മുത്തശ്ശി – ശ്രീകുമാരി

അവധി കാലങ്ങളിൽ നാട്ടിൽ വരുമ്പോൾ മുത്തശ്ശിയുമൊത്തുള്ള നടപ്പ് അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു.

അന്നത്തെ യാത്ര അടുത്തുള്ള ക്ഷേത്രത്തിലെക്കായിരുന്നു.

അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ തട്ടി പുല്ലുകൾ സ്വർണ്ണ നിറമാകുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിന്നു.

ഫ്ലാറ്റ് ജീവിതം അവളിൽ മടുപ്പുളവാക്കിയിരുന്നു എങ്കിലും
പ്രകൃതി സൗന്ദര്യം ആവോളം നുകർന്നു അമ്പല മുറ്റത്തെത്തിയത് അറിഞ്ഞതേയില്ല.

മതിൽക്കെട്ടുകളോ, ശ്രീകോവിലോ ഇല്ലാത്ത ആ ക്ഷേത്രം മുത്തശ്ശിയുടെ അദ്‌ഭുത കഥയിലെ കഥാ മാത്രമായി മാറി.

പാലമരത്തിൽ കീഴിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒരിക്കൽ ഒരു യക്ഷിയുടെ വിഹാര കേന്ദ്രമായിരുന്നത്രെ.

പാവപ്പെട്ട ചെറു മക്കളുടെ വിശ്രമ സ്ഥലമായിരുന്ന മരച്ചുവട്ടിൽ യക്ഷി ശല്യം പതിവായി.

ഒരു കല്ല് നാട്ടി പൂജ ചെയ്തു പ്രാർത്ഥനയിലൂടെ മുനീശ്വര രൂപത്തിൽ അവർക്ക് മുൻപിൽ ഈശ്വരൻ പ്രത്യക്ഷനായി.

മുനീശ്വരനിൽ അനുരക്തയായ അവൾ സൗമ്യ ശീലയായി.

വർഷത്തിൽ ഒരിക്കൽ സംഗമം സാധ്യമാക്കാമെന്ന ഉറപ്പിൽ യക്ഷി യാത്രയായി.

പിന്നീടുള്ള എല്ലാ വർഷങ്ങളിലും പതിവ് തെറ്റാതെ യക്ഷി എത്തും.

ആ സമയത്ത് പാലപ്പൂവിന്റെ ഗന്ധം അവിടെ മുഴുവൻ പരക്കും പോലും.

ദീപാരാധന തൊഴുത് മടങ്ങുമ്പോൾ പൊൻ നിറമുള്ള പുല്ലുകളിൽ കറുപ്പു ബാധിച്ചിരുന്നു.

മുത്തശ്ശിയുടെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ മുത്തശ്ശി പൊട്ടി ചിരിച്ചു.

“കുട്ടി പേടിച്ചുവോ, പേടിക്കണ്ടട്ടോ…”
ഉമ്മറത്തെത്തിയിട്ടും മുത്തശ്ശിയുടെ കയ്യിൽ നിന്ന് സ്വന്തം വിരലുകൾ മോചിപ്പിക്കാൻ തോന്നിയില്ല.

അത്താഴത്തിന് ശേഷം മുത്തശ്ശിയുടെ പതു പതുത്ത ദേഹത്തു ഒട്ടി കിടക്കുമ്പോൾ അവധിക്കാല ദിവസങ്ങളുടെ എണ്ണം കുറയുന്നത് ഓർത്ത് നെടുവീർപ്പിട്ടു.

മടക്കയാത്ര വേദനജനകമാണ്. എങ്കിലും പോയേ മതിയാകൂ…

അടുത്ത അവധിക്ക് ഇനിയും രണ്ടുവർഷം കാത്തിരിക്കണം…

അന്നും എല്ലാം ഇതുപോലെ തന്നെ ഉണ്ടാകുമോ.

“മുത്തശ്ശി…. ദൈവമേ”.
നഷ്ടപ്പെടാതിരിക്കാൻ എന്നോണം അവൾ മുത്തശ്ശിയെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here