LIMA WORLD LIBRARY

വികസിച്ച മനുഷ്യാ, നീ ഒരു ക്ഷുദ്രജന്തുവാണ് ! – എം രാജീവ് കുമാർ

ശ്രീനാരായണ ഗുരുസ്വാമിയുടേതല്ലാതെ ഏത് സ്വാമിമാരുടെ പേരു പറഞ്ഞാലും അവരെസംഘിയാക്കുന്ന കാലമാണിത്. ആത്മീയ ഉണർവ്വ് എന്നൊക്കെപ്പറഞ്ഞാൽ ഉടനെ ആർ.എസ്.എസ്സ് ആക്കുന്ന കമ്മ്യൂണിസ്റ്റ് കാലം.  സ്വാതന്ത്ര്യ സമരം എന്നു പറഞ്ഞാൽ അതു് കുടുംബസ്വത്തെന്നു പറയുന്ന കോൺഗ്രസ്സിന്റെ വീഴ്ചക്കാലം ! ബകന്റെ വായും തുറന്ന് എല്ലാം ഭാരതീയമാക്കാൻ ബി.ജെ.പിയും.

ഇതിനിടയിലാണ് അരവിന്ദഘോഷിനെപ്പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ ചേരിയേത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ആലോചനക്കു മുമ്പ് എനം ഏതെന്ന് അറിയണ്ടേ?
ആഗസ്റ്റ് 15 എല്ലാക്കൊല്ലവും ആഘോഷിക്കുമ്പോൾ ആരെങ്കിലും ഓർക്കാറുണ്ടോ? അരവിന്ദഘോഷിന്റെ ജന്മദിനമാണെന്ന്.
മനുഷ്യൻ അവന്റെ മുജ്ജന്മ വാസനകൾക്കും കർമ്മഫലങ്ങൾക്കും അനുസരിച്ചാണ് പിറവിയെടുക്കുന്നത് എന്നു കണ്ടാൽ മൂക്കത്തു വിരൽ വച്ചു പോകത്തില്ലേ!

ആലിപ്പൂർ ബോംബ് കേസ്സിലെ പ്രതിയായി ബ്രിട്ടീഷ് ഗവണ്മെന്റ് വീരശൃംഖല നൽകാനുള്ള കൈകളിൽ ഇരുമ്പുചങ്ങല അണിയിച്ച് കൽക്കട്ടയിലെ തെരുവീഥിയിലൂടെ നടത്തിച്ചാണ് ജയിലിൽ കൊണ്ടുപോയി തള്ളിയത്.
ദേശബന്ധു സി.ആർ. ദാസാണ് അദ്ദേഹത്തിനു വേണ്ടി കോടതിയിൽ വാദിച്ചത്. അങ്ങനെ അദ്ദേഹം “ചിത്തരഞ്ജ”നുമായി.
അരവിന്ദഘോഷിന്റെ മഹായോഗിയായുള്ള പരിണാമം അദ്ദേഹത്തിന്റെ പൂർവ്വകാലമറിഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും.

1872 ൽ ജനിച്ച പുത്രനെ തനി ഇംഗ്ലീഷുകാരനാക്കാൻ തന്നെയാണ് പിതാവ് ഡോക്ടർ ഘോഷ് ബാല്യത്തിലേ പരിശീലിപ്പിച്ചത്. അന്ധവിശ്വാസങ്ങളുടെ വിളനിലമായ ഭാരത സംസ്ക്കാരത്തെ തൊടീക്കാതെ, എന്തിന് മാതൃഭാഷയായ ബംഗാളി  പോലും പഠിപ്പിക്കാതെയാണ് അരവിന്ദ് ഘോഷിനെ  ദൂരെ ഡാർജിലിങ്ങിലുള്ള “യൂറോപ്യൻ റസിഡൻഷ്യൽ സ്ക്കൂളി”ൽ കൊണ്ട് ചേർത്തത്. ഏഴ് വയസ്സായപ്പോഴേക്കും അവിടുന്ന് കുട്ടിയെ ആംഗ്ലോ ഇന്ത്യനായി വളർത്താൻ ഇംഗ്ലണ്ടിലേക്കയച്ചു. പേറങ്ങ് ലണ്ടനിലാക്കിയില്ലെന്നു മാത്രം.
പിന്നെ പഠനം മുഴുവൻ കഴിഞ്ഞ് ഐസിഎസിനു പഠിക്കുമ്പോൾ മകനിങ്ങ് ഇന്ത്യയിൽ വന്നു.

പിന്നല്ലേ പുകില്. അച്ഛൻ എന്തൊക്കെ ആകരുതെന്നാഗ്രഹിച്ചോ അതിലൂടെയായി യാത്ര. മാതൃഭാഷയിൽ വ്യുൽപ്പത്തി നേടി. ഭാരതീയ സംസ്ക്കാരത്തിൽ വീണ് നീന്തി വെള്ളം കുടിച്ചു. ഇംഗ്ലീഷുകാരോട് കടുത്ത വിദ്വേഷത്തിലുമായി. പിതാവ് ചങ്കുപൊട്ടി മരിച്ചില്ലന്നേയുള്ളൂ.

