LIMA WORLD LIBRARY

ജ്വാല – ശ്രീകുമാരി സന്തോഷ്

ഫയർ സ്റ്റേഷന്റെ മുന്നിൽ ഇടതുവശത്ത് നിൽക്കുന്ന ഗുൽമോഹർ നിറയെ പൂത്തിട്ടുണ്ട് ധാരാളമായി കൊഴിഞ്ഞു വീഴുന്ന പൂക്കളിൽ സായാഹ്നസൂര്യന്റെ സ്വർണ്ണനിറം കൂടി ചേരുമ്പോൾ ഓഫീസ് പരിസരമാകെ രക്തവർണ്ണാഭമാകുന്നു . മൊബൈൽ ഫോണിൽ എന്തോ ചെയ്തു കൊണ്ടിരുന്ന ജയശങ്കർ അതു മാറ്റി വെച്ച് പൂക്കളിൽ വീഴുന്ന പോക്കുവെയിൽ നോക്കി അല്പനേരം അങ്ങനെയിരുന്നു.
തുടർച്ചയായ ഡ്യൂട്ടി ആണ്. ആറു ദിവസം ഡ്യൂട്ടി ചെയ്താൽ ഒരു ദിവസം ഒഴിവ്. കോവിഡിന് മുൻപ്
ഇരുപത്തിനാലു മണിക്കൂർ ഡ്യൂട്ടിക്ക്‌ ഒരു ദിവസം അവധി കിട്ടുമായിരുന്നു. ഇതിപ്പോൾ വലിയ കഷ്ടമായി . ആകെ ആശ്വാസം ഡ്യൂട്ടിക്കിടയിൽ വിശ്രമം കിട്ടും. എവിടെ നിന്നാണ് വിളി വരുന്നത് എന്ന് കാതോർത്തിരിക്കുമ്പോൾ വിശ്രമം ആണെന്ന് പറയാൻ കഴിയില്ല. എങ്കിലും ശാരീരിക
അധ്വാനമില്ല. ചില ദിവസങ്ങളിൽ റോൾ കോൾ പരേഡ് മാത്രമെ കാണൂ. ഉറങ്ങുന്നതും ഡ്യൂട്ടി. ഫയർമാന്റെ ജോലി കടുകട്ടിയാണെന്നറിയാമായിരുന്നു. ഇവിടിപ്പോൾ വെറുത ഇരിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഒരാളെ അപകടത്തിൽ നിന്നു രക്ഷിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറയാനാവില്ല. എവിടെയോ ഇരുന്നൊരാൾ നിയന്ത്രിക്കുന്നു, നമ്മൾ അനുസരിച്ചാടുന്നു. ഒരർത്ഥത്തിൽ എല്ലാം നേരത്തെ തീരുമാനിച്ചതാണെന്നു തോന്നും. സിനിമയുടെ തിരക്കഥ പോലെ. ഡയറക്ടർ മുകളിലാണെന്നു മാത്രം. ഇക്കയുടെ കടയിൽ നിന്നൊരു സുലൈമാനി കുടിക്കാം. രതീഷിന്റെ നേതൃത്വത്തിൽ ചീട്ടുകളി തകർക്കുന്നു. ആരും എഴുനേൽക്കുമെന്ന് തോന്നുന്നില്ല. സുലൈമാനി കൂട്ടുമ്പോൾ ഇക്കയുടെ കൈകൾ വിറയ്ക്കുന്നു. പ്രായമായി ജമീലാത്താ മരിച്ചതിൽ പിന്നെ ഒറ്റക്കാണ്. മക്കൾ നാലു പേരും കൂടെയില്ല. എങ്കിലും എന്നും കട തുറക്കും. സ്വന്തം വരുമാനം കൊണ്ടാണ് എഴുപത്താറാം വയസ്സിലും ജീവിതം. സുലൈമാനി അസ്സലായി. നല്ല കൈപ്പുണ്യം. ചട്ടിപ്പത്തിരി ഒരെണ്ണം നീട്ടിയത് വാങ്ങി, ചൂടുണ്ട്. നല്ല രുചിയും. രാത്രി ആഹാരം സ്വാമിയുടെ ദോശ മതി. തടി കൂടുന്നുണ്ട്. ഈ ജോലിക്ക് നല്ല ആരോഗ്യം വേണം. ക്യാമ്പിലേക്കു നടക്കുമ്പോൾ ഫോണടിച്ചു. ശ്രീജയാണ്. കുട്ടികൾ വഴക്കുണ്ടാക്കിയാൽ അവൾ സ്വൈര്യം തരില്ല. രണ്ടും നല്ല തീരുമാലികളാണ്. ഒരു നിമിഷം അടങ്ങിയിരിക്കില്ല. ഇന്നിപ്പോൾ ചേട്ടന്റെ കളിപ്പാട്ടം കിണറ്റിലിട്ടിരിക്കുന്നു അനുജൻ.പോരെ പൂരം.
ഇവന്മാരെകൂടെ ജോലിക്കു കൊണ്ടുവന്നോളാൻ.ഒരു തരത്തിൽ അവളെ പറഞ്ഞു തണുപ്പിച്ചു. ക്യാമ്പിലൊരു അനക്കം. എവിടെയോ അപകടമുണ്ടായിരിക്കുന്നു. ഫയർജാക്കറ്റ് വലിച്ചു കേറ്റുമ്പോഴേക്കും വണ്ടി ചലിച്ചു തുടങ്ങിയിരുന്നു. ചാടിക്കയറുമ്പോൾ രതീഷാണ് പറഞ്ഞത് കുന്നോന്നിയിൽ ഒരു കോളനിക്കു തീ പിടിച്ചു. പഴയ വീടുകളാണ്. പടരാൻ എളുപ്പം. ഫയറിഞ്ചൻ എത്തുമ്പോഴേക്കും രണ്ടു വീടുകൾ എരിഞ്ഞു തീർന്നിരുന്നു. എട്ടോളാം വീടുകൾക്ക് തീ പിടിച്ചിട്ടുണ്ട്. പുക കാരണം ഒന്നും വ്യക്തമല്ല. വലിയ ശബ്ദത്തിലുള്ള നിലവിളി കേൾക്കാം. കുന്നുംപ്രദേശമായതിനാൽ ചെറിയ കാറ്റുമുണ്ട്. തീ പടരും. അറ്റാക്ക്‌ ഹോസ് നോസിലിൽ കണക്ട് ചെയ്തു കത്തികൊണ്ടിരിക്കുന്ന വീടുകൾക്ക് നേരെ തിരിച്ചു ഭാഗ്യം കാറ്റ് അനുകൂലമാണ് തീയണയാനത് സഹായിക്കും.
രതീഷും, തോമസും, വിജയനും ഇത് നോക്കിക്കോള്ളും. കത്തിക്കൊണ്ടിരിക്കുന്ന വീടുകളിൽ നോക്കണം. ആരെങ്കിലും പെട്ടു പോയിട്ടുണ്ടോ. ആദ്യത്തെ വീടുകൾ പൂർണമായും നശിച്ചു. അവിടെ ചാരവും പുകയുമേയുള്ളു. അടുത്ത വീട്ടിൽ ചുറ്റും തീയാണ്. അകത്തേക്ക് കടക്കാൻ വയ്യ. ഉള്ളിൽ നിന്നും ഒരു നായുടെ കുര കേട്ടതു പോലെ. ഫയർ മാസ്ക് ഒന്നു കൂടി ഉറപ്പിച്ചു വെച്ച് തീജ്വാലകൾക്കുള്ളിലേക്ക് ചാടിയുരുണ്ടു. ഇപ്പോൾ കുര നന്നായി കേൾക്കാം. ഉള്ളിലെ മുറിയിൽ കെട്ടിയ തൊട്ടിലിൽ ഒരു കുട്ടി, അടുത്തായി തീയിൽ നിന്നും തോട്ടിലിനെയും കുഞ്ഞിനെയും മാറ്റാൻ ശ്രമിക്കുന്ന നായ. തൊട്ടിൽ വലിച്ചു ഒരു വശത്തെത്തിക്കാൻ നോക്കുമ്പോൾ അത്‌ തിരിച്ച് ആടുന്നു. അന്നേരമാണ് കുര. കുട്ടിയെ വാരിയെടുക്കുമ്പോൾ നായ ആശ്വാസത്തോടെ കുരച്ചു. പാവം ഒരു കാൽ പൊള്ളിയിട്ടുണ്ട്. നായുടെ കോളറിൽ തൂക്കിയെടുത്ത് പുറത്തേക്കു കുതിക്കുമ്പോളേക്കും വാട്ടർ ജെറ്റ് മുൻഭാഗത്തെ തീ അണച്ചുതുടങ്ങിയിരുന്നു. ആ ട്രാക്കിലൂടെ പുറത്തെത്തുമ്പോൾ കുഞ്ഞിന് ബോധമില്ല. ശ്വാസമുണ്ട്. ആംബുലൻസിലേക്ക് കുട്ടിയെ കൈമാറുമ്പോൾ നായ കൂടെ പോകാൻ ശ്രമിക്കുന്നതു കണ്ടു. ഇതു പോലെ മറ്റൊരു ജീവിയുണ്ടോ.നായയുടെ കാലിലെ പൊള്ളൽ ശ്രദ്ദിക്കാൻ പറഞ്ഞിട്ട് അടുത്ത വീട്ടിലേക്ക്. ഇനിയുള്ള വീടുകളിലൊന്നും ആളുകൾ ഇല്ല. വീടുകൾക്കു മാത്രമാണ് നഷ്ടമുള്ളത്. പതിനഞ്ചു മിനിറ്റിൽ രണ്ടു ഫയറിഞ്ചനുകൾ തീ നിയന്ത്രിച്ചു. കുഞ്ഞിന്റെയമ്മ നിലവിളിച്ചുകൊണ്ടോടിയെത്തിയത് അപ്പോളാണ്. കുഞ്ഞുമായാണ് അവർ വീട്ടുജോലിക്കു പോകുന്നത്. തിരിച്ചു വന്ന ശേഷം കുട്ടിയെ കുളിപ്പിച്ചുറക്കി തൊട്ടിലിൽ കിടത്തി നായയെ കാവലുമേല്പിച്ചു കടയിൽ പോയതാണ്. കുട്ടിക്ക് കുഴപ്പമില്ല എന്ന് കേട്ടപ്പോൾ അവർ നന്ദിയോടെ കാലിൽ വീണു. ഹൃദയത്തിൽ ഒരു നീരുറവ പൊട്ടിയോ. അവരെ ചുമലിൽ പിടിച്ചെഴുന്നേല്കുമ്പോൾ അപ്പുവിന്റെയും അച്ചുവിന്റെയും മുഖമായിരുന്നു മനസ്സിൽ. വഴക്കിനു ശേഷം അവർ ഇപ്പോൾ കെട്ടിപിടിച്ചു കിടക്കുന്നുണ്ടാവും

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px