പൂതംകുളം – ചെറുകഥ – രജനി സുരേഷ്

കുറച്ചു പഴക്കമുണ്ട് . ഒരു പെരുമഴക്കാലത്ത് . പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേ ശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂർണമായും നശിച്ചത്രെ. ഇടമുറിയാതെ പെയ്ത മഴയിൽ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോൾ , കുളക്കരയോടു ചേർന്നുള്ള ഇടവഴിയും  തോടായി മാറി.
പണ്ടു പണ്ടാണ്. അന്ന് ഈ  കുണ്ടനിടവഴി ഉണ്ടായിരുന്നില്ലത്രെ. പൂതംകുളത്തിൽ നിന്ന്
 കുറുണിക്കുള
ത്തിലേക്ക് വെള്ളം ഒഴുകുന്ന തോടായിരുന്നു ഈ ഇടവഴി. മഴ കുറഞ്ഞ രണ്ടു വർഷങ്ങളിൽ ഈ തോടിലൂടെ വെള്ളം നീർ ചാലായി മെലിഞ്ഞൊഴുകിയപ്പോൾ നാട്ടുകാർ കുറുണിക്കുളത്തിലേക്കുള്ള നടത്തം അതിലൂടെയാക്കി. അങ്ങനെ വെള്ളം ഒഴുകിയിരുന്ന തോട് കുണ്ടനിടവഴിയായി . പിന്നീട് കുറുണിക്കുളത്തിലേക്ക് ഒരു എളുപ്പവഴി വെട്ടി ആ തോടിനെ വഴിയാക്കുകയായിരുന്നു എന്ന് കണ്ടമുത്തനും നല്ലമ്പൊരയും പറയുകയുമായിരുന്നു.
കണ്ടമുത്തന്റെയും നല്ലമ്പൊരയുടെയും യൗവനകാലത്താണത്രെ ആ വഴി വെട്ടിത്തെളിച്ചത്. അന്നേ അത് അപകടമാണെന്ന് താഴ് ത്തേലെ   മുത്തശ്ശി പറയുമായിരുന്നത്രെ ! കൂട്ടം കൂടി നടന്നു നടന്ന് ഗ്രാമവാസികൾ തോടിനെ പുതുവഴിയാക്കി മാറ്റി.
അക്കാലത്ത് കന്നുകാലികളെ കുളിപ്പിക്കുവാൻ കുറുണിക്കുളത്തിലേക്ക് പോകണമെങ്കിൽ ,താഴ്ത്തേ ലെ തൊടിയിലൂടെ നടന്ന്, ഇട്ട്യേശന്റെ ഞാവായത്തൊടിയിലെത്തി,പൂതംകുളക്കര താണ്ടി, തോടു ചാടിക്കടന്ന് കുറുണിക്കുള ത്തിലെത്തണമായിരുന്നു. ഇട്ട്യേശന്റെ നിരന്തര സമ്മർദ്ദം കൊണ്ടാണത്രെ താഴ്ത്തേലെ വീട്ടുകാര് തോടിനെ വഴിയാക്കാൻ അനുവദിച്ചത്. താഴ്ത്തേലെ മുത്തശ്ശി ആ നടപടിയെ  എതിർത്തിരുന്നു. വെള്ളത്തിനൊഴുകാൻ വഴിയില്ലെങ്കിൽ അത് നാശനഷ്ടങ്ങൾ വരുത്തുമെന്ന് മുത്തശ്ശി ഗുണദോഷിച്ചത്രേ !അന്നത് ഇട്ട്യേശനും താഴ്ത്തേലെ യുവാക്കളും പുച്ഛിച്ചുതള്ളി.
ഞാവായത്തൊടിയില് കന്നുകാലികള് മേയുന്നത് തടയുകയായിരുന്നു ഇട്ട്യേശന്റെ ഉദ്ദേശ്യം.തോടിന്റെ സമീപം ചൂണ്ടയിട്ടു നിൽക്കുന്ന ചെറുമക്കുട്ടികളുടെ ശല്യവും തീരുമെന്ന് താഴ്ത്തേലെ തറവാട്ടുകാരും കരുതി.
എത്രയോ കാലം മുൻപ് പടുത്തുയർത്തിയ കുളക്കടവിന്  വലിയ കേടുപാടുകളൊന്നും സംഭവിച്ചില്ല. എങ്കിലും പൂതംകുളം നിറഞ്ഞൊഴുകിയപ്പോൾ കുളത്തിന്റെ വക്കിനോടു ചേർന്ന  കുളപ്പുരയുടെ പല ഭാഗവും ഇടിഞ്ഞു വീണു. കുളപ്പുര നേരാക്കാൻ താഴ്ത്തേലെ യുവാക്കൾക്ക് വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. അതിനാൽ ആവശ്യത്തിന് ചെങ്കല്ലും മണ്ണും കുമ്മായവുമൊന്നും കിട്ടാതെ കണ്ടമുത്തൻ വലഞ്ഞു. എങ്കിലും കണ്ടമുത്തനും നല്ലൊമ്പരയും ചേർന്ന് കുളപ്പുരയുടെ അറ്റകുറ്റപ്പണികൾ തീർത്തു.
താഴ്ത്തേലെ പുതു തലമുറയിലെ യുവാക്കളും ഇട്ട്യേശന്റെ മകനും ചേർന്ന് ആ തോട് വീണ്ടും വഴിയാക്കാൻ പദ്ധതിയിട്ടു. ഇടവഴിയല്ല, പെരുവഴി തന്നെയായിരുന്നു ലക്ഷ്യം.
അന്ന് മുന്നറിയിപ്പ് നൽകാൻ താഴ്ത്തേലെ മുത്തശ്ശിയില്ല. വാർദ്ധക്യത്തിലെത്തിയ കണ്ടമുത്തനും നല്ലൊമ്പരയും പൂതംകുളത്തിന്റെ കിടപ്പുവശം പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.
അങ്ങനെ തോട് നികത്തി വഴിയാക്കി. മണ്ണിട്ട് മണ്ണിട്ട് പെരുവഴിയാക്കി. തെക്കേ കണ്ടത്തിന്റെ വിസ്തൃതി കുറഞ്ഞു. കുറുണിക്കുളത്തിലേക്ക് കന്നുകാലികളെ തെളിക്കുന്ന വർ മാത്രമല്ല, വലിയൊരു തക്കിടി മുണ്ടൻ സംഘവും ഈ പെരുവഴിയിലൂടെ പാഞ്ഞു നടന്നു.
പ്രതീക്ഷകളെ അസ്ഥാനത്താക്കി കടുത്ത വേനലിലും വറ്റാത്ത പൂതംകുളം  വരണ്ടു തുടങ്ങി. താഴ്ത്തേലെ തറവാട്ടുകാരുടെ തേച്ചുകുളി, മുങ്ങിക്കുളി, തീണ്ടിക്കുളി എല്ലാം നിലച്ചു.
കുറുണിക്കുളവും പൂതംകുളത്തിന്റെ നിലപാട് കൈക്കൊണ്ടു.
വർഷങ്ങൾ പലതു പിന്നിട്ടു. ഒരു തോരാ മഴയിൽ പൂതംകുളത്തിന്റെ സ്മാരകമെന്നോണം നിന്നിരുന്ന കുളപ്പുരയും നിലംപൊത്തി. കുളത്തിനോടു ചേർന്നുള്ള പെരുവഴിയിൽ വീടുകൾ പൊങ്ങി.
 പിന്നീട് കാലമെത്താതെ പെയ്ത തകർപ്പൻ മഴയിൽ പൂതംകുളവും കുറുണിക്കുളവും ഒലിച്ചു പോയി. ഇന്നവരെ ആ ഗ്രാമത്തിനറിയില്ലത്രേ !
രജനി സുരേഷ്
സൈകതം

LEAVE A REPLY

Please enter your comment!
Please enter your name here