ദേശീയ പ്രസ്ഥാനവുമായി കൈകോർത്തു.
“വന്ദേ മാതരം” എന്ന പത്രം തുടങ്ങി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കല്ലുവച്ച ലേഖനങ്ങളെഴുതി. ബ്രീട്ടീഷുകാരുടെ നോട്ടപ്പുള്ളിയായി.
ബംഗാളിലെ വിപ്ലവകാരികളോടൊപ്പം കൂടി
ആലിപ്പൂർ ബോംബ് ഗൂഢാലോചനാകേസിൽ അകത്തായി.

അരവിന്ദഘോഷിന്റെ ആ ജയിൽ വാസമാണ് ആ വിപ്ലവകാരിയെ ആത്മീയവാദിയും മഹായോഗിയുമാക്കിയത്.
വിശ്വദർശന ശക്തിയും ഹൃദയത്തിലൊരു മനുഷ്യ പ്രേമത്തുടിപ്പും പ്രവൃത്തികളിൽ ദിവ്യമായ ശാന്തതയും കൊണ്ട് തിളങ്ങുന്ന അരവിന്ദഘോഷിന്റെ തത്വമിതാണ്:
“നിങ്ങൾ ഒന്നാമത് ഭാരതീയരാവണം. എന്നിട്ട് നിങ്ങളുടെ പ്രശസ്തവും അനർഘവുമായ പൈതൃകത്തെ കൈവശപ്പെടുത്തണം! സംസ്ക്കാരം, ചിന്ത, സ്വഭാവം എന്നിവയെ നവീകരിക്കണം. ഗീതയും യോഗയും നിങ്ങൾ സ്വായത്തമാക്കണം വൈകാരികമോ ബുദ്ധിപരമോ ആയ ഏകീകരണമല്ല നിത്യജീവിതത്തിൽ അവയൊക്കെ അലിഞ്ഞുചേർന്നിട്ടുള്ള ഒരു സമന്വയീകരണമാണ് സമ്പാദിക്കേണ്ടത്. മനുഷ്യനാണ് പരമപ്രധാനം!”

ഒരു തീവ്ര ദേശീയ വാദിയായിരുന്ന അരവിന്ദ ഘോഷാണിതു് പറയുന്നത്.
1910 ൽ സകലതും വെടിഞ്ഞ് അരവിന്ദൻ പോണ്ടിച്ചേരിക്ക് പുറപ്പെട്ടു. അന്ന് അദ്ദേഹം ചെയ്തൊരു പ്രസംഗമുണ്ട്.
” നാലു കൊല്ലത്തിനുള്ളിൽ ലോകത്തെ മുഴുവൻ കീഴ്മേൽ മറിക്കുന്ന ഒരു ആഗോളയുദ്ധമുണ്ടാകും. അതിന്റെ കെടുതികൾ നീണ്ടു നിൽക്കും. ആ തിരക്കിൽ ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടുകയും ചെയ്യും!”
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഏഴ് കൊല്ലം മുൻപുള്ള ഒരാത്മജ്ഞാനിയുടെ പ്രവചനമാണത്.
ആദ്ധ്യാത്മിക ചിന്തകൻ മാത്രമായിരുന്നില്ല. നിരവധി കവിതകളും നാടകങ്ങളും അദ്ദേഹം എഴുതി. “സാവിത്രി ” എന്നൊരു കാവ്യമുണ്ട് വിഖ്യാതമാണത്. എന്തെഴുതിയാലും അതിലൊക്കെ അതിശയിപ്പിക്കുന്ന ഊർജപ്രസരമുണ്ടായിരുന്നു.
“നമ്മുടെ നിശകൾ അവർക്കു പകലും നമ്മുടെ പകലുകൾ അവർക്ക് രാത്രികളും ആയിരിക്കും. ” ഇത് ഭഗവത് ഗീതയിലെ സന്ദേശമാണ്. ആഞ്ഞൊന്ന് ചിന്തിച്ചാൽ ഇതിൽ മുതലാളിത്തവും വർഗ്ഗസമരവും സകല കെടുപിടികളമുണ്ട്.

അരവിന്ദഘോഷിന്റെ ആശയങ്ങളിൽ ഒരു സോഷ്യലിസ്റ്റിനെ കാണാം.
സ്വാതന്ത്ര്യത്തിന് തലേന്നാൾ അദ്ദേഹം കുറിച്ചതിങ്ങനെയാണ്:
” ഇന്ത്യക്ക് സ്വാതന്ത്ര്യവും ഐക്യബോധവും കൈവരുത്തുന്ന ഒരു വിപ്ലവം,
ഏഷ്യയുടെ വിമോചനവും പുനരുദ്ധാനവും ഏഷ്യയുടെ ആദ്യ കാലത്തിലേക്കുള്ള തിരിച്ചു പോക്കും ഏകലോക സാഹോദര്യവും പുലരുന്ന ഒരു കാലം വരും ” അരവിന്ദഘോഷ് വിഭാവന ചെയ്തിട്ടുണ്ട്. ഏകലോക സാഹോദര്യം! അതു് അടുത്ത കാലത്തൊന്നും നടക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ലെങ്കിലും നടപ്പാകാത്ത ആ ചിന്ത തന്നെ എത്ര ഉദാത്തമാണ്!

മനുഷ്യ ജീവിതത്തിന്റെ ഉദാത്തതയിലേക്കാണ് അരവിന്ദദർശനങ്ങൾ സൂര്യ കിരണങ്ങളായി പതിക്കുന്നത്.

മനുഷ്യന്റെ  മുക്തിയ്ക്കപ്പുറം ലോകത്തിന്റെ മുക്തിയായിരുന്നു അദ്ദേഹം വിഭാവന ചെയ്തത്!
” ദി ഹ്യൂമൻ സൈക്കിൾ ” എന്നൊരു ഗ്രന്ഥം അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതു് വായിച്ചാൽ നിങ്ങളും വീണു പോകും. മനുഷ്യ ജീവിതത്തെ സ്നേഹിക്കുന്ന ആരെങ്കിലും സ്വതന്ത്ര്യം ആഗ്രഹിക്കാതിരിക്കുമോ? ഏക സമുദായം ഏക ഭരണം എന്നൊക്കെപ്പറയുന്ന മോഹന സ്വപ്നങ്ങൾ!
ആശയും വിശ്വാസവും മാത്രം. മനുഷ്യൻ
നിറഞ്ഞൊഴുകുന്ന യുഗം. അരവിന്ദ ദർശനത്തിന്റെ ആകർഷണം അവിടെയാണ്.
മറ്റൊരു തരത്തിൽ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ദർശനം തന്നെ!

മനുഷ്യന്റെ ഭൗതികങ്ങളായ കണ്ടുപിടുത്തങ്ങളെ , ശക്തി സംഭരണങ്ങളെ , ചുരുക്കത്തിൽ വികസനത്തെ അരവിന്ദഘോഷ് സമ്മതിക്കുന്നതിനോടൊപ്പം അവ മനുഷ്യനെ വലുതാക്കുന്നതിനുപകരം ചെറുതാക്കുകയാണെന്നും കൂടി പറയുന്നു. ബാക്കി ചിന്തിച്ചു കൊള്ളുക!

ഭാരത സംസ്ക്കാരം ആഴത്തിലുള്ളതാണ്.  ഭൗതികത്തിന്റെ വിശാലതയിൽ അതിന്റെ ലാവണ്യം നുകരാനാവുന്നുമില്ല. വികസിച്ച മനുഷ്യൻ ഒരു ക്ഷുദ്ര ജന്തുവാണെന്നാണ് അരവിന്ദഘോഷ് പറയുന്നത് ! അഹങ്കാരവർദ്ധനവാണ് ഇതിന്റെ ദുരന്തഫലം !
നമുക്ക് ഇതിന് ഉദാഹരണം തേടി വേറെ എങ്ങും പോകേണ്ടതില്ലല്ലോ? ഇതെന്റെ അരവിന്ദവ്യാഖ്യാനം !

ഊട്ടിയിലെ കുതിരകളെപ്പോലെയാണ് നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ. പട്ട കെട്ടിയിടത്തു മാത്രം നോക്കി നടക്കുക.
എന്നിട്ടും മുഖപ്പട്ടയ്ക്കിടയിലൂടെ നോക്കിയിട്ട് പറയുന്നു.
ലവൻ അവിടെപ്പോയതെന്തിന്? മറ്റവൻ ലവന്റെ സമ്മേളനത്തിൽ പോകേണ്ട കാര്യം വല്ലതുമുണ്ടായിരുന്നോ ?
മനുഷ്യനെ ഇവിടെ വില കെട്ട വസ്തുവാക്കി മാറ്റുന്നതാരാണ്? കേരള രാഷ്ട്രീയം വെടക്കാക്കി തനിക്കാക്കുന്ന സംസ്ക്കാരമായി മാറിയിരിക്കുകയല്ലേ?

ഹിന്ദു വർഗ്ഗീയത പറയുന്ന “ജന്മഭൂമി” യിലെഴുതുകയോ അയ്യോ ! തീർന്നു അവൻ സംഘി. ജമാഅത്തിന്റെ മറപ്പുരയ്ക്ക് തൂണുകളാക്കി എഴുത്തുകാരെ കുഴിച്ചു നിർത്തുമ്പോൾ “മാധ്യമ ” ത്തിൽ എഴുതാൻ ക്യൂവാണ്. പുരോഗമന വാദിയായി ചുളിവിന് ജ്ഞാനസ്നാനം ചെയ്യാം.!
ഇതല്ലേ ഇന്നത്തെ സാഹിത്യചിന്താഗതി.
പോക്കണംകെട്ട കുറെ എഴുത്തുകാർ ഞവിക്കുകയും ചെയ്യുന്നു.
അപ്പോഴാണ് അരവിന്ദദർശനത്തിന് പ്രസക്തി.
“വികസിച്ച മനുഷ്യാ! നീയൊരു ക്ഷുദ്രജീവിയാണ്. “

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px