LIMA WORLD LIBRARY

കോയിക്കലെ – കുഞ്ഞുമോൻ ചേട്ടന്റെ 🌴🌴🌴🌴🌴🌴🌴🌴🌴 കിണ്ടി കട്ടവനെ കിട്ടിയേ.. – ചെറുകഥ മുതുകുളം സുനിൽ

“കോയിക്കലെ കിണ്ടി കട്ടവനെ കിട്ടിയേ…”ആരവം കേട്ട് കുഞ്ഞുമോൻ ചേട്ടൻ മുറ്റത്തേക്ക് വന്നത്…
ഒരു ചെറുപ്പക്കാരൻ മുമ്പിലും പത്തോളം യൂണിഫോം ധാരികൾ പിറകിലും അൽപ്പം പിറകിലായി കുറേനാട്ടുകാരും…..

“മിസ്റ്റർ കുഞ്ഞുമോൻ….ഞങ്ങൾ ക്രീം ഡോഗ് സ്‌ക്വാഡ് ആണ്. നാട്ടിൽ അലഞ്ഞു നടക്കുന്ന പട്ടികളെ കണ്ടെത്താൻ ഏർപ്പെടുത്തിയ സംഘം….
ഞങ്ങൾ നിങ്ങളുടെ കിണ്ടി മോഷ്ടിച്ചവനെ പിടിച്ചു….”
കൊടിച്ചി പട്ടി കുരയ്ക്കുന്ന പോലെ പറഞ്ഞു.

കിണ്ടി കാര്യം ഇങ്ങനെ…
കോയിക്കലെ കുഞ്ഞുമോൻ ചേട്ടന്റെ വീടിന്റെ മുൻ വശത്തു വെച്ചിരുന്ന കിണ്ടി കാണാനില്ല…
അമ്മായി അപ്പൻ മാന്നാത്തു നിന്ന് വാങ്ങി കൊടുത്തതാണ് ആ കിണ്ടി.
വെളിയിൽ പോയി വന്നാൽ കിണ്ടിയിൽ നിന്ന് വെള്ളം ഒഴിച്ച് കാൽ കഴുകി മാത്രമേ കുഞ്ഞുമോൻ ചേട്ടൻ വീടിനുള്ളിൽ കയറു.
പീതാംബരി പൊടിയിട്ട് എന്നും വൃത്തിയാക്കി മിനുക്കി ആണ് കിണ്ടിയിൽ വെള്ളം നിറച്ചു വെയ്ക്കുന്നത്.
വർഷങ്ങൾ ആയി കോയിക്കൽ വീടിന്റെ മുമ്പിൽ മിന്നി തിളങ്ങിയിരുന്ന കിണ്ടി ആണ് നഷ്ടപ്പെട്ടിരിക്കുന്നത്.
കുഞ്ഞുമോൻ ചേട്ടൻ സ്വന്തം നിലയിൽ ചില അന്വേഷണങ്ങൾ നടത്തി……
ആക്രി സുര, ആക്രി പപ്പൻ….
കൊച്ചു കള്ളന്മാരായ നീലകണ്ഠൻ, പപ്പു, മീശ വാസു…
അവർക്കെല്ലാം ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു…
കോയിക്കേല് കയറി അങ്ങനെ ഒരു അസംബന്ധം കാട്ടുമോ… കുഞ്ഞേ.
പലരും ഉപദേശിച്ചു….
പോലീസിൽ ഒരു കംപ്ലയിന്റ് കൊട്…
വർഷങ്ങൾക്ക് മുമ്പ് കാണാതായ കുമാര കുറുപ്പിനെ പിടിക്കാൻ കഴിയാത്ത അവർക്ക് എന്റെ കിണ്ടി…..?
കുഞ്ഞുമോൻ ചേട്ടന്റെ മറുപടി കേട്ട് പിന്നെ ആരും ഒന്നും പറഞ്ഞില്ല.
കുഞ്ഞുമോൻ ചേട്ടന്റെ കിണ്ടി തിരോധന കഥ ഒരു പ്രശ്നം ആയി നാട്ടിൽ നില നിന്നു….
കിണ്ടി പ്രശ്നം അറിയാൻ കോലായി ജയൻ, ചിക്കലി ബാബു തുടങ്ങി കുറേ രാഷ്ട്രീയ നേതാക്കൾ കോയിക്കൽ എത്തി…
നേതാക്കന്മാരുടെ വൈകിയ വരവിൽ ക്ഷുഭിതനായ കുഞ്ഞുമോൻ ചേട്ടൻ പൊട്ടിത്തെറിച്ചു……
നിങ്ങളുടെ നാടകം ഒന്നും വേണ്ട.
മുതലക്കണ്ണീർ എനിക്ക് കാണേണ്ട.
മറ്റുള്ളവരെ വഞ്ചിക്കുന്ന പോലെ എന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നാണക്കേടാണ്….
പെട്ടെന്നാണ് കോയിക്കൽ വീടിന് മുമ്പിൽ പോലീസ്
ജീപ്പ് വന്നു നിന്നത്….
ഇറങ്ങി വന്ന പോലീസുകാർ പറഞ്ഞു…
ഇപ്പോൾ നിങ്ങൾ ഇവരോട് പറഞ്ഞ വാക്കുകൾ അൺ പാർലമെന്ററി ആണ്…
കുഞ്ഞുമോൻ ചേട്ടനെ അറസ്റ്റ് ചെയ്തു കോടതി ജാമ്യത്തിൽ വിട്ടു…
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് കിണ്ടി കട്ടവനെ കണ്ടു പിടിച്ചത്…
നാട്ടുകാരിൽ ചിലർ ക്രീം ഡോഗ് സ്‌ക്വാഡിന് ജയ് വിളിച്ചു…
സ്‌ക്വാഡ് നേതാവ് പത്ര സമ്മേളനത്തിൽ പറയുന്നത് പോലെ കാര്യങ്ങൾ വിശദീകരണം നടത്തി…
” ഞങ്ങൾ പട്ടികളെ തിരക്കി നടക്കുന്നതിനിടയിൽ ഈ ലൈൻ ഷർട്ട്‌ ഇട്ട…
തടിയിൽ ഉണ്ടാക്കിയ ഷൂ ഇട്ട ഇവനെ നോട്ടം ഇട്ടു…
ഞങ്ങൾ ദിവസങ്ങൾ ഇവനെ വാച്ച് ചെയ്തു…
ഇവനെ ഇതേ ഷർട്ട്‌ എന്നും ഇടുന്നു…
ഒരു കമ്പനി ഇതു പോലെ 10 ഷർട്ടുകൾ മാത്രം ആണ് ലോകത്ത് പുറത്തിറക്കിയത്…
അതിൽ ഒന്ന് ഇവൻ വാങ്ങി…
ഇവൻ ഇട്ടിരിക്കുന്ന ഷൂ തടി കൊണ്ട് ഉണ്ടാക്കിയത് ആണ്…
തടി സ്ഥലം (വുഡ് ലാൻഡ് )എന്ന സ്ഥാപനം നിർമിച്ചത് ആണ്…
ആകെ 12 എണ്ണം മാത്രം നിർമിച്ചു…
അതിൽ ഒന്ന് ഇവൻ ആണ് വാങ്ങിയത്…
” ഈ കാര്യങ്ങളും കിണ്ടി കക്കലും തമ്മിൽ എന്താണ് കാര്യം…? ”
നാട്ടുകാരിൽ ഒരാളായ ബാർബർ സോമൻ ചോദിച്ചു.
സ്‌ക്വാഡിൽ ഉള്ള ഒരു വടക്കേ ഇന്ത്യൻ കുരച്ചു ചാടി…..
“മിണ്ടാതിരിയെടാ …. കുത്താക വാൽ 12 കൊല്ലം ട്യൂബിൽ ഇട്ടാലും ട്യൂബ് പൊട്ടും….”
(അയാൾ മലയാളം കലർത്തി ഹിന്ദി പറഞ്ഞതിന്റെ സാരം….
പട്ടിയുടെ വാൽ 12 വർഷം കുഴലിൽ കിടന്നാലും വാൽ വളഞ്ഞേ ഇരിക്കൂ…എന്നാണ്).
മോങ്ങാൻ ഇരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണു എന്നു പറഞ്ഞപോലെ ബാർബർ സോമൻ സ്ഥലം കാലിയാക്കി.

