ഓണം:ദരിദ്രന്റെ സ്വപ്ന സാക്ഷാത്കാരം – ഡോ. വേണു തോന്നക്കൽ

Facebook
Twitter
WhatsApp
Email

ഇത് ഓണക്കാലം. ലോകമെങ്ങുമുള്ള മലയാളികളുടെ ഉത്സവ കാലം. മലയാളിക്ക് പൊതുവേ ആഘോഷങ്ങളോട് വലിയ ഭ്രമമാണ്. എന്തും ആഘോഷമാക്കാൻ മലയാളി ഉണ്ടാവും മുന്നിൽ.
ഓണാഘോഷം ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചുണ്ടായതല്ല. അതിന്റെ രൂപീകരണത്തിൽ ജനതയുടെ ചുറ്റുപാടുകൾക്ക് വലിയ പങ്കുണ്ട്. ഭൂമിശാസ്ത്രം, തൊഴിൽ, സാംസ്കാരികം, സാമ്പത്തികം, മാനസികം എന്നിങ്ങനെ അനവധി ഘടകങ്ങളുടെ പിൻബലമുണ്ട്.
അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, വിവിധ തരം ഓണക്കളികൾ, സാഹിത്യ ചർച്ചകൾ തുടങ്ങിയവ ഓണാഘോഷത്തിന് സാംസ്കാരികമായ ഒരു ഗരിമ നൽകുന്നു. അവിടെയാണ് ഓണാഘോഷം മറ്റാഘോഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്നതും ശ്രദ്ധേയമാവുന്നതും.
അടിസ്ഥാനപരമായി ഓണം ഒരു കാർഷിക ഉത്സവമാണ്. കാർഷികവൃത്തി ഉപജീവനമായി കണ്ടിരുന്ന ഒരു സമൂഹത്തിൻറെ ആഘോഷമാണ്.
പാടിപ്പതിഞ്ഞ സമ്പത് സമൃദ്ധിയുടെ ഓർമ്മ പുതുക്കലല്ല ഓണം . സമ്പത് സമൃദ്ധി സ്വപ്നം കണ്ടിരുന്ന ഒരു വിഭാഗം ദരിദ്ര ജനതയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഓണം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവിൽ കഷ്ടപ്പെട്ടിരുന്ന ഒരു ജന വിഭാഗത്തിൻറെ അതിൽ നിന്നൊരു മോചനമാണ്. നീറുന്ന വേദനകളിൽ നിന്നും വർഷത്തിൽ ഒരിക്കലെങ്കിലും മോചനം ആഗ്രഹിക്കുന്നവരുടേതാണ് ഓണം.
എന്ത് വിറ്റിട്ടായാലും അന്ന് വയറു നിറയെ മധുരം കൂട്ടി സദ്യ ഉണ്ണണം . അന്നം അന്യമായിരുന്ന ഒരു കാലത്ത് ഒരു സമൂഹം വർഷത്തിൽ ഒരു ദിവസമെങ്കിലും കാണം വിറ്റും ഓണമുണ്ണണം എന്ന് ആഗ്രഹിക്കുന്നതിൽ എവിടെയാണ് അന്യായം?
ഒരുകാലത്ത് കാർഷിക മേഖലയിൽ രൂപപ്പെട്ട ഈ ആഘോഷം കാലങ്ങളിലൂടെ പരിണമിച്ച് ഓരോ കേരളീയന്റെയും ഹൃദയത്തിൽ രൂപമാറ്റങ്ങളുടെ ഇടം പിടിച്ചു. ദേശത്തിനും കാലത്തിനും സംസ്കാരത്തിനുമൊപ്പം ഓണത്തിന്റെ മെയ്യിലുമാത്മാവിലും ചില ഐതിഹ്യങ്ങളും കഥകളും കടന്നു കൂടി. ഐതിഹ്യങ്ങളെയും കഥകളെയും അതായി മാത്രം കാണുക. ഓണം മലയാളം അറിയുന്നവരും അറിയാത്തവരുമായ എല്ലാ മലയാളികൾക്കും സ്വന്തം.
ഇന്ന് ഓണം കച്ചവടക്കാരന്റേതായി. റെഡിമെയ്ഡ് ഉൽപന്നമായി മാറി. അതിനൊപ്പം വീട്ടിനുള്ളിൽ തളക്കപ്പെട്ട ഓണം അടുക്കളയിൽ നിന്നും സ്വീകരണം മുറി വരെ ചുരുങ്ങി. തൽക്കാലം നമുക്ക് അത് മറക്കാം
ഓണത്തിന് നേരെ പുറം തിരിയാതിരിക്കുക. എല്ലാ ആഘോഷങ്ങളും നമുക്ക് സ്വന്തം . നമുക്ക് ആഘോഷ പേമാരികളിൽ തുള്ളിയുറയാം.
ആഘോഷങ്ങൾക്ക് നമ്മുടെ മനസ്സിനെ ആരോഗ്യപരമായി സ്വാധീനിക്കാനാവും. അവ നമ്മുടെ ജീവിത സംഘർഷങ്ങൾ അയച്ച് ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യുന്നു.
ഓണക്കാലത്തും ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ പുഴുവരിച്ച ശരീരവുമായി തെരുവോരങ്ങളിൽ പിച്ചയിരക്കുന്നവരുണ്ട്. ഉറങ്ങാൻ ഒരിടമോ ഉടുക്കാൻ വസ്ത്രമോ വിശപ്പിന് വേണ്ടത്ര ആഹാരമോ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശവുമില്ലാത്തവരോ ആയ ഈ മണ്ണിന്റെ അവകാശികളായ അവരെയും കാണാൻ മറക്കരുത്.
ഹൃദയം നിറഞ്ഞ ഓണാശംസകൾ !!!

About The Author

Leave a Reply

Your email address will not be published. Required fields are marked *