ശ്രീനാരായണഗുരുദേവനെക്കുറിച്ച് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്.🌹

Facebook
Twitter
WhatsApp
Email

ചിന്തയിൽ ശങ്കരാചാര്യർക്കു തുല്യനും കർമ്മത്തിൽ ശങ്കരാചാര്യരേക്കാൾ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ അതു ശ്രീനാരായണഗുരുദേവനാണ്. ദേവൻ എന്ന് എന്തിനാണ് അദ്ദേഹത്തെ വിളിക്കുന്നത്, മനുഷ്യൻ എന്നു വിളിച്ചാൽ പോരെ എന്നു യുകതിവാദികൾ ചോദിക്കാറുണ്ട്. പോരാ. മറ്റു മനുഷ്യരിൽനിന്ന് വ്യത്യസ്തനാണ് അദ്ദേഹം. സാധാരണ മനുഷ്യർക്കു സാധിക്കാൻ കഴിയാത്ത മഹത്തായ കാര്യങ്ങൾ അദ്ദേഹം ചെയ്തു. മഹത്ത്വത്തിന്റെ പര്യായമാണു ദിവ്യത്വം. ദിവ്യത്വം പ്രകാശിപ്പിച്ച ആൾ ദേവൻ. അതുകൊണ്ട് എനിക്കും എന്നെപ്പോലുള്ള പാമരന്മാർക്കും അദ്ദേഹം ശ്രീനാരായണഗുരുദേവൻ തന്നെ. തുഞ്ചത്തെഴുത്തച്ഛൻ കഴിഞ്ഞാൽ ഏറ്റവും വലിയ മലയാളകവിയും ശ്രീനാരായണ ഗുരുദേവൻ തന്നെ. ഋഷിയായ ഗുരുവിന്റെ കവിതകളിലെ മന്ത്രസ്വഭാവമോ അത്യഗാധമായ ആത്മീയാനുഭവമോ ആന്തരസംഗീതമോ ഭാഷാപൂർണ്ണതയോ ലൌകികനായ കുമാരനാശാന്റെ കവിതകളിൽ ഇല്ല എന്നാണ് എന്റെ അനുഭവം.

തത്ത്വശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല. അതു പഠിക്കാൻ വേണ്ട ബുദ്ധിശക്തി എനിക്കില്ല. (തത്ത്വശാസ്ത്രം അറിയാം എന്ന് ധരിച്ചുവശായിരിക്കുന്ന പലരേക്കാളും ഭേദമാണ് എന്റെ അവസ്ഥ എന്നുമാത്രം.എന്തെന്നാൽ ഇക്കാര്യത്തിൽ എനിക്ക് എന്റെ പരിമിതി അറിയാമല്ലൊ.)
സംസ്കൃതവും പാലിയുമൊന്നും അറിയാത്തതിനാൽ ഭാരതീയ തത്ത്വചിന്തയിലെ മൂല കൃതികൾ വായിച്ചുനോക്കാൻപോലും എനിക്കാവില്ല. ഭാരതീയചിന്തയിൽ ഭൌതികവാദവും അജ്ഞേയതാവാദവും ആത്മീയ വാദവും ഇവയ്ക്കെല്ലാം പലേ പിരിവുകളും ഉണ്ടെന്നു കേട്ടിട്ടുണ്ട്.ഭാരതീയചിന്തയിൽ നെടുനായകത്വം അദ്വൈതവേദാന്തത്തിനാണെന്നും കേട്ടിട്ടുണ്ട്.അദ്വൈതം രണ്ടില്ല എന്നും ‘ശങ്കരന്റെ അദ്വൈതം തന്നെ നമ്മുടെ അദ്വൈതം ’എന്നും ഗുരു വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെയൊന്നും വിശദാംശങ്ങൾ എനിക്ക് ഒരു പിടിയുമില്ല.

എന്നെപ്പോലുള്ള പാമരർക്കുവേണ്ടി ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു:
“ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും.
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.”
മലയാളം മനസ്സിലാകാത്ത മലയാളികൾക്കായി ആ അരുളിനെ ഒരിക്കൽ യതി ഇങ്ങനെ വിശദീകരിച്ചു:
Process of creation, Creator,Creation, and material for creation is identical.

ഇതിനപ്പുറം അറിവില്ല ,മഹത്ത്വമില്ല ,ഇതിനേക്കാൾ വലിയ യുക്തിവാദമില്ല ,ഇതിനേക്കാൾ ലളിതമായി ഒന്നുമില്ല, എന്നെല്ലാം അറിവുള്ളവർ ആശ്ചര്യപ്പെടുന്നു.എന്നാൽ ജീവിതത്തിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ആചരിക്കാനും സാക്ഷാത്ത്കരിക്കാനും ഈ സർവ്വഭൂതസമഭാവനയേക്കാൾ പ്രയാസമേറിയതായി മറ്റൊന്നുമില്ല എന്നാണ് എന്റെ അനുഭവം. ആ അസാദ്ധ്യത്തെ സാധിച്ച ശ്രീനാരായണഗുരുദേവപാദങ്ങളിൽ ആജീവനാന്തപ്രണാമം. 🌹🌹
——————

About The Author

Leave a Reply

Your email address will not be published. Required fields are marked *