സന്ധ്യാരാഗങ്ങൾ – സ്വപ്ന ജേക്കബ്

Facebook
Twitter
WhatsApp
Email

പകലിനേക്കാൾ രാത്രിയെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കും പ്രഭാതത്തിനേക്കാൾ സന്ധ്യയോടായിരുന്നു എന്നും പ്രിയം. രണ്ടു സന്ധ്യകളുണ്ട് എന്ന് കൊച്ചു ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട്. പ്രഭാതസന്ധ്യ അഥവാ ഉഷ:സന്ധ്യയും പിന്നെ പ്രദോഷസന്ധ്യയും. അതായത് പകലും രാത്രിയും ഇടകലരുന്ന സമയങ്ങൾ. എങ്കിലും സന്ധ്യ എന്നതുകൊണ്ട് സാധാരണ ഉദ്ദേശിക്കുന്നത് സൂര്യനസ്തമിക്കുന്ന സമയമാണ്. പുറത്തുപോയി വന്നിട്ടാണെങ്കിലും, വീട്ടിലിരുന്ന് വീട്ടുജോലികൾ ഒതുക്കിയിട്ടാണെങ്കിലും അപൂർവം അവസരങ്ങളിലൊഴികെ സന്ധ്യാകാഴ്ചകൾ മനോഹരങ്ങളായിരുന്നു. എന്നാൽ വാർദ്ധക്യത്തിന് മുന്പുള്ള മദ്ധ്യവയസ്സ് മനോഹരമായ അവസ്ഥയാക്കാൻ നമുക്കൊക്കെ കഴിയുമോ? ചിലപ്പോൾ യൌവ്വനത്തേക്കാൾ നല്ലതായിരിക്കും മദ്ധ്യവയസ്സ്. കടന്നുപോകുന്ന സമയങ്ങളൊക്കെ മനോഹരമാണെന്നും, മനോഹരമാക്കണമെന്നും ചിന്തിച്ചുറപ്പിക്കണമെന്ന് മാത്രം.

“എല്ലാം നമ്മുടെ മനസ്സ് പോലെയിരിക്കും” എന്ന് ഞാൻ വളരെ വിഷമിച്ചിരുന്ന ഒരു സമയത്ത് വീട്ടിൽ സഹായിയായി നിന്നിരുന്ന സ്ത്രീ പറഞ്ഞിരുന്നു. വിദ്യാഭ്യാസമോ, പണമോ കഴിവോ ഒന്നുമായിരിക്കിയില്ല വാർദ്ധക്യത്തിൽ നമുക്ക് തുണയാവുന്നത് എന്ന് അന്ന് മുതൽ എനിക്ക് തോന്നിത്തുടങ്ങി. അനാവശ്യമായ വാശികൾ, സ്വന്തം കുട്ടികൾക്കിടയിൽ നമ്മൾ കാണിക്കുന്ന വേർത്തിരിവുകൾ, പോസിറ്റീവ് അല്ലാത്ത ചിന്തകൾ ഇവയൊക്കെ വാർദ്ധക്യത്തെ വേഗം വിളിച്ചു വരുത്തുകയും വഷളാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്.

 

ഋതുഭേദകല്പനകൾ എന്നൊരു ലേഖനം എഴുതാനായി  യൂട്യൂബിൽ പാട്ടുകൾ തിരഞ്ഞപ്പോഴെല്ലാം സന്ധ്യകളെക്കുറിച്ചുള്ള മനോഹരങ്ങളായ ഗാനങ്ങളും കയറിവരുമായിരുന്നു. എല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവ. ഒ.എൻ.വി. ആയിരുന്നു മിക്കവാറും എല്ലാ പാട്ടുകളും എഴുതിയിട്ടുള്ളത്. അക്കാലത്ത് ശ്യാം എന്ന സംഗീത സംവിധായകനും നല്ല ഗാനങ്ങൾ ഉണ്ടാക്കിയിരുന്നു. സ്കൂൾ കാലത്ത് ഏറ്റവുമിഷ്ടപ്പെട്ട പാട്ടിതായിരുന്നു

‘തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു..                                                       ഈറന്മുടിയിൽ നിന്നിറ്റിറ്റു വീഴും നീർമണി തീർത്ഥമായ്..  കറുകപ്പൂവിന് തീർത്ഥമായി’

ബോഗൻവില്ല പൂക്കൾക്കപ്പുറം സ്വർണ്ണസന്ധ്യകളും, ചുവന്നസന്ധ്യകളും മായുന്നത് വരെ നോക്കിയിരുന്നു ഹോംവർക്കുകൾ ചെയ്തുതീർക്കും. അക്കാലത്ത് സന്ധ്യകളെ മദ്ധ്യവയസ്സുമായോ, വാർദ്ധക്യവുമായോ ഒന്നും ബന്ധപ്പെടുത്തിയിരുന്നില്ല. ‘സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്’ എന്നൊരു സിനിമ കണ്ടത് ഒഴിച്ച് നിർത്തിയാൽ. കോളേജിൽ വച്ച് റീന എന്നൊരു കൂട്ടുകാരി തൊഴുതുമടങ്ങും എന്ന പാട്ട് ഇടയ്ക്കൊക്കെ  എന്നോടു പാടാൻ പറയുമായിരുന്നു.

