മാലാഖ പൂമ്പാറ്റ – മിനി സുരേഷ്

ഒരു പാവപ്പെട്ട കച്ചവടക്കാരന്റെ മകളാണ് ബിൻസിമോൾ.മറ്റു കുട്ടികളെപ്പോലെ നല്ല ഉടുപ്പുകളോ,കളിപ്പാട്ടങ്ങളോ ഒന്നും അവൾക്കില്ലായിരുന്നു.അതിലൊന്നും പരാതിയില്ലാതെ വളരെ സന്തോഷമായി അച്ഛനോടും.,അമ്മയോടുമൊപ്പം അവൾ കഴിഞ്ഞു.
അവൾക്ക് പൂച്ചെടികൾ വലിയ ഇഷ്ടമാണ്.
എന്നാൽ ആകൊച്ചു വീടിന്റെ മുറ്റത്ത് സ്ഥലം കുറവായതിനാൽ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന കുപ്പികളും,പാട്ടകളും ഒക്കെ പെറുക്കിയെടുത്ത് ചായം പുരട്ടി ഭംഗിയാക്കിയാണ്
പൂച്ചെടികൾ നട്ടിരുന്നത്.അവളുടെ പൂന്തോട്ട
ത്തിൽ നിന്നും തേനുണ്ണുവാൻ ദിവസവും ധാരാളം
പൂമ്പാറ്റകളും,കിളികളും എത്തുമായിരുന്നു.
ഒരു സ്വർണ്ണച്ചിറകുള്ള പൂമ്പാറ്റക്ക് അവളോട്
വലിയ സ്നേഹമായിരുന്നു.അത് എന്നും അവളുടെ
കുഞ്ഞിക്കവിളിൽ നല്ലൊരു ചക്കരമുത്തം കൊടുക്കും.എന്നിട്ട് ചുറ്റുമൊന്ന് പാറി നടന്നിട്ട്
പറന്നു പോകും.

ഒരു ദിവസം ഒരു ദുഷ്ടനായ പക്ഷി അവിടെ എത്തി. പാറിക്കളിച്ചു കൊണ്ടിരുന്ന പൂമ്പാറ്റയെ
അത് കൊത്തിത്തിന്നാൻ ചെന്നു.പൂമ്പാറ്റ പേടിച്ച്
ബിൻസി മോളുടെ കീറിയ ഉടുപ്പിനിടയിൽ ഒളിച്ചു.
അവളും,അമ്മയും ചേർന്ന് ആ പക്ഷിയെ അടിച്ചോടിച്ചു.ഉടനെ പൂമ്പാറ്റ സുന്ദരിയായ ഒരു മാലാഖയായി.
“സ്വർഗ്ഗത്തിൽ നിന്നും ഭൂമി കാണുവാനെത്തിയ മാലാഖയാണ് ഞാൻ. ഒരു ദുർമന്ത്രവാദി എന്നെ പൂമ്പാറ്റയാക്കി. പക്ഷിയുടെ വേഷത്തിൽ എത്തിയ അവന്റെ കൈയ്യിൽ പെട്ടിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ശാപമോക്ഷം ലഭിക്കുകയില്ലായിരുന്നു.നല്ലവളായ പെൺകുട്ടി, നീ
എന്നെ രക്ഷിച്ചു.നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും ഇതോടെ മാറുന്നതാണ്”സ്വർണ്ണച്ചിറകു വീശി
അവരെ അനുഗ്രഹിച്ചിട്ട് മാലാഖ സ്വർഗ്ഗത്തിലേക്ക്
പറന്നു പോയി.
മാലാഖയുടെ അനുഗ്രഹം ലഭിച്ച ശേഷം ബിൻസിമോളുടെ അച്ഛന് കച്ചവടത്തിൽ വലിയ
ലാഭം കിട്ടി. അവൾക്ക് വലിയ വീടും,ധാരാളം
ഉടുപ്പുകളും കിട്ടി.വീടിന്റെ മുറ്റത്ത് അവൾ വലിയൊരു പൂന്തോട്ടം വച്ചു പിടിപ്പിച്ചു . ധാരാളം
കിളികളും,പൂമ്പാറ്റകളും,അണ്ണാറക്കണ്ണന്മാരുമെല്ലാം
അവൾക്ക് കൂട്ടുകാരായി അവിടെ എത്തി.

ഗുണപാഠം.നല്ല പ്രവൃത്തി ചെയ്യുന്നവർക്ക് ഈശ്വരൻ നന്മ പ്രതിഫലമായി നൽകും.

മിനി സുരേഷ്
സാമപ്രിയ മതുമല

LEAVE A REPLY

Please enter your comment!
Please enter your name here