LIMA WORLD LIBRARY

അംശി നാരായണ പിള്ള; ആദ്യ കമ്മ്യൂണിസ്റ്റ് കവി – എം രാജീവ് കുമാർ

1930 ൽ ഉപ്പുസത്യഗ്രഹത്തിന് തിരുവനന്തപുരത്തു നിന്നും 25 പേരെയും കൂട്ടി കാൽനടയായിപ്പോയ അംശി നാരായണപിള്ളയും പൊന്നറ ശ്രീധറും എൻ.പി. കുരുക്കളും വഴി നീളെ പാടി നടന്നത് അംശി നാരായണ പിള്ള എഴുതിയ “വരിക വരിക സഹജരേ…” എന്ന പടപ്പാട്ടാണ്.

“ബ്രിട്ടനെ വിരട്ടുവാൻ
ചട്ടമൊക്കെ മാറ്റുവിൻ /
ദുഷ്ടനീതി വിഷ്ടപത്തി –
ലൊട്ടുമേ നിലച്ചിടാ /
വിജയമെങ്കിൽ വിജയവും
മരണമെങ്കിൽ മരണവും /
ഭയവിഹീനമഖില ജനവു
മാഗ്രഹിച്ചിറങ്ങണം”

80 വരികളാണീ മാർച്ചിങ് സോങ്ങിന്. ധീരതയാണ് വരികൾ നിറയെ.
 
“വെടികളടികളിട്ടികളൊക്കെ
വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരി ചിരിച്ചു
മാറുകാട്ടി നിൽക്കണം”

എങ്ങനെയുണ്ട് ധീരത? അംശി നാരായണ പിള്ളയുടെ രണ്ടു വരികളുണ്ട് ഭാവിയിലേക്കുള്ള ഉത്കണ്ഠയാണത്.

“എത്ര നാളടിമയായ് കിടക്കണം സഖാക്കളേ!
പുത്രപൗത്രരെങ്കിലും സ്വതന്ത്രരായ് വരണ്ടയോ?”

തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മലബാറും സർക്കാരുകൾ നിരോധിച്ച ഈ ഗാനം എഴുതിയതിന് വിയൂർ സെൻട്രൽ ജയിലിൽ അംശിയെ പിടിച്ചിട്ടു, എട്ടര മാസം.
 
വരിക വരിക സഹജരിലെ അവസാനത്തെ എട്ടു വരികൾ ഇങ്ങനെയാണ്:

“പണ്ടു വണ്ടിയിലടച്ചു
കൊന്ന രക്തമൊക്കെ മൽ –
മുണ്ടിലുണ്ടു കണ്ടീടാൻ
നമുക്കു കണ്ണുകെട്ടുപോയ്
ദക്ഷിണേന്ത്യയിൽ പ്രസിദ്ധ
നേപ്പാളാണു കേരളം
ഇക്ഷിതിയിലുള്ള നമ്മൾ
ഗൂർക്കരാണതോർക്കണം!”

ഇങ്ങനെ കമ്മ്യൂണിസ്റ്റ് കലാപാഹ്വാനം നടത്തിയാൽ പിന്നെ പിടിച്ചകത്തിടില്ലേ. ഭഗത് സിങ്ദിന്റെ തൂക്കിക്കൊലയ്ക്കുശേഷം കോൺഗ്രസ്സിലെ ചെറുപ്പക്കാർ വിശേഷിച്ച് യൂത്ത് ലീഗ് കമ്മ്യൂണിസത്തിലേക്ക് തിരിയുകയായിരുന്നു. എൻ സി ശേഖറും പൊന്നറ ശ്രീധറും പിന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടിക്ക് രൂപം കൊടുത്തവരിലുൾപ്പെട്ടവരാണ്. എൻ.പി. കുരുക്കൾ ചേരാനിരുന്നതാണ് അതിനു മുമ്പ് ഭരണകൂടം ഇരുട്ടത്തടിച്ചു അദ്ദേഹത്തെ കൊന്നു.

1932 ൽ കെ.കേളപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ തിരുവിതാംകൂർ യൂത്ത് ലീഗ് മഹായോഗത്തിൽ അംശി നാരായണ പിള്ള പാടിയ ഒരു ഗാനമുണ്ട് “പ്രഭാതഭേരി” വഞ്ചിപ്പാട്ട് രീതിയിലാണത്.

“പ്രഭാതമായ് പ്രകാശമായ് നവയുഗ നഭസ്സിൽ /
പ്രഭാതപ്പൊന്നൊളി പൊങ്ങും നേരം വരുന്നു. /
ചെങ്കോലണിക്കരങ്ങൾക്കും ദരിദ്രന്നുമൊപ്പം ലക്ഷ്മി മങ്ക / 
ധനം ചൊരിയുന്ന ദിനം വരുന്നു…” – എന്തെന്ത് സ്വപ്നമായിരുന്നു അംശി നാരായണപിള്ളയ്ക്ക്.

“പ്രക്ഷോഭകാരിയാണെങ്ങും ഞാനീ നാട്ടിൽ /
പ്രക്ഷോഭത്തീ വീശും കോൺ ഗ്രസ്സുകാരൻ /
പ്രക്ഷോഭമെന്റെ ജീവിത ധർമ്മം ഞാ/
നീ ക്ഷോണിയെങ്ങു മതു നടത്തും /
ജോലിൽ കിടന്നോരു കേശവദാസന്റെ / 
വേലിക്കകത്തു വളർന്നവൻ ഞാൻ / 
കാലുഷ്യം തീരാതെ ബ്രിട്ടീഷു തൂക്കിയ /
വേലുത്തമ്പിയുടെ വേരിൽ നിൽപ്പോൻ /
അയ്യപ്പൻ മാർത്താണ്ഡപ്പിള്ള തൻ വീട്ടിന്റെ / 
അയ്യത്തുള്ളംശത്തിലംശിയായോൻ /
ഏക രാഷ്ട്ര ഗാനത്തിനു കൈയാമം/
വേഗം ഞാൻ പോട്ടേ ജയിലിനുള്ളിൽ” – ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞാൽ അതും ജഡ്ജിക്കുമുന്നിൽ പറഞ്ഞാൽ പിന്നെപ്പോൾ പേന എടുത്തെന്നു ചോദിച്ചാൽ മതി.

1896 ഒക്ടോബർ 11 ന് പഴയ തിരുവിതാംകൂറിലെ തേങ്ങാപ്പട്ടണത്തിലാണ് അംശി നാരായണ പിള്ള ജനിച്ചത്. ഒരു സ്ഥിരം സമര ഗാനകവിയായിരുന്നു അംശി. പ്രതിരോധ ഗാനങ്ങളായിരുന്നു ഏറെയും എഴുതിയത്. സാമ്രാജ്യത്തിനും വർഗ്ഗീയതക്കുമെതിരെ അന്നേ നിലകൊണ്ട കവിയായിരുന്നു. ഒരൊത്തു തീർപ്പിനും അംശിയില്ല.

മുപ്പതുകളിലെ സമരവീര്യത്തിന് എണ്ണ പകർന്നു കൊണ്ട് മുൻ നിരയിൽ അംശി നാരായണപിള്ള ഉണ്ടായിരുന്നു.

1932 ൽ ജവഹരിലാൽ നെഹ്രു ആദ്യമായി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ മൈതാന മഹായോഗത്തിൽ പാടിയ സ്വാഗത ഗാനം അംശിയുടേതായിരുന്നു. “ജവഹരിക്ക് സ്വാഗതം” അതും വരിക വരിക സഹജരേ ട്യൂണിൽത്തന്നെ!

“ജവഹരിക്കു സ്വാഗതം
ജവഹരിക്കു സ്വാഗതം
ജവഹരിക്കു യുവഹരിക്കു
നരഹരിക്കു സ്വാഗതം.” – ആ പാട്ടിന്റെ ഒടുവ് ഇങ്ങനെ:

”ഞങ്ങളെയുയർത്തണം
മംഗളം വളർത്തണം
മംഗളാത്മനങ്ങു തന്നെ
ഞങ്ങളെ ഭരിക്കണം!” – അതുപോലെ അംശിയുടെ ആശ പോലെ പതിനഞ്ച് കൊല്ലം കഴിഞ്ഞ് നെഹ്രു ഭാരതം ഭരിച്ചില്ലേ!

“വിയ്യൂർ സെൻട്രൽ ജയിലിൽ” എന്നൊരു കവിതയുണ്ട്. ജയിലിൽ നിന്ന് വീട്ടിലേക്കയച്ച കവിത. ഉപ്പുസത്യാഗഹത്തിന് “വരിക വരിക സഹജരെ” നിരോധിച്ച് കവിയെ പിടിച്ച് അകത്താക്കിയപ്പോൾ എഴുതിയതാണ്.

“കയ്യാമമിട്ടുള്ള കയ്യുമായി /
തയ്യാറായ് നിന്നു ഞാൻ ജേലിലേറാൻ /
കുന്തം വിഴുങ്ങിയ മാതിരിയിൽ / 
പന്ത്രണ്ടു പോലീസുണ്ടെന്റെ പിന്നിൽ / 
മുട്ടോളം നീണ്ടു കറുകറുത്ത / 
കോട്ടണി വക്കീലന്മാരുമുണ്ട്. / 
ബ്രിട്ടന്റെ മച്ചമ്പിപോൽ ചമഞ്ഞ് /
“ഡിസ്ട്രിക്റ്റ്മജിസ്ട്രേട്ടി”രുന്നിരുന്നു.” 

ഇതിലെ “ബ്രിട്ടന്റെ മച്ചമ്പി” എന്ന പ്രയോഗം തെക്കന്റെ പ്രയോഗമാണ്. മജിസ്ട്രേട്ടിന്റെ സംബന്ധക്കാരൻ എന്ന പ്രയോഗം തന്നെ ഒരു പ്രഹരമല്ലേ?
അംശി കവിതയിൽ എല്ലാം ബിട്ടീഷ് കോയ്മയെയാണ് വെല്ലുവിളിക്കുന്നത്. 

“ബ്രിട്ടീഷുകോയ്മയെ നല്ലവണ്ണം / 
ഭത്സിച്ചതായിരുന്നെന്റെ കുറ്റം.”  – എന്ന് കവിതയിൽ തന്നെ എഴുതിയിട്ടുണ്ട്.

കോടതിയിൽ എന്താണ് ബോധിപ്പിക്കുവാനുള്ളതെന്നു ചോദിച്ചപ്പോൾ ഒരു കവിതയുണ്ടാക്കി അംശി നാരായണപിള്ള അങ്ങ് പാടി.

“വള്ളത്തോളിനേകി കങ്കണങ്ങൾ! /
ആ മാതിരി രാഷ്ട്ര ഗാനങ്ങൾക്കിന്നു കൈയ്യാമമേ /
യെനിക്കിതെന്തു ന്യായം?” – എന്നാണ് കോടതിയോട് ചോദിച്ചത്.

“സന്ധിയില്ലാത്ത സമരത്തിനെത്തിയോൻ /
എന്തുമനുഷ്ഠിപ്പോൻ മുക്തിക്കായി. /
സത്യസഹന സ്വതന്ത്രതാ മന്ത്രങ്ങൾ/
സത്യം ഞാൻ പാടിനേൻ; പാടുമിന്നും – /
ആയതിനേകുന്ന ശിക്ഷകളൊക്കെയി /
ക്കായമിരിപ്പോളം താങ്ങുവൻ ഞാൻ – /
മുള്ളു കിരീടം ധരിപ്പിപ്പിൻ ക്രൂശിപ്പിൻ/
പൊള്ളിപ്പിൻ മേനി ഞാൻ കൂസുകില്ല.” – ഇത് കേട്ട് 

“കോടതി കോപിച്ചെടുത്തു പേന /
പേടിയകന്നു ഞാൻ പാടി പാന /
പാട്ടു നിലക്കവേ ഇട്ടു ശിക്ഷ /
എട്ടര മാസത്തേക്കെത്ര രക്ഷ /
“ഈങ്ക്വിലാബ”ഞ്ചാറു ഞാൻ വിളിച്ചു / – അംശി യുടെ വരികൾ തന്നെയാണ് ഇവിടെ കുറിച്ചിരിക്കുന്നത്.

ഇതൊക്കെ ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരോർക്കുന്നുണ്ടോ? ചരിത്രത്തിൽ നിന്നു തന്നെ തോണ്ടിക്കളഞ്ഞില്ലേ എൻ.സി. ശേഖറിനേയും പൊന്നറയേയും എൻപി കരുക്കളിനേയും! കൂടെ പടപ്പാട്ടുകാരൻ അംശി നാരായണപിള്ളയേയും. 

ജയിലിൽ കിടന്നപ്പോൾ അംശിയുടെ പേന അധികൃതർ പിടിച്ചെടുത്തു. അത് തിരിച്ചു കൊടുക്കാൻ വിധി വന്നപ്പോൾ പേനയോട് പറഞ്ഞ ഒരു കവിതയുണ്ട്. “പേനയോട് “

“ലോകം കീഴുമേൽ മറിയട്ടൊഴുക്കിൽ /
പോകുന്ന വഞ്ചിയൊടു തുല്യ മുലഞ്ഞിടട്ടേ; /
ശോകം വെടിഞ്ഞു ഹൃദി ധീരതയോടു നീ നൽ/ 
പാകത്തിലാര്യ വഴിയല്ലിതെളപ്പു മുന്നേ ! /

അംശി നാരായണപിള്ളയുടെ നിരോധിക്കപ്പെട്ട കാവ്യങ്ങളുൾപ്പെടെ 34 കവിതകളും ചേർത്ത് “പരിധി” ഒരു പുസ്തകം അടുത്ത മാസം പുറത്തിറക്കും. “പടയാളിയുടെ പാട്ടുകൾ!”

“തുറക്കിനമ്പലങ്ങൾ, ആതങ്കം പൊക്കിൻ സൗഖ്യം /
നിറയ്ക്കിൻ ധനവാന്റെ സ്വത്തൊക്കെ പകുത്തിടിൻ /
ചെഞ്ചോരത്തുടിപ്പാർന്ന കൈകളും പൊക്കി വിരി – / 
നെഞ്ചുമായ് വരിൻ ജാതിപ്പോരിനു മുതിരുവിൻ”

അടച്ചിട്ട മുറിയിലിരുന്ന് യുജിസി ശമ്പളം പറ്റുന്ന കവിയുടെ വിപ്ലവ വീര്യമല്ലിത്. സമാരാങ്കണത്തിൽ നിന്ന് സ്വന്തം കവിത പാടിയ കവിയാണ് അംശി നാരായണപിള്ള.

മഹാത്മാ ഗാന്ധിയുടെ അനുവാദവും അനുഗ്രഹവും വാങ്ങിക്കൊണ്ട് 1934 ൽ അംശി തിരുവനന്തപുരത്ത് നിന്നും “മഹാത്മ” എന്ന പേരിൽ ഒരു വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. “ഗാന്ധി രാമായണം” എന്ന പേരിൽ അംശിയുടെ ഒരു കാവ്യമുണ്ട്. അതിൽ ഗാന്ധിയെ രാമനായും ഭാരത മാതാവിനെ സീതയായും ബിട്ടീഷ് സാമ്രാജ്യത്തെ രാവണനായും ബ്രിട്ടന്റെ കൊടിയെ ശിംശുപാവൃക്ഷമായും സാമ്യപ്പെടുത്തി എഴുതിയ ഗാനം! അത്  കേട്ടപാടെ മദ്രാസ് ഗവർണ്ണർ കാവ്യം നിരോധിച്ചു.

എന്നാൽ അംശിയാരാ മോൻ! മഹാഭാരതത്തിൽ കയറിപ്പിടിച്ചു. “രണ്ടാം ഭാരതയുദ്ധം” അതും ഗവർമെന്റ് നിരോധിച്ചു. അംശി അടങ്ങിയില്ല. 
“നവീന പ്രഹ്ളാദ”നുമായി പുറത്തു വന്നു. ഉടനടി അതും നിരോധിച്ചു. “ജാലിയൻ വാലാ ബാഗിലെ കൂട്ടക്കൊല” എഴുതി. അതും കണ്ടുകെട്ടി.
“ഭഗത് സിങ് വധം” എഴുതി പേന താഴെ വച്ചില്ല അതിനു മുമ്പ് നിരോധിച്ചു. ഇങ്ങനെ എന്തെഴുതിയാലും നിരോധിച്ചാലെങ്ങനെ? 

എങ്ങനെ നിരോധിക്കാതിരിക്കും മുട്ടിനുമുട്ടിന് ബ്രിട്ടീഷ് കൊളോണിയൽ വിരോധം അണ മുറിച്ചൊഴക്കിയാൽ ലവന്മാരെന്തിനാ കാറ്റു കൊള്ളാനോ തിരുവിതാംകൂറിൽ രാജാവിനെക്കൊണ്ട് ഭരിപ്പിക്കുന്നത്.

ത്യാഗം അനുഷ്ഠിച്ചവരെല്ലാം പിന്നെ കേരളത്തിൽ അധികാരത്തിന്റെ പങ്കുപറ്റിയപ്പോൾ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലായ അംശി സ്വദേശത്തു തന്നങ്ങൊതുങ്ങി. പിന്നൊന്നും എഴുതിയില്ല. പിന്നെ ബ്രിട്ടീഷുകാരും നാട്ടുവിട്ടില്ലേ! നാടൻ സായ്പന്മാരെപ്പറ്റി എഴുതിയതുമില്ല. മാറിമാറി വന്ന സർക്കാരുകളേയും കണ്ടിട്ടാണ് ചിരിച്ചു കൊണ്ടദ്ദേഹം 1981 ഡിസംബർ 9 ന് 85-ാം വയസ്സിൽ കണ്ണടച്ചത്!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px