അമ്മയോർമ്മകളിൽ ആദ്യമെത്തുന്നത് അടുക്കളയും രുചിയും വാത്സല്യവും കൂടി കലർന്ന സ്നേഹനിലാവാണ്…
അമ്മയോർമ്മകളിൽ രണ്ടാമത് വരുന്നത് രണ്ട് വാചകങ്ങളാണ് -“എന്റെ കൊച്ചിനെ തൊട്ടുപോകരുത്,
എന്റെ കൊച്ചിനെ കളിയാക്കരുത്…”
ചേട്ടൻമാർ തല്ലാനോടിക്കുമ്പോൾ എന്നെ ചേർത്തു പിടിച്ചു കൊണ്ട് അമ്മ പറയും”എന്റെ കൊച്ചിനെ തൊട്ടു പോകരുത്…”
വിറകടുപ്പിൽ പുക ഉയരും മുമ്പേ പലഹാര കൊതിയനായ ഞാൻ പാത്രവുമായി അടുക്കളയിൽ അമ്മയുടെ അടുത്തിരിക്കും…
പുട്ടു കുറ്റിയിൽ ആവി വരാൻ താമസിച്ചാൽ അക്ഷമനാകുന്ന എന്നെ ചേച്ചിമാർ കളിയാക്കുമ്പോൾ അമ്മ പറയും “എന്റെ കൊച്ചിനെ കളിയാക്കരുത്…”
അമ്മയോർമ്മകളിൽ മൂന്നാമത് വരുന്നത് പതിവായൊരു കവിതയും കഥയുമാണ്…
ഉറങ്ങാൻ നേരം
അമ്മ എന്നും പാടി തന്നത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കവിതകളാണ്…
അമ്മ എന്നും പറഞ്ഞു തന്നത് മാർക്കണ്ഡേയനെ രക്ഷിച്ച ശിവഭഗവാന്റെ കഥയായിരുന്നു…
പനി പിടിച്ചാൽ,
കാല് മുറിഞ്ഞാൽ,
കണ്ണ് കലങ്ങിയാൽ,
അമ്മയുടെ ആധിയും സ്നേഹവും എന്നെ വാരിപൊതിയും…
ലോകത്തിന്റെ ഏത് കോണിൽ പോയാലും,
ഏത് പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചാലും എന്റെ അമ്മയുടെ ആഹാരരുചിയോളം വരില്ല…
അമ്മയുടെ പാചകരുചിയുടെ പത്തിലൊരംശം പോലും എന്റെ ചേച്ചിമാർക്ക് കിട്ടിയിട്ടില്ല…
ഇന്നും തോരാമഴ പെയ്യുമ്പോൾ ഞാൻ എന്റെ അമ്മയുടെ
സ്നേഹചൂടറിയും…
ഇന്നും ഇടിമിന്നൽ കാണുമ്പോൾ ഞാൻ എന്റെ അമ്മയുടെ സ്നേഹചൂടറിയും…
ഒരിക്കൽ, ഒരിക്കൽ പോലും എന്റെ അമ്മ എന്നെ തല്ലിയിട്ടില്ല…
ഒരിക്കൽ, ഒരിക്കൽ പോലും എന്റെ അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടില്ല…
എല്ലാ അമ്മമാർക്കും എല്ലാ മക്കളും ഒരുപോലെയാണ്…
എന്നാലും…,
എല്ലാ അമ്മമാർക്കും ഏറ്റവും ഇളയവരോട് വാത്സല്യം കൂടുതലായിരിക്കും…
അഞ്ചാമനോമന കുഞ്ചുവായ എന്നെയാണ് അമ്മ കൂടുതൽ കൊഞ്ചിച്ചതും ലാളിച്ചതും…
അമ്മയോർമ്മകൾ പറഞ്ഞുതീർക്കാൻ കഴിയുന്നതല്ല…
അമ്മയോർമ്മകൾ അയവിറക്കി തീർക്കാനും കഴിയുന്നതല്ല…
ഇന്നത്തെ ദിനം മാത്രമല്ല എന്നത്തേയും ദിനം അമ്മയോർമ്മകൾ നിറഞ്ഞതാകട്ടെ……………………………..
About The Author
No related posts.