⚱️മൺ ചിരാതിൽ അണയാറായ തിരിയുടെ ആളൽ. ഈർപ്പമുള്ള തറയിൽ പച്ച പ്പായലുകളുടെ വഴുക്കം. ഇഴ പിരിയുകയും , അയയുകയും ചെയ്യുന്ന കയർ ഞെരുക്കം. വിഷം തുപ്പി അമൃതാക്കിയ സർപ്പങ്ങൾ
കാല യവനിക ക്കുള്ളിൽ മറഞ്ഞ ശരീരങ്ങളുടെ പരിസമാപ്തിയിൽ നിന്ന് ഉടലെടുത്ത ആത്മാക്കളുടെ കോലം തുള്ളൽ . ഇരുട്ടിന്റെ ഭീകരത. ഇങ്ങനെയും രാത്രികൾ.
സൗന്ദര്യമുള്ള രാത്രികൾ. ഗന്ധർവ രാജനും , പാരിജാതങ്ങളും, പവിഴ മല്ലികളും പൂത്തു നിൽക്കുന്ന രാത്രികൾ. കന്മദം നിറഞ്ഞ കാമ സുഗന്ധികൾ നൃത്തമാടുന്ന രാത്രികൾ.
ഗന്ധർവ്വൻമാർ ഭൂമിയിൽ ഇറങ്ങുന്ന വന്യതയും വശ്യതയും കലർന്ന രാത്രികൾ . ഇങ്ങനെയും രാത്രികൾ.
ഇരുട്ടിൽ പതിയിരിക്കുന്ന മൃഗീയതക്കു പാത്രമാകേണ്ടി വരുന്ന, സാക്ഷ്യമാകേണ്ടി വരുന്ന രാത്രികൾ. ഇങ്ങനെയും രാത്രികൾ.
ഉറക്കമില്ലാത്ത ഭ്രാന്തന്മാർ വലിയ ഉരുളൻ കല്ലുകൾ ഉരുട്ടി ക്കയറ്റുന്നു, മുകളിലായ കല്ലിനെ താഴേക്കു തള്ളിയിടുന്നു. പൊട്ടി ച്ചിരിക്കുന്നു.
ഇടതു മന്ത് വലുതിലേക്കു മാറ്റുന്നു. ചെഷ്ടകളിലെ മടുപ്പു മാറ്റാൻ ശ്രമിക്കുന്നു. ഇങ്ങനെയും രാത്രികൾ.
അന്ത്യയാമങ്ങളിലെ സീൽക്കാര ശബ്ദങ്ങൾ . സ്വപ്‌നങ്ങൾ സൃഷ്ടിക്കുന്ന ഉന്മാദവസ്ഥയിൽ പ്രപഞ്ച ത്തിന്റെ അതിരുകളിൽ നിന്നകന്നു സ്വർഗ്ഗം സൃഷ്ടിക്കുന്നവർ. ഇങ്ങനെയും രാത്രികൾ.
ഇരുട്ടിന്റെ സൗന്ദര്യമോ , ഭ്രാന്തോ, ഭീകരതയോ ഏതാണ് ഹൃദ്യമെന്നറിയാതെ പകലിന്റെ മാന്യതകളെ അറക്കുള്ളിൽ നിക്ഷേപിച്ച് ഇരുട്ടിൽ പരതുന്ന പതറുന്ന പന്തിരു കുലത്തിലെ അവസാന കണ്ണികൾ. ഇങ്ങനെയും രാത്രികൾ.
കാട്ടു തീയുടെ ജ്വാലയിൽ തെളിയുന്ന രൂപങ്ങളിൽ ലജ്ജയോ ജാള്യമോ. ഇങ്ങനെയും രാത്രികൾ.
രാത്രിയുടെ കഥകൾ അവസാനിക്കുന്നില്ല. നിലാവിൻ നിശബ്ദതയിൽ നിഴലുകൾ വീഴ്ത്തി നിൽക്കുന്ന രാത്രികൾ മോഹങ്ങളുടേതാവാം, മോഹ ഭംഗങ്ങളുടേതാവാം. ഇങ്ങനെയും രാത്രികൾ.













