മരണവൃത്താന്തം – മിനിക്കഥ – സാക്കിർ – സാക്കി നിലമ്പൂർ

“ആരാണ്പ്പൊ , കുഞ്ഞയ്മീന്റെ
മകള് , റുക്കിയാനെക്കെട്ടിച്ചോട്ത്ത് പോയി ഈ വിവരം ഒന്ന് അറിയിച്ച്വാ….. ?
ഇന്നാല് ഓളെ ,
അങ്ങനെ ബേജാറാക്കാനും പറ്റൂല…!
ഒര് നേക്ക്ലൊക്കെ പറേണം..
ഓളെ അത്തര്ക്കും ഇശ്റ്റെയ്നു
കുഞ്ഞയ്മീന് … ”
മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ ബാപ്പു ഹാജിയാണ് ചോദിച്ചത്.

“അയ്ന് ,
ഞമ്മളെ കുഞ്ഞാണി പൊയ്ക്കോളും. ഓനാ അയ്നൊക്കെ നല്ലത്. ഓനാവുമ്പോ ഒര് ഐഡീലൊക്കെ , സംഗതി
പർഞ്ഞോളും. ”
കുഞ്ഞാപ്പ പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി .

ഈ കുഞ്ഞാണി ,
കുഞ്ഞിമുഹമ്മദിന്റെ അയൽവാസിയും മകൾ റുക്കിയയുടെ ബാല്യകാല സുഹൃത്തും കൂടിയാണ്. സ്വതവേ ഒരു നാണംകുണുങ്ങി.
പഞ്ചപാവം.

രാത്രി ഒമ്പത് മണിക്കാണ്
കുഞ്ഞിമുഹമ്മദിന്
നെഞ്ച് വേദന വന്നത്. പെട്ടെന്ന് വണ്ടി വിളിച്ചു എല്ലാവരും കൂടി ഹോസ്പിറ്റലിലെത്തിച്ചു. പക്ഷേ, ഹോസ്പിറ്റലിൽ
എത്തുമ്പോഴേക്കും റൂഹ് പിരിഞ്ഞിരുന്നു.

അങ്ങനെ
കുഞ്ഞാണി ,
മരണവിവരമറിയിക്കാൻ റുഖിയയെ കല്യാണം കഴിച്ചയച്ച വീട്ടിലെത്തിയപ്പോൾ സമയം ഏകദേശം പത്ത് മണി.

വീട്ടുകാരെല്ലാം അത്താഴം കഴിഞ്ഞ് കിടക്കാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടത്.
റുഖിയ ചെന്ന് വാതിൽ തുറന്നു.

“ങആ … ആരാപ്പദ് ..?
കുഞ്ഞാണ്യോ ?”
അയൽവാസിയും തന്റെ കളിക്കൂട്ടുകാരനുമായ കുഞ്ഞാണിയെക്കണ്ട് അവൾ ആശ്ചര്യപ്പെട്ടു.

“കയര് കുഞ്ഞാണ്യേ …
കയരിക്കുത്തിരിക്ക്. ”
അവൾ അകത്തേക്ക് ക്ഷണിച്ചു.

“എന്തേപ്പൊ ഇജ്ജ് പോന്നത്..?”
അവൾ ചോദിച്ചു.

“നോക്ക് … ഒറ്റടിക്ക് ചെന്ന് ഓളോട് അന്റെ ബാപ്പ മരിച്ചൂന്നൊന്നും പറ്യര്ത് ട്ടോ… ഓളാകെ ബേജാറാകും…”
പുറപ്പെടുമ്പോൾ
ബാപ്പുഹാജി പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി.

“ഞാം വെർദേങ്ങനെ പോന്നതാ…”
അവൻ എവിടെയും തൊട്ടും തൊടാതെയും ഉത്തരം പറഞ്ഞു.

“ചോറ് കൊർച്ച് ബെയ്ച്ച്വല്ലേ…?”
റുഖിയയുടെ അമ്മായിയഛനാണ് ചോദിച്ചത്.

