LIMA WORLD LIBRARY

പതിവുകൾ – ശ്രീകുമാരി സന്തോഷ്‌

രാത്രി അതിന്റെ നിശാ വസ്ത്രം ഊരിയെറിഞ്ഞു. പകലിന്റെ വെള്ളി വെളിച്ചം ഇരുട്ടിനെ അതിജീവിച്ചു.
കറുപ്പിനെ വെളുപ്പ് വിഴുങ്ങി.
രാത്രി മഴയിൽ കുളിച്ച്
പകൽ വെയിലിൽ ഈറൻ ഉണക്കി യ പ്രകൃതി.
കാലത്ത് തന്നെ ഉണർന്നു ലക്ഷ്മിക്കുട്ടിയമ്മ. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ജനാലകൾ തുറന്ന് ഈർപ്പം വെയിൽ തട്ടി ഉണങ്ങിയ സുഖമുള്ള ചെറിയ കാറ്റ് നരച്ച മുടിയിഴകളിൽ ഏറ്റിക്കൊണ്ട് മന്ത്രങ്ങളിൽ മുഴുകി. പഴയ ചിട്ടകളിൽ മുറുകെപിടിച്ചു വിട്ടുവീഴ്ചകൾ ഇല്ലാത്ത തൊണ്ണൂറ് കഴിഞ്ഞ വ്യക്തിത്വം.
ഒരിക്കലും ആർക്കും മാറ്റാൻ പറ്റാത്ത ഒരു പിടി ദുർവാശികൾ ഉണ്ട് മൂപ്പത്തിക്ക്.
എന്തിനും ഏതിനും അതിന്റെതായ സമയ ക്ലിപ്തത പുലർത്തി പോരുന്ന സ്വഭാവ വിശേഷം.
ഇന്നത്തെ കുട്ടികളുടെ രീതികളുമായി യാതൊരു വിധത്തിലുള്ള സഹകരണവും ലക്ഷ്മിക്കുട്ടിയമ്മയിൽ നിന്ന് പ്രതീക്ഷിക്കണ്ട.
പഴയ പ്രതാപത്തിന്റെ ജാടകളിൽ ഇന്നും പ്രതാപമില്ലാതെ ജീവിക്കുന്നു.
കുട്ടിക്കാലത്ത് ഉണർന്നു വന്നാലുടൻ ലക്ഷ്മിക്കുട്ടിയമ്മ കണികാണുന്നത് കേശവൻ കുട്ടി എന്ന കൊമ്പനെയായിരുന്നു. അതിന്റെ വായിൽ ഒരുരുള ചോറും , ശർക്കരയും, പഴവും കൊടുത്തതിനു ശേഷം മാത്രമായിരുന്നു കുളിയും തേവാരവും. എപ്പോളും ആന മഹത്വം കേട്ട് കാതു തഴമ്പിച്ച പേരക്കുട്ടികൾ അമ്മൂമ്മയുടെ കാതിൽ മന്ത്രിക്കുമായിരുന്നു ( എന്റ്റുപ്പാപ്പക്ക് ഒരാന ണ്ടാർന്നു ).
പിണക്കത്തിന്റെയും കരച്ചിലിന്റെയും ദ്വന്ത്വ ഭാവം ആ മുഖത്തു അപ്പോൾ ഓടിയെത്തും.ഈ പിണക്കം മാറ്റാൻ ഒറ്റ വഴിയേ ഉള്ളൂ. അരങ്ങൊ ഴിഞ്ഞ ഏതെങ്കിലും കഥാപാത്രങ്ങളുടെ എന്തെങ്കിലും കാര്യങ്ങൾ ചോദിക്കേണ്ട താമസം അമ്മൂമ്മ വാചാല യാവും. ഇത് കുട്ടികൾക്ക് നന്നായറിയാം.
അമ്മൂമ്മ യുടെ ചീറ്റലും തുമ്മലും ഒഴിവാക്കാനുള്ള അവസാന അടവാണിത്. ആവർത്തിച്ചുള്ള ഈ കഥകൾ കുട്ടികളെ മടുപ്പിച്ചിരുന്നു പലപ്പോളും.ഇതൊക്കെയായാലും മക്കൾക്കും മരുമക്കൾക്കും ഗുരുസ്താനീയ ആണ് ലക്ഷ്മിക്കുട്ടിയമ്മ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ വന്നുകയറിയമരുമക്കൾ ഇന്ന് ഒരു കുടുംബം മുഴുവൻ മുഴുവൻ ഭരിക്കാൻ കഴിവുള്ള വണ്ണം പ്രാപ്താരാക്കിയതുലക്ഷ്മി കുട്ടിയമ്മയുടെ ഈ കർശന നടപടികൾ തന്നെ യാണ്.കഥയുടെ ക്ഷീണത്തിൽ ഒരു മയക്കം, പിന്നീട് ഭക്ഷണം. അതാണ് രീതി. സന്ധ്യയോടെ വീണ്ടും വിളക്ക് വെച്ച് നാമജപങ്ങൾ. രാത്രിയിലെ കഞ്ഞിയോടെ ദിവസത്തിന്റെ അന്ത്യം. അടുത്ത ദിവസം ഇതേ കഥകളുമായി ലക്ഷ്മിക്കുട്ടിയമ്മ പതിവു ചിട്ടകളിൽ മുഴുകും. കേൾവിക്കാരാ യി കുട്ടികൾ കുറച്ചു സമയം കൂടെ വേണമെന്ന് മാത്രം.
കറുത്ത വസ്ത്രം അണിഞ്ഞു വീണ്ടും രാത്രി. എണ്ണപ്പെട്ട രാപ്പകലുകൾ ലക്ഷ്മിക്കുട്ടിയമ്മയുടെ ദിന ചര്യകൾക്ക് മാറ്റം വരുത്തിയിരുന്നില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px