നാടു വിടുന്ന മാവേലി – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

ഓണത്തിനു മുൻപേ ജോഷിയും
ക്യാനഡയിലേക്ക് പറക്കും.അവിടെ നഴ്സായ അവന്റെ പെങ്ങൾ അങ്ങോട്ടേക്കുളളവിസ ശരിയാക്കിക്കഴിഞ്ഞു.
ഇടി വെട്ടേറ്റതു പോലെയാണ്
ഞങ്ങൾ കാക്കുറുശ്ശിപ്പറമ്പ് ടീമംഗങ്ങൾ ആ വാർത്തകേട്ടത്.കുറച്ചു സമയത്തേക്ക് ഞങ്ങൾക്കിടയിൽ
വല്ലാത്തൊരു മൂകത വിങ്ങി നിന്നു.
“എന്തൂട്ടണ് ,എല്ലാ ഗഡികളും നാടുകടക്കാണ്.ഒരു ജാതിക്കും കൊള്ളാത്ത നമ്മള്
ചെലര് മാത്രമാകൂട്ടാ നാട്ടില്” പൈലി മാപ്ല എന്ന ഓമനപ്പേരിലറിയപ്പെടുന്ന പൗലോസ് നെടുവീർപ്പിട്ടു.
മുനിസിപ്പൽ കോർപ്പറേഷനു മുൻപിലുള്ള സ്റ്റാന്റിൽ
ദിവസക്കൂലിക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവറാണയാൾ.
“ഇനീം ആരാകും മാവേലി?കന്നാലിക്ക് പോകാൻകണ്ടൊരു സമയേ..ജോറായി.എൻറ്റിഷ്ടാ..അവനെപ്പോലെതണ്ടുംതടീമുള്ള ഒരുത്തൻ ഈ തൃശൂര് ഇല്ലാട്ടാ”ടീം നേതാവായ ജോസേട്ടൻ തന്റെ ആശങ്ക വ്യക്തമാക്കി.
കൊറോണപ്പനി ഒന്നടങ്ങിത്തുടങ്ങിയതു മുതൽ കഴിഞ്ഞ വർഷങ്ങളിൽ ആഘോഷിക്കുവാൻ സാധിക്കാത്തിന്റെ കേട്തീർത്ത് ഇക്കുറി ഓണം എങ്ങനെപൊളിക്കണമെന്ന ചർച്ചയിലായിരുന്നു ടീമംഗങ്ങൾ.രണ്ട് വർഷത്തോളമായി ആർക്കും വലിയ പണിയൊന്നുമില്ലായിരുന്നു. വളപ്പു വൃത്തിയാക്കാൻ പോലും ആരും വിളിക്കാതെ നട്ടം തിരിയുകയായിരുന്നു കൂലിപ്പണിക്ക് പോയിരുന്ന സജീവനും,ബാബുവും.
ഒരു വാൻ വാടകക്കെടുത്ത്
കിഴക്കേക്കോട്ട ജംഗ്ഷനിൽ ബിരിയാണി
കച്ചവടമായിരുന്നു റഷീദിനും,മുരളിക്കും.രണ്ടായിരം പേർ വരെ പങ്കെടുത്തിരുന്ന കല്യാണങ്ങളിലെ വരെ പ്രധാനപാചകക്കാരായിരുന്നു ഇരുവരും.എൺപത് രൂപ വിലയിട്ട് വിറ്റിരുന്ന അന്നപ്പൊതിയുടെ ലാഭത്തിന്റെ ഒരു പങ്ക്കൊണ്ടാണ് ജോയി താടിക്കാരന്റെ പെങ്ങളുടെ നഴ്സിംഗ്കോളേജിലെ ഫീസിന്റെ രണ്ട് തവണകളടച്ചതും.
പ്ലംബ്ബിംഗ് ജോലികളിൽ മിടുക്കനായ പൊറിഞ്ചുവായിരുന്നു ടീമിന്റെ മറ്റൊരു അഭിമാനതാരം.
പുലിയുടെമുഖംമൂടിയുംവച്ച്,മഞ്ഞപ്പെയിന്റുമടിച്ച്
ഉണ്ണിക്കുമ്പയും തുള്ളിച്ച് പൊറിഞ്ചുപ്പുലി
റൗണ്ടിൽ പുലികളിക്കിറങ്ങുമ്പോൾ ടീമംഗങ്ങൾ
ആൾക്കൂട്ടത്തോടൊപ്പം നടന്ന് തകർത്ത് വാരി രസിച്ചിരുന്നു. ജോലി തേടി പൊറിഞ്ചുഗൾഫിലേക്ക് നാടു വിട്ടപ്പോൾ ആ സന്തോഷവും മണൽക്കാറ്റിലലിഞ്ഞു പോയി.
“ചെക്കാ ,ചാടേൽ കേറ്റാനുള്ളത് ഉണ്ടാക്കാനുള്ള
അഡ്വാൻസ് ആർട്ടിസ്റ്റിന് കൊടുത്തോടാ”തോമാസിനോടായി ജോസേട്ടൻ ചോദിച്ചു.
ഓണാഘോഷത്തിനുള്ള ഘോഷയാത്രയിലേക്ക് ടീം
കുമ്മാട്ടിരൂപങ്ങളും,ടാബ്ലോകളും അവതരിപ്പിക്കാറുണ്ട്. വാമനൻ മാവേലിയെ ചവിട്ടി
താഴ്ത്തുന്ന സീനൊന്നു ,വെറൈറ്റിയായി പൊടി പൊടിക്കാമെന്ന് വച്ചപ്പോഴാണ് മാവേലിയായി വേഷമിടുന്ന ജോഷിയുടെ നാടുവിടൽ ബോംബ്,
ഭീതി പടർത്തി പൊട്ടിത്തെറിച്ചത്.
“ന്റെ കുറി പിടിച്ച കാശാണ് .ശവിയെ ചവിട്ടിത്താക്കണം.ക്യാനഡക്ക് പറക്കാൻ നടക്കണ്.
മേസ്തിരിപ്പണിക്ക് ദിവസവും ആയിരത്തി ഇരുനൂറ്റമ്പത് രൂപ വച്ച് ഇവടെ കിട്ടുന്നതാണ്”തോമാസ് രോഷം പൂണ്ടു.
പല പ്രാവശ്യം ഗൾഫിന് പോകാൻ തോമാസ് ശ്രമിച്ചിട്ടും നടന്നിട്ടില്ല.വട്ടം കൂടുമ്പോൾ അതിന്റെയൊരു കലിപ്പ് അവൻ പ്രകടിപ്പിക്കാറുള്ളതാണ്. രണ്ടെണ്ണം അകത്ത് ചെന്നാൽ പിന്നെ പറയുകയും വേണ്ട.
“നീയൊന്നടങ്ങടാ ക്ടാവേ ,ഇത് നമ്മടെ നാടിന്റെ
മൊത്തം പ്രശ്നാണ്.പഠിപ്പുള്ളവരും,പണിയറിയാവുന്നവരുമെല്ലാം നാടു വിടുകയാണ്. മലയാളിക്ക് നാടിനോട് പുച്ഛാണ്.
രൂപയുടെ മൂല്യം നോക്കിയാൽ ഗൾഫിൽ പോകുന്നതിലും ഭേദം നാട്ടിൽ തന്നെയാണെന്നാണ്
പൊറിഞ്ചു വിളിച്ചപ്പോൾ പറഞ്ഞത്.പക്ഷേ പറയുമ്പോൾ ആ പത്രാസില്ലല്ലോ.
വല്യ പഠിപ്പും പഠിച്ച്
ലണ്ടനിലൊക്കെ പോകുന്നപുള്ളാരുടെ കാര്യവും
ഇതൊക്കെത്തന്നെയാണൂട്ടാ.പഠിപ്പിനൊത്ത ജോലിയൊന്നും ആർക്കും കിട്ടാനില്ലടാ.ങ്ങാ..നാടിനോടൊന്നും ആർക്കും ഒരു സ്നേഹോമില്ലിഷ്ടാ.എല്ലാവർക്കും മാവേലിയെപ്പോലെ ആണ്ടിലൊരിക്കലൊന്ന് നാട്ടിൽ വന്നു മടങ്ങിയാ മതീട്ടാ.അവരുടെ അടുത്ത തലമുറയാകുമ്പോൾ അതും ഇല്ലാണ്ടാകും.ജോസേട്ടൻ നെടുവീർപ്പിട്ടു.
“ഏത് ജോലിക്കും അന്തസ്സുണ്ട്.പത്രാസും നോക്കി നടന്നിരുന്നേൽ കൊറോണക്കാലത്ത് ഞങ്ങടെ കുടുംബം
പട്ടിണി യാകുമായിരുന്നു.”മുരളി അഭിമാനത്തോടെ പറഞ്ഞു.
“എന്തുട്ട് കുന്താണ്..ജോസേട്ടൻ..
വെറുതെയാണോ ബംഗാളികള് ഇവിടെ കേറി മേയണത്.നമ്മുടെ നാട്ടിലെ പണം അന്യസംസ്ഥാനങ്ങളിലേക്കൊഴുകണത് മലയാളികളുടെ പിടിപ്പുകേടാണൂട്ടാ”സജീവൻ ജോസേട്ടനെ പിന്താങ്ങി.
“ഒരു ഐഡിയ,മാവേലിയായി നമ്മക്കും ഒരു ബംഗാളിയെ വാടകക്ക് എടുത്താലോ?മിഷൻ ഹോസ്പിറ്റലിനു താഴെ ഫ്ലാറ്റ് പണി നടക്കുന്നിടത്ത് മാവേലിയാക്കാനൊരു സൂപ്പർ കന്നാലിയെ
ഞാൻ കണ്ടിട്ടുണ്ട്ട്ടാ”തോമാസ് ചാടിഎഴുന്നേറ്റു.
“അതങ്ങട് ഒറപ്പിക്കാം ഗഡീ. കൂടുതൽആലോചിച്ചിരുന്നാൽആരേലും അറിഞ്ഞ് വന്ന് അവനെ അടിച്ചോണ്ട് പോകും.ഓണം കഴിയുന്നത് വരെ എല്ലാവരുടെയും ഒരു കണ്ണ് അവിടൊക്കെ വേണട്ടാ”ജോസേട്ടൻ പറഞ്ഞ് നിർത്തിയതും ‘ആർപ്പോ’വിളിച്ച് എല്ലാവരും ഓണത്തിമിർപ്പിൽ ചാടിയെഴുനേറ്റതും ഒരുമിച്ചായിരുന്നു.
പരേഷ് എന്ന ആസാംകാരൻ ഗഡിയും അങ്ങനെ
ഞങ്ങടെ ടീമിലൊരാളായി.ഓണം വരെ ദിവസവും
നൂറു രൂപയും,പൊറോട്ടയും .ഇറച്ചിയും നൽകി മാവേലിയെ കാത്തു സൂക്ഷിക്കേണ്ട ചുമതല ടീമംഗങ്ങൾ പങ്കിട്ടെടുത്തു.
“വിശ്വസിക്കാൻ കൊള്ളാവുന്നവനാണോടാ
തോമാസേ..സമയമാകുമ്പോഴേക്ക്
എട്ടിന്റെ പണി കിട്ടല്ല് കേട്ടാ”ജോസേട്ടന് ആധിയാണ്.
“നിങ്ങളൊന്ന് വെറുതെയിരിയെന്റെ ജോസേട്ടൻ..മലയാളികളെക്കാൾ വിശ്വസിക്കാം.”തോമാസ്
സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ അത്തത്തിന്റെയന്ന് തന്നെ പണികിട്ടി. പറവട്ടാണിക്കടുത്തുള്ള വീട്ടിലെ മോഷണശ്രമത്തിന്
പരേഷ് അകത്തായി.ആകെവിഷണ്ണരായിരിക്കുകയാണ് ഇപ്പോൾകാക്കുറിശ്ശിടീമംഗങ്ങൾ.ഇനി എവിടുന്നൊരു
മാവേലിയെ സംഘടിപ്പിക്കുമെന്നറിയാതെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *