പ്രായം ഏറെയായി. ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ ഒന്നു മയങ്ങിപ്പോയി. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി.
ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അധികം മോഹങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാത്തവൾ. പക്ഷെ അവൾക്ക് ഡാന്‍സ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി പണം ചിലവാക്കാനോ പഠിപ്പിക്കാനോ നിവൃത്തിയില്ലാത്തവരായിരുന്നു അവളുടെ കുടുംബം. എന്നാൽ അവൾ അവളുടെ മോഹം അടക്കിവെച്ചില്ല. സിനിമയിയിലും ഉത്സവ സ്ഥലത്തും ഒക്കെ കാണുന്ന ഡാൻസുകൾ കണ്ട് വീട്ടിൽ വന്ന് അനുകരിക്കാൻ ശ്രമിച്ച് കള്ള ഡാൻസ് കളിക്കുമായിരുന്നു.
ഒരു ഫീസുമില്ലാതെ ഡാൻസ് പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ ഡ്രിൽ പിരീടിലും ടീച്ചർ ഇല്ലാത്ത പിരീടിലും പെൺകുട്ടികളെയെല്ലാം നിരത്തി വളച്ചു നിർത്തിയിട്ട് പഠിപ്പിക്കുകയായിരുന്നു സന്മനസുള്ള ഒരു നല്ല സുഹൃത്ത്. നിർഭാഗ്യമെന്നു പറയട്ടെ അവൾക്ക് അധികം തുടരുവാൻ കഴിഞ്ഞില്ല. ടി.സി. എടുത്ത് ദൂരെ എവിടെയോ പോയി. പിന്നെ കണ്ടിട്ടേയില്ല. ഇപ്പോൾ എവിടെയുണ്ടോ എന്തോ ? കണ്ടാൽ അറിയുകയുമില്ല.
അങ്ങനെയിരിക്കെ കൂട്ടുകാരികൾ തമ്മിൽ സംസാരിച്ചും പറഞ്ഞും ഇരുന്നപ്പോൾ ഡാൻസ് പഠിക്കുന്ന ഒരു സുഹൃത്ത് കുറച്ചു പഠിപ്പിച്ചു കൊടുക്കാമെന്നേറ്റു. കൂട്ടുകാരുടെ ഇടയിലെ ഫീസ് എന്താന്നറിയാമോ “പുളുങ്കുരു” ഇപ്പ കേട്ടാ എല്ലാപേർക്കും ചിരി വരും . അന്നത്തെ കാലത്ത് ഉത്സവത്തിനു പോകുമ്പോൾ കൊറിക്കാൻ കൊണ്ടു പോകാനും, വെറുതേ വീട്ടിലിരിക്കുമ്പോൾ ചവക്കാനും പുളുങ്കുരു വാങ്ങി വറുത്തിട്ടിരിക്കുമായിരിന്നു. അത് എണ്ണി കൊടുത്ത് കുറച്ചു സ്റ്റെപ്പുകളൊക്കെ പഠിച്ചു. തമാശമട്ടിലാണെ പുളുങ്കുരു ഈടാക്കുന്നത് .
പത്തിൽ പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റിവെല്ലിനു തിരുവാതിര കളിക്ക് അവളെയും ഗ്രൂപ്പിൽ ചേർത്തു. കുഞ്ഞുനാൾ മുതൽ ഉള്ള ആഗ്രഹമാണ് സ്റ്റേജിൽ കളിക്കാൻ ഒരവസരം കിട്ടുക എന്നത്. സഹപാഠികൾ തന്നെയാണ് തിരുവാതിര പഠിപ്പിക്കുന്നതും പാടുന്നതും .അതിനുവേണ്ട സ്റ്റെപ്പുകൾ പഠിപ്പിക്കാൻ തുടങ്ങി. കണ്ടപ്പോൾ മനസ്സിലായി. ഇത് താൻ നേരത്തെ പഠിച്ച സ്റ്റെപ്പ് തന്നെ. പെട്ടെന്നു തന്നെ അത് കാണിച്ചും കൊടുത്തു. ബാക്കി അറിഞ്ഞു കൂടാത്ത കുട്ടികളെ പഠിപ്പിക്കാനും സഹായിച്ചു. പഠിക്കാത്ത സ്റ്റെപ്പുകളും ഉണ്ടായിരുന്നു .അതെല്ലാം പെട്ടന്നു പഠിച്ചു.
ഭാഗ്യത്തിനു കുപ്പിവളകളും മറ്റും വാങ്ങാൻ അമ്മ പൈസ തന്നു. നേരീയതും കസവു മുണ്ടും തൊട്ടടുത്തുള്ള കൂട്ടുകാരി അവളുടെ അമ്മാമ്മയുടേതു വാങ്ങി കൊടുത്തു. പക്ഷേ ചുവന്ന ബ്ലൂസ് കൊണ്ടു വരാമെന്നേറ്റ കുട്ടി അത് എടുക്കാൻ മറന്നു. തിരിച്ചു പോയി എടുക്കാനുളള സമയവുമില്ല. മറ്റു മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അവിടെ ആരെങ്കിലും ചുവന്ന ഉടുപ്പ് ഇട്ടിട്ടുണ്ടോ എന്നു നോക്കി. കണക്കാക്കുന്ന ബ്ലൗസും ആകണമല്ലോ. വിഷമിച്ചു നിൽക്കുമ്പോൾ അതാ വരുന്നു തിരുവാതിരയ്ക്കു പാടാൻ വരുന്ന കൂട്ടുകാരികളിൽ ഒരാൾക്ക് ചുവന്ന ഉടുപ്പ് .പിന്നെ വേറെ നിവൃത്തിയില്ലല്ലോ ഒട്ടും താമസിച്ചില്ല. ക്ലാസ്സുറൂമിലാ ഒരുക്കങ്ങളൊക്കെ. ഉടുപ്പുകൾ പരസ്പരം മാറ്റി ധരിച്ചു. മുണ്ടോക്കെ ഉടുക്കാനും,ഒരുങ്ങാനും എല്ലാപേരെയും സഹായിക്കാൻ ക്ലാസ്സ് ടീച്ചറും മറ്റു കുട്ടികളും ഒപ്പം കൂടെ ഉണ്ടായിരുന്നു. അങ്ങനെ ജീവിതത്തിൽ നടക്കില്ല എന്നു വിചാരിച്ച ഒരു വലിയ ആഗ്രഹം അവൾക്കു നിറവേറ്റാൻ കഴിഞ്ഞു . തിരുവാതിര മത്സരത്തിനു രണ്ട് ഗ്രൂപ്പുണ്ടായിരുന്നു. ഫസ്റ്റ് അവളും ഉണ്ടായിരുന്ന ഗ്രൂപ്പിനു കിട്ടി.
സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുന്ന ചിരികണ്ട് ! അമ്മ പകൽകിനാവു കണ്ട് ചിരക്കയാണോന്നു ചോദിച്ച് മകൾ തട്ടിയപ്പോഴാണ് അവൾ ഉണർന്നത്.
* പ്രിജിത സുരേഷ് *












