LIMA WORLD LIBRARY

പിള്ളേച്ചന്റെ ഒരു സുപ്രഭാതച്ചിന്ത – ഡോ. അജയ് നാരായണൻ

പിള്ളേച്ചന്റെ ഒരു സുപ്രഭാതച്ചിന്ത

====
“ഓ എല്ലാം ചുമ്മാതാന്നേ. ഒരുതരം മായ…”, പിള്ളേച്ചൻ തത്വം വിളമ്പി. വേലിക്കപ്പുറത്തൂടെ വെറുതേ നടന്നുപോയ പപ്പൂളയോടാണ്. കേട്ടുനടന്ന പപ്പൂള കാതുകൂർപ്പിച്ചു. മുഖം ഉരുണ്ടു. കണ്ണ് മോളിലോട്ടാക്കി.
“എന്താ പിള്ളേ, രാവിലെ തന്നെ ഒരു തത്വശാസ്ത്രവിശാരദന്റെ മട്ട് ജ്ഞാനമാർഗ്ഗം ആണല്ലോ?”
പിള്ളേച്ചൻ വാ തുറന്ന് ജ്ഞാനം വിളമ്പി, “അല്ലാ, ഞാനോർക്കുകയായിരുന്നു, ന:സ്‌ത്രീ സ്വാതന്ത്ര്യമർഹതീ… ന്നൊക്കെയല്ലേ നമ്മൾ പഠിച്ചത്. സത്യത്തിൽ അതങ്ങനെ അല്ല ട്ടോ, ഞാൻ പറയാം. ഇന്നലെ രാത്രി ഉണ്ടോണ്ടിരുന്നപ്പോ ഒരുൾവിളി ഉണ്ടായതാ.
മാതാ കോപിഷ്ഠാ കൗമാരേ…
എന്ന്വച്ചാൽ പെറ്റ തള്ള ഗോപി വരപ്പിക്കും ന്ന്. ചത്താലും വിടില്യാ ന്നും വ്യാഖ്യാനം ണ്ട്”.
പപ്പൂള വിനയാന്വിതനായി. ഓർമ്മയിൽ എന്തൊക്കെയോ കുതിർന്നു.
പിള്ള വാ തുറന്നു കരഞ്ഞു,
“ഭാര്യാവിധേയത്വ യൗവനേ…
എന്ന്വച്ചാല് അതന്നെ, എത്…?”
ഉത്തരം മുട്ടിയ പല്ലികൾ ചിലച്ചില്ല. പിള്ളേച്ചൻ പിന്നേം വാചാലനായി.
“പുത്രീ രക്ഷതി വാർദ്ധക്യേ…” മുഴുമിപ്പിക്കാൻ സാധിച്ചില്ല. അറിവുള്ള പപ്പൂള എടങ്കോലിട്ടു,
“ഹാവൂ, സമാധാനായി, മോളെങ്കിലും…”.
പിള്ളേച്ചൻ പല്ലിളിച്ചു.
“താനെന്തു കൊഞ്ഞാണ്ടനാടോ! വർദ്ധക്യത്തിൽ പുത്രി പുതിയ സദനത്തിൽ കൊണ്ടുചെന്നാക്കും ന്നാ അർത്ഥം. വൃദ്ധസദനം തന്നേടോ, പരമമോക്ഷം”.
പപ്പൂള ഫ്ലാറ്റ്. അതു ഗൗനിക്കാതെ പിള്ളേച്ചൻ പൂച്ഛേന ഉവാച,
“ഹൈ, ചുരുക്കത്തില്
ന: പൂരുഷ
സ്വാതന്ത്ര്യമർഹതി.
ചത്താലും നെണക്കൊന്നും മോക്ഷം കിട്ടില്യാന്ന്! അല്ല, കിട്ടീട്ടും എന്തൂട്ടിനാ”.
“അപ്പോ
ഇത്രയ്ക്കേയുള്ളൂ
മ്മടെ ജീവിതം ല്ലേ…”, നെടുവീർപ്പിൽ പപ്പൂളയ്ക്കു ശ്വാസംമുട്ടി.
“ഹേയ്, തീർന്നില്യ. നീം വേണോ…” ന്നായി പിള്ളേച്ചൻ.
പൊടുന്നനെ എല്ലാം നിശ്ചലം. അകത്തൂന്നൊരു ഉൾവിളി മുഴങ്ങി. കിളിപ്പോയ വേലി വിറച്ചു. പല്ലി ചിലച്ചു. വാല് വിറച്ചു. പോയ വാല് തുന്നിച്ചേർക്കണേൽ ഇനി പട്ടണത്തീന്ന് അപ്പോത്തിക്കിരി വരണം.
അപ്പോഴേക്കും അശരീരി കേട്ടു, തെക്കിനീന്ന്.
“എവിട്യാ ഈ മനുഷ്യൻ? വേലിക്കല് നിന്ന് പയ്യാരം പറയാണ്ടേ ആ തേങ്ങായൊന്ന് ചെരവണുണ്ടോ…”.
ലളിതസുഭഗ ശാന്തയായി സ്വരമായി. സ്വരം പലയിടത്തും പരന്നൊഴുകി. അയലോക്കത്തുനിന്നുവരെ തലകൾ പൊങ്ങി. എന്താ കാര്യംന്ന് അറിയേണ്ടത് നാട്ടാര്ടെ ജനാധിപത്യപരമായ അവകാശമാണ്. ഇങ്ങനെ കിട്ടണേനു കാക്കാശിന്റെ ചെലവൂല്യ.
ലളിതേടെ ഒച്ചയുടെ ശക്തിയിൽ ന്യൂട്ടൻ വെരണ്ടു. തീയറിയുടെ ബലത്തിൽ തേങ്ങാക്കൊല അകത്തോട്ടുരുണ്ടുപോയി!
പപ്പൂള മായയായി. ആവിയായി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px