 

കോളേജിലെത്തിയപ്പോൾ എന്തൊക്കെയോ ദു:ഖങ്ങൾക്ക് കൂട്ടായി ഒ.എൻ.വി., എം. ബി. ശ്രീനിവാസൻ ടീമിന്റെ

‘നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞോരീ മണ്ണിൽ                                           മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ                                             മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ’ എന്ന പാട്ട് കൂടെക്കൂടി. പ്രതീക്ഷിച്ചതിനും മീതെയായിരുന്നു പാട്ട് സമ്മാനിച്ച നിരാശ എന്ന് മാത്രം.

 

പിന്നീടൊരു നോവലെഴുതാൻ തുടങ്ങിയ സമയത്ത് എന്നും വൈകുന്നേരം ഒരു സീരിയലിലെ ഗാനം കേൾക്കുമായിരുന്നു. റിമോട്ട് എന്റെ കയ്യിലല്ലാത്തത് കൊണ്ട് കേൾക്കേണ്ടി വരുന്ന ഗാനങ്ങളിലൊന്നായി തള്ളിക്കളയാൻ ശ്രമിച്ചെങ്കിലും വരികളും ഈണവും വേട്ടയാടുക തന്നെയായിരുന്നു. രചനയും, സംവിധാനവും ശ്രീകുമാരൻ തമ്പി. സീരിയലും ആളുടെ തന്നെ. പിന്നീട് ഞാൻ സീരിയലും കണ്ടു, പാട്ടിന്റെ കാസ്സറ്റും  വാങ്ങി. പാട്ടിങ്ങനെ ആയിരുന്നു.

‘സായംസന്ധ്യയായിരുന്നു                                                           സരോവരം മലർ ചൂടിനിന്നു                                           പൊക്കുവെയിലിൻ അന്ത്യരേഖയും                                    പ്രഥമചന്ദ്രികാ പ്രഥമലേഖവും                                               അലകളിൽ ഒളിചാർത്തി                                       ഒന്നായ്                                               തിരകളിലലിഞ്ഞാടി..’

 

അക്കാലത്ത് തന്നെ മനസ്സിൽ ചേക്കേറിയ പഴയൊരു പാട്ടായിരുന്നു

‘പ്രണയസരോവര തീരം                                      പണ്ടൊരു പ്രദോഷസന്ധ്യാ നേരം                                             പ്രകാശ വലയമണിഞ്ഞൊരു സുന്ദരി                               പ്രസാദ പുഷ്പമായി വിടർന്നു                                               എന്റെ വികാര മണ്ഡലത്തിൽ പടർന്നു’  ബിച്ചു തിരുമല രചനയും, ദേവരാജൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ഒരിക്കൽ ബർസാനയിൽ കൃഷ്ണനും രാധയും ഒന്നിച്ചിരിക്കുമ്പോൾ കൃഷ്ണൻ തന്നെ വിട്ടു പോയി എന്നു തെറ്റിദ്ധരിച്ച് രാധ കരയാൻ തുടങ്ങി. അത് കണ്ടു കൃഷ്ണനും, പിന്നീട് ഗോപികമാരും കരയാൻ തുടങ്ങി. ആ കണ്ണുനീരാണ് പ്രണയസരോവരം എന്നു വായിച്ചിട്ടുണ്ട്. പിന്നീട് കൃഷ്ണൻ പോയപ്പോൾ രാധ വൈകുന്നേരങ്ങളിൽ പ്രണയസരോവരത്തിൽ നോക്കുമ്പോൾ കൃഷ്ണന്റെ അനുഗ്രഹത്താൽ സ്വന്തം പ്രതിബിംബം കൃഷ്ണനായി കാണുമായിരുന്നത്രേ.

 

രോഗിയായ ഭാര്യയുടെ കണ്ണ് വെട്ടിച്ച്, കാമുകിയുടെ കൂടെ പാടുന്ന മറ്റൊരു സന്ധ്യാഗാനമാണ്

‘സന്ധ്യ തൻ അമ്പലത്തിൽ                                                     കുങ്കുമപ്പൂ തറയിൽ                                                    ചന്ദന കാപ്പു ചാർത്തി                                                      അമ്പിളി, ദേവിയായി താരകൾ ആരതിയായി’ സന്ദർഭം എന്തായാലും, മനോഹരമാണ് ശ്യാം സംഗീതം കൊടുത്ത ഈ ഗാനം. നമ്മൾ വിധിയോട് പരിഭവിക്കുന്നതും, കൂടുതൽ നല്ലത് തേടി പോകുന്നതും കിട്ടിയ നന്മകൾ മനസ്സിലാക്കാനുള്ള കഴിവുകേട് കൊണ്ട് തന്നെയാണ്. ജീവിതത്തിൽ കിട്ടുന്നതൊക്കെ നമുക്ക് വേണ്ടത് തന്നെ ആവും. അത് മനസ്സിലാക്കാതെ നമ്മുടെയും , കൂടെയുള്ളവരുടെയും ജീവിതം കലുഷിതമാക്കാനാവും നമ്മൾ ശ്രമിക്കുന്നത്. പ്രായമായി തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ തന്നെ അത്ഭുതപ്പെടും എത്ര ബാലിശമായിരുന്നു നമ്മുടെ തീരുമാനങ്ങൾ എന്ന്. പക്ഷേ അത്തരം ബാലിശമായ തീരുമാനങ്ങൾ തന്നെയല്ലേ ജീവിതത്തെ ഇത്രമേൽ വ്യത്യസ്തവും വർണ്ണപ്പകിട്ടുള്ളതുമാക്കുന്നത് എന്നും അന്തിച്ചുവപ്പിലേക്ക് നോക്കിയിരിക്കുമ്പോൾ തോന്നുന്നു. മനുഷ്യജീവിതം മോഹങ്ങളുടെ മായയിൽ മുങ്ങിത്താഴുമ്പോഴും ഈശ്വരനെ അറിയുന്നവർക്ക്, തങ്ങളെടുത്ത തീരുമാനങ്ങൾക്ക് കൂട്ടായി, എപ്പോഴും ഈശ്വരനുണ്ടാവും. കൊച്ചു കൊച്ചു സന്തോഷങ്ങളും, കയ്യിലിരിപ്പിനനുസരിച്ച് ഇടയ്ക്കിടെ കൊച്ചു കൊച്ചു പണികളും തന്നുകൊണ്ട്.

 

‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ                                                  സ്നേഹമയീ കേഴുകയാണോ നീയും                                                              നിൻ മുഖം പോൽ നൊമ്പരം പോൽ                                             നില്പൂ രജനിഗന്ധി..’.

സന്ധ്യാഗാനങ്ങളിൽ ഏറ്റവും മനോഹരമായതും, എനിക്കിഷ്ടപ്പെട്ടതുമായ പാട്ടാണിത്. ഒ. എൻ. വി.യും സലിൽദായും ചേരുന്ന മറ്റൊരു ഗാനം. അകാലമരണം വിധിക്കപ്പെട്ട നായിക, ദു:ഖിതയായി പാടുന്ന പാട്ടാണിത്. അകാലത്തിലായാലും, കാലത്തിലായാലും മരണം സാധാരണ ഗതിയിൽ സ്വീകരിക്കാൻ വിഷമമുള്ള കാര്യം തന്നെ. സ്വീകരിക്കാതെ വരുമ്പോൾ വിധി സഹിക്കാനാവാത്ത വേദനകൾ തരികയും, മതി എന്ന് പറയിപ്പിക്കുകയും ചെയ്യും. ‘അന്തർദാഹസംഗീതമായ് സന്ധ്യാപുഷ്പസൌരഭമായ്’ ഒ. എൻ. വി.യും സലിൽദായും ഏത് ദു:ഖത്തിലും കൂട്ടിനെത്തുന്നതിൽ സന്തോഷം.

 

 

ഫേസ്ബുക്കിൽ പലപ്പോഴും, മദ്ധ്യവയസ്സിലും വാർദ്ധക്യത്തിലുമെത്തിയവർ പലപല അടിക്കുറിപ്പുകളോട് കൂടി ഇടാറുള്ള ഒരു ഗാനം ഓർമ്മയിലെത്തുന്നു.

‘സായന്തനം നിഴൽ വീശിയില്ല                                                 ശ്രാവണപ്പൂക്കളുറങ്ങിയില്ല                                                  പൊയ്പ്പോയ നാളിൻ മയിൽപ്പീലി മിഴികളിൽ                                        നീലാഞ്ജനദ്യുതി മങ്ങിയില്ല’      കെ. ജയകുമാറിന്റെ വരികളും, ജോൺസൺ മാഷും.

