കെ.നാരായണക്കുരുക്കളുടെ കാൽ കഴുകിക്കുടിക്കണം ഇന്നത്തെ എഴുത്തുകാർ!

Facebook
Twitter
WhatsApp
Email

അഞ്ച് പതിറ്റാണ്ടിനു മുമ്പ് ജി. കുമാരപിള്ള എന്ന കവി സഹികെട്ട് കുറിച്ച രണ്ട് വരികളുണ്ട്.

“നാടെല്ലാം നാറ്റിക്കും നായിന്റെ മക്കൾക്ക് / 
നാലെണ്ണം പോടെന്റെ നാറാപിള്ളേ!”

അഴിമതിയിൽ കുളിച്ചു നിൽക്കുന്ന നാടിന്റെ അവസ്ഥയെ ഓർത്തിട്ട് ഗാന്ധി ഭക്തനായ കവി എഴുതിയതാണ്. പാവം! ചപ്ലാംകട്ടയും അടിച്ച് പ്രൊ.എം.പി. മന്മഥനോടൊപ്പം സെക്രട്ടേറിയത്തിന്റെ സമരഗേറ്റിൽ നിന്ന് പാടാറുണ്ടായിരുന്ന പ്രൊ.ജി. കുമാരപിള്ള. ഒടുവിൽ അവർ രണ്ടും മാത്രമായി. കാണികൾ ആരും ഇല്ലാതെയുമായി. മദ്യനിരോധനത്തിന് ആഹ്വാനം മുഴക്കി നാടുനീളെ തൊണ്ട പൊട്ടിപ്പാടിപ്പാടി പെരുവഴിയിലായ ജി.കുമരപിള്ള ഒരു തുള്ളി മദ്യം പോലും കുടിക്കില്ലായിരുന്നു. മദ്യവർജ്ജനത്തിനും കവിതക്കുമായി ജീവിതം ഉഴിഞ്ഞു വച്ചു. എന്നിട്ടും ലിവർ സിറോസിസ്സു വന്നു മദ്യപന്മാരുടെ കൂടെ മരിച്ച ആദർശപ്പോരാളിയെ ഇപ്പോൾ ഓർക്കാൻ എന്താണ് കാരണം! അദ്ദേഹം എഴുതിയ “നായിന്റെ മക്കൾ” തന്നെ. അമ്പതാണ്ടു മുമ്പ് “നരനാര നാരായണന്മാ”രെപ്പറ്റിയെഴുതിയത് ഭാവിയ്ക്കു വേണ്ടിയായിരുന്നിരിക്കാം. അതുകൊണ്ടല്ലേ ഇപ്പോൾ അതു പ്രസക്തമായിത്തീരുന്നത്.

നൂറ് വർഷത്തിനുമുമ്പുണ്ടായ രണ്ട് കൃതികളെപ്പറ്റി കൂടി ഓർക്കുകയായിരുന്നു. കെ.നാരായണക്കുരുക്കൾ എഴുതിയ “പാറപ്പുറം” എന്ന നോവൽ. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവൽ! അന്നത്തെ രാജാവ് ശ്രീമൂലം തിരുനാളിന്റെ വലം കൈ ശങ്കരൻ തമ്പിയെ നോക്കി എഴുതിയ നോവലാണിത്. അതിന്റെ കോപ്പികളിൽ ഏറിയ ഭാഗവും ശങ്കരൻ തമ്പി തന്നെ വാങ്ങി കത്തിച്ചു കളഞ്ഞു.

ആരാണ് ശങ്കരൻ തമ്പി? വിശാഖം തിരുനാൾ രാജാവിന്റെ കാലത്ത് കൊല്ലത്തുനിന്ന് ശങ്കു എന്നൊരാശ്രിതൻ കൊട്ടാരത്തിൽ വന്നതും പിന്നെ പത്തരപ്പണം ശമ്പളത്തിന് രായസം പിള്ളയായതും രാജപ്രീതി നേടി നിത്യച്ചെലവ് കാര്യക്കാരനായി മാറിയതും കയ്പ്പള്ളി വീട്ടിൽ ശ്രീമൂലത്തിന് ഒരു സംബന്ധം തരപ്പെ ടുത്തി ശങ്കരൻ തമ്പിയായതും കട്ടുമുടിച്ചതും തിരുവിതാംകൂർചരിത്രം! സകല അഴിമതിയുടേയും ഉപജാപങ്ങളുടേയും കുലകൂടസ്ഥൻ! അദ്ദേഹത്തോടെഴുതി എതിരിടുന്നവനോ കെ.നാരായണക്കുരുക്കളും!

പാൽക്കുളങ്ങരെയുള്ള ആദ്യത്തെ ബി.എ.ക്കാരനായിരുന്നു കെ.നാരായണ കുരുക്കൾ. അങ്ങനെ അദ്ദേഹത്തെ സ്വീകരിക്കാൻ നായർ വീട്ടുകാർ കാത്തിരുന്നു. കയ്പ്പള്ളി വീട്ടിൽ അങ്ങനെയാണ് കേറിപ്പറ്റുന്നത്. മറ്റേവഴിക്ക് ശങ്കരൻ തമ്പിയുമെത്തുന്നതോടെ കുരുക്കൾ ഔട്ട്!

ബി.എ ക്കാരനായിട്ടും സർക്കാർ സർവീസിൽ ചേരാൻ കുരുക്കൾക്ക് താത്പര്യമില്ലായിരുന്നു. ഗുരുനാഥനായ സി.കൃഷ്ണപിള്ളയുടെ ഉപദേശപ്രകാരം തിരുവനന്തപുരം ഇംഗ്ലീഷ് ഹൈസ്കൂളിൽ അദ്ധ്യാപകനായി. പിന്നെ ഹെഡ്മാസ്റ്ററായി, സ്കൂൾ ഇൻസ്പെക്ടറായി. നോവലെഴുതിയതു കാരണം ഒടുവിൽ ഇൻസ്പക്ടർ സാദാ അദ്ധ്യാപകനായി തരംതാഴ്ത്തപ്പെട്ടു

അതിനും മാത്രം കെ.നാരായണക്കുരുക്കൾ ചെയ്ത കുറ്റമെന്താണ്? ഒരു നോവൽ എഴുതിപ്പോയി. നായിന്റെ മക്കളെപ്പറ്റി ഒരു നോവൽ. അതാണ് “പാറപ്പുറം”! ഏത് കാലത്തും അവരുണ്ടായിരുന്നു. “ഈ നായ്ക്കളുടെ ലോകം” എന്ന നോവൽ ഓർക്കുന്നില്ലേ. കാക്കനാടൻ എഴുതിയ നോവൽ.

“പാറപ്പുറം” എന്ന നോവൽ എഴുതി നാരായണക്കുരുക്കൾ, 1899 ൽ അതിന്റെ കൈ എഴുത്തു പ്രതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് കൈമാറി. 1906 ഒക്ടോബറിൽ നോവലിന്റെ ഒന്നും രണ്ടും ഭാഗങ്ങളടങ്ങിയ ഒന്നാം വാല്യം പുറത്തിറങ്ങി. മൂന്നാം ഭാഗം അടങ്ങിയ രണ്ടാം വാല്യം 1907 ആഗസ്റ്റിലും പ്രസിദ്ധപ്പെടുത്തി. അതൊരു സംഭവം തന്നെയായിരുന്നു!

അട്ടേരിപ്പാട്ട് അരമനയിലെ മഠാധിപതിയുടെ സേവകന്മാരാണ് കേശുവും ആണ്ടിയും. ഈ സേവകന്മാരുടെ കടുംകൈകളാണ് നോവൽ പ്രതിപാദ്യം. തിരുവിതാംകൂർ കൊട്ടാരത്തേയും ശങ്കരൻ തമ്പിയേയും ശരവണനേയും ആക്ഷേപിക്കുകയാണെന്ന് ഏത് പൊട്ടനും നോവൽ വായിച്ചാൽ മനസ്സിലാവും. ഈ നോവലിറങ്ങിയപ്പോൾ ശങ്കരൻ തമ്പി മുതൽ സാക്ഷാൽ സി.വി.രാമൻ പിള്ള വരെ ഈ പുസ്തകത്തിന്റെ പ്രചാരത്തെ ചവിട്ടിത്താഴ്ത്താനുള്ള പാരവയ്പുകളിലേർപ്പെട്ടിരുന്നു.

നാലു മാസം കൊണ്ട് “പാറപ്പുറ”ത്തിന് രണ്ടാം പതിപ്പു വന്നു. എങ്ങനെ വരാതിരിക്കും! ശങ്കരൻ തമ്പിയും കൂട്ടരും കൂടി ഒന്നാം പതിപ്പ് മുക്കിയില്ലേ? ഈ നോവലിനെപ്പറ്റി നല്ലൊരു നിരൂപണം വന്നത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന “രസികരഞ്ജിനി”യിൽ മാത്രമായിരുന്നു. ഭരണത്തിലെ അഴിമതിയെ തുറന്നുകാട്ടുന്ന ആദ്യ നോവലാണത്. അതിലൊരു പ്രണയം കൂടിയുണ്ടെന്നു മാത്രം. ഗോമതിയും ഭാസിയും തമ്മിലുള്ള അനുരാഗ മേമ്പൊടി.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു “പാറപ്പുറ”ത്തിന്റെ പ്രസാധകൻ. അന്നത്തെ രാജവാഴ്ചയേയും ഭരണതന്ത്രങ്ങളേയും വിമർശനം ചെയ്യുന്ന കൃതിയായതു കൊണ്ട് ഭരണകൂടം നോക്കിയിരിക്കുമോ?

നമ്മുടെ കൊച്ചു കേരളത്തിലെ വിശാലമനസ്ക്കതയുള്ള ഭരണകൂടത്തെ നോക്കുക. ഭരണത്തിനെതിരെ ഒരു ചെറുവിരലനക്കിയാൽ ലവനെ കള്ളക്കേസിൽ കുടുക്കി ഇടികൊടുത്തകത്തിടുന്ന ജനാധിപത്യമല്ലേ ഇക്കാലത്തു പോലും കേരളത്തിലും കേന്ദ്രത്തിലും. അപ്പോൾ നൂറു വർഷത്തിന് മുമ്പത്തെ രാജവാഴ്ചയുടെ കാലം പറയാനുണ്ടോ!

എല്ലാം കൂടി ഓങ്ങി വച്ചല്ലേ സ്വദേശാഭിമാനിയുടെ പ്രസ്സ് കണ്ടുകെട്ടിയത്. അവിടെയുണ്ടായിരുന്ന “പാറപ്പുറ”ത്തിന്റെ കോപ്പികൾ വിട്ടു കൊടുത്തില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് “പാറപ്പുറ”ത്തിന്റെ അവകാശം സ്വദേശാഭിമാനിയുടെ മകൾ ഗോമതി അമ്മ നോവലിസ്റ്റിന് ഒരു പൈസയും വാങ്ങാതെ തിരിച്ചേൽപ്പിച്ചു. അത് കഥ വേറെ.

കെ.നാരായണക്കുരുക്കളുടെ രണ്ടാമത്തെ നോവൽ “ഉദയഭാനു”: നാലുഭാഗങ്ങളുണ്ടതിന്. അതും ഭരണത്തെ വിമർശിക്കുന്ന നോവലാണ്. മേലുദ്യോഗസ്ഥന്മാരുടെ അക്രമവും അഴിമതിയുമാണ് ഇതിലെയും പ്രമേയം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മുഖപ്രസംഗങ്ങളുടെ ജീവിതാഖ്യാനമായിരുന്നു ആ നോവൽ. പലരുടേയും സ്വകാര്യ ജീവിതങ്ങൾ കഥാപാത്രങ്ങളിലൂടെ കണ്ടപ്പോൾ അവർ അരിശം കൊള്ളുക സ്വാഭാവികം. പച്ചയായ ജീവിതവിമർശനമായിരുന്നു ഉദയഭാനു. അന്നത്തെ സ്ഥിതിയറിയാൻ ചരിത്രമല്ല കുരുക്കളുടെ കൃതിയാണ് വായിക്കേണ്ടത്!

വൈക്കം സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ കെ.നാരായണക്കുരുക്കൾ എഴുതിയ “സത്യഗ്രാഹി” നാട്ടുകുരുടെ സാമൂഹ്യവും ആദ്ധ്യാത്മികവുമായ ജീവിതത്തെ പ്രതിപാദിക്കുന്ന കൃതിയാണ്. തിരുവിതാംകൂറിന്റെ ഭരണസമ്പ്രദായത്തെ തീവ്രമായി ഇതിലും വിമർശിക്കുന്നു.

“വിജയ മംഗളം അഥവാ മൗന ചന്ദ്രിക” നാല് വാല്യങ്ങളിലെഴുതിയ നോവലാണ്. ആകെ 90 അദ്ധ്യായങ്ങൾ. കോഴ വാങ്ങി പ്രസാദിച്ചു കൊണ്ട് അനുഗ്രഹിക്കുന്ന ദേവന്മാരേയും ദേവിമാരെയും ആരാധിക്കുന്ന കോഴനാട്ടിലെ ജനങ്ങൾ അവരുടെ സിദ്ധികൾക്കായി പരസ്പരം കോഴകൾ നൽകുകയും വാങ്ങുകയും ചെയ്യുന്ന കോഴനാട്ടിലാണ് ഈ ആഖ്യായികയുടെ നാനാ സംഭവങ്ങളും നടന്നിട്ടുള്ളത്. പ്രണയിക്കുന്ന നായികാനായകന്മാരാകട്ടെ കോഴ കൊടുക്കാത്തവരും വാങ്ങാത്തവരും.

1861 ൽ ജനിച്ച കെ. നാരായണക്കുരുക്കൾ 1948 വരെ ജീവിച്ചിരുന്നു. വേറെയും കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും മാറിയ കാലത്തും വജ്രസൂചിയായിത്തീരുന്നതു കെ.നാരായണക്കുരുക്കളുടെ നോവലുകളാണ്.

നൂറു വർഷത്തിനു മുമ്പ് രാജവാഴ്ചക്കാലത്ത് തലസ്ഥാനത്ത് നടമാടിയിരുന്ന സ്വജനപക്ഷപാതവും അഴിയതിയുമല്ലേ ഭരണത്തിന്റെ ഉപശാലകളിൽ ഇന്നും നടക്കുന്നത്. ഇതെഴുതാൻ ഒരെഴുത്തുകാരനും ചങ്കൊറപ്പുമില്ല. മാദ്ധ്യമങ്ങളാണ് അവ നിർവഹിക്കുന്നത്. കണ്ടുപിടിച്ചെഴുതുന്ന ദേശാഭിമാനി രാമകൃഷ്ണപിള്ളമാരെ നാടുകടത്തുകയല്ല കള്ളക്കേസിൽ കുടുക്കി അകത്തിടുകയല്ലേ സർക്കാരുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. കെ.നാരായണക്കുരുക്കളുടെ കാൽ കഴുകിക്കുടിക്കണം നമ്മുടെ എഴുത്തുകാർ!

About The Author

Leave a Reply

Your email address will not be published. Required fields are marked *