കുരിശിന്റെ വഴിയിലൂടെ ഒരു പദയാത്രയും കാൽവരിയിലെ മരണവും – മേരി അലക്‌സ് (മണിയ)

Facebook
Twitter
WhatsApp
Email

കുരിശിന്റെ വഴിയിലൂടെ ഒരു പദയാത്രയും കാൽവരിയിലെ മരണവും

മേരി അലക്‌സ് (മണിയ)

അഞ്ചാം ദിവസമായ പെന്തക്കോസ്തി ഞായറാഴ്ച തന്നെയാണ് കുരിശിന്റെ വഴിയിൽക്കൂടി നടന്ന് കാൽവരിയിലെത്താൻ സ്ലീബാ അച്ചൻ പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നത്. പത്ത് ദിവസത്തെ കാത്തിരിപ്പിന്റെ നാളുകളിൽ തന്നെ വിശുദ്ധനാട് സന്ദർശിക്കാൻ സാധ്യമായത് ഒരു ഉത്തമ കാര്യമായി എല്ലാവരും കരുതണം എന്നും, പലരും ആഗ്രഹിച്ച് ഇവിടം വരെ എത്തിയിട്ട് പല പല കാരണങ്ങളാൽ അതിനു സാധിക്കാതെ പോയിട്ടുണ്ട് എന്നു കൂടി അദ്ദേഹം പറഞ്ഞപ്പോൾ വിമാനയാത്രകളിലോ ബസ്സു യാത്രകളിലോ കടന്നുവന്ന വഴികളിലോ യാതൊരു പോറലുമേൽക്കാതെ കാത്തുസൂക്ഷിച്ച കർത്തൃകൃപയെ ഓർത്ത് സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്തു എല്ലാവരും. പലരും അതെടുത്തു പറഞ്ഞ് പ്രാർത്ഥിക്കുകയും നന്ദിസൂചകമായുള്ള പാട്ടുകൾ പാടി ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു.

പഴയ യെരുശലേം പട്ടണത്തിലാണ് കുരിശിന്റെ വഴിയും അബ്രഹാം ഇസഹാക്കിനെ ബലികഴിക്കാൻ കൊണ്ടുചെന്ന മോറിയ മലയും മറ്റു പല ക്രിസ്തീയ പ്രാധാന്യമുള്ള ചരിത്രസ്മാരകങ്ങളും. പലയിടങ്ങളിലായി എട്ട് കവാടങ്ങളുണ്ട് ആ പട്ടണത്തിന്റെ ഉള്ളിലേക്ക് കടക്കുവാൻ. ഒന്ന് ഒരിക്കലും തുറക്കാത്ത ഗോൾഡൻ ഗേറ്റാണ്, കർത്താവിന്റെ രണ്ടാമത്തെ വരവിൽ മാത്രമേ ആ കവാടം തുറക്കുകയുള്ളൂ എന്നാണ് അതിന്റെ പ്രാധാന്യം. ബാക്കി ഏഴ് കവാടങ്ങളും തുറന്നതാണ്. ഏതിലൂടെ അകത്തു പ്രവേശിച്ചാലും കാൽവരിയിലെത്താം എന്നുള്ളതാണ് യെരുശലേം പട്ടണത്തിന്റെ പ്രത്യേകത. ഈ ഗേറ്റുകളെ  ജാഫാ, ഡമാസ്‌കസ്,  ലയൺസ് അല്ലെങ്കിൽ സ്‌തേഫാനോസ്, സിയോൻ, ഹെറോദേസ്, ഗോൾഡൻ, ന്യൂ ഗേറ്റ്, ഡങ്ങ്ഗേറ്റ് അല്ലെങ്കിൽ കുപ്പ വാതിൽ എന്നാണ് അറിയപ്പെടുന്നത്.

ഈ എട്ട് ഗേറ്റുകളിൽ ഏറ്റവും തിരക്കേറിയതാണ് ജാഫാ ഗേറ്റ്. ദൈവത്തിന്റെ സുഹൃത്തിന്റെ കവാടം എന്നും ഇത് അറിയപ്പെടുന്നു. കൂറ്റൻ കൽത്തൂണുകളാൽ നിർമ്മിക്കപ്പെട്ടതാണ് ഈ ഗേറ്റ്. മൂന്നു വരികളിലായി ഓടുന്ന വാഹനങ്ങളാൽ ഈ ഗേറ്റ് എപ്പോഴും തിരക്കേറിയതായിരിക്കും. ഡമാസ്‌കസ് ഗേറ്റിലൂടെ കടന്നാൽ കൂടുതലും വ്യാപാര കേന്ദ്രങ്ങളാണ്. ഇതിലൂടെ പോയാൽ ഡമാസ്‌കസ് വരെ ചെല്ലാൻ കഴിയുമത്രേ. ലയൺസ് ഗേറ്റിലൂടെ കടന്നാൽ ക്രിസ്തീയ സംബന്ധികളായ കാഴ്ചകൾ പലതും കാണാൻ കഴിയും. മാതാവിന്റെ ജന്മഭവനം, ഹന്നയുടെ നാമത്തിലുള്ള ദേവാലയമായി രൂപപ്പെടുത്തിയിരിക്കുന്നു. കർത്താവിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച സ്‌തേഫാനോസ് സഹദായുടെ നാമത്തിലുള്ള ഒരു പള്ളി ഇതിനുള്ളിലാണ്. അതു കൊണ്ടാണ് ഈ ഗേറ്റിനെ സ്‌തേഫാനോസ് ഗേറ്റ് എന്നു കൂടി അറിയപ്പെടുന്നത്. ഹെറോദേസ് ഗേറ്റ്  ഹെറോദേസിന്റെ കൊട്ടാരത്തിലേക്കുള്ള വഴി സൂചിപ്പിക്കുന്നു. ഈ വഴിയിലൂടെയാണ് കുരിശിന്റെ പാതയിലേക്ക് കടന്നുചെന്നത്.

യേശുവിനെ ന്യായം വിധിച്ച് മുൾക്കിരീടം തലയിൽ ചാർത്തി ഭാരമേറിയ മരക്കുരിശ് തോളിൽ വച്ച് പടയാളികൾ ചമ്മട്ടികൾ കൊണ്ട് അടിച്ച് മുന്നോട്ടു നടത്തിക്കൊണ്ടു പോയ വഴികൾ. അത് ചെന്നെത്തുന്നത് കാൽവരിയിൽ ക്രിസ്തുവിനെ ക്രൂശിൽ തൂക്കിയ സ്ഥലത്താണ്. ഭൂമിയുടെ മദ്ധ്യത്തിലാണ് യേശുവിനെ ക്രൂശിൽ തൂക്കിയതെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ആകെ പതിനാല് സ്ഥലങ്ങളിലായാണ് കുരിശിന്റെ വഴി രൂപകൽപന ചെയ്തിട്ടുള്ളത്. കത്തോലിക്കാസഭ ദുഃഖവെള്ളിയാഴ്ചകളിൽ ഈ കുരിശിന്റെ വഴി പിൻതുടരാറുണ്ട്. വലിയ കുരിശുമായി പുരോഹിതരും ചെറിയ കുരിശുകളുമായി ജനങ്ങളും. ഒരു ഫർലോംങ്ങ് നടന്ന് ലയൺ ഗേറ്റിലെത്തി അവിടെയാണ് ബത്‌സൈദാകുളം. നൂറ് മീറ്റർ മുന്നോട്ടു നടക്കുമ്പോൾ യേശുവിനെ ക്രൂശ് മരണത്തിന് വിധിച്ച പീലാത്തോസിന്റെ അരമനയിരുന്ന സ്ഥലം. യേശുവിനെ തടവിൽ പാർപ്പിച്ച ജയിലും അതിനടുത്തുതന്നെയാണ്. ‘ഗ്രീക്ക് ഓർത്തഡോക്‌സ് പേട്രിയാർക്കേറ്റ് ഓഫ് ജെറുശലേം പ്രിസൺ ഓഫ് ക്രൈസ്റ്റ്’ എന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് കുരിശിന്റെ വഴിയിലെ ഒന്നാം സ്ഥാനം. അവിടെനിന്ന് അല്പസമയം ധ്യാനിക്കുകയും പ്രാർത്ഥിച്ച് മുന്നോട്ടു നടക്കുകയും ചെയ്ത് യേശുവിനെ മരക്കുരിശ് ചുമപ്പിക്കാൻ തുടങ്ങിയ സ്ഥലത്തെത്തി, അതായിരുന്നു രണ്ടാംസ്ഥാനം. മൂന്നും ഏഴും ഒൻപതും സ്ഥാനങ്ങളിൽ യേശു വീഴുന്ന ചിത്രങ്ങളുണ്ട്. നാലാം സ്ഥാനം ചാട്ടവാറടിയേറ്റ് വേദന കൊണ്ട് പുളഞ്ഞ് തോളിലിരിക്കുന്ന കുരിശിന്റെ ഭാരത്താൽ ഓരോ അടിയും പ്രയാസപ്പെട്ടു മുന്നോട്ടു വെച്ച് നീങ്ങുന്ന സ്വപുത്രനെക്കണ്ട് വിങ്ങിപ്പൊട്ടിക്കരയുന്ന മാതാവിന്റെയാണ്. കുരിശുമായി മല കയറാൻ കഴിയാതെ വന്ന യേശുവിന്റെ തോളിൽ നിന്ന് കുരിശു മാറ്റി കുറൈനക്കാരനായ ശീമോനെക്കൊണ്ട് ചുമപ്പിച്ചത്, യേശുവിന്റെ പരിതാപകരമായ അവസ്ഥയിൽ മനസ്സലിഞ്ഞ് വെറോനിക്ക എന്ന വിശുദ്ധ, തൂവാല കൊണ്ട് യേശുവിന്റെ മുഖം ഒപ്പുന്നത്, തന്റെ വേദനയിൽ മനം നൊന്ത് വിലപിക്കുന്ന യെരുശലേം സ്ത്രീകളെ യേശു സമാശ്വസിപ്പിക്കുന്നത്, എല്ലാം ചിത്രകാരന്മാർ വരച്ച് അതാത് സ്ഥലങ്ങളിൽ അക്കമിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. വിയർപ്പും രക്തവും പുരണ്ട മുഖം തൂവാലയിൽ പതിഞ്ഞതാണ് ക്രിസ്തുവിന്റെ മുഖം ലോകത്തിന് വെളിപ്പെടുത്തത്തക്കവിധം ചിത്രകാരന്മാർക്ക് വരയ്ക്കാൻ ലഭിച്ചത് എന്നാണ് ചരിത്രം നമ്മെ മനസ്സിലാക്കുന്നത്. ഒന്നുമുതൽ ഒൻപതുവരെയുള്ളവ വഴികളിൽക്കൂടിയും ബാക്കിയുള്ള അഞ്ച് മലമുകളിലായുമാണ് സൂക്ഷിച്ചിരിക്കുന്നത്. യേശുവിന്റെ വസ്ത്രം ഉരിഞ്ഞ് പങ്കിട്ടെടുത്തത്, ക്രൂശിൽ കിടത്തി ആണികൾ അടിക്കുന്നത്, കുരിശു നാട്ടിയത്, മരിച്ചു എന്നുറപ്പു വരുത്തി ക്രൂശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തിയത്, സുഗന്ധ ലേപനങ്ങൾ പൂശി കബറടക്കിയത്, ഇവയാണ് ആ അഞ്ച് സ്ഥാനങ്ങൾ.

കുരിശിന്റെ വഴികൾ ഒന്നൊന്നായി ഭക്ത്യാദരപൂർവ്വം കടന്നുചെന്നു ഒന്നോ രണ്ടോ പേർക്ക് മാത്രം കടക്കാവുന്ന കുത്തനെയുള്ള പടിക്കെട്ടിലൂടെ കഷ്ടം സഹിച്ച് മുകളിൽ പ്രവേശിച്ചപ്പോൾ അവിടെ പെന്തിക്കൊസ്തിയുടെ ശുശ്രുഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവിധത്തിലും മുന്നോട്ടു കടക്കാനാവാത്ത വിധം ആളുകളുടെ തിക്കും തിരക്കും. രണ്ടോ മൂന്നോ നിരകൾക്ക് മുന്നിലായി ഒരു സ്ത്രീ മോഹാലസ്യപ്പെട്ടു നിലത്തുവീണു. അന്വേഷണത്തിൽ അറിഞ്ഞു, അത് തിരുവനന്തപുരത്തു നിന്നും വന്ന മറ്റൊരു ഗ്രൂപ്പിലെ അംഗമാണെന്ന്. അവരോടൊപ്പം ഒരു ഡോക്ടർ ഉണ്ടായിരുന്നത് കൊണ്ടും, അവിടെത്തന്നെയുള്ള ഉദ്യോഗസ്ഥ വൃന്ദത്തിൽ ഡോക്ടർമാരും നേഴ്‌സുമാരും ഡ്യൂട്ടിക്കുണ്ടായിരുന്നതിനാലും പ്രഥമ ശുശ്രൂഷകൾ നൽകി അവരെ അടുത്തുള്ള ഏതോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ സംഭവം കൊണ്ട് എല്ലാവരും അടിയന്തിരമായി താഴേക്കിറങ്ങാൻ ആവശ്യപ്പെട്ടു, സ്ലീബാ അച്ചൻ അവരോടൊപ്പം ആശുപത്രിയിലേക്ക് പോയി. ആ സ്ത്രീയോടൊപ്പം അവരുടെ ഭർത്താവും മകളും ഉണ്ടായിരുന്നു എന്ന് പിന്നീടറിഞ്ഞു. ഒപ്പം അവരുടെ മരണവാർത്തയും. തലേന്നാണ് സ്ലീബാ അച്ചൻ പലരുടെയും അതുപോലുള്ള അനുഭവങ്ങൾ വിവരിച്ചത്, ഇപ്പോഴിതാ ഇവിടെയും എന്ന് ചിന്തിച്ചു പോയി.

പിന്നെ അവിടെ നിൽക്കുന്നതിലർത്ഥമില്ലാത്തതിനാൽ ഞങ്ങളെ അടുത്ത സ്ഥലത്തേക്ക് കൊണ്ടുപോകാൻ ബസ്സിൽ കയറ്റി. ഒലിവു മലയുടെ പടിഞ്ഞാറുവശം ഗദ്‌സമന, കിഴക്കുവശം ബഥാനിയാ. പത്ത് മിനിറ്റ് നടന്നാൽ എത്തും, പക്ഷേ കോട്ടമതിൽ തീർത്തിരിക്കുന്നതിനാൽ ചുറ്റിക്കറങ്ങിയാണ് ബസ്സ് ഓടിക്കൊണ്ടിരുന്നത്. ബഥാനിയായിൽ മാർത്തയും മറിയവും താമസിച്ച ഭവനം ഒരു കാത്തലിക് പള്ളിയായി സൂക്ഷിച്ചിരിക്കുന്നു. മരിച്ച് നാലാം ദിവസം ലാസറിനെ ക്രിസ്തു ഉയർപ്പിച്ചത് ഇവിടെയാണ്. ഉയർത്തെഴുന്നേറ്റ ലാസർ ശിഷ്യഗണത്തിൽ ചേർന്ന് തോമാശ്ലീഹാ ഇന്ത്യയിൽ എത്തിയത് പോലെ സൈപ്രസിലേക്ക് പോവുകയും അവിടെ സുവിശേഷം പ്രചരിപ്പിച്ച് അവിടെത്തന്നെ മരിച്ച് അടക്കപ്പെടുകയും ചെയ്തു എന്നതാണ് ചരിത്രം. ബഥാനിയായിൽ ‘ലാസറിനെ അടക്കിയ കല്ലറ’ എന്ന ബോർഡ് വെച്ച് യഹൂദന്മാർ സൂക്ഷിച്ചിരിക്കുന്നു. കാണുന്നതിന് പ്രത്യേക ചാർജ്ജും ഈടാക്കുന്നുണ്ട്. കല്ലിൽ വെട്ടപ്പെട്ടിരിക്കുന്ന കല്ലറയിലേക്ക് നാല്പതടി താഴെ കൽപ്പടവുകൾ ഇറങ്ങി വേണം എത്തുവാൻ, അടുത്തുള്ള അരുവിയിൽ നിന്ന് വെള്ളം ഒഴുകുന്നതിനാൽ കൽപ്പടവുകൾ എപ്പോഴും നനഞ്ഞാണിരിക്കുന്നത്. സദാസമയവും ഇലക്ട്രിക്ക് ബൾബുകൾ പ്രകാശം പരത്തി ക്കൊണ്ടിരിക്കുന്നു. നാലാം നൂറ്റാണ്ടിൽ ബൈസന്റയിൻ ചക്രവർത്തി പണികഴിപ്പിച്ച ദേവാലയം 1954-ൽ പുതുക്കിപ്പണിതു. ഈ മനോഹരമായ ദേവാലയത്തിന്റെ പിൻഭാഗത്താണ് കല്ലറ. പള്ളിയുടെ ഗോപുരത്തിന് നാലു നിലകളും മനോഹരമായ താഴികക്കുടങ്ങളുമുണ്ട്. ലാസറിന്റെ ഉയർപ്പിന്റെ ഓജസ്സുറ്റ ഒരു ചിത്രം ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്. പാലസ്തീനിലേക്ക് കയറുമ്പോൾ പ്രദേശം വൃത്തിഹീനമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികൾ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തു.

ചാവുകടലിന്നരികെ ബസ്സ് നിർത്തി. ചാവുകടൽ എന്നാൽ ഡെഡ്‌സീ. ഉല്പത്തി പുസ്തകത്തിൽ പ്രതിപാദിക്കുന്ന സോദോം, ഗോമോറ എന്നീ പട്ടണങ്ങളുടെ നാശം സംഭവിച്ച സ്ഥലമാണ് ചാവുകടലായി മാറിയത്. ദൈവ കല്പനകളനുസരിക്കാതെ സ്വവർഗ്ഗരതിയും ദുഷ്ടതയും നിറഞ്ഞ ജനങ്ങളെ ഉന്മൂലനാശം വരുത്തിയ സ്ഥലം. ലോത്തും രണ്ടു പുത്രിമാരും മാത്രമാണ് രക്ഷ പ്രാപിച്ചത്. ലോത്തിന്റെ ഭാര്യയാകട്ടെ പലായനം ചെയ്തവേളയിൽ നേടിയതെല്ലാം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ പുറകിലേക്ക് തിരിഞ്ഞുനോക്കി ഉപ്പുതൂണായി മാറിപ്പോവുകയും ചെയ്തതായാണ് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്.

രണ്ടു ബസ്സുകളിലെയും ഗ്രൂപ്പുകൾ ഇറങ്ങി ഗൈഡിന്റെ പുറകെ നടന്നു. പുരുഷന്മാർക്ക് പ്രത്യേകവും സ്ത്രീകൾക്ക് പ്രത്യേകവും ഡ്രസ്സിംഗ് റൂമുകൾ അവിടെയുണ്ടായിരുന്നു. ഡ്രസ്സുകൾ മാറി കുളിക്കാനുള്ളതിട്ട് എല്ലാവരും ചാവുകടലിലേക്കിറങ്ങി. ചാവുകടലിൽ ഇറങ്ങുന്നതിനു പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. കാൽമുട്ടുവരെ വെള്ളത്തിൽ ഇറങ്ങിച്ചെല്ലുക, കൈകൾ രണ്ടും പുറകിലേക്ക് വച്ച് ജലത്തിൽ അമർന്നിരിക്കുക, കാലുകൾ മെല്ലെ ഉയർത്തിപ്പിടിച്ച് കൈകൾ നിലത്തുനിന്ന് വിടുവിക്കണം. അപ്പോൾ താനെ വെള്ളത്തിൽ പൊങ്ങിക്കിടന്നു കൊള്ളും. ഒരിക്കലും കമിഴ്ന്നു കിടക്കാനോ നീന്തിത്തുടിക്കാനോ ശ്രമിക്കരുത്. വെള്ളം കണ്ണിലോ നാവിലോ പുരളാതെ സൂക്ഷിക്കണം. ഉപ്പുരസം കൂടുതലുള്ളതിനാൽ കണ്ണു നീറും. നാവിൽ കൈപ്പനുഭവപ്പെടും. നീറുന്നല്ലോ എന്ന് കരുതി വീണ്ടും കണ്ണ് തിരുമ്മുകയോ കഴുകുകയോ ചെയ്താൽ നീറ്റൽ കൂടുതലാകും. അതുപോലെ ഉള്ളിൽ ചെന്നാലും ഛർദിക്കാനുള്ള തോന്നൽ ഉണ്ടാകും. കുറേനേരം അപ്രകാരം കിടന്ന് ദേഹം മുഴുവൻ കടലിലെ ചെളിവാരി പൊത്തണം അതിനുശേഷം കരയിൽ കയറി വെയിൽ കൊള്ളണം. വീണ്ടും ഈ പ്രവർത്തി തുടരണം. ത്വക്ക് രോഗങ്ങൾക്കും ചർമ്മകാന്തിക്കും അത്യുത്തമമാണ് ചാവുകടലിലെ ഈ വിധമുള്ള കുളി. രാസപ്രവർത്തനം മൂലം ആഭരണങ്ങൾക്ക് നിറഭേദം വരുമെന്നുള്ളതു കൊണ്ട് അവയെല്ലാം ഊരി മാറ്റി വെച്ചിട്ട് വേണം വെള്ളത്തിലിറങ്ങാൻ. ഒരുമണിക്കൂറായിരുന്നു ചാവുകടലിലെ കുളിക്ക് ഞങ്ങൾക്ക് അനുവദിച്ചത്. ആ ഒരു മണിക്കൂർ എങ്ങനെ പോയി എന്ന് അറിയില്ല. തമാശകൾ പറഞ്ഞ് ചിരിച്ച് രസിച്ച് വാരിയെടുക്കാനും പരസ്പരം തേച്ച് സഹായിക്കാനും ചെളി കഴുകി കളയാനും, നാട്ടിലേക്ക് കൊണ്ടു വരാനായി പ്ലാസ്റ്റിക് കൂടുകളിൽ ചെളിവാരി എടുക്കാനും. കരയിൽ ദേഹം കഴുകാനുള്ള നല്ല വെള്ളവും ഡ്രസ്സുകൾ മാറാൻ പ്രത്യേക സംവിധാനവും ഉണ്ടായിരുന്നു. സമയമായി എന്ന അറിയിപ്പ് വന്നിട്ടും പലരും വെള്ളത്തിൽ കിടന്ന് മതിയാകാതെ കരയ്ക്ക് കയറുന്നതു കണ്ടു. ഒന്നോ രണ്ടോ പേർ മാത്രം ചാവുകടലിൽ ഇറങ്ങാതെ കരയിൽ കസേരകളിലിരുന്ന് കടലിലെ തമാശകൾ കണ്ട് രസിച്ച് സമയം പോക്കി.

ബസ്സിൽ കയറാൻ തിരികെ നടക്കുമ്പോൾ പടിക്കെട്ടിലായി ഒരു മനുഷ്യൻ കൈനീട്ടി ഭിക്ഷ യാചിച്ചിരിക്കുന്നത് കണ്ടു. പാവം നീഗ്രോ ഇമയനക്കമില്ലാതുള്ള ആ ഇരിപ്പ് കണ്ടപ്പോൾ എന്തെങ്കിലും കൊടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു പക്ഷെ കയ്യിൽ ഒരു ചില്ലിത്തുട്ട് പോലുമില്ല. പേഴ്‌സും ആഭരണങ്ങളും അടങ്ങിയ ബാഗ് ബസ്സിനുള്ളിൽ സൂക്ഷിച്ചിട്ടാണ് ഓരോരുത്തരും പുറത്തേക്ക് ഇറങ്ങിയത്. മാറാനുള്ള ഡ്രസ്സ് മാത്രം കരുതി. മുന്നോട്ടു നടക്കുമ്പോൾ പുറകിൽ ഒരു ബഹളവും കൂട്ടച്ചിരിയും കേട്ടു. മറ്റു ഭാഷകളിലുള്ള സംഭാഷണങ്ങളും അട്ടഹാസങ്ങളും. തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലായി അവിടെയിരുന്നിരുന്നത് ഒരു ഭിക്ഷക്കാരൻ അല്ല, ചെളിവാരി ശരീരം മുഴുവൻ പൂശിയ ഏതോ ഒരു ടൂറിസ്റ്റ് ആണെന്ന്. ജാള്യത മറച്ച് എല്ലാവരും ബസ്സിലേക്ക് കയറി. ബസ്സിനുള്ളിലെ തമാശകളും പൊട്ടിച്ചിരികളും പുറത്തുനിന്ന് കയറുന്നവർക്ക് കേൾക്കാമായിരുന്നു. ഇത് മാത്രമായിരുന്നില്ല ചിരിക്ക് കാരണം. വച്ച സ്ഥാനത്തുനിന്ന് നഷ്ടപ്പെട്ടു പോയ വസ്ത്രങ്ങളെക്കുറിച്ച്, വെള്ളത്തിലിറങ്ങിയപ്പോളുണ്ടായ തമാശകളെക്കുറിച്ച്, അങ്ങനെ അങ്ങനെ പലതും. പത്തു ദിവ സത്തെ കാത്തിരിപ്പിന്റെയും പെന്തിക്കോസ്തിയുടെയും നിശബ്ദതയും പ്രാർത്ഥനാനിരതയും അല്പം അയഞ്ഞ അവസരം.

അവിടെനിന്നും ഞങ്ങൾ പോയത് ജെറീക്കൊ പട്ടണത്തിലേക്കാണ്. ബസ്സ് മുന്നോട്ടു പോയപ്പോൾ ഗൈഡ് കൈചൂണ്ടി പറഞ്ഞു ഇതാണ് പരീക്ഷണ മല  എന്ന്. അതായത് ‘മൗണ്ട് ഓഫ് റ്റെംറ്റേഷൻസ്’ ആ മലമുകളിൽ നിന്നാണ് സാത്താൻ യേശുവിനോട് ‘എന്നെ താണുവണങ്ങിയാൽ ഇവിടെ നിന്നാൽ കാണാവുന്ന എല്ലാറ്റിന്റെയും അധിപൻ ആക്കാം’  എന്ന പ്രലോഭനത്തിലൂടെ ദൈവത്തെ പരീക്ഷിച്ചത്. നാല്പതു പകലും നാല്പതു രാവും ഉപവസിച്ച് പ്രാർത്ഥിച്ച കർത്താവിനെ, സാത്താൻ ആദ്യമായി പരീക്ഷിച്ചത് മരുഭൂമിയിൽ വച്ചാണ്. കല്ലിനെ അപ്പമാക്കുവാൻ പറഞ്ഞ്, രണ്ടാമതായി യെരുശലേം ദേവാലയത്തിന്റെ മുകളിൽ നിന്ന് ചാടുക എന്നുപറഞ്ഞ്, യേശു അവയ്‌ക്കെല്ലാം തക്ക മറുപടി നൽകി, സാത്താനെ നീ എന്നെ വിട്ടു പോക എന്ന് ശാസിച്ച് അവനെ ആട്ടിപ്പായിച്ച സ്ഥലം. ആറാം നൂറ്റാണ്ടിൽ ക്രിസ്തു താമസിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗുഹ അവിടെയുണ്ടത്രേ. അതിനു മുകളിലായി ഒരു ദേവാലയം പണികഴിക്കപ്പെട്ടെങ്കിലും പതിമൂന്നാം നൂറ്റാണ്ടിൽ അത് വിജനമാക്കപ്പെട്ടുപോയി. പത്തൊൻമ്പതാം നൂറ്റാണ്ടിൽ ഗ്രീക്ക് ഓർത്തഡോക്‌സ് സന്യാസിമാർ ഒരു സന്യാസമഠം അവിടെ സ്ഥാപിച്ചു, ‘ദ മൊണാസ്റ്റ്രി ഓഫ് റ്റെംറ്റേഷൻ’. ഇപ്പോഴും ആ മഠവും അതിൽ സന്യാസിമാരും അവിടെയുണ്ട്.

ഊണ് കഴിക്കാൻ പോയത് ജെറീക്കൊയിലെ ഒരു റസ്റ്റോറന്റിലാണ് ജെറീക്കൊയെന്ന പേരും. വഴിമധ്യേ കുള്ളനായ സക്കായി യേശുവിനെ കാണാനുള്ള ആഗ്രഹത്താൽ കയറിയിരുന്ന അത്തിവൃക്ഷം കാണുവാൻ സാധിച്ചു. രണ്ടായിരത്തിനു മേൽ വർഷങ്ങൾ പഴക്കമുള്ള ആ വൃക്ഷം പടർന്നുപന്തലിച്ച് നിൽക്കുന്നത് കണ്ടപ്പോൾ രോമാഞ്ചമണിഞ്ഞു. ചുവട് ഒരു വശം പൊള്ളയായി തുടങ്ങിയിട്ടുണ്ടെങ്കിലും ചുറ്റും ഇരുമ്പഴികൾ കൊണ്ട് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. വൃക്ഷത്തിന്റെ പഴക്കവും ക്രിസ്തുവിനെ കാണാൻ സക്കായി കയറിയിരുന്ന വൃക്ഷം എന്നും മറ്റുമുള്ള വിവരണങ്ങൾ ഒരു ഇരുമ്പു ഫലകത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഫോട്ടോകൾ എടുക്കുവാനുള്ള അവസരം പാഴാക്കാതെ പലരും ഗ്രൂപ്പായും കുടുംബമായും ഫോട്ടോകൾ എടുത്തു. വീണുകിടന്ന അത്തിയിലകളും കായ്കളും പെറുക്കിയെടുക്കാനാണ് ചിലർ ശ്രമിച്ചത്.

പല റസ്റ്റോറന്റുകളിലും ഈന്തപ്പഴം കഴിക്കുവാൻ തന്നുവെങ്കിലും സംസ്‌കരിച്ച് പായ്ക്ക് ചെയ്ത ഈന്തപ്പഴം വാങ്ങാൻ സാധിച്ചത് ഊണുകഴിച്ച ജെറീക്കോ റസ്റ്റോറന്റിന്റെ മുന്നിൽ നിന്നാണ്. ഒരു കിലോയുടെ പാക്കറ്റിന് എട്ട് ഡോളർ വില പറഞ്ഞെങ്കിലും മൂന്ന് നാല് പേർകൂടി കൂടുതൽ പാക്കറ്റുകൾ ഓർഡർ ചെയ്തപ്പോൾ അവർ വിലകുറച്ചു തരികയുണ്ടായി.

വീണ്ടും ബസ്സിൽ യാത്ര. വഴിക്കിരുപുറവുമുള്ള കാഴ്ചകൾ ഗൈഡ് വിവരിച്ചു കൊണ്ടിരുന്നു ചിലർ ഉച്ചയൂണു കഴിഞ്ഞുള്ള മയക്കത്തിലേക്ക് വഴുതി വീണു, മറ്റുചിലർ സൊറ പറയാനുള്ള അവസരമായി കണ്ട് തമാശകൾ പറഞ്ഞു ചിരിച്ച് രസിച്ചും രസിപ്പിച്ചും യാത്രയ്ക്ക് ഉന്മേഷം പകർന്നു. അകലെ ഗോലാൻ കുന്നുകളും അതിൽ മേഞ്ഞുനടക്കുന്ന ചെമ്മരിയാടുകളും അവയെ മേയ്ക്കുന്നവർ താമസിക്കുന്ന ടെൻറുകളും  കാണാമായിരുന്നു. കുന്നുകളിലെ ഗുഹകളിൽ നിന്നാണ് കുമുറാൻ ചുരുളുകൾ കണ്ടെടുക്കപ്പെട്ടത്. ‘എസിൻ’ ഗോത്രത്തിലെ പുരോഹിതന്മാർ എഴുതിയ വിശുദ്ധ ഗ്രന്ഥത്തിന്റെ ഭാഗങ്ങളായിരുന്നു അത്. കാണാതായ ഒരാട്ടിൻ കുട്ടിയെ തേടിയിറങ്ങിയ ഒരു ഇടയ ബാലൻ ഗുഹയിൽ ആട് കയറിയിരിക്കാമെന്ന് കരുതി ഒരു കല്ലെടുത്തെറിഞ്ഞു. കല്ല് എന്തോ ഒന്നിൽ തട്ടി ചിലമ്പിച്ച സ്വരം അവൻ കേട്ടു. പണ്ടെങ്ങോ മരിച്ചവരുടെ ദുരാത്മാവായിരിക്കാം അതിലെന്ന് കരുതി ഭയന്നോടിപ്പോയ അവൻ പിറ്റേന്ന് ഒരു സഹോദരനെയും കൂട്ടി ഗുഹക്കുള്ളിൽ കയറി. അകത്ത് വലിയ ഭരണികൾ ഇരിക്കുന്നതായും അതിൽ തുകൽ ചുരുളുകൾ വെച്ചിരിക്കുന്നതായും കണ്ടു. അവർ അതെടുത്ത് തുകൽ വ്യാപാരിക്ക് വിൽക്കുകയും ക്രിസ്ത്യാനിയായി രുന്ന തൂകൽ വ്യാപാരി അത് അവിടത്തെ മെത്രാപ്പോലീത്തയെ കാണിക്കുകയും അവയിൽ ഹീബ്രുഭാഷയിൽ എന്തോ എഴുതിയിരിക്കുന്നതായും കണ്ടെത്തി. വിദഗ്ധരായ ചിലരെ ക്ഷണിച്ചുവരുത്തി മെത്രാപ്പോലീത്താ അത് വായിപ്പിക്കുകയും അത് പഴയകാലത്തെ നിയമാവലികളും വിശുദ്ധ ബൈബിളിന്റെ ഭാഗങ്ങളുമാണ് എന്ന് മനസ്സിലാക്കി, ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി വീണ്ടും ഗുഹകൾ പരിശോധിച്ചപ്പോൾ തൊള്ളായിരത്തിനുമേൽ തുകൽ ചുരുളുകൾ, ലോഹലിഖിതങ്ങൾ ഇവ കണ്ടെടുക്കുവാൻ കഴിഞ്ഞു. അവയിൽ ഭൂരിഭാഗവും ജെറുശലേമിലെ യിസ്രയേൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിപ്പുണ്ട് ഇപ്പോഴും.

വീണ്ടും കാൽവരിയിലേക്ക്, രാവിലെ കാണാൻ സാധിക്കാതെ തിരികെ പോരേണ്ടി വന്നതുകൊണ്ട് രണ്ടാമതും കൊണ്ടുപോവുകയായിരുന്നു അവിടെ. കോട്ടയുടെ മറ്റൊരു വശത്തായിരുന്നു ബസ്സ് നിർത്തിയത്. അകലത്തായി പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ സ്ഥലത്ത് ഒരു പള്ളിയുണ്ട് അത് കണ്ടിട്ടാണ് മുന്നോട്ടു പോകുന്നത്. മുഖ്യ ഗോപുരത്തിനു മുകളിൽ കോഴിയുടെ ആകൃതി രൂപപ്പെടുത്തിവെച്ചിരിക്കുന്ന പള്ളിയായിരുന്നു അത്. അകത്ത് മറ്റു ദേവാലയങ്ങളിലെ രീതികൾ തന്നെ, ചുറ്റിനടന്ന് കണ്ട് എല്ലാവരും ഗൈഡിന്റെ പുറകെ നടന്നു.

രാവിലെ കുഴഞ്ഞുവീണ സ്ത്രീയുടെ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ പോയ സ്ലീബാ അച്ചനൊ മുൻപിൽ കടന്ന് പോയ മറ്റു അച്ചന്മാരോ ബസ്സിനുള്ളിൽ കുറച്ചുപേർ തങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയില്ല. ബസ്സിലുള്ളവരാകട്ടെ ഇറങ്ങിയവർ നേരെ കാൽവരിയിലേക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കിയുമില്ല. ഗൈഡിന്റെ വിവരണത്തിൽ ശ്രദ്ധിക്കാത്തത്കൊണ്ട് മൈലുകൾ താണ്ടി കടന്നു വന്നവർക്ക് യേശുവിനെ ക്രൂശിച്ച സ്ഥലമോ കബറടക്കിയ സ്ഥലമോ കാണാനാകാതെ മടങ്ങേണ്ടി വരിക എന്നത് താങ്ങാനാവുമായിരുന്നില്ല. പ്രായാധിക്യത്താലും, രാവിലെ കടന്നുചെന്ന സ്ഥലം തന്നെയല്ലേ ഇനിയും പോകേണ്ടതുണ്ടോ എന്ന ധാരണയാലും അവർ ബസ്സിനുള്ളിൽ ഇരിക്കുന്നു എന്ന് മാത്രമേ എല്ലാവരും ചിന്തിച്ചുള്ളു. എന്നാൽ ദുഃഖകരമായ ഒരു കാര്യമുണ്ടായത് ബസ്സിന്റെ ഡ്രൈവർ അവരെ വഴിയരികിൽ ഇറക്കിയിട്ട് ബസ്സ് കൊണ്ടുപോയി എന്നതാണ്. അയാൾക്ക് അത് ചെയ്യാതിരിക്കാൻ പറ്റുമായിരുന്നില്ല കാരണം അധികസമയം ബസ്സ് അവിടെ പാർക്ക് ചെയ്യുവാൻ പറ്റുമായിരുന്നില്ല. അതിനുള്ള പാർക്കിംഗ് സ്റ്റേഷൻ കുറച്ചു മാറിയാണ് അവിടെ കൊണ്ടുചെന്ന് വേണം പാർക്ക് ചെയ്യാൻ.

കാൽവരി കാണാൻ ക്യൂ പാലിച്ച് കാത്തുനിന്നവർക്ക്,  കൂടെ വന്നവർക്ക് അത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ എന്ന വ്യസനമായിരുന്നു. അച്ചനോട് സംസാരിച്ച് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാനാകുമോ എന്ന് പരിശ്രമിച്ചു നോക്കിയെങ്കിലും അവരെ തിരികെ ഹോട്ടലിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് എന്ന അറിയിപ്പാണ് ലഭിച്ചത്. പിന്നീട് ഒന്നും ഉരിയാടാതെ എല്ലാവരും വിശുദ്ധ കബർ കാണാൻ മുന്നോട്ടു നീങ്ങി. വലിയ മനോഹരങ്ങളായ സ്തൂപങ്ങളാൽ അലംകൃതമായ ഒരു സമുച്ചയമാണ് ഈ ഭാഗം. പതിനാല് കുരിശിന്റെ വഴികളിൽ പത്ത് മുതലുള്ള ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പണിതീർത്ത അതിവിശുദ്ധമായ ദേവാലയം. ഇതിന്റെ അൾത്താരയിൽ ക്രൂശിതരൂപവും വലതുവശത്തായി വിശുദ്ധ മാതാവിന്റെയും വശങ്ങളിൽ മാർത്തമറിയമാരുടെയും പുറകിലായി യോഹന്നാൻശ്ലീഹായുടെയും ചിത്രങ്ങൾ. മുകളിലായി പീഡാനുഭവങ്ങളുടെ പടങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. അണയാത്ത തൂക്കുവിളക്കുകളാൽ അലംകൃതമാണ് വിശുദ്ധ കബർ. ഒരാൾക്കുമാത്രം തലകുനിച്ചു പ്രവേശിക്കത്തക്കവിധം ഇടുങ്ങിയ വാതിൽ. അവിടെ കടന്നെത്താനും അതിൽ നെറ്റിമുട്ടിച്ച് പ്രാർത്ഥിക്കാനും തൊട്ടു നമസ്‌കരിക്കുവാനും ലഭിച്ച അസുലഭ നിമിഷങ്ങളെ ഓർത്ത് ദൈവത്തെ ഇന്നും സ്തുതിക്കുന്നു.  എല്ലാവരുടെയും പേരുകൾ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു. ആഗ്രഹം ഉണ്ടായിരുന്നിട്ടും കൂടെ കൂട്ടാൻ സാധിക്കാതെ വന്ന മകളും കൊച്ചുമകളും. അവരെ ഓർത്ത് മനംനൊന്തു പ്രാർത്ഥിച്ച നിമിഷങ്ങൾ. ദൂരത്തായിരിക്കുന്ന ഭർത്താവിനോട് ഒത്തുചേരാനുള്ള വിസയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ. ആ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി എന്നറിഞ്ഞ അവസരം അതിന്റെ പിന്നാലെ ഉണ്ടായി എന്നു കൂടി ഇവിടെ സാക്ഷ്യപ്പെടുത്തട്ടെ. ദൈവതിരുനാമം മഹത്വപ്പെടട്ടെ.

രാവിലെ കടന്ന് ചെന്ന സ്ഥലത്തായിരുന്നു യേശുവിന്റെ വസ്ത്രമുരിഞ്ഞു ചീട്ടിട്ടെടുത്തതും ക്രൂശ് നിലത്തിട്ട് യേശുവിനെ ആണികൾ കൊണ്ട് തറച്ചതും. പത്തൊൻപത് നടകൾ നടന്നു കയറിയാണ് ഈ സ്ഥലത്തെത്തിയത്. ഈ ഭാഗം ഒരു റോമൻ കാത്തലിക് ചാപ്പലായി രൂപപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ ക്രൂശ് ഉയർത്തിനാട്ടിയത് അതിന്റെ ഇടതുഭാഗത്തായാണ്. ആ കുഴി ഇപ്പോഴും സ്പടികപേടകത്തിനുള്ളിൽ സംരക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മരണസമയത്ത് പിളർന്നു പോയ പാറ ഇവിടെ കാണാൻ കഴിഞ്ഞു. കള്ളന്മാരെ ക്രൂശിൽ തറച്ചത് അൾത്താരയുടെ ഇരുവശത്തുമായി കാണാൻ സാധിക്കും ഈ അൾത്താര ഗ്രീക്ക് ഓർത്ത ഡോക്‌സിന്റെയാണ്. ‘വെർജിൻ മേരി ഓഫ് സോറോസ് ‘ എന്നാണ് ഇത് അറിയപ്പെടുന്നത്. യേശുവിന്റെ ക്രൂശ് മരണ സമയത്ത് മാതാവും മറ്റ് സ്ത്രീകളും വിലപിച്ചുകൊണ്ട് നിന്നിരുന്ന സ്ഥലം.

അവിടെനിന്ന് താഴേക്കിറങ്ങുമ്പോൾ ഇടതുവശത്തായി കാണപ്പെടുന്നത് കർത്താവിനെ ക്രൂശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തിയതും പിന്നീട് യൗസേഫും നിക്കോദീമോസും കൂടി കർത്താവിന്റെ തിരുശരീരത്തിൽ ശീലകൾ പൊതിഞ്ഞ് സുഗന്ധദ്രവ്യങ്ങൾ പൂശിയ സ്ഥലം. ആറടി നീളവും മൂന്നടി വീതിയുമുള്ള സ്വർണ്ണനിറമുള്ള ഒരു മാർബിൾ ശില അവിടെയുണ്ട്. ‘ലേപന ശില’ അല്ലെങ്കിൽ ‘ദ സ്റ്റോൺ ഓഫ് അനോയ്റ്റിംഗ്’ എന്നാണറിയപ്പെടുന്നത്. അതിൽ നെറ്റി തൊടുവിച്ചു വണങ്ങുമ്പോൾ മൂക്കിൽ തുളഞ്ഞു കയറിയ സുഗന്ധവാസന, അതിൽ സ്പർശിച്ചപ്പോൾ കയ്യിൽ ലഭ്യമായ സുഗന്ധം ഇവയൊന്നും മനസ്സിൽ നിന്നും മായാതെ ഇപ്പോഴും പിൻതുടരുന്നു.

കാൽവറിയിൽ നിന്നിറങ്ങുമ്പോൾ വലതുവശത്തായി ‘ആദംസ് റ്റോമ്പ്’ കാണാം. ആദാമിന്റെ തലയോട്ടി അടക്കം ചെയ്ത സ്ഥലം. ഇതിനു നേരെ മുകളിലായാണ് യേശുവിന്റെ കുരിശ് നാട്ടിയ കുഴിയുടെ സ്ഥാനം. അബ്രഹാം പുത്രനെ ബലികൊടുക്കാൻ പീഠം ഒരുക്കിയ മോറിയ മല ഇവിടെയാണ്. പിൽക്കാലത്ത് ഹെലനി രാജ്ഞി യേശുവിന്റെ കുരിശ് കണ്ടെടുത്ത സ്ഥലവും ഇതിനടുത്ത് തന്നെയാണ്.ആ സ്ഥാനത്ത് ഒരു അൾത്താര പണിയപ്പെട്ടിട്ടുണ്ട്.

ഹെലനി രാജ്ഞി യേശുക്രിസ്തുവിന്റെ കുരിശ് കണ്ടെടുത്തതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. ക്രിസ്തുവിന്റെ ജീവിതവിശുദ്ധിയും പീഡാനുഭവങ്ങളും ദാരുണമായ അന്ത്യവും മൂന്നാം ദിവസമുണ്ടായ ഉയർത്തെഴുന്നേൽപ്പും കേട്ടറിഞ്ഞ രാജ്ഞിക്ക് യേശുവിനെ തറച്ച കുരിശ് കണ്ടെടുക്കണമെന്ന് തോന്നി. സേവകരെ അയച്ച് പലവിധത്തിൽ അന്വേഷിച്ചതിനാൽ ഒരു കാട്ടിനുള്ളിലെ ഒരു കുളത്തിലേക്കാണ് കുരിശ് എറിഞ്ഞത് എന്ന് മനസ്സിലായി. കാടു തെളിപ്പിച്ചു കുളത്തിൽനിന്ന് കുരിശ് കണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചു. പക്ഷേ കണ്ടെടുത്തത് മൂന്ന് കുരിശുകളാണ് ക്രിസ്തുവിന്റെയും രണ്ട് കള്ളന്മാരുടെയും, ഇതിലേതാണ് ക്രിസ്തുവിനെ തറച്ച കുരിശ് എന്നറിയാനായിരുന്നു പിന്നീടുള്ള ശ്രമം. അതുവഴി ഒരു മൃതശരീരം കൊണ്ടുവരികയും അത് ഈ മൂന്ന് കുരിശുകളിൽ സ്പർശിപ്പിക്കുകയും ചെയ്തു. ഒരു കുരിശിൽ തൊടുവിച്ചപ്പോൾ മൃതശരീരത്തിൽ ജീവൻ വരുകയും അയാൾ യേശുവിനെ സ്തുതിച്ചുകൊണ്ട് കൂടെ വന്ന ആൾക്കാരോടൊപ്പം നടന്നു പോവുകയും ചെയ്തു. അത്ഭുതം നടന്ന ആ കുരിശാണ് യേശുവിന്റേതെന്ന് മനസ്സിലാക്കി ഇപ്പോഴും അത് സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

തിരികെ ഹോട്ടലിൽ എത്തിയപ്പോൾ കാൽവരി കാണാനാവാതെ പാത വക്കിൽ കാത്തുനിന്നവരുടെ ആ സമയത്തെ അനുഭവങ്ങൾ പങ്കിട്ടതു കേട്ടപ്പോൾ ഞങ്ങൾക്കും ദുഃഖം തോന്നി. അവരിൽ പ്രായംകൂടിയ രണ്ടുപേർക്ക് തണുപ്പിന്റെയും ആധിയുടെയും വിഷമതകൾ മൂർച്ഛിച്ച് ടെൻഷൻ വർദ്ധിക്കുകയും വിറയലും ഹൃദയമിടിപ്പ് കൂടുകയും ചെയ്തു .കൂടെയുണ്ടായിരുന്നവരിലൊരാൾ സ്വന്തം ജാക്കറ്റ് ഊരി ധരിപ്പിച്ചു താൽക്കാലിക ശമനം വരുത്തി. ഒരാൾക്ക് ടോയ്‌ലറ്റിൽ പോകേണ്ട അത്യാവശ്യം തോന്നിയതുകൊണ്ട് അപരിചിതമായ ആ സ്ഥലത്ത് അന്വേഷിച്ച് കണ്ടുപിടിച്ച് കൂട്ടിക്കൊണ്ടുപോയി കാര്യം നിർവ്വഹിപ്പിച്ചു. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾ തിരഞ്ഞെടുത്ത വഴിയാകട്ടെ മുന്നിൽ കണ്ട ഒരു വണ്ടിക്കുള്ളിൽ കടന്നിരുന്നതാണ്. അകത്ത് കയറിയപ്പോഴുണ്ടായ അനർത്ഥങ്ങൾ അദ്ദേഹത്തെയും കൂടെയുണ്ടായിരുന്നവരെയും കൂടുതൽ ടെൻഷനിലാക്കി. വണ്ടിയുടെ ഡോർ അടഞ്ഞു പോകയും പുറത്തുനിന്നവർക്ക് അത് തുറക്കാനാകാതെ വരികയും ചെയ്ത ആ അവസരം ഒന്നോർത്തു നോക്കുക. ഭാഗ്യത്തിന് അതിന്റെ ഡ്രൈവർ അടുത്തെവിടെയോ നിന്നിരുന്നു. ഭാഷ അറിയാതിരുന്നിട്ടും അയാൾ കാണിച്ച ആംഗ്യങ്ങളിലൂടെ വണ്ടിയ്ക്കുള്ളിലുണ്ടായിരുന്ന അതിന്റെ റിമോട്ട് കണ്ടെത്തി. പിന്നീട് അത് അയാളെ ഏൽപ്പിക്കുന്ന തത്രപ്പാടായിരുന്നു. വീണ്ടും ആംഗ്യത്തിലൂടെ വണ്ടിക്കുണ്ടായിരുന്ന തുറക്കാവുന്ന ഒരു ചെറിയ ജനൽ തുറപ്പിച്ച് അത് ആ മനുഷ്യനെ ഏൽപ്പിച്ച് ഡോർ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞപ്പോഴാണ് ഉള്ളിൽപ്പെട്ടുപോയ ആൾക്കും പുറത്ത് കാത്തു നിന്നവർക്കും സമാധാനം കൈവന്നത്. അതിബുദ്ധി ആപത്തായിമാറിയ ആ അവസരത്തിൽ അവർ അനുഭവിച്ച ആധിയും വേവലാതിയും എത്ര പറഞ്ഞിട്ടും തീരുന്നതായിരുന്നില്ല. ഒപ്പം കാൽവരി കാണാൻ പറ്റാത്തതിന്റെ ദുഃഖവും അമർഷവും. എത്ര ശ്രമിച്ചിട്ടും അത് അവർക്ക് സാധ്യമാക്കി കൊടുക്കുവാൻ സ്ലീബാ അച്ചന് കഴിയുമായിരുന്നില്ല കാരണം സന്ദർശന സമയം കഴിഞ്ഞ് അത് അടച്ചു കഴിഞ്ഞിരുന്നു. പിറ്റേന്നാണെങ്കിൽ യെരുശലേം വിട്ട് ഈജിപ്റ്റിലേക്ക് പുറപ്പെടേണ്ടതും. ആറ് മണിക്ക് തന്നെ പുറപ്പെടണമെന്നും താമസിക്കുന്ന മുറികളിൽ ഒന്നും തന്നെ വിട്ടിട്ടു പോകരുതെന്നും എല്ലാം നോക്കി താക്കോൽ ഏൽപ്പിക്കണമെന്നുമുള്ള നിർദ്ദേശം ലഭിച്ച് ഞങ്ങൾ പതിവുപോലെ ഡൈനിംഗ് ഹാളിലേക്ക് കടന്നു. യിസ്രായേലിലെ അവസാനത്തെ അത്താഴം. കയ്യിലിരുന്ന പിക്കിളും സമ്മന്തിപ്പൊടിയും പരസ്പരം കൈമാറി ആഹാരം കഴിച്ച് വയറു നിറച്ച് അവരവരുടെ റൂമുകളിലേക്ക് പോയി. യാത്രയുടെ ക്ഷീണം കൊണ്ട് ഉറക്കം കണ്ണുകൾക്ക് കനം കൂട്ടിയെങ്കിലും അവിടവിടെ ചിതറിയിട്ടിരുന്ന സാധനങ്ങളെല്ലാം നോക്കിയെടുത്ത് ബാഗുകളും പെട്ടികളും റെഡിയാക്കി വെച്ച് സുഖമായ ഒരു കുളിയും കഴിഞ്ഞ് ഉറങ്ങാൻ കിടന്നു.

 

(തുടരും………)

 

About The Author

Leave a Reply

Your email address will not be published. Required fields are marked *