മാധവിക്കുട്ടിയുടെ”കോലാട്” എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു പരിവേഷം അവൾക്കുണ്ടോ..? എന്ന് ഒരു നിമിഷം ചിന്തിച്ചു പോയിട്ടുണ്ട്.
കൊലുന്നനെയുള്ള ശരീരത്തിന് പറ്റാത്ത വലിയ സാരി.
മറാത്തികളുടെ പരമ്പരാഗതമായ രീതിയിൽ ചുറ്റി, വലിയ ഒരു പൊട്ടും തൊട്ട് ചന്തക്കാരിയായി പോകുന്ന കീർത്തിയെ കണ്ടു നിൽക്കാൻ രസമാണ്.
ചൂളയിൽ നിറക്കാനുള്ള വിറകും കൂടെ കുട്ടികളും. ദയനീയമായ ഭംഗിയുള്ള മുഖം.
സ്ഥിരമായി വൈകുന്നേരങ്ങളിൽ അവളുടെ പോക്ക് നോക്കി നിൽക്കുന്നത് ഒരു പതിവാക്കിയിരുന്നു.
അന്ന് പതിവിന് വിപരീതമായി കീർത്തി ബായിയുടെ വരവ് കാണാതെ , എന്തുപറ്റിയെന്ന് അറിയാനുള്ള വ്യെഗ്രതയിൽ സെർവെൻറ് ക്വാർട്ടേഴ്‌സ്സിലേക്ക് നടന്നു.
ഭർത്താവെന്നു ലേബലുള്ള ഒരു മാന്ദബുദ്ധി മുറ്റത്തെ കയറു കട്ടിലിൽ പ്രകൃതനായി ഇരിപ്പുണ്ട്.
മുഖമുയർത്തി ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരിക്കുന്നു.
ആ ബിംബത്തിനോട് കീർത്തിയെ പറ്റി അന്വേഷിച്ചിട്ടു കാര്യമില്ലെന്നു തോന്നി. അകത്തേക്ക് കയറിച്ചെന്നു.
അവിടെയുണ്ടവൾ. മുഷിഞ്ഞിരിക്കുന്ന അവളുടെ സുന്ദരമായ മുഖം.
രണ്ടു ദിവസം മുൻപ് തൊട്ട പൊട്ട് അനാവശ്യമായ ഒരലങ്കാരം പോലെ തോന്നി.
മൂത്ത കുട്ടി അമ്മയുടെ ശരീരത്തിലുണ്ടായിരുന്ന അടിയുടെ ചതവുകളും മുറിവുകളും കാട്ടി തന്നു.
ഇളയവൻ ഭയത്തോടെ അച്ഛനെ നോക്കുന്നുണ്ട്.
സംഗതികളുടെ ഏകദേശ രൂപം മനസ്സിൽ ഒരു മിന്നൽ പോലെ മിന്നി മറഞ്ഞു.
ഉടനെ എന്തെങ്കിലും ചെയ്തെ പറ്റു.
നിമിഷങ്ങൾക്കുള്ളിൽ ആംബുലൻസിൽ പോലീസ് അകമ്പടിയോടെ കീർത്തിയെ ആശുപത്രിയിലേക്കും അയാളെ പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചു.
കുട്ടികളെ ഔട്ട് ഹൗസിലാക്കി ഭക്ഷണത്തിനുള്ള ഏർപ്പാടും ചെയ്തു.
വീണ്ടും ആശുപത്രിയിൽ യിലേക്ക് പോയി.
ഭർത്താവിനെതിരെ ഒരു പരാതി മൊഴി പോലും കൊടുക്കാതെ കീർത്തി കട്ടിലിൽ നിവർന്നിരിന്നു.
പോലീസ് ഓഫീസറുടെ ഈർഷ്യയോടെ ളള്ള നോട്ടം.
അന്നാദ്യമായി കീർത്തിയോട് ദേഷ്യം തോന്നി. ഇതായിരിക്കും ഭാരത സ്ത്രീ തൻ ഭാവ ശുദ്ധി എന്നൊക്കെ പറയുന്നത്.
“ഇവർക്ക് ഒരു പരാതിയുമില്ല മാഡം. ഇവർക്ക് പരാതിയില്ലാതെ അയാളെ കസ്റ്റഡിയിൽ വെക്കാൻ പറ്റില്ല മാഡം”.
പോലീസ് കോൺസ്റ്റബിൾ പതുക്കെ വന്നു പറഞ്ഞു.
കീർത്തിയുടെ സുരക്ഷ ഏർപ്പാട് ചെയ്ത ശേഷം ആശുപത്രി വിട്ടു.
“ഈ സ്ത്രീകൾ ഒരിക്കലും നന്നാവില്ല”.
പിറുപിറുത്തു കൊണ്ട് വണ്ടിയിൽ കയറി.
ഊട്ടിയുറപ്പിക്ക പ്പെട്ട മനോഭാവമാണ് സ്ത്രീകൾക്ക്, ഇങ്ങനെയുള്ള മനോഭാവം ഉണ്ടാക്കി കൊടുക്കുന്നത്.
വീട്ടിലെത്തിയിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. എപ്പോളോ ഉറങ്ങിപ്പോയിരുന്നു.
രാവിലെ തന്നെ സ്റ്റേഷനിൽ നിന്നുള്ള ഫോൺ കാൾ.
“മാഡം ഇന്നലെ തന്നെ കീർത്തി ബായിയുടെ ഭർത്താവിനെ വിട്ടയച്ചിരുന്നു. പോകുന്ന വഴിയിൽ ഒരു ആക്‌സിഡന്റ്. ആൾ അപ്പോഴേ തീർന്നു”.
അന്ധാളിപ്പോടെ ഫോൺ താഴെ വെച്ച് മനസ്സിൽ പറഞ്ഞു.
കീർത്തി ഭായിയുടെ സത്യമായ മൊഴികൾ ഈശ്വരനോട് മാത്രമായിരുന്നു. അയാളുടെ ശിക്ഷ പ്രകൃതി ഏറ്റെടുത്തു. മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ലാഘവത്വം.
കീർത്തി ബായിയോടുള്ള വെറുപ്പ് അലിഞ്ഞി ല്ലാതായിരുന്നു.
ശുഭം













