ദിഗംബരസ്മരണകൾ 435 – എം. രാജീവ് കുമാർ – നാണപ്പന് ഇത് ജന്മശതാബ്ദി !

Facebook
Twitter
WhatsApp
Email

ബോംബയിൽ രണ്ട് നാണപ്പന്മാരുണ്ടായിരുന്നു. ഒന്ന് സാക്ഷാൽ എം.പി.നാരായണപിള്ള. അദ്ദേഹത്തിന്റെ വിളിപ്പേര് നാണപ്പനെന്നായിരുന്നു. മറ്റൊന്ന് പി.എൻ . നാണപ്പൻ എന്ന ഒർജിനൽ നാണപ്പനും.
എം.പി.നാരായണ പിള്ളയേക്കാൾ പതിനേഴ് വയസ്സിന് മൂത്തതാണ് പി.എൻ .നാണപ്പൻ.
നേരത്തേ ബോംബയിൽ വരികയും ചെയ്തു.

1922 ജൂൺ 26 ന് ആലുവയിൽ ജനനം പുത്തൻ വീട്ടിൽ വേലായുധന്റേയും നാണിക്കുട്ടിയമ്മയുടേയും മകൻ. ഇരുപത്തിമൂന്നാം വയസ്സിൽ ബോംബയിൽ വന്നതാണ്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ്. ഇന്ത്യാ ഗവൺമെന്റി
ന്റെ ഫിലിം ഡിവിഷനിൽ കമന്റേറ്ററായിരുന്നു.
പണ്ട് സിനിമാക്കൊട്ടകകളിൽ പടം തുടങ്ങുന്നതിനു മുമ്പ് നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള വികസന കാര്യങ്ങൾ ഉൾപ്പെടെ സർക്കാരിന്റെ നേട്ടങ്ങൾ നിർബന്ധമായും ജനങ്ങളെ കാണിക്കണമെന്നുണ്ടായിരുന്നു. അത്തരം ഡോക്യുമെന്ററികളിൽ ഇന്ത്യയിലാകെ കേട്ടുകൊണ്ടിരുന്ന ശബ്ദം
നാണപ്പന്റേതായിരുന്നു.
ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററികളിലെ ആ കനത്ത ശബ്ദം ഇംഗ്ലീഷിൽ സായ്പന്മാർ തോറ്റു പോകുന്ന ആക്സന്റിലുള്ള ഇംഗ്ലീഷ് ആഖ്യാനവും മലയാളത്തിലെ ശോകരാഗം പുരണ്ട ശബ്ദവും കേട്ടിട്ടില്ലാത്തവരില്ലായിരുന്നു. മൂന്നു പതിറ്റാണ്ടാണ് അത് നീണ്ടുനിന്നത്. “ബീഹാറിൽ വെള്ളപ്പൊക്കം ….” തുടങ്ങി പിൽക്കാലത്ത് മിമിക്രി കലാകാരന്മാർ അനുകരിച്ചതു മുഴുവൻ നാണപ്പന്റെ ശബ്ദമാണ്.

ബോംബയിൽ
പരീക്ഷണനാടകത്തിന്
അടിത്തറയിട്ടതും നാണപ്പനാണ്. രംഗക്രിയകളിലെ പരീക്ഷണവുമായി കേരളത്തിൽ ജി.ശങ്കരപ്പിള്ള ഓടി നടക്കുന്നതിനും പതിറ്റാണ്ടു മുമ്പ് ബോംബയിലെ ജി. ശങ്കരപ്പിള്ളയായിരുന്നു നാണപ്പൻ. പരീക്ഷണനാടകങ്ങളുടെ തല തൊട്ടപ്പൻ ! 1952 ലാണ് ബോംബയിൽ പി എൻ നാണപ്പൻ എക്സ്പിരിമെന്റൽ തിയേറ്റർ തുടങ്ങുന്നത്. മലയാളത്തിൽ ആ ചരിത്രം ഇവിടെ ആരെഴുതിയിട്ടുണ്ട്.

1946 ലാണ് നാണപ്പന്റെ ജീവിതത്തിലെ അതിപ്രധാനമായ സംഭവം. Lovji Cama memorial Trophy കൊടുക്കുന്ന ഒരു ഇംഗ്ലീഷ് ഡ്രാമാ ഫെസ്റ്റിവൽ ബോംബയിൽ നടക്കുന്നുണ്ടെന്ന്
1945 ഡിസംബറിൽ ഒരു പത്രവാർത്ത വന്നു.
നാണപ്പനും ഇംഗ്ലീഷിലൊരു നാടകമെഴുതി സംവിധാനം ചെയ്ത് മത്സരത്തിൽ പങ്കെടുത്തു. Farmers Geeta എന്നായിരുന്നു നാടകത്തിന്റെ പേര് ! ഹിന്ദു മുസ്ലീം സ്പർദ്ധയായിരുന്നു പ്രമേയം.
എട്ടുപത്ത് മുഴു നീള നാടകങ്ങൾ അന്ന് ഇംഗ്ലീഷിൽ നാണപ്പൻ എഴുതി. എല്ലാം ഇന്ത്യൻ അവസ്ഥയെപ്പറ്റിയുള്ളത്. സമൂഹത്തിലേക്ക് തുറന്നു പിടിച്ച കണ്ണു കൊണ്ടെഴുതിയ നാടകങ്ങൾ.

ആദ്യമായി നാണപ്പൻ മലയാളത്തിലെഴുതിയ നാടകമായിരുന്നു “കുട്ടപ്പൻ ” . രംഗങ്ങൾ മാറുന്നത് കമന്ററി കൊണ്ട് . കർട്ടൻ വീഴുന്ന തേയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുൻപുള്ള കാര്യമാണ്.

“വിധിയും വിശ്വാസവും ” അഞ്ചു തവണ അവതരിപ്പിച്ചു. ഗുരുവായൂർ ഭക്തനായ പിതാവും നാസ്തികനായ പുത്രനും തമ്മിലുള്ള സംവാദമാണ് വിഷയം.
“മുരുകൻ എന്ന പാമ്പാട്ടി ” എം.പി.നാരായണ പിള്ള എഴുതുന്നതിന് ഇരുപത് കൊല്ലം മുമ്പ് നാണപ്പനെഴുതിയ നാടകമാണ് “പാമ്പാട്ടിയുടെ മകൾ ” .
രംഗത്ത് പാമ്പിനെ കൊണ്ടുവരുന്നുണ്ട്. നാടകത്തിന് പാമ്പാട്ടി കൊണ്ടുവന്ന പാമ്പ് പരിശീലിപ്പിച്ച പാമ്പായിരുന്നില്ല. അതിഴഞ്ഞ് കാണികൾക്കിടയിലൂടെ പോകാൻ തുടങ്ങിയപ്പോൾ നാണപ്പൻ അതിനു മേൽ കമിഴ്ന്നു വീണതും പ്രേക്ഷകർ അതും പരീക്ഷണ നാടകത്തിന്റെ ഭാഗമായിരുന്നെന്ന് കരുതിയതും അൻപതുകളിലെ ബോംബെ പരീക്ഷണനാടകങ്ങളുടെ അലിഖിത ചരിത്രമാണ്.

“നായന്മാരും തുടങ്ങി ” എന്നൊരാക്ഷേപഹാസ്യനാടകം വേറെയുണ്ട്. രംഗസാദ്ധ്യതകൾ പ്രയോജനപ്പെട്ടത്തി എഴുതിയ നാണപ്പന്റെ “ക്ഷേത്രം ” എന്ന നാടകം ഇന്നും പ്രസക്തമാണ്. ഒരു കുഗ്രാമത്തിലെ ക്ഷേത്രം ജനങ്ങളെ മർദ്ദിക്കുന്നതും ചൂഷണം ചെയ്യാനുള്ള ഒരു സ്ഥാപനമായി അത് രൂപപ്പെടുന്നതും പുതിയ തലമുറ ക്ഷേത്രമല്ല മനുഷ്യനാണ് വേണ്ടതെന്ന് വാദിച്ച് മനുഷ്യനെ പ്രതിഷ്ഠയാക്കുന്നതുമാണ് പ്രമേയം. ഇന്നത് ബോംബയിലവതരിപ്പിച്ചാൽ കത്തിക്കും. കേരളത്തിലവതരിപ്പിച്ചാലും വ്യഖ്യാനം വേറെ രീതിയിൽ വരും. പത്തിരുപത്തഞ്ചിലധികം നാടകങ്ങൾ മലയാളത്തിൽ നാണപ്പൻ എഴുതിയിട്ടുണ്ട്. അതിലധികം പുസ്തകമായിട്ടില്ല.