സ്‌ക്വാഡ് നേതാവ് തുടർന്നു….
” ഇവൻ എപ്പോഴും ഫോൺ ഫോർമാറ്റ്‌ ചെയ്യും.
അത് ഇവന്റെ ഒരു ശീലം ആണ്…
അന്നേ ദിവസം ഇവൻ ഈ ഷർട്ടും ഷൂയും ധരിച്ചു ഫോൺ ഫോർമാറ്റ്‌ ചെയ്തു കോയിക്കൽ വീടിന് മുമ്പിൽ കൂടി പോകുന്നു….”
നീണ്ട നിശബ്ദത.
വെട്ടയ്ക്ക് പോകുമ്പോൾ പട്ടിക്ക് മുള്ളാൻ മുട്ടും എന്ന് പറഞ്ഞത് പോലെ സ്‌ക്വാഡ് നേതാവ് കുപ്പിയിൽ ഇരുന്ന വെള്ളം കുടിക്കാൻ തുടങ്ങി.
സ്‌ക്വാഡ് നേതാവ് തുടർന്നു….
” ഇവൻ…. പതുക്കെ കോയിക്കലെ ഗേറ്റ് തള്ളി തുറന്നു അകത്തു കയറുന്നു…
ക്യാമറയിൽ പതിയാതിരിക്കാൻ തല കുനിഞ്ഞു നടന്നു കിണ്ടി കരസ്ഥമാക്കി ഓടി മറയുന്നു… ”
മുന്നിൽ നിന്ന ചെറുപ്പക്കാരൻ അലറി വിളിച്ചു പറഞ്ഞു…
” ഇതെല്ലാം പച്ച കള്ളം…
ഞാൻ കിണ്ടി മോഷ്ടിച്ചിട്ടില്ല….
ഇത് എല്ലാം കല്ല് വെച്ച നുണ… ”
സ്‌ക്വാഡ് നേതാവ് അലറി….
” അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു… എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്… ”
നാട്ടുകാരിൽ ചിലർ ചോദിച്ചു…..
” കിണ്ടി എവിടെ….? ”
ഉത്തരം കിട്ടാതായപ്പോൾ ഉപ്പിപ്പി കൃഷ്ണൻ പറഞ്ഞു…
“ഇത് പട്ടി ചന്തയ്ക്ക് പോയ പോലെ ആയല്ലോ…”
“കിണ്ടി കള്ളനെ”ക്രീം ഡോഗ് സ്‌ക്വാഡ് തിരിച്ചു കൊണ്ടു പോകുമ്പോൾ നാട്ടുകാരിൽ ചിലർ പറഞ്ഞു….
” ഏത് പട്ടിക്കും ഒരു ദിവസം ഉണ്ട്…. ”
കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ ബെക്കാർഡിയേ നോക്കി പ്രാത്ഥിച്ചു കൊണ്ട് ചോദിച്ചു….
” എന്റെ കിണ്ടി എവിടെ..? ”
🌴🌴🌴🌴🌴🌴🌴🌴🌴

❓️❓️❓️❓️❓️❓️❓️❓️❓️

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px