ഓരോ അച്ഛന്റെയും അമ്മയുടെയും സ്വപ്നത്തിൽ നിന്നും പിറക്കുന്നതാണ് ഓരോ കുഞ്ഞും. ഒരു അവനെയോ അതോ അവളെയോ സ്വപ്നം കണ്ടു തുടങ്ങും ജീവന്റെ തുടിപ്പുകൾ അറിയാൻ തുടങ്ങുമ്പോളേക്കും. ഇതൊന്നുമല്ലാത്ത കുട്ടിയായിരുന്നു രോഹൻ. അങ്ങനെ യാണ് ആ അച്ഛനും അമ്മയും കുഞ്ഞിന് പേര് നൽകിയത്. ആൺ കുട്ടിയായി വളർത്തി. രോഹനിൽ ഒരു പെൺകുട്ടിയുടെ ദുർബലത ആദ്യം തൊട്ടേ ഉണ്ടായിരുന്നു.
ഇളയതായി ഉണ്ടായ പെൺകുട്ടിയിൽ അസൂയാ ലുവായിരുന്നു രോഹൻ. അവളെ പ്പോലാകാൻ പല വട്ടം കൊതിച്ചു.
ഇരുപ്പിലും നടപ്പിലും ഒരു പെൺകുട്ടിയുടെ ചെയ്തികൾ നിറഞ്ഞു നിന്നു. സ്കൂളിൽ ആൺ കുട്ടികളുടെ ഇടയിൽ രോഹൻ വീർപ്പു മുട്ടി.
അനിയത്തിയുടെ ഉടുപ്പുകൾ ധരിച്ചു, പൊട്ടും വളയും അണിഞ്ഞു കണ്ണാടിയുടെ മുൻപിൽ മണിക്കൂറുകൾ ചിലവഴിച്ചു. റോഹനിലെ പ്രവൃത്തികൾ മാതാ പിതാക്കളുടെ ഉറക്കം കെടുത്തി. റോഹാനിലെ മാറ്റങ്ങൾ അവർ ആധിയോടെ നോക്കി കണ്ടു.
ബ്രെയിൻ ന്യൂറോൺസ് ഉണ്ടാക്കിയ സന്ദേശങ്ങൾ നാഡീവ്യൂഹങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു. ആണും പെണ്ണുമല്ലാത്ത അവസ്ഥ നാട്ടുകാരിലും വീട്ടുകാരിലും ഒരു പ്രത്യേക കഥാപാത്രമാകാൻ രോഹനെ ആക്കിയെടുത്തു.
മാതാ പിതാക്കളുടെ ശാപവാക്കുകൾ മർദ്ദന മുറകൾക്ക് വഴിമാറി. സ്വപ്നങ്ങളിൽ താലോലിച്ചു വളർത്തിയ ആൺകുട്ടി, ജനന ശേഷം പെണ്ണിലേക്കുള്ള അതിന്റെ പലായനം മാതാപിതാക്കളുടെ ചിന്താ മണ്ഡലങ്ങൾക്കും അതീതമായിരുന്നു.
രോഹന്റെ ചെയ്തികൾ ഇളയ കുട്ടിയുടെ ഭാവിയിലും കറുത്ത ചായം പടർത്തുമോ എന്ന സംസാരം രോഹനിലെ ആത്മാഭിമാനിക്ക് താങ്ങാൻ ആവുന്നതായിരുന്നില്ല.
ജീവിതം അവസാനിപ്പിക്കാനുള്ള ഉറച്ച തീരുമാനം റെയിൽ പ്പാളങ്ങളിലെ അവസാന നിമിഷങ്ങൾക്കു വേണ്ടിയുള്ള കാതോർപ്പിൽ അത്തറിന്റെ മണമുള്ള ഇരു കൈകളുടെ തലോടൽ ഒരു പിന്തിരിയലിൽ അവസ്ഥാന്തരം സംഭവിച്ച ഒരു പ്യൂപ്പയുടെ പറക്കൽ സാധ്യമാക്കി.
അബുക്ക എന്ന ആ വലിയ മരം രോഹന്റെ ചിറകുകൾ ചില്ലകളിൽ ഒതുക്കി. ചെന്നൈ യിലെ അറിയപ്പെടുന്ന വിദഗ്ധരായ ഡോക്ടർ മാർ രോഹനിലെ സ്ത്രീത്വത്തെ പൂർണ്ണാവസ്ഥയിൽ പുറത്തെടുത്തു. രോഹിണി എന്ന ചിത്രശലഭമായ് ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് പ്രയാണം നടത്തി.
വാശിയേറിയ ഉറച്ച തീരുമാനങ്ങൾ ഒരു ഐ. പി. സ് കാരിയാവാൻ രോഹിണി എന്ന രോഹനെ പിന്തുണച്ചു. വര്ഷങ്ങളുടെ കാത്തിരിപ്പ്. ജന്മ നാട്ടിലെ ആദ്യത്തെ പോസ്റ്റിങ്ങ്.
രോഹനെ വരവേൽക്കാൻ നാട്ടിലെ പ്രമാണിമാരുടെ ഒത്തുചേരൽ രോഹനിലെ അഭിമാന ത്തിരയിളക്കത്തിന് തിലകം ചാർത്തി. സ്വപ്‌നങ്ങൾ താലോലിച്ച മാതാ പിതാക്കൾക്ക് മുൻപിൽ തൊഴു കൈകളോടെ രോഹിണി ഐ. പി. സ് എന്ന രോഹൻ. കണ്ണുനീരിന്റെ പ്രവാഹത്തിൽ ചാരിതാർഥ്യത്തിന്റെ ആവ്യക്ത ഭാവങ്ങൾ ആ മുഖങ്ങളിൽ നിഴലിച്ചു.