“മാണ്ട .. ഇച്ച് ചോറ് മാണ്ട ”
അവൻ ഒന്ന് പരുങ്ങി.

“ഈ നേരത്ത്
ചായണ്ടാക്ക്യാപ്പൊ ഇജ്ജ് കുടിച്ച്വോ.?”
റുഖിയ നല്ല ആതിഥേയയായി.

“ങാ…
അയ്നെന്താ..
ഇച്ച് ചായ മതി.”
കുഞ്ഞാണി.

“ഇന്നാ… ഇങ്ങള് വർത്താനം പറഞ്ഞിരിക്കീം..
ഞാം ചായണ്ടാക്കട്ടെ.”
അവൾ അടുക്കളയിലേക്ക് നടന്നു.

അമ്മായിയഛൻ ഒരു സംസാരപ്രിയനാണ്. തന്റെ
കൃഷിയെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചും അയാൾ വാചാലനായി .

കൃഷി വിഷയങ്ങളിൽ താൽപര്യമുള്ള കുഞ്ഞാണി എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു.

“നെല്ല്ണ്ടോ…”
അവൻ ചോദിച്ചു.

“ങാ… വര്ശം കനിഞ്ഞാ…
നല്ല കൊയ്ത്തും മെത്യാണങ്കി അത്യാവസ്യത്തിന് നെല്ല് കിട്ടും . ”

“അടക്കീം തേങ്ങീം ഒക്കെ എത്തരണ്ടാകും…?”
അവൻ ഇടക്ക് ചോദിച്ചു.

“ഇഞ്ചെ പാടത്ത്ത്തെ നെല്ല് എന്ന് പറീണദ് ഇഞ്ചെ പറമ്പിലെ തേങ്ങന്റെ വള്ളത്തില് ഒൽച്ച് പോകാന്ള്ളതൊള്ളു..അയ്നുമ്മാത്തരം തേങ്ങീം ണ്ട്. ”
അമ്മായിയച്ഛൻ ഒട്ടും കുറക്കുന്നില്ല.

കായ വറുത്തതും മിച്ചറും ബിസ്കറ്റുമെല്ലാം കൂട്ടി വിശാലമായ ചായ സൽക്കാരത്തിന് ശേഷം കൈ കഴുകി വന്ന് കുഞ്ഞാണി ഒന്ന് ചിറി തുടച്ചു .

”ഇന്നെട്ട് വേറെന്തൊക്കെ വർത്താനം. ?”
അമ്മായിയഛൻ വീണ്ടും ചോദിച്ചു

“സത്യം പർഞ്ഞാ… ഞാനെയ്… ”
അവനൊന്ന് നിർത്തി.

അവർ രണ്ടു പേരും ചോദ്യഭാവത്തിൽ കുഞ്ഞാണിയെ നോക്കി.

കുഞ്ഞാണി മുരടനക്കി തന്റെ ശബ്ദമൊന്ന് ശരിയാക്കി.
എന്നിട്ട് മെല്ലെ പറഞ്ഞു.

“ഞാനൊര് വിവരം പറ്യാൻ
മന്നദെയ്നു…”

“യെന്ത് വിവരം …?
വിസേസിച്ച് യെന്തേലും …? അമ്മായിയഛൻ ചോദിച്ചു.

“അങ്ങനെ
വൽതായിറ്റൊന്നൂല്ല…”

“ന്നാലും …?”

“അവടെ റുക്കിയ്യാന്റെ പെരീല് ചെറ്യോര് മരണം ണ്ടായി..!”

“മര്ച്ച്വേ ….?
ആര് …?”
റുഖിയയും
അമ്മായിയഛനും ഒരുമിച്ചാണത് ചോദിച്ചത്.

“റുക്കീയ്യാന്റെ
ബാപ്പ ..!! ”

“ബദ് രീങ്ങളേ….! ”

പിറകിലേക്ക് മലർന്ന റുക്കിയയെ താങ്ങാൻ പറ്റെ ദുർബലനായ പാവം അവളുടെ അമ്മായിഅഛന് കഴിഞ്ഞില്ല..!

LEAVE A REPLY

Please enter your comment!
Please enter your name here