LIMA WORLD LIBRARY

വല്മീകം (ചെറുകഥ) —ഗീത മുന്നൂർക്കോട്—

 നൈമിഷിക വികാരങ്ങളുടെ നിറഞ്ഞ നിറങ്ങളുണ്ടായിരുന്നു, അന്ന് ഉണർന്നെഴുന്നേറ്റപ്പോൾ മനസ്സിൽ. ഉത്സാഹഭരിതമായ ഉത്സവത്തിമർപ്പുകളാൽ  വീടും നിറഞ്ഞ് നിന്നു. വീട്ടിലോരോരുത്തരും ഏറെ സന്തോഷത്തിലാണ്. എല്ലാവരും ക്ഷേത്രത്തിലെ താലപ്പൊലിക്ക്
പോകാൻ നേരത്തെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ഞാൻ മാത്രം ദിവസം ഉഴുവൻ മുഷിഞ്ഞിരുന്നു.
  സന്ധ്യയായതോടെ ദീപം കൊളുത്തി ഓപ്പോളും കുട്ടികളും അനിയനുമെല്ലാം അമ്പലത്തിലേക്ക് യാത്രയായി. എന്റെയിരുപ്പു കണ്ടിട്ടാകണം ,എനിക്ക് താല്പര്യമുണ്ടാകില്ലെന്നു വിശ്വസിച്ചിട്ടും അമ്മ വിളിച്ചു ചോദിച്ചു..‘…ന്തേ കുട്ട്യേ …നീയ് പോണില്ല്യേ …അമ്പലത്തിലിന്ന് താലപ്പൊലീണ്ടല്ലോ…’ തന്റെ മുഖത്തെ നിർവികാരത കണ്ടിട്ടാകണം അമ്മ സ്വയം പിൻവാങ്ങിയത്…
 അന്തിത്തിരി കണ്ട് മയങ്ങും പോലെ…. മുറ്റത്തെ ഇലഞ്ഞിമരം… അതിന്റെ തണുത്ത ചുവടുകളിലേക്ക് നോക്കിയിരുന്നു പോയി അല്പനേരം.
ഉള്ളിന്റെയുള്ളിൽ എന്തോ ഒരു നടുക്കമായി അമ്പലത്തിലെ ശംഖൊലി മുഴങ്ങി….താമസിയാതെ തന്നെ ശീവേലിക്കൊട്ടും കേട്ടുതുടങ്ങി.
ഞാനോർത്തു… അഗ്രഹാരത്തിൽ ഇപ്പോൾ വെളിച്ചപ്പാട് വിശ്രമിക്കുകയായിരിക്കും…തുറന്നു വച്ച പൂക്കൂടയിലെ വർണ്ണങ്ങളിലൂടെ, കുരുത്തോല നാരുകളുടെ പരുപരുപ്പിലൂടെ അമ്മയുടെ വൈദഗ്ദ്ധ്യമുള്ള വിരലുകൾ ചലിക്കുന്നുണ്ടാകും….
 എന്തുകൊണ്ടോ…. തനിച്ചിവിടെ സങ്കൽപ്പങ്ങളിൽ വ്യാപരിച്ചിരിക്കാൻ തോന്നിയില്ല. …എഴുന്നേറ്റ് കാലും മുഖവും കഴുകി കോടി ഷർട്ടും അമ്മ തനിക്കായി മാറ്റി വച്ച ഡബിൾ മുണ്ടുമുടുത്ത് ഇറങ്ങി. അമ്പലത്തിലൊന്ന് പൊയേക്കാം. അതു കൊണ്ടെങ്കിലും അമ്മ പരിഭവമൊന്നും പറയാതിരിക്കുമല്ലോ…..
ഭജനയുടെ ചിറ്റോളവട്ടങ്ങളും, സേവ പിടിക്കുന്ന ചെണ്ടക്കോലുകളും…താലദീപങ്ങളേന്തിയ സുന്ദരി പെൺകിടാങ്ങളുമൊക്കെയായിരുന്നു മനസ്സു നിറയെ…. ഇതൊക്കെ പണ്ട് കണ്ട് മറന്ന പോലെ… എങ്കിലും ഒരു കുളിരലയായി ഇപ്പോഴും മനസ്സിൽ ഇതൊക്കെയെങ്ങനെയെത്തി….!
 ദൈവങ്ങൾ മനുഷ്യന്റെ സാങ്കല്പികസൃഷ്ടി മാത്രമാണെന്ന് എത്രയോ നാളായി ഞാൻ മനസ്സിലുറപ്പിച്ചതാണ്.. അത് തന്നെ വീട്ടിലുള്ളവരോടും കൂട്ടുകാരോടും ഒക്കെ പറഞ്ഞു നടക്കുമ്പോൾ അമ്മ ദയനീയമായി ദൈവത്തെ വിളിച്ച് എന്റെ ബുദ്ധി നല്ല വഴിക്ക് കൊണ്ട് വരാൻ കേഴുമായിരുന്നു…
 സാന്ധ്യസമീരണൻ അവിടം വലം വച്ചു പോകുമ്പോൾ സന്ധ്യക്ക് വിഷാദം…. അപ്പോൾ മുഴങ്ങുന്ന അമ്പലമണി……വെറുമൊരു നിമിഷം ..അപരാധിയുടെ പരിഭ്രാന്തമായ വികാരങ്ങൾ തലച്ചോറിൽ പുകയുന്നതറിഞ്ഞു…മുഖം താഴ്ത്തി….തല കുനിച്ച് നടന്നു. ഇടം വലം നോക്കാതെയായിരുന്നു നടത്തം.
 എത്തി ..അമ്പലനടക്കലെന്നുറപ്പായിട്ടേ തല പൊക്കിയുള്ളൂ….പക്ഷേ…
ങേ…എന്തേ ഇവിടാരുമില്ലാത്തത്…? പുറത്ത് ആലക്തികദീപങ്ങളണഞ്ഞല്ലോ… എന്തേ ഇവിടൊരു അന്ധത പോലെ…? അല്ല…തേവരകത്തല്ലേ…? നോക്കിയേക്കാം.
 എന്നാൽ ശ്രീകോവിലിന്റെ  കനത്ത വാതിൽ അടഞ്ഞു കിടക്കുന്നു !!!!!
വാതിൽ തള്ളിത്തുറക്കുമ്പോൾ കൈകൾ വിറക്കുന്നതും അറിഞ്ഞിരുന്നു.
“ എമ്പ്രാന്തിരീ…. എവിടെ അമ്മ…? അമ്മേ…. അമ്മേ… ഇവിടാരൂല്ല്യാന്നുണ്ടോ….?” ചോദ്യം തന്നെയായിരുന്നൂ മറുപടി. ആ ഏകാന്തതയിൽ ആശ്വാസത്തിനായി പരുതുമ്പോൾ….മണ്ണടിയുന്ന സ്വപ്നങ്ങളെ നോക്കി വിതുമ്പുന്നുണ്ടായിരുന്നു, താഴികക്കുടം… തേവർക്കെന്തേ തളർച്ച….അതൊരു കൈക്കുടന്ന നീരിനു വേണ്ടിയുള്ള ദാഹമായിരുന്നോ….!
 അവിടെ ..തേവർക്ക് മുമ്പിൽ… ചന്ദനക്കുഴമ്പു പുരളാൻ കൊതിക്കുന്ന തുളസിക്കതിരുകൾ… തീർത്ഥം തൊടാൻ ത്വരിക്കുന്ന ദർഭപ്പുല്ലുകൾ..എല്ലാം ചിതറിക്കിടക്കുന്നു…
 ദേവബിംബത്തിന്റെ കണ്ണുകൾക്ക് തളർച്ച ബാധിച്ച പോലെ ….
എന്റെ കണ്ണുകളും മനസ്സും ഒരുപോലെ കരഞ്ഞു… എന്തേ നാട്ടുകാരെല്ലാരും
തേവരെ വേണ്ടെന്ന് വച്ചത്… താലപ്പൊലി എന്തേ മുടങ്ങിയത്..
 പിന്നെ തിടുക്കത്തിൽ തെരച്ചിലായിരുന്നു…
അപ്പോഴാണത് ശ്രദ്ധിച്ചത്… അടുത്തെങ്ങോ താളലയങ്ങൾ കേൾക്കുന്നുണ്ട്….ഏതോ കാലത്തിൽ നിന്നെന്ന പോലെ, ആൽത്തറക്കൽ നിന്ന് ഉന്മാദത്തിന്റെ ശബ്ദം മുഴങ്ങി. അണഞ്ഞ ചുറ്റമ്പലവിളക്കുകൾ ഇപ്പോൾ
അൽത്തറയ്ക്ക് ചുറ്റും വലയം കൊണ്ടിരിക്കുന്നു…!!!
 ഉവ്വ്, വേച്ച് വേച്ചു നീങ്ങുന്ന കാലുകൾക്ക് ഭാരമുണ്ടായിരുന്നു….എങ്കിലും ആവേശം കൊണ്ട് ഞാനോടുകയായിരുന്നു.
 അവിശ്വസനീയം ! ആൽത്തറയ്ക്ക് നടുവിൽ കൌപീനമണിഞ്ഞ ഒരു യോഗി ! ചുറ്റുമുള്ള കാറ്റു പോലും കാവിയുടുത്തപോലെ…മിഴികളടച്ച് ധ്യാനവിലീനനായ യോഗി…യുഗസഞ്ചാരി ! അരികത്ത് കമണ്ഡലു !അവിടം നിറഞ്ഞ ജനക്കൂട്ടം ! ഭക്തി സാന്ദ്രം !
 യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ ഞാനുഴറുമ്പോൾ…
പിറകെ നിന്നും ഉപദേശങ്ങൾ… ‘മോനേ…തൊഴ് മോനേ… അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങ്..’ അമ്മയാണ് !
 പുതുമയെ പുൽകാനുള്ള ആവേശത്തിൽ മനുഷ്യനിലേക്ക് പ്രവഹിച്ച
ദിവ്യത്വത്തെയോർത്ത് ഞാൻ പുറം തിരിഞ്ഞു… ..അമ്മ തടസ്സം നിൽക്കുന്നു മിന്നിൽ… ‘അരുത്..മോനേ…അദ്ദേഹത്തെ വന്ദിക്കാതെ…അനുഗ്രഹം വാങ്ങാതെ പോകരുത്…….ദിവ്യനാണ്…’
 മനസ്സാക്ഷിക്ക് മുന്നിലൊരു വല്മീകം പൊങ്ങി വരുന്നു…..ഇനി ഇവിടെ നിൽക്കാനാവില്ല. ഞാൻ തന്നെ എന്റെ ദൈവം എന്ന് ദൃഢപ്രതിജ്ഞയെടുത്ത്
വലിഞ്ഞു നടന്നു, ആർക്കും മുഖം കൊടുക്കാതെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px