വെക്കേഷൻ തുടങ്ങുന്നതിന്റെ തലേദിനം. മൂവർ സംഘം വലിയ ത്രില്ലിലാണ് . നാളെയാണ് യാത്ര
മെക്കാനിക്കൽ ബി ടെക് ഏഴാം സെമസ്റ്റർ കഴിഞ്ഞു. പരീക്ഷ നന്നായെഴുതിയതിന്റെ സന്തോഷവുമുണ്ട് ടോണിക്കും ആഷിക്കിനും നിഖിലിനും. നാളെ മുതൽ ഒരാഴ്ച്ച അടിച്ചു പൊളിക്കാം. മൂന്നാർ, തേക്കടി, വാഗമൺ അവസാനം ടോണിയുടെ തൊടുപുഴയിലെ വീട്ടിൽ രണ്ടു ദിവസം. ആഷിക്കിന്റെ വാപ്പ നല്ല സ്ട്രിക്ട് ആണ് അതുകൊണ്ട് എക്സാം ഒരാഴ്ച കഴിഞ്ഞേ തീരൂ എന്നാണ് പറഞ്ഞിട്ടുള്ളത്. നിഖിലിന്റെയും ടോണിയുടെയും വീടുകളിൽ അത്ര പ്രശ്നമില്ല. നന്നായി സൂക്ഷിക്കണം എന്നു മാത്രമാണ് അവർക്കു പറയാനുള്ളത്. ടോണിയുടെ ജില്ലയുമാണ്, അതിനാൽ പരിചിതമായ സ്ഥലങ്ങളുമാണ്.
പിറ്റേന്ന് പ്രഭാതത്തിൽ അവർ പുറപ്പെട്ടു. ചാവടി മുക്കിൽ നിന്നും തമ്പാനൂർ വരെ ഓട്ടോ കിട്ടും. അവിടുന്ന് ട്രെയിനിൽ കോട്ടയം വരെ. പിന്നെ ബസ്സിൽ തൊടുപുഴക്ക്. ടൗണിൽ ടോണിയുടെ പപ്പയുടെ റബ്ബർ കടയുണ്ട്. അവന്റെ പപ്പയുടെ മഹീന്ദ്രാ താറിലാണ് യാത്ര. തൊടുപുഴ എത്തിയപ്പോൾ നട്ടുച്ച.
ടോണിയുടെ വീട് ഇളംദേശത്താണ് അല്പം ദൂരമുണ്ട് അതിനാൽ ടൗണിൽ നിന്നു തന്നെ ഊണു കഴിച്ചു.
രണ്ടുമണിക്ക് യാത്ര തുടങ്ങി. ആദ്യം മൂന്നാറാണ്. ടോണി വണ്ടി പറപ്പിക്കുകയാണ് ഊന്നുകല്ലുവഴി രണ്ട് മണിക്കൂർ കൊണ്ടു മൂന്നാറെത്തി. തേയിലത്തോട്ടങ്ങളുടെ ഭംഗി കാണണമെങ്കിൽ ഇവിടെ തന്നെ വരണം. ചിന്നാറാണ് താമസം പറഞ്ഞിട്ടുള്ളത്. അങ്ങോട്ട് ഇനി അൻപതു കിലോമീറ്റർ ദൂരമുണ്ട്.ഫോറസ്റ്റിന്റെ ഐ ബി തരപ്പെടുത്തിയത് നിഖിലിന്റെ അമ്മാവനാണ്. അദ്ദേഹത്തിനു ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ആയിരുന്നു ജോലി. എത്തിയപ്പോൾ ഇരുട്ടി, ഐബിയിലാണെങ്കിൽ കറന്റുമില്ല
മെഴുകുതിരി വെട്ടത്തിൽ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു കാട്ടിനുള്ളിലെ താമസം ആസ്വാദ്യകരമായിരുന്നു. രാത്രിയിലുള്ള വന്യ മൃഗങ്ങളുടെ ശബ്ദങ്ങൾ അല്പം ഭയപ്പെടുത്തിയെങ്കിലും. പ്രഭാതം അതിമനോഹരം. മൂന്നാറിനെ അപേക്ഷിച്ച് ഇവിടെ തണുപ്പ് കുറവാണ് , എങ്കിലും രാവിലെ മഞ്ഞുണ്ടായിരുന്നു. തൊട്ടടുത്തു ഫോറസ്റ്റ് ചെക്ക്പോസ്റ്റുണ്ട് അവിടെ ഒരു ചെറിയ കടയും. അത്യാവശ്യം ഭക്ഷണം കിട്ടും. ചെക്ക്പോസ്റ്റിനപ്പുറം തമിഴ് നാടാണ്, കാടു തന്നെ അവിടെയും. കാട്ടിനുള്ളിലൂടെ ഒരു ആദിവാസി യുവാവ് വഴി കാട്ടി. ഒരുദിവസം മുഴുവൻ നീണ്ട ട്രെക്കിങ്. വൈകുന്നേരം ഐ ബി യിലെത്തിയപ്പോഴേക്കും അവശരായി. പക്ഷെ മനസ്സ് നിറയെ വെള്ളച്ചാട്ടങ്ങളും കാനന ഭംഗിയും വന്യമൃഗങ്ങളും തരുന്ന ആവേശമായിരുന്നു. പിറ്റേന്ന് രാവിലെ പുറപ്പെട്ടു തേക്കടിക്കാണ്, പോകുന്ന വഴി ചെറിയ ദൂരം കൂടി സഞ്ചരിച്ചാൽ രാമക്കൽ മേടെത്തും. ഇടുക്കി ഡാം പണിയാൻ വഴികാട്ടിയായ കൊളുമ്പനും ഭാര്യയും കാവലിരിക്കുന്ന കാറ്റിന്റെ തറവാട്. അവിടുന്ന് തിരിച്ച് തേക്കടിയിലെത്തുമ്പോൾ വൈകുന്നേരം നാലു മണി. ഇനി ബോട്ടിങ് നാളെ മതി.
ഏഴു മണിക്കുള്ള ആദ്യത്തെ ബോട്ടിൽ പോയത് കൊണ്ട് കുറെ മൃഗങ്ങളെ കാണാൻ പറ്റി, ആനയും, കാട്ടുപോത്തും, മാനും, ചെന്നായയൂമൊക്കെ. ഉച്ചയോടെ തേക്കടി വിട്ടു ഇനി വാഗമൺ. മനോഹരമായ ഒരു കുന്നിൻ ചരുവിൽ താമസം സുഖപ്രദം.
രാവിലെ ഉണർന്നപ്പോൾ ടോണിക്കൊരു തോന്നൽ, മനോഹരമായ മാർമല അരുവി വെള്ളച്ചാട്ടം അടുത്താണ് തീക്കോയി വഴി പോയിട്ട് അതിലെ വീട്ടിൽ പോകാം. വെള്ളച്ചാട്ടത്തിന് അടുത്ത് വരെ വണ്ടി പോവില്ല. കുറച്ച് നടക്കണം. എസ്റ്റേറ്റ് റോഡ് ആണ് . മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനത്തേക്ക് നടന്നു. ആഫ്രിക്കൻ വനാന്തരങ്ങളിൽ കാണുന്ന പോലെയുള്ള ചേതോഹരമായ സ്ഥലം. ആഷിക്കിന് അപ്പോൾ നീന്തണം. ടോണിക്ക് നീന്തറിയില്ല, നിഖിലിന് അല്പം അറിയാം. മൂന്നു പേരും ഇറങ്ങി. ആഷിക്ക് ദൂരത്തേക്ക് നീന്തികൊണ്ടിരുന്നു. പെട്ടന്നു മഴ പെയ്യാൻ തുടങ്ങി.. ജലനിരപ്പ് നോക്കി നിൽക്കുമ്പോൾ ഉയരുകയാണ്. ഉരുളുപൊട്ടിയ പോലെ ശക്തമായ ജലപ്രവാഹം.
ആഷിക്കിന് തിരിച്ചു വരാൻ ആവാത്ത വിധം ഒഴുക്ക് കൂടി, അവൻ വെള്ളത്തിൽ താഴാൻ തുടങ്ങി. കരയിലെത്തിയ രണ്ടു പേരും സഹായത്തിനായി അലമുറയിട്ടു. അത് വനരോദനങ്ങളായി അലിഞ്ഞു. അവസാനമായി പൊങ്ങി വന്നു നിസ്സഹായനായി കൂട്ടുകാരെ നോക്കി അവൻ ചുഴിയിലേക്കാണ്ടു പോയി.
രണ്ടു സുഹൃത്തുക്കളുടെ ഹൃദയം തകർന്ന നിലവിളി പേമാരിയുടെ ഹുങ്കാരത്തിൽ അലിഞ്ഞില്ലാതെയായി













