുളിയും പാസ്സാക്കി അമ്പലത്തിലേക്ക് ഒരു നടത്തം. എല്ലാത്തിനും ഒരു ചിട്ടയുണ്ടായിരുന്നു. തനിയെ താമസിക്കുവാൻ മകൾ സമ്മതിക്കുന്നില്ല.

രണ്ടു ബെഡ്റും ഫ്ലാറ്റാണ്. ഒരു മുറി തനിക്കു നൽകിയിട്ടുള്ളതിന്റെ ബുദ്ധിമുട്ട് ഇവിടെ നല്ലതു പോലെയുണ്ട്. ഓൺലൈൻ ക്ലാസ്സും , വർക്ക് ഫ്രം ഹോമും ഒക്കെ നടക്കുമ്പോൾ
കാലത്തിനനുസരിച്ച് പ്രായമായവരും
സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകണ്ടേ .
നാട്ടിലെ വീട്ടിൽ കഴിയുന്നതു പോലെ ഉച്ചത്തിൽ ടി.വി ഓണാക്കി ന്യൂസും കണ്ട് ചാരുകസേരയിൽ കിടക്കണമെന്ന് കരുതിയാൽ നടക്കുമോ ? മകളുടെ ഇളയ കുട്ടിക്ക് കഥയൊക്കെ പറഞ്ഞു കൊടുത്ത് കൂടെയിരുത്തുന്നത് തന്നെ അവൾക്കൊരാശ്വാസമാണ്.

വീട്ടുജോലികളിലും ആകാവുന്ന പോലൊക്കെ സഹായിച്ചു കൊടുക്കാറുണ്ട്.
” അച്ഛനെക്കൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ല ” മരുമകൻ ഇടക്ക് പറയാറുമുണ്ട്.

എങ്കിലും തിരിച്ചു പോകണം അവളുറങ്ങുന്ന മണ്ണിലേക്ക്. കാരണവന്മാരും ഉറങ്ങുന്നത് അവിടെയാണല്ലോ. വീട് കുറെക്കാലം അടച്ചിട്ടിരുന്നാലും ചിതലുമെല്ലാം കയറി നശിച്ചു പോകും.
വയറിന് വല്ലാത്ത ഒരസ്വാസ്ഥ്യം തോന്നുന്നു. രാത്രി ഭക്ഷണം തീരെ പിടിച്ചില്ല. ഇത്തിരി കഞ്ഞി കുടിച്ചിട്ട് കിടന്നാൽ ഒരു പ്രശ്നവും വരുന്നതല്ല. ഉറക്കവും സുഖമാകും.
മകളുടെ ജോലിയും, മീറ്റിംഗുകളും ഒക്കെ കഴിഞ്ഞപ്പോൾ രാത്രി ഒൻപതു മണി കഴിഞ്ഞിരുന്നു.
“അയ്യോ, എനിക്ക് വയ്യായേ … ഇനി അത്താഴമുണ്ടാക്കുവാൻ . നമുക്ക് ഡൊമാറ്റോയിൽ ഫുഡ് ഓർഡർ ചെയ്യാം. ”
സൗമ്യ തളർന്ന മട്ടാണ്.
” വീ വാണ്ട് പിസ … മമ്മീ ” കുട്ടികൾ രണ്ടു പേരും ഒരേ ശബ്ദത്തിൽപ്പറഞ്ഞു.

“നമുക്ക് ഓരോ ബർഗറിൽ ഡിന്നറൊതുക്കാം. വർക്ക് ലോഡ് കാരണം എനിക്കും ഇന്ന് ജിമ്മിൽ പോകുവാൻ സാധിച്ചിട്ടില്ല. ” മരുമകനും തന്റെ ഭാഗം വ്യക്തമാക്കി.
” അച്ഛന് ചപ്പാത്തി ഓർഡർ ചെയ്യട്ടേ … കുട്ടികൾക്കും ഉറക്കം വന്നു തുടങ്ങി “മകൾ ധ്യതി കൂട്ടി.
“ഓ, എന്തേലും മതി ”
അങ്ങനെ പറഞ്ഞെങ്കിലും അയാൾക്ക് ഉള്ളിൽനല്ല ദേഷ്യം
വന്നു. പക്ഷേ പുറമേ ഭാവിച്ചില്ല.
കുറച്ച് നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കഞ്ഞി താൻ തന്നെ വച്ചേനെ . അത്യാവശ്യം പാചകമൊക്കെ അറിയാം.

അര മണിക്കൂറിനുള്ളിൽ ഡോർ ബെല്ല് ശബ്ദിക്കുന്നതു കേട്ടു. രാത്രിയിലേക്കുള്ള
ആഹാരവുമായി ഡെലിവറി ബോയ് എത്തിക്കഴിഞ്ഞിരിക്കുന്നു.
“ഇനിയിപ്പം പ്ലേറ്റൊന്നും എടുക്കണ്ട. ഇതിൽ തന്നെയങ്ങ് കഴിക്കാം. പാത്രം കഴുകണ്ടല്ലോ” പൊതി തുറന്ന് ഭക്ഷണം മേശമേൽ നിരത്തുന്നതിനിടയിൽ മകൾ പറഞ്ഞു.
പഴകിയ എണ്ണച്ചുവയുള്ള വെജിറ്റബിൾ കറി. നെറ്റിചുളിക്കാതിരിക്കുവാൻ ഏറെ പാടു പെടേണ്ടി വന്നു.
“യ്യേ . ബർഗർ ഈസ് നോട്ട് ഗുഡ് . അച്ഛന്റെ കറി എങ്ങനെയുണ്ടെന്ന് നോക്കട്ടെ. ”
സൗമ്യ ഒരു കഷണം ചപ്പാത്തി പൊട്ടിച്ചെടുത്ത് വായിൽ വച്ചു നോക്കി.
“ഇതും ഒന്നിനും കൊള്ളത്തില്ല.
കംപ്ലയിന്റ് എഴുതിയിട്ടട്ടേ . പൈസ റീഫണ്ട് വന്നോളും “മകൾ മൊബൈൽ എടുത്തു.
” അതെന്തു പരിപാടിയാ ”
താൻ അത്ഭുതത്തോടെയാണ് ചോദിച്ചത്.
” അത് അച്ഛാ ..നമുക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലേൽ പരാതിപ്പെടാം. ക്യാഷ് മടക്കിക്കിട്ടും. ചിലരൊക്കെ വെറുതെ കുറ്റവും പറഞ്ഞ് പണം മേടിക്കാറുമുണ്ട്. ”
” മമ്മീ.. എങ്കിലീ പിസയ്ക്ക കൂടി കംപ്ലയിന്റ് എഴുതിയിട്ടേര്. റിട്ടേൺ മണി
കൊണ്ട് നാളെ കേക്ക് വിത്ത് ഐസ് ക്രീം വാങ്ങാലോ “. ടി.വി യിലെ കാർട്ടൂണും കണ്ട് ഭക്ഷണം കഴിക്കുന്നകൊച്ചു മകന്റെ തലയിലും ഉടനെ തെളിഞ്ഞു കുരുട്ടുബുദ്ധി.
“ആഹാ . കള്ളം പറഞ്ഞു പഠിക്കുന്നോ ..” സൗമ്യ അവനെ തല്ലാൻ കൈയ്യോങ്ങി.

അയാൾ സാധാരണ പോലെതടയുവാൻ പോയില്ല. കുട്ടികളിലെ ചീത്ത ചിന്തകൾ മുളയിലേ നുള്ളിക്കളയുക തന്നെ വേണം.
എങ്ങനെയോ ഒരു ചപ്പാത്തി കഴിച്ചെന്നു വരുത്തി കൈ കഴുകി.
” അച്ഛാ … ഈ വേസ്റ്റെല്ലാം പുറത്തേക്ക് എടുത്ത് വച്ചേക്ക് . ഹോ . ഒന്നു കിടക്കട്ടെ. നാളെ സാറ്റർഡേ ആയതിനാൽ വൈകിയേ ഉണരൂ. അച്ഛൻ രാവിലെ ലൈറ്റും ഓണാക്കി ശല്യപ്പെടുത്തരുത്. ഓക്കേ ..”.

മകൾ മുറിയിലേക്ക് പോയിക്കഴിഞ്ഞു.
മുൻ വശത്തെ വാതിൽ തുറന്ന് കടലാസ് പൊതികളെല്ലാം നീല നിറമുള്ള ബക്കറ്റിൽ ഇട്ടു. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പച്ചനിറമുള്ള ബക്കറ്റിലും.
എതിർ വശത്തെ ഫ്ലാറ്റുകളുടെ വാതിലുകളിലും ഭക്ഷണപ്പൊതികളുടെ പായ്ക്കറ്റുകൾ ബക്കറ്റുകളുടെ മുകളിലായി തലനീട്ടി നോക്കുന്നുണ്ട്. പെപ്സികളുടെയും , ബിയറിന്റെയുമൊക്കെ കുപ്പികളും ചിതറിക്കിടക്കുന്നു.
പുതിയ തലമുറയുടെ ആഹാര രീതികൾ തന്നെ മാറിയിരിക്കുന്നു. നാടൻ ഭക്ഷണം കഴിച്ചിരുന്ന പഴയ തലമുറക്ക് ആര്യോഗ്യമുണ്ടായിരുന്നു. രുചിയും, സൗകര്യവും തേടി ഇന്നത്തെ കുട്ടികൾ ഫാസ്റ്റ് ഫുഡുകളുടെ പിന്നാലെയാണ്.അതുകൊണ്ടെന്താ… ക്യാൻസർ പോലെയുള്ള രോഗങ്ങൾ വളരെ കൂടുതലായി .

സമയം എട്ടാകാറായല്ലോ. ഇതു വരെ ആരും ഉണർന്നില്ലല്ലോ. വല്ലാത്ത പരവേശം തോന്നുന്നു. രാവിലെ വയർ നല്ലപോലെ ഇളകിപ്പോയി. ഒരു ചൂടു ചായ കിട്ടിയിരുന്നെങ്കിൽ . .
ഷർട്ടിന്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ പെട്ടെന്നു ശബ്ദിച്ചു. അടുത്ത മുറിയിൽ നിന്നും സൗമ്യയാണല്ലോ ?
“എന്താ മോളേ …”
“അതേ. . അച്ഛാ … ഇപ്പോൾ ഡൊമാറ്റോയിൽ നിന്നും ബ്രേക്ക് ഫാസ്റ്റും ചായയും വരും. ഒന്നു വാങ്ങി വച്ചേക്ക് . കുറച്ചു സമയം കൂടി ഞാനൊന്നു കിടക്കട്ടെ. ”

വാതിൽ തുറന്നതും ഭക്ഷണപ്പൊതിയടങ്ങിയ കവർ ധൃതിയിൽ കൈയ്യിൽ നൽകി , നിമിഷ നേരം കൊണ്ട് ഡെലിവറി ബോയ് ലിഫ്റ്റിൽ കയറിക്കഴിഞ്ഞിരിക്കുന്നു. അവധി ദിവസമായതിനാൽ ഇതുപോലെ കുറെ ഫ്ലാറ്റുകളിൽ പ്രഭാത ഭക്ഷണവുമായി അയാൾക്ക് ഓടിയെത്തണമായിരിക്കും.

തല കറങ്ങുന്നതു പോലെ.
അയാൾ കവർ ഡൈനിംഗ് ടേബിളിൽ വച്ച് കസേരയിൽ ഇരുന്നു. കവറിനുള്ളിൽ ഭംഗിയായി സീൽ ചെയ്തു വച്ചിട്ടുള്ള ചായ ഗ്ലാസ്സ് തുറന്ന് പതുക്കെ ഊതിക്കുടിച്ചു.
അപ്പുറത്തെ മുറിയിൽ മക്കളെല്ലാവരും അപ്പോഴും നല്ല ഉറക്കമായിരുന്നു.
🙏🙏👍🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px