“നമ്മളെല്ലാവരും കച്ചവടക്കാരാണ്.
അവനവനുള്ളത് അവനവന് കിട്ടും. മത്സരക്കച്ചവടവും
ആർത്തിയും നമ്മളെയല്ലാം നശിപ്പിക്കാനേ ഉതകൂ….”
നിറഞ്ഞ കയ്യടികൾക്കൊടുവിൽ അയാൾ പ്രസംഗം അവസാനിപ്പിച്ച് വേദിയിൽ നിന്നിറങ്ങി.
അസോസിയേഷന്റെ പരിപാടിയും കഴിഞ്ഞ് സ്വന്തം കടയിലെത്തിയപ്പോഴാണയാൾ ശ്രദ്ധിച്ചത്.
തൊട്ടപ്പുറത്തെ ബിൽഡിംഗിൽ ടൈൽസ് പണി നടക്കുന്നു.
അയാളവിടെ ചെന്നു.
” കരീമാക്കാ…… ഇങ്ങള് നല്ല പണ്യേ …കാട്ട്യേത് ”
“എന്ത്യേയ്. ? ”
“ഇങ്ങള് ഞമ്മളെട്ത്ത് വന്ന് നോക്കീല്ലേ…? ന്നെട്ട്പ്പൊ നമ്മളടുത്ത്ന്ന് ടൈല് ഇട്ത്ത്ലല്ലോ…?”
“അന്റട്ത്ത് ഞാം
വന്നീനല്ലോ…ഇജ്ജ് നാട്ട്ല് ഇല്ലാത്ത വെല പർഞ്ഞു ,
അപ്പൊ ഞാം വേറെ സ്തലത്ത്ന്ന് ടൈല് ഇട്ത്തു . ”
“ഈ ടൈൽസ് ഇങ്ങള് ഏത് കടേന്നാ ഇട്ത്തത്.?”
“ഇത് ഞാം , അന്റെ തൊട്ടപ്പർത്തെ പീടീന്നാ എട്ത്തത്..”
അയാൾ ഒന്നും മിണ്ടാതെ തന്റെ കടയിലെ
ഓഫീസിൽ കയറി ഡോറടച്ച് ഫോൺ കയ്യിലെടുത്തു.
“ഹലോ…
ടൈൽസ് ഹോൾസെയിൽ ഡിപ്പോ അല്ലേ….?”
“അതെ…”
“റസാക്കാണ്. അസോസിയേസന്റെ സെക്രട്ടറി.
നമ്മുടെ തൊട്ടടുത്ത ഷോപ്പിൽക്ക് ,
യിനി മുതൽ മെറ്റീരിയൽ സപ്ലൈ ചെയ്യാൻ പാടില്ല.
അവൻ സാധനം വെല കൊറച്ച് കൊടുക്ക്ണ് ണ്ട്. ”
“ഓക്കെ…
സാറ് പറഞ്ഞാ നമുക്ക് ചെയ്യാതിരിക്കാൻ പറ്റൂലല്ലോ…”
” എന്നാ ശരി …! ”
അയാൾ ആശ്വാസത്തോടെ തന്റെ റിവോൾവിംഗ് ചെയറിലേക്ക് ചാരിയിരുന്നു.
സാക്കി.