1948 ൽ “ഇന്ത്യൻ കൾച്ചർ ലീഗി”ന്റെ കലാസാഹിത്യകാര്യദർശിയായി. 1952 ൽ എക്സ്പിരിമെന്റൽ തിയേറ്റർ ആരംഭിച്ചു. പുരോഗമന പരമായ ഒരു തിയേറ്റർ സങ്കല്പമായിരുന്നു. കേരളത്തിലെ തനതുനാടകവേദിയ്ക്കും ജി ശങ്കരപ്പിള്ളയുടെ തിയേറ്റർ പ്രസ്ഥാനത്തിനും ഒരു പടികൂടി ഇണങ്ങി തോപ്പിൽ ഭാസിയും ശങ്കരപ്പിള്ളയും ചോർന്നൊരു നാടകമൊരുക്കിയാലെങ്ങനിരിക്കും? കൂടെ എൻ.എൻ. പിള്ളയേയും കൂട്ടിയാലോ? അങ്ങനെയൊരു സമരസ റ
നാടകങ്ങളാണ് നാണപ്പന്റേത്. സമൂഹത്തിന്റെ രൂപവൽക്കരണത്തിന് സാരവത്തും ബലവത്തുമായ ഒരുപകരണമായി നാടകത്തെ നാണപ്പൻ കണ്ടു. ഒരു രാഷ്ട്രീയ കക്ഷിയോടും ആഭിമുഖ്യം കാണിക്കാത്ത നാടകങ്ങളായിരുന്നു അവ. ഒരു രാഷ്ട്രീയ കക്ഷിയെ ആശ്രയിക്കുമ്പോൾ അതൊരു സാംസ്ക്കാരിക സംഘടനയല്ലാതായി മാറുന്നു എന്നാണ് നാണപ്പന്റെ അഭിപ്രായം.

ക്ഷേത്രം , കൊച്ചു പാറു അമ്മായി, തെക്കുവടക്ക്, ചട്ടീം കലോം എന്നിവ പ്രസിദ്ധപ്പെടുത്തിയ നാടകങ്ങളിൽ ചിലവ മാത്രം. അധികവും അച്ചടിച്ചിട്ടില്ല.
നാലു പതിറ്റാണ്ടുകാലം കൊണ്ട് ബോംബേ മലയാളനാടക വേദിക്ക് അടിത്തറയിട്ട നാണപ്പന് ശിഷ്യഗണങ്ങളില്ല. അവിവാഹിതനായ നാണപ്പന് പിൻതുടർച്ചയുമില്ല. 84 വയസ്സു വരെ ബോംബയിലുണ്ടായിരുന്നു.

അടിമുടി നാടകക്കാരനായിരുന്നു നാണപ്പൻ. അൻപതുകളിൽ ബോംബെയിൽ ഇംഗ്ലീഷിലും മലയാളത്തിലും നാടകങ്ങളഴുതി. നാടകം എന്നാൽ ബോംബയിൽ നാണപ്പനായിരുന്നു. ഒടുവിലെഴുതിയ നാടകം “മനുഷ്യനും മനുഷ്യനും ” . ബോംബെയിലെ പ്രതിഭാ തീയേറ്റേഴ്സ് ആ നാടകം ഭംഗിയായി അവതരിപ്പിച്ചു.

2022 ! ഇതു് നാണപ്പന്റെ ജന്മശതാബ്ദി വർഷം. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
നൂറ് വയസ്സ്. മലയാള നാടക ചരിത്രത്തിൽ ആരെങ്കിലും കുറിച്ചു വച്ചിട്ടുണ്ടോ നാണപ്പന്റെ പേര് ? ഇവിടെ നാടക ചരിത്രമെഴുതിയവരെല്ലാം അവനവന്റെ ആത്മപ്രശംയിൽ ഊതി വീർപ്പിച്ച ബലൂണുകളെയല്ലേ തൂക്കിയിട്ടിരിക്കുന്നത്. കേരളത്തിനു വെളിയിലേക്കു നോക്കാൻ അവരെല്ലാം ഊട്ടിയിലെ കുതിരകളെപ്പോലെ മുഖപ്പട്ട കെട്ടിയവരായിരുന്നല്ലോ. സംഗീത നാടക അക്കാദമിയാണങ്കിൽ മുഖ്യന്റെ പടം വച്ച് പൂജിച്ചു കൊണ്ടിരിക്കുകയാണല്ലോ! മുംബേക്കാരു പോലും മറന്നുവോ നാണപ്പനെ ?

About The Author

Leave a Reply

Your email address will not be published. Required fields are marked *