LIMA WORLD LIBRARY

കാറ്റില്‍ പറക്കുന്ന കുതിരകള്‍ – കാരൂര്‍ സോമന്‍

രാജഭരണത്തില്‍ നമ്മള്‍ കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്‍റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ്യൂഞാന്‍ സ്പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്കോട്ട് കുതിരയോട്ടമാണ്. കണ്ണുകള്‍ക്ക് അവാച്യമായ ആഹ്ലാദവും സൗന്ദര്യവും പകരുന്ന കാഴ്ചയാണ് കുതിരയോട്ടം. രാജാക്കന്മാരുള്ള രാജ്യങ്ങളില്‍ അതൊരു വിനോദമാണ്. മുന്‍പ് രാജാക്കന്മാര്‍ രാജ്യങ്ങളെ കീഴടക്കിയിരുന്നത് കുതിരയോട്ടത്തില്‍ കൂടിയായിരുന്നെങ്കില്‍ ഇന്നുള്ളവര്‍ കുതിരയോട്ട മത്സരത്തിലൂടെ മില്യന്‍സാണ് കീഴടക്കുന്നത്. ദുബൈയിലെ വേള്‍ഡ് കപ്പ്, എമിറേറ്റ്സ് മെല്‍ബോണ്‍കപ്പ് അതിനുദാഹരണങ്ങള്‍. വികസിത രാജ്യങ്ങളില്‍ ധാരാളം കുതിരയോട്ട മത്സരങ്ങള്‍ കാണാറുണ്ട്. കുതിരയോട്ടങ്ങളില്‍ രാജാവോ, പ്രജയോ ആരു വിജയിച്ചാലും ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയൊരു അംഗീകാരമാണത്. അതില്‍ അഹങ്കരിക്കുന്നവരാണ് കൂടുതലും. കാറ്റിനെക്കാള്‍ വേഗതയില്‍ കുതിരക്കുളമ്പടികള്‍ മണ്ണില്‍ പൊടിപറത്തിക്കൊണ്ട് ഒരാള്‍ മറ്റൊരാളെ കീഴ്പ്പെടുത്തുന്ന മരണപ്പാച്ചിലില്‍ ദൃഷ്ടികളുറപ്പിച്ചു നോക്കുന്നവരുടെ ജിജ്ഞാസ, ഭീതി, നിശ്വാസം ആശ്വാസത്തെക്കാള്‍ അപ്പരപ്പാണുണ്ടാക്കുക. മനുഷ്യന്‍റെ മനസ്സ് അമ്പരപ്പിച്ചു കൊണ്ടോടുന്ന കുതിരക്കറിയില്ലല്ലോ മനുഷ്യമനസ്സിന്‍റെ ചാഞ്ചല്യം. വിജയശ്രീലാളിതനായി വന്ന കുതിരയെ ആരാധനയോടെയാണ് ഞാന്‍ കണ്ടത്. നൂറ്റാണ്ടുകളായി ശക്തിശാലികളായ മനുഷ്യരെപ്പോലെ കുതിരകളും നമ്മെ കീഴടക്കുന്നു.
ലണ്ടനേറ്റവുമടുത്ത് ബര്‍ക്ഷയര്‍ എന്ന സ്ഥലത്ത് നടക്കുന്ന വിശ്വപ്രസിദ്ധ കുതിരയോട്ട മത്സരമാണ് ‘റോയല്‍ ആസ്ക്കോട്ടട്ട്. ബ്രിട്ടീഷ് റോയല്‍ ഫാമിലിയുടെ കൊട്ടാരമായ വിന്‍സന്‍റ് കാസിലിന്‍റെ അടുത്താണ് ആസ്ക്കോട്ട്. രാജകുടുംബാഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് കുതിരയോട്ടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാക്കുകളില്‍ ഒന്നാണ് 1711-ല്‍ തുടങ്ങിയ ആസ്ക്കോട്ട് ട്രാക്ക്.
2006-ല്‍ പുതുക്കി പണിതതാണ് ഇപ്പോഴത്തെ ട്രാക്കും പവലിയനും. ബ്രിട്ടനില്‍ ഒരു വര്‍ഷം മൊത്തം 32 റേസ് ആണ് അരങ്ങേറുന്നത്. അതില്‍ 9 എണ്ണം ഈ ട്രാക്കില്‍ തന്നെയാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് ആസ്ക്കോട്ട് ഗോള്‍ഡ് കപ്പ് എന്ന് മത്സരമാണ്.
മൂന്ന് ദിവസങ്ങള്‍ ആയി ആണ് മത്സരം നടക്കുന്നത്. നാലു കിലോമീറ്റര്‍ ആണ് ഒരു ലാപ്പ്. നമ്മുടെ വള്ളംകളി പോലെ പല ഗ്രേഡില്‍ ഉള്ള കുതിരകള്‍ക്ക് വ്യത്യസ്ത മത്സരങ്ങള്‍ ഉണ്ട്. ഗോള്‍ഡ് കപ്പ്. ലോയല്‍ ഹണ്ട് കപ്പ്, ക്വീന്‍ വാസ് എന്നിവയാണ് പ്രധാന ട്രോഫികള്‍. അതിലെ തന്നെ ഏറ്റവും പ്രശസ്ത ഗോള്‍ഡ് കപ്പാണ്. 2,50,000 പൗണ്ട് ആണ് ഇതിന്‍റെ സമ്മാനത്തുക. ഫോര്‍മുല വണ്‍ കറോട്ട മത്സരം പോലെ മികച്ച കുതിരയ്ക്കും, മികച്ച ജോക്കിക്കും, മികച്ച പരിശീലകനും, മികച്ച ഓണര്‍ക്കും സമ്മാനം ഉണ്ട്. ഒരു മുതലാളിക്ക് ഒന്നിലധികം കുതിരകള്‍ ഉണ്ടാവാം.
ഗ്രാന്‍ഡ് സ്റ്റാന്‍റ്, സില്‍വര്‍ റിംഗ്, റോയര്‍ എന്‍ക്ലോഷര്‍ എന്നീ മൂന്ന് പവലിയനുകള്‍ ആണ് ഉള്ളത്. സില്‍വല്‍ റിങ്ങില്‍ ആണ് ഏറ്റവും താഴ്ന്ന ടിക്കറ്റ് വില. വെറും നൂറു പൗണ്ട്. ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ ഇരുന്നൂറു മുതല്‍ അഞ്ഞൂറ് പൗണ്ട് വരെ ഉള്ള ടിക്കറ്റ്. റോയല്‍ എന്‍ക്ലോഷര്‍ എന്ന സ്റ്റാന്‍ഡില്‍ കയറാന്‍ കാശ് മാത്രം പോര, നല്ല തറവാട്ടില്‍ ജനിക്കുകയും വേണം. കാരണം രാജകുടുംബാംഗങ്ങള്‍ക്കും, വി.ഐ.പികള്‍ക്കും മാത്രം ഉള്ളതാണ് ആ ടിക്കറ്റ്.
മറ്റൊരു പ്രധാന കാര്യം ഡ്രസ്സ് കോഡ് ആണ്. റേസ് കാണാന്‍ വരുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ് ഡ്രസ്സ് കോഡ്. പുരുഷന്‍ ടൈയും സ്യൂട്ടും, സ്ത്രീകള്‍ സ്മാര്‍ട്ട് ഫോര്‍മല്സ് എന്നിവ നിര്‍ബന്ധം. ജീന്‍സ് ഷര്‍ട്ട് ധരിച്ചു വന്നാല്‍ അകത്തേക്കുള്ള പ്രവേശനം അസാധ്യം. എന്നാല്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്ന് സ്ത്രീകള്‍ ധരിക്കുന്ന തൊപ്പിയാണ്. നമ്മുടെ നാട്ടില്‍ കൊച്ചമ്മമാര്‍ കല്യാണത്തിന് സ്വര്‍ണ്ണം അണിഞ്ഞു വരുന്നപോലെ ആണ് അവര്‍ക്ക് ആ തൊപ്പി ഒരു സ്റ്റാറ്റസ് സിമ്പല്‍ ആണ്. വിവിധ ഇനം തൂവലുകള്‍ കൊണ്ട് അലങ്കരിച്ച് സുന്ദരമായ തൊപ്പികള്‍ അണിഞ്ഞു നടക്കുന്ന സുന്ദരികളുടെ ഇടയില്‍ എത്തിയാല്‍ ഏതോ ഫാഷന്‍ റാമ്പില്‍ പെട്ട് പോയ ഒരു പാവം എലികുഞ്ഞിന്‍റെ അവസ്ഥയാകും പലര്‍ക്കും.
ബ്രിട്ടനിലെ മാത്രമല്ല, യൂറോപ്പിലെ തന്നെ മള്‍ട്ടി ബില്യനയര്‍മാരാണ് കാണികളില്‍ ഭൂരിഭാഗവും. ശരിക്കും ടൈറ്റാനിക് കപ്പലില്‍ കയറിയ അനുഭൂതിയായിരിക്കും. റേസ് കാണാന്‍ കുതിര പട്ടാളത്തിന്‍റെ അകമ്പടിയോടെ ഒരു രഥത്തില്‍ ആനയിക്കപ്പെടുന്ന രാജ്ഞിയുടെ വരവ് ഒരു കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ പല കൗണ്ടറിന്‍റെ മുന്നിലും നീളന്‍ ക്യൂ കാണാം. എല്ലാവരുടെയും കയ്യില്‍ നോട്ടു കെട്ടുകളും കാണും. എങ്കിലും ഉറപ്പിക്കാം. അത് ഒരു ബെറ്റിംഗ് കൗണ്ടര്‍ ആയിരിക്കും. കുതിരയോട്ടം കാണുന്നതിനെക്കാള്‍ ഉപരി കുതിരപന്തയം വയ്ക്കാനാണ് ആ കോടീശ്വരന്മാര്‍ പലരും അന്ന് ഇവിടെ വരുന്നത്. ഒരു പൗണ്ട് മുതല്‍ ഒരു മില്യണ്‍ പൗണ്ട് വരെ അവിടെ വാത് വയ്ക്കുന്ന വിദ്വാന്മാര്‍ ഉണ്ട്. കോടികള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ക്ക് ഈ ചൂതാട്ടം ഇല്ലാതെ എന്താഘോഷം.
റേസ് തുടങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പുവരെ ജയിക്കുന്ന കുതിരയുടെ പേരിലും, സമയത്തിന്‍റെ പേരിലും ഒക്കെ വാതു വയ്ക്കാം. ബാന്‍റ് മേളവും, പരമ്പരാഗത സംഗീതവും സമാപിച്ച ശേഷമാണ് റേസ് തുടങ്ങുക. ഊട്ടിയിലും മറ്റും നാം കാണുന്ന കുതിരകളുടെ ഏകദേശം ഇരട്ടി വലിപ്പം ഉണ്ട് റേസില്‍ പങ്കെടുക്കുന്ന ഓരോ കുതിരകള്‍ക്കും. റേസ് കഴിഞ്ഞു എലിസബത്ത് രാജ്ഞിയാണ് വിജയികള്‍ക്ക് സമ്മാനം നല്‍കുന്നത്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px