എന്റെ പ്രീഡിഗ്രി കാലം…
കാണുന്ന കൗമാരക്കാരികളെയെല്ലാം പ്രണയിക്കാൻ തോന്നുന്ന കൗതുക മനസുള്ള കൗമാരകാലം…
ചെമ്പഴന്തി ശ്രീ നാരായണ കോളേജിൽ ഒരു ദിവസം മഞ്ഞയുടുപ്പും മഞ്ഞ പാവാടയും ധരിച്ചു വന്ന പെണ്ണിനോടൊരു ഇഷ്ടം തോന്നി…
വെന്ത ചെമ്പിന്റെ നിറമുള്ളൊരു സുന്ദരി പെണ്ണ്…
തുലാമഴ ചാറി മാറിയ ഉച്ച നേരത്ത് വെയിൽ ഒളിയുകയും തെളിയുകയും ചെയ്തു കൊണ്ടിരുന്നു…
കൂട്ടുകാരികളോടൊപ്പം മഴനീരൊഴുകിയ വഴിയിലൂടെ ക്ലാസിലേക്ക് നടന്നു പോയ ആ മഞ്ഞക്കിളി പാവാടത്തുമ്പ് നനയാതിരിക്കാനായി ലേശം ഉയർത്തി പിടിച്ചു നടക്കുകയാണ്…
കൊലുസുകൾ കിലുങ്ങുന്ന കണങ്കാലുകളുടെ കാഴ്ച എന്റെ കൗമാരമനസിനെ വല്ലാതെ ആർദ്രതരളിതനാക്കി…
ഗ്രാമീണ സൗന്ദര്യത്തിന്റെ നേരടയാളമായ അവളെ
പ്രണയിച്ചേ അടങ്ങൂ എന്നായി എന്റെ മനസ്…
അവൾക്ക് കൊടുക്കാനായി പിറ്റേ ദിവസം കത്തെഴുതി കൊണ്ടു പോയി…
അവൾ നിരസിക്കുമോ എന്ന പേടിയുള്ളതിനാൽ അന്ന് കത്ത് കൊടുത്തില്ല…
എല്ലാ ദിവസവും കത്തെഴുതി പോക്കറ്റിലിട്ട് പോയാലും കത്ത് കൊടുക്കാനോ പ്രണയം പറയാനോ കഴിഞ്ഞില്ല…
കോളേജ് ജീവിതത്തിൽ എല്ലാ രഹസ്യങ്ങളും തുറന്നു പറഞ്ഞിരുന്ന കൂട്ടുകാരോടും അവളെ കുറിച്ച് പറഞ്ഞില്ല…
ഞാൻ പറഞ്ഞിട്ട് അവൻമാരെങ്ങാനും അവളെ പ്രേമിച്ചാലോ എന്നൊരു പേടിയുള്ളതു കൊണ്ടാണ് ആരോടും പറയാതിരുന്നത്…
എന്റെ പ്രണയാഭ്യർത്ഥന നിരസിക്കുമോ എന്ന ഭയത്താൽ അവളോട് ഒരിക്കലും പ്രണയം പറയാൻ കഴിഞ്ഞതേയില്ല…
ഏകദേശം ഒന്നര വർഷത്തോളം എല്ലാ ദിവസവും കത്തുമായി കോളേജിൽ പോകും,തിരിച്ചു വീട്ടിലെത്തുമ്പോൾ അത് കീറിക്കളഞ്ഞിട്ട് പുതിയൊരു കത്തെഴുതും…
രണ്ടാം വർഷ പ്രീഡിഗ്രിയുടെ അവസാനത്തെ പരീക്ഷാ ദിവസവും അവൾക്ക് കൊടുക്കാനുള്ള കത്തുമായാണ് പോയത്…
ഒരിക്കലും പറയാൻ കഴിയാത്ത പ്രണയമായി അത് അവസാനിച്ചു…
ഒരുപക്ഷേ…,
ഒന്നര വർഷത്തോളം തുടർച്ചയായി പ്രണയലേഖനം എഴുതിയിട്ട് കാമുകിക്ക് കൊടുക്കാൻ കഴിയാത്ത ലോകത്തിലെ ആദ്യത്തെ കാമുകനായിരിക്കാം ഞാൻ…
തോരാമഴ പെയ്യുന്ന ഈ പുലർകാലത്ത് ഇതൊക്കെ ഓർക്കാൻ തന്നെ എന്ത് രസമാണ്…
ഓർമ്മകളേ നിങ്ങളോളം മധുരം മറ്റൊന്നിനും ഉണ്ടാകില്ല……………………………………….