സന്തോഷവാർത്ത എന്ന് പറഞ്ഞ് എന്റെ ഒരു കൂട്ടുകാരി കുറച്ചു വർഷങ്ങൾക്ക് മുൻപ് വാട്സാപ്പിൽ  ഈ പാട്ടിനൊപ്പം ‘അറിഞ്ഞില്ലേ മദ്ധ്യവയസ്സ് അറുപത്തിരണ്ടു വരെ ആക്കിയിരിക്കുന്നു’  എന്നൊരു മെസ്സേജ് അയച്ചിരുന്നു.

 

അന്തിച്ചുവപ്പിലേക്ക് നോക്കിയിരിക്കുമ്പോൾ വെറുതെ ഒന്ന് കണ്ണടയ്ക്കുമ്പോഴേക്കും ഇരുട്ടാവുന്നതും, പെട്ടെന്ന് വഴിവിളക്കുകൾ കണ്ണ് തുറക്കുന്നതും ഞാൻ സാധാരണ കാണുന്നതും അനുഭവിക്കുന്നതും ആണ്. പ്രവാസ ജീവിതവും സമാനമാണ് എന്ന് ഞാൻ ഓർക്കാറുണ്ട്. എത്ര കഷ്ടപ്പാട് സഹിച്ചാണെങ്കിലും ജോലി തുടരും, പറ്റുന്നത് വരെ. ഒടുവിൽ അന്യരാജ്യങ്ങളിൽ എല്ലാം ഉപേക്ഷിച്ച് സ്വന്തനാട്ടിൽ തിരികെ എത്തും. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പ്രവാസം കഴിഞ്ഞത് പോലെ തോന്നും. കുട്ടികൾക്കാവട്ടെ നമ്മുടെ സ്വപ്നങ്ങളൊന്നും സ്വപ്നങ്ങളേ ആയിരിക്കുകയുമില്ല. അവരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയിക്കഴിയുമ്പോൾ എല്ലാം നല്ലതിനായിരുന്നു എന്ന് തോന്നുകയും ചെയ്യേണ്ടി വരുന്നു.

 

ഏറ്റവും വേദനയുള്ള ഒരു രോഗത്തിന്റെ പിടിയിലായിരുന്നപ്പോഴും എന്റെ പപ്പ അവസാന ദിവസം വരെയും ചിരിക്കുകയും, മരിക്കുന്നതിന് ഒരു മാസം മുൻപ് വരെ  കറന്റ് ചാർജ് അടച്ചോ, രാത്രിയിൽ വാതിലുകളൊക്കെ അടച്ചോ തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമായിരുന്നു. പിന്നീട് പതിയെ പതിയെ മിണ്ടാതായി. വേദനകൾ പോലും മാറി നിന്ന പപ്പയുടെ ജീവിതമാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പോസിറ്റീവ്  ആയിരുന്നത്.

കോളേജിൽ പഠിച്ചിരുന്നപ്പോൾ ഒരിക്കൽ ഞാനൊരു കമ്മൽ വേണമെന്ന് വാശി പിടിച്ചിരുന്ന സമയത്ത് പപ്പ, റേഡിയോയിൽ

‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം                                                  ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം                                                 കാട്ടാറിനെന്തിനു പാദസരം                                                                    എൻ കണ്മണിക്കെന്തിനാഭരണം’ എന്ന പാട്ട് കേൾപ്പിച്ചു ചിരിപ്പിക്കുമായിരുന്നു.

 

മരിച്ചവർ നക്ഷത്രങ്ങളായി മാറും എന്നതൊരു വെറും കല്പനയാണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നറിയാം നമ്മുടെ ശരീരം മണ്ണിലേക്ക് മടങ്ങുന്നു എന്നും, അതിനുമപ്പുറം ഈ മണ്ണ് എന്നത് ഏതോ നക്ഷത്രത്തിന്റെ സ്ഫോടനത്തിൽ നിന്നെത്തിയ പൊടികളാണ് എന്നും, അനന്തമായ കാലത്തിലേവിടെയോ വച്ച് വീണ്ടും പൊടിയായി പ്രപഞ്ചത്തിലേക്ക് ലയിക്കുമെന്നും, വീണ്ടും നക്ഷത്രങ്ങളുടെ ഭാഗമാവുമെന്നും, ആത്മാവ് ജീവിച്ചിരിക്കുന്ന എതോ ഗ്രഹത്തിലേക്ക് നോക്കിനില്ക്കുമെന്നും. സന്ധ്യാതാരമെന്നോ, സാന്ധ്യനക്ഷത്രമെന്നോ വിളിക്കാവുന്ന ഒരു നക്ഷത്രം ഇപ്പോഴുമെന്നെ നോക്കി നിൽക്കുകകയുമